പൊലീസേ, പണ്ട് ഇന്ത്യ ഭരിച്ചോരാ, ഞങ്ങള് വീണ്ടും വരും; കെ.സിയുടെ ‘രോഷ’പ്പകല്‍: വിഡിയോ

കറങ്ങിത്തിരിഞ്ഞ് നാളെ ഒരു ട്രോളാകാം ഈ പ്രതിഷേധം. എങ്കിലും ആലപ്പുഴ എം.പി. കെ.സി.വേണുഗോപാലും അണികളും ഇന്ധന വിലവര്‍ധനയ്ക്കെതിരെ വാഹനം കെട്ടിവലിച്ചാണ് നിരത്തിലിറങ്ങിയത്. അരിശം കൂടിയപ്പോള്‍ കെട്ടിവലിക്കാനുപയോഗിച്ച കയറുവരെ ഇടയ്ക്ക് പൊട്ടി. പക്ഷേ പ്രതിഷേധം പൊട്ടിയില്ല. നട്ടുച്ചവെയിലില്‍ ആഞ്ഞുവലിച്ച പിക്കപ്പ് വാഹനത്തിന് മുകളില്‍ കാലിയായ കുറച്ച് പാചകവാചതക സിലിണ്ടറുകളും ഉണ്ടായിരുന്നു. 

കയറിന്റെ മുന്നില്‍പിടിച്ചത് പാര്‍ട്ടിയുടെ ദേശീയ നേതാവായ കെ.സി. തന്നെ. ആലപ്പുഴയിലെ കോണ്‍ഗ്രസുകാര്‍ ആഞ്ഞുപിടിച്ചു. മുക്കാല്‍ മണിക്കൂറുകൊണ്ട് പ്രതിഷേധം ലക്ഷ്യസ്ഥാനത്തെത്തി. ഉദ്ഘാടകനും എ.ഐ.സി.സി ജനറല്‍സെക്രട്ടറിയായ കെ.സി വേണുഗോപാല്‍ തന്നെയായിരുന്നു.

മോദിക്കെതിരെ നല്ലനാല് രാഷ്ട്രീയം, കുറച്ച് മുന്നറിയിപ്പ്. പിന്നാലെ രണ്ടുമൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ചു. സമരം പിരിയാന്‍ സമയമായപ്പോള്‍ ഊര്‍ജസ്വലമായൊരു മുദ്രാവാക്യത്തിന്റെ കുറവ് അവിടങ്ങളില്‍ അനുഭവപ്പെട്ടിരുന്നു. 

പഴയ ഊര്‍ജമന്ത്രി അതും ഏറ്റെടുത്തു. കെ.സി പഴയ കെ.എസ്.യുക്കാരനായി. പ്രവര്‍ത്തകര്‍ ഏറ്റുപിടിച്ചു. അതിനിടെ ചില പാര്‍ട്ടിക്കാരും പൊലീസുകാരുമായി കശപിശ. അവിടെയും ഇടപെടല്‍. ആലപ്പുഴ ഡി.വൈ.എസ്.പിക്ക് നൈസായി ഒരു താക്കീത്.

''രാജ്യം ഭരിച്ച പാര്‍ട്ടിയാണ് ‍ഞങ്ങള്‍, നാളെ വീണ്ടും വരും, മറക്കണ്ട..'' അണികള്‍ക്ക് വീണ്ടും ആവേശം. ഇത്രയും കാര്യങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ നടന്ന നായകന്റെ തട്ടുതകര്‍പ്പന്‍ സീനുകളാണ്. ഇനിയാണ് ക്ലൈമാക്സ്. അതിലെ ട്വിസ്റ്റ്. 

സ്വന്തം കാറിലോ, ആരുടെയെങ്കിലും ബൈക്കിന് പുറകിലോ, ഇനി ഇതൊന്നുമല്ലെങ്കില്‍ കാല്‍നടയായോ ആണ് ഉദ്ഘാടകന്‍ തിരിച്ചുപോവേണ്ടത്. പക്ഷേ അണികള്‍ നോക്കിനില്‍ക്കെ കെ.സി.വേണുഗോപാല്‍ ഒരു നാടന്‍ സൈക്കിള്‍ സംഘടിപ്പിച്ച് ഒറ്റ ചവിട്ട്. അകമ്പടിക്ക് ഗണ്‍മാനോ സ്റ്റാഫ് അംഗങ്ങളോ ഇല്ല. 

വേഗതയ്ക്കാണെങ്കില്‍ ഒരു കുറവും ഇല്ല. എം.പി സൈക്കിളില്‍ പോയെന്നറിഞ്ഞതോടെ പ്രവര്‍ത്തകര്‍ ചാടിയിറങ്ങി. മാധ്യമപ്രവര്‍ത്തകരും ഓടി. കണ്ണൂരില്‍നിന്ന് ആലപ്പുഴയ്ക്ക് രാഷ്ട്രീയം മാറ്റിചവിട്ടിയ നേതാവിന് ആലപ്പുഴയുടെ ഇഷ്ടവാഹനവും നല്ല വഴക്കം. 

ഒരു കിലോമീറ്ററോളം എത്തിയപ്പോഴാണ് ലൈറ്റിട്ട് ബൈക്കുകളിലായി പ്രവര്‍ത്തകര്‍ പിന്നാലെയെത്തിയത്. വഴിനീളെ നാട്ടുകാര്‍ക്കും കാണാന്‍ ഒരു രസം. നട്ടുച്ചയ്ക്ക് എം.പി ചക്രംചവിട്ടിയത് രണ്ടു കിലോമീറ്ററോളം. ശരിക്കും നല്ല ചൂടന്‍യാത്ര. മിനിറ്റുകള്‍ക്കുള്ളില്‍ പഴവീടുള്ള ക്യാംപ് ഓഫിസില്‍ സൈക്കിള്‍ യാത്രികന്‍ എത്തി.

നട്ടുച്ചയ്ക്ക് പതിവില്ലാത്തൊരു സൈക്കിള്‍ സവാരി നടത്തിയിട്ടും അകത്തേക്ക് കയറിപ്പോകുമ്പോള്‍ നേതാവിന് വലിയ കിതയ്പ്പില്ല. ചോദിച്ചപ്പോള്‍ രാഷ്ട്രീയ കുതിപ്പാണ് ഈ സമരമെന്ന് മറുപടി. 

വിഡിയോ കാണാം.