പെട്രോളിനൊപ്പം ഡോളറിനും വിലകൂട്ടിയത് ആരാ..? ഇങ്ങനെയൊക്കെ ട്രോളാമോ? വിഡിയോ

shibu-lal-live
SHARE

സമൂഹമാധ്യമങ്ങളിലെ താരോദയമായിരുന്നു ശ്രീജിത്ത് പന്തളം. സംഘപരിവാർ സന്തത സഹചാരിയായ ശ്രീജിത്ത് പന്തളം ഹർത്താൽ ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത വിഡിയോ ട്രോളൻമാർ ഏറ്റെടുക്കുക‌യും സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയും ചെയ്തു. പന്തളം ജിക്ക് ശേഷം സമൂഹമാധ്യമങ്ങളിൽ തംരഗമാകുകയാണ് പുതിയ വിഡിയോ ട്രോൾ.

‘മോദിജിയും മന്‍മോഹനും തമ്മിലുള്ള വ്യത്യാസം എന്ത്? മോദിജിയുടെ സാമ്പത്തിക പരിഷ്കാരങ്ങൾ കൊണ്ടുവന്ന മാറ്റം എന്താണ്? എന്നിവ വിശദീകരിക്കുന്ന സംഘപുത്രൻ ‘പ്രഹാർ ഷിബുലാൽജിയുടെ വിഡിയോ വൈറൽ ആകുന്നു...!’ എന്ന തലക്കെട്ടോടെ സഞ്ജീവിനി ഉൾപ്പെടെയുളള ട്രോൾ പേജുകൾ വിഡിയോ ആഘോഷമാക്കുകയാണ്. ആരംഭത്തിൽ കേന്ദ്രസര്‍ക്കാരിന്‍റെ ഭരണപരിഷ്കാരണങ്ങളെ കുറിച്ചുളള ന്യായീകരണമാണെന്ന തോന്നലുണ്ടാക്കും വിഡിയോ. പിന്നാലെ നല്ല കട്ട ട്രോളിന്‍റെ ഭാഷ മണക്കും. ഏതായാലും ഷിബുലാലിന്റെ വിഡിയോക്ക് സമൂഹമാധ്യമങ്ങളില്‍ നിറയെ കാഴ്ചക്കാരാണ്.  

വെറും 10 പൈസയോ 15 പൈസയോ മാക്സിമം പോയി കഴിഞ്ഞാൽ 30 പൈസയോ ആണ് പെട്രോളിന് ഒരു ലിറ്ററിന് കൂടുന്നതെന്നും വിഡിയോയിൽ പറഞ്ഞു വെക്കുന്നു . ഈ 15 പൈസയോ 30 പൈസയോ കൂടുമ്പോൾ നിങ്ങൾക്ക് ഇതിൽ നിന്ന് എന്താണ് നഷ്ടമുണ്ടാകുന്നത്. 1000 രൂപയ്ക്കും 2000 രൂപയ്ക്കും മദ്യം വാങ്ങി കുടിക്കുന്നവർക്ക് ലിറ്ററിന് 30 പൈസ പെട്രോളിന് കൂടുമ്പോൾ ഇത്രയ്ക്കും ബഹളം വയ്ക്കേണ്ടതുണ്ടോ? 30 പൈസ വച്ച് കൂടുന്നത് ഇന്ത്യയിലെ പാവപ്പെട്ടവർക്കു വേണ്ടി കക്കൂസ് പണിയുന്നതിനു വേണ്ടിയാണെന്ന് കേന്ദ്രസർക്കാർ പറയുകയും ചെയ്തിട്ടുണ്ട്. 30 പൈസ വച്ച് കൂടുമ്പോൾ അത് കൊടുക്കാൻ കയ്യിൽ ഇല്ലെന്നു പറയുന്നത് എത്ര ആലോചിച്ചിട്ടും സംഘമിത്രങ്ങൾക്ക് മനസിലാകുന്നില്ലെന്നും വിഡിയോയിൽ ഷിബുലാൽ പരിഹസിക്കുന്നു.  

യുപിഎ സർക്കാർ അധികാരത്തിലിരിക്കുന്ന കാലത്ത് 1000 റിയാൽ അയച്ചാൽ വെറും പതിനായിരം രൂപയാണ് നാട്ടിൽ കിട്ടിയിയിരുന്നത്. മറിച്ച് പുതിയ സര്‍ക്കാര്‍ വന്നപ്പോൾ നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കില്ലെന്നും 1000 റിയാൽ അയച്ചപ്പോൾ 19500 രൂപ തനിക്കു ലഭിച്ചുവെന്നും ഷിബുലാൽ ജി സാക്ഷ്യപ്പെടുത്തുന്നു. മൻമോഹൻ സിങ്ങ് മാറി മോദിജി വന്നപ്പോൾ 3500 രൂപ പ്രതിമാസം ഒരു പ്രവാസിക്ക് അധികം ലഭിച്ചുവെന്നും ഷിബുലാൽ പറയുന്നു.  

ഡോളറിന് വില കൂടിയാൽ ബുദ്ധിമുട്ട് ഇംഗ്ലീഷുകാർക്കല്ലേ. നമ്മൾ അരിയും സാധനങ്ങളും വാങ്ങിക്കുന്നത് ഡോളർ കൊണ്ടാണോ? ഡോളറിന് എന്തിനു വില കൂട്ടി. മോദിജി ഇംഗ്ലീഷുകാർക്കിട്ട് ഒരു എട്ടിന്റെ പണി കൊടുത്തതാണ്. ഇംഗ്ലീഷുകാർ ഡോളറിലാണ് സാധനം വാങ്ങുന്നത് അപ്പോൾ അവിടെ സാധനത്തിന് വില കൂടും. കാര്യങ്ങൾ അറിയാതെ വിമർശിക്കരുതെന്നും ഷിബുലാൽ ജി പറയുന്നു.

ഷിബുലാലിന്റെ വിഡിയോ അതിവേഗമാണ് സമൂഹമാധ്യമങ്ങളിൽ പടർന്നത്. ഷിബുലാൽ സംഘപരിവാർ അനുഭവിയാണെന്ന തരത്തിൽ അദ്ദേഹത്തെ തെറിവിളിക്കുന്നവരും ട്രോളനാണെന്ന് ധാരണയിൽ അദ്ദേഹത്തിന് കയ്യടിക്കുന്നവരെയും കാണാം. 

MORE IN SPOTLIGHT
SHOW MORE