മാനസരോവരിൽ നിന്നും 'ചിത്രസമേതം' രാഹുൽ; ഫോട്ടോഷോപ്പെന്ന് ബിജെപി

rahul-at-kailash
SHARE

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൈലാസ–‌മാനസരോവര്‍ യാത്രയുടെ ചിത്രങ്ങളും ദൃശ്യങ്ങളും വൈറലായി. അതേസമയം, രാഹുലിന്റെ കൈലാസ യാത്ര ചിത്രങ്ങള്‍ വ്യാജമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആരോപിച്ചു. യാത്ര രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് കേന്ദ്രമന്ത്രി സ്മൃതിഇറാനിയും കുറ്റപ്പെടുത്തി. 

ശിവനാണ് പ്രപഞ്ചം എന്ന അടിക്കുറിപ്പോടെയാണ് കൈലാസത്തിന്റെ വീഡിയോ രാഹുല്‍ഗാന്ധി ഇന്ന് ട്വീറ്ററില്‍ പങ്കുവച്ചത്. തൊട്ടുപിന്നാലെ  സഹതീര്‍ഥാടകര്‍ക്കൊപ്പം രാഹുല്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ രാഹുലിന്റെ ചിത്രം ഫോട്ടോഷോപ്പാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രംഗത്തെത്തി. സഹതീര്‍ഥാടകനൊപ്പം ഊന്നുവടി പിടിച്ചുനില്‍ക്കുന്ന രാഹുലിന്റെ ചിത്രത്തിലാണ് കേന്ദ്രമന്ത്രി സംശയം പ്രകടിപ്പിച്ചത്. 

ഊന്നുവടിയുടെ നിഴല്‍ ചിത്രത്തില്‍ പതിഞ്ഞിട്ടില്ലെന്നും ഇത് കൃത്രിമമാണെന്നും മന്ത്രി ആരോപിച്ചു. കഴിഞ്ഞമാസം 31നാണ് രാഹുല്‍ഗാന്ധി കൈലാസ തീര്‍ഥാടനത്തിന് പുറപ്പെട്ടത്. ഗുജറാത്തില്‍ നിന്നുള്ള 20 അംഗ സംഘത്തിനൊപ്പമാണ് യാത്ര. സുരക്ഷ ഒരുക്കുന്ന എസ്.പി.ജിയിലെ രണ്ട് കമാന്‍ഡോകളും ഒപ്പമുണ്ട്. ഇവിടെ വെറുപ്പില്ല എന്ന അടിക്കുറിപ്പോടെ മാനസരോവര്‍ തടാകത്തിന്റെ ഫോട്ടോ രാഹുല്‍ നേരത്തെ പങ്കുവച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിമാനയാത്രയ്‍ക്കിടെയുണ്ടായ അപകടത്തില്‍ നിന്ന് രാഹുല്‍ കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഇതിന് ശേഷം താന്‍ ശിവഭക്തനാണെന്നും നന്ദിസൂചകമായി കൈലാസ യാത്ര നടത്തുമെന്നും രാഹുല്‍ അറിയിക്കുകയായിരുന്നു.

MORE IN SPOTLIGHT
SHOW MORE