മദ്യപിച്ചിരുന്നു; മാപ്പാക്കണം: വീണ്ടും ‘അടപടലം’ ട്രോളി: ചീത്തവിളിച്ചവരും ചിരിച്ചു: വിഡിയോ

shinju-lal-apology
SHARE

പെട്രോൾ വില വർധനയിൽ ജനങ്ങൾ‌ നട്ടം തിരിയുമ്പോൾ അസാധാരണ മികവുളള ട്രോൾ വിഡിയോയിലൂടെ കടുത്ത വിമർശനം ഉന്നയിച്ച ഷിബുലാലിന് കയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങൾ. ‘സംഘപുത്രൻ പ്രഹാർ ഷിബുലാൽജിയുടെ വിഡിയോ വൈറൽ ആകുന്നു’വെന്ന തലക്കെട്ടൊടെ ട്രോൾ ഗ്രൂപ്പുകളിൽ പെട്രോളിനും ഡോളറിനും വില കൂട്ടിയ കാര്യകാര്യങ്ങൾ പറഞ്ഞ് അവതരിപ്പിച്ച ട്രോൾ കയ്യടി നേടി. 

സീരിയസ് വിഡിയോ ആണെന്ന് കരുതി ഷിബുലാലിനെ ചീത്തവിളിച്ചവരും കാര്യമറിഞ്ഞതോടെ പൊട്ടിച്ചിരിച്ചു. ഒറ്റ ട്രോൾ കൊണ്ടൊന്നും ഷിബുലാൽ അവസാനിപ്പിച്ച മട്ടില്ല. ഉടൻ വന്നു മാരക ഐറ്റം. സംഘപരിവാർ സംഘടനകള്‍ മാപ്പുപറച്ചിലിൽ കേമൻമാരാണെന്ന ശത്രുപക്ഷക്കാരുടെ പതിവു പല്ലവി ഏറ്റെടുത്താണ് ഷിബുലാൽജിയുടെ രണ്ടാം വരവ്. ക്ലാസ് സ്റ്റെലിൽ മാപ്പു പറച്ചിൽ.

ഈ മാപ്പു പറച്ചിൽ അവസാനം നമ്മൾ കേട്ടത് കില്ലർ കൃഷ്ണൻനായരെന്ന് സമൂഹമാധ്യമങ്ങൾ പരിഹാസത്തോടെ വിളിച്ച കൃഷ്ണൻ നായരുടെ ലൈവിലാണ്. മുഖ്യമന്ത്രിയ്ക്കെതിരെ വധഭീഷണി മുഴക്കിയത് മദ്യലഹരിയിലാണെന്നായിരുന്നു അന്ന് കൃഷ്ണൻ നായർ പറഞ്ഞത്. പ്രളയക്കെടുതിയിൽ എല്ലാം തകർന്ന് ഇരിക്കുന്ന സ്ത്രീകളെ അപമാനിച്ച് കമന്റിട്ട രാഹുൽ സി.പിയും മദ്യ ലഹരിയിലായിരുന്നു. 

വിമർശന വിഡിയോ ഇട്ടപ്പോൾ താനും മദ്യലഹരിയിലായിരുന്നുവെന്ന് ഷിബുലാൽജിയും പറയുന്നു. തന്റെ കണക്കൂകൂട്ടലുകൾ എല്ലാം തെറ്റായിരുന്നു. താൻ അവതരിപ്പിച്ച കണക്കുകളെല്ലാം പൊട്ടകണക്കായിരുന്നു. വിഡിയോ പോസ്റ്റ് ചെയ്ത സമയത്ത് ആരെങ്കിലും ഒച്ച വച്ചിരുന്നുവെങ്കിലോ ഉറക്കെ കമന്റിട്ടുരുന്നുവെങ്കിലോ താൻ ഉണർന്നേനേ. ഷിബുലാൽജി വിഡിയോയിൽ പറഞ്ഞു. 

