ആദ്യ കീമോ കഴിഞ്ഞ് നിശ്ചയം; എട്ട് കഴിഞ്ഞപ്പോൾ വിവാഹം; ചേർത്ത് പിടിച്ച് കേരളം

sachin-love-story
SHARE

ജീവിതത്തിന്റെ ക്രീസിൽ ഇനിയെന്നും ഒൗട്ടാകാതെ ഭവ്യയ്ക്ക് ഒപ്പം സച്ചിനുണ്ടെന്ന വിശ്വാസത്തിന് ശക്തി പകർന്ന് കേരളവും. രണ്ട് ദിവസം മുൻപ് സോഷ്യൽ ലോകത്ത് വൈറലായ ആ പ്രണയതാരങ്ങൾക്ക് കൈതാങ്ങായി ഒട്ടേറെ പേരാണ് പോത്തുകല്ലിലെ പൂളപ്പാടത്തെ ആ കുഞ്ഞുവീട്ടിലേക്ക് എത്തുന്നത്. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഇരുവർക്കും സഹായവുമായി എത്തി. 

മാധ്യമങ്ങളിൽ നിന്നും ഇരുവരുടെയും പ്രണയവും ജീവിതവും അറിഞ്ഞശേഷമാണ് സഹായവുമായി അദ്ദേഹം രംഗത്തെത്തിയത്.  സി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം കുടുംബത്തെ അറിയിച്ചു. ഭവ്യയുടെ ചികിൽസയ്ക്കായി  25000 രൂപയും അദ്ദേഹം കൈമാറി. 

കാൻസറിന് പറ്റിയ മരുന്ന് പ്രണയമാണെന്ന് തെളിയിച്ചാണ് സച്ചിനും ഭവ്യയും കേരളത്തിന് പ്രിയപ്പെട്ടവരായത്. മലപ്പുറം സ്വദേശികളായ സച്ചിനും ഭവ്യയും. ഒരുമിച്ച് പഠിക്കുമ്പോഴുണ്ടായ സൗഹൃദം പിന്നീട് പ്രണയമായി. പക്ഷേ അവിടേയ്ക്കാണ് കാൻസർ വില്ലനായി എത്തിയത്. ഭവ്യയെ കാൻസർ വലിഞ്ഞുമുറുക്കി. പഠനവും സ്വപ്നങ്ങളും തകർന്നുപോകുമെന്ന ഭയം ഭവ്യയ്ക്ക് ഉണ്ടായില്ല. കാരണം നിഴലായി സച്ചിൻ അപ്പോഴും ഒപ്പം നിന്നു. 

കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏകആശ്രയം. ചികിൽസയ്ക്കും ചെലവിനും അതുപോരാതെ വന്നതോടെ സച്ചിനും കൂലിപ്പണിക്കിറങ്ങി. മാർബിൾ പണിയെടുത്താണ് സച്ചിൻ അവളുടെ ചികിൽസയ്ക്ക് ആവശ്യമായ പണം കണ്ടെത്തിയത്. എല്ലിൽ പടർന്നു പിടിക്കുന്ന ക്യാൻസറാണ് ഭവ്യയ്ക്ക്. ഇൗ മാസം 12ന് എട്ടാമത്തെ കീമോ 

ചെയ്യാൻ അവളെയും കൂട്ടി സച്ചിൻ എറണാകുളത്തെ ആശുപത്രിയിലേക്ക് വരുമ്പോൾ ഭവ്യ അവന്റെ കാമുകി അല്ല. ജീവിതസഖിയാണ്. ലളിതമായ ചടങ്ങുകളോടെ അവൻ അവളെ സ്വന്തമാക്കി. മനക്കരുത്തിന്റെ ഇൗ സച്ചിൻ ദൈവം ചേർത്ത് പിടിക്കുന്നത് കൊണ്ട് ഭവ്യ കാൻസറിനെ തോൽപ്പിക്കുമെന്നുറപ്പാണ് എല്ലാവർക്കും. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ആദ്യ കീമോ കഴിഞ്ഞപ്പോള്‍ വിവാഹ നിശ്ചയം, എട്ടാമത്തെ കീമോക്ക് മുമ്പ് വിവാഹം

ഭവ്യയെ ചേർത്തു നിർത്തിയ സഖാവ്_സച്ചിന് മംഗളാശംസകളുമായി #മുനവ്വറലി_ശിഹാബ്_തങ്ങൾ എത്തി.

തൻറെ പ്രണയിനിക്ക് ക്യാൻസറാണെന്നറിഞ്ഞപ്പോൾ , അവൾക്ക് കൂടുതൽ ആത്മ വിശ്വാസവും കരുതലും പകർന്നു നൽകി താലി കെട്ടി സ്വന്തം ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ട് വന്ന പോത്തുകല്ലിലെ പൂളപ്പാടം സ്വദേശി സഖാവ് സച്ചിൻ കുമാറിനും പ്രിയതമ ഭവ്യയ്ക്കും മംഗളാശംസകൾ നേർന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി_ശിഹാബ്_തങ്ങൾ പൂളപ്പാടത്തെ സച്ചിൻറെ വീട്ടിലെത്തി.

പൂളപ്പാടത്തെ തങ്ങളുടെ കൊച്ചു വീടിൻറെ ഉമ്മറത്തിരുന്ന് നാളെയെ കുറിച്ചുള്ള ഒത്തിരി പ്രതീക്ഷകളും മോഹങ്ങളും പരസ്പരം പങ്ക് വെച്ച് സച്ചിനും പ്രിയതമ ഭവ്യയും വിധിയെ പഴിക്കാതെ ജീവതത്തെ തിരിച്ചു പിടിക്കാനുള്ള തീവ്രമായ ശ്രമത്തിലാണ്. അവർക്ക് ആത്മ വിശ്വാസവും കരുത്തും പകർന്നു നൽകി ഒരു നാട് മുഴുവനും ഉണ്ട് അവരുടെ കൂടെ . 

സ്നേഹരാഹിത്യത്തിൻറെയും കാപട്യങ്ങളുടേയു പുതുലോക ക്രമത്തിൽ പ്രണയം തീർത്ത കനകകൊട്ടാരത്തിൽ പുതിയൊരു ഷാജഹാനും മുംതാസുമായി മാറിയ സച്ചിൻറെയും ഭവ്യയുടേയും വാർത്തകൾ സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളിലും ഇടം പിടിച്ചിരുന്നു. മാധ്യമ വാർത്തകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് യൂത്ത് ലീഗ് പ്രാദേശിക നേതാക്കളുമായി ആശയവിനിമയം നടത്തിയതിന് ശേഷമാണ് തങ്ങൾ സച്ചിൻറെ വീട് സന്ദർശിക്കാനെത്തിയത്.

സനേഹത്തോടൊപ്പം ആത്മവിശ്വാസവും കരുതലും പകർന്നു നൽകിയ സച്ചിൻറെ ത്യാഗമനോഭാവത്തെയും അർപ്പണ മനസ്സിനേയും തങ്ങൾ വാനോളം പ്രശംസിച്ചു. സി_എച്ച്_സെന്റര്‍ മുഖേന ആവശ്യമായ മുഴുവൻ സഹായസഹകരണങ്ങൾ നൽകാനുള്ള സന്നദ്ധതയും തങ്ങൾ സച്ചിനെയും ഭവ്യയേയും അറിയിച്ച് 25000 രൂപയുടെ ചികിത്സാ സഹായം നൽകുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.