രാജ്യത്ത് പുതിയ സാമ്പത്തിക പരിഷ്കാരങ്ങൾ കൊണ്ടുവന്ന മാറ്റം എന്താണ്? എന്ന് വിശദീകരിക്കുന്ന ‘ഷിബുലാൽജിയുടെ വിഡിയോയ്ക്കെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മാപ്പു പറച്ചിൽ. ഷിബുലാലിന്റെ ആദ്യ വിഡിയോയുടെ  ആരംഭത്തിൽ കേന്ദ്രസര്‍ക്കാരിന്‍റെ ഭരണപരിഷ്കാരണങ്ങളെ കുറിച്ചുളള ന്യായീകരണമാണെന്ന തോന്നലുണ്ടാക്കും വിഡിയോ. പിന്നാലെ നല്ല കട്ട ട്രോളിന്‍റെ ഭാഷ മണക്കും. ഏതായാലും ഷിബുലാലിന്റെ വിഡിയോക്ക് സമൂഹമാധ്യമങ്ങളില്‍ നിറയെ കാഴ്ചക്കാരാണ്.  

വെറും 10 പൈസയോ 15 പൈസയോ മാക്സിമം പോയി കഴിഞ്ഞാൽ 30 പൈസയോ ആണ് പെട്രോളിന് ഒരു ലിറ്ററിന് കൂടുന്നതെന്നും വിഡിയോയിൽ പറഞ്ഞു വെക്കുന്നു . ഈ 15 പൈസയോ 30 പൈസയോ കൂടുമ്പോൾ നിങ്ങൾക്ക് ഇതിൽ നിന്ന് എന്താണ് നഷ്ടമുണ്ടാകുന്നത്. 1000 രൂപയ്ക്കും 2000 രൂപയ്ക്കും മദ്യം വാങ്ങി കുടിക്കുന്നവർക്ക് ലിറ്ററിന് 30 പൈസ പെട്രോളിന് കൂടുമ്പോൾ ഇത്രയ്ക്കും ബഹളം വയ്ക്കേണ്ടതുണ്ടോ? 30 പൈസ വച്ച് കൂടുന്നത് ഇന്ത്യയിലെ പാവപ്പെട്ടവർക്കു വേണ്ടി കക്കൂസ് പണിയുന്നതിനു വേണ്ടിയാണെന്ന് കേന്ദ്രസർക്കാർ പറയുകയും ചെയ്തിട്ടുണ്ട്. 30 പൈസ വച്ച് കൂടുമ്പോൾ അത് കൊടുക്കാൻ കയ്യിൽ ഇല്ലെന്നു പറയുന്നത് എത്ര ആലോചിച്ചിട്ടും സംഘമിത്രങ്ങൾക്ക് മനസിലാകുന്നില്ലെന്നും വിഡിയോയിൽ ഷിബുലാൽ പരിഹസിക്കുന്നു.  

യുപിഎ സർക്കാർ അധികാരത്തിലിരിക്കുന്ന കാലത്ത് 1000 റിയാൽ അയച്ചാൽ വെറും പതിനായിരം രൂപയാണ് നാട്ടിൽ കിട്ടിയിയിരുന്നത്. മറിച്ച് പുതിയ സര്‍ക്കാര്‍ വന്നപ്പോൾ നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കില്ലെന്നും 1000 റിയാൽ അയച്ചപ്പോൾ 19500 രൂപ തനിക്കു ലഭിച്ചുവെന്നും ഷിബുലാൽ ജി സാക്ഷ്യപ്പെടുത്തുന്നു. മൻമോഹൻ സിങ്ങ് മാറി മോദിജി വന്നപ്പോൾ 3500 രൂപ പ്രതിമാസം ഒരു പ്രവാസിക്ക് അധികം ലഭിച്ചുവെന്നും ഷിബുലാൽ പറയുന്നു.  

ഡോളറിന് വില കൂടിയാൽ ബുദ്ധിമുട്ട് ഇംഗ്ലീഷുകാർക്കല്ലേ. നമ്മൾ അരിയും സാധനങ്ങളും വാങ്ങിക്കുന്നത് ഡോളർ കൊണ്ടാണോ? ഡോളറിന് എന്തിനു വില കൂട്ടി. മോദിജി ഇംഗ്ലീഷുകാർക്കിട്ട് ഒരു എട്ടിന്റെ പണി കൊടുത്തതാണ്. ഇംഗ്ലീഷുകാർ ഡോളറിലാണ് സാധനം വാങ്ങുന്നത് അപ്പോൾ അവിടെ സാധനത്തിന് വില കൂടും. കാര്യങ്ങൾ അറിയാതെ വിമർശിക്കരുതെന്നും ഷിബുലാൽ ജി പറയുന്നു.

MORE IN SPOTLIGHT
SHOW MORE