കൊലുമ്പനിൽ തുടങ്ങുന്ന ഇടുക്കി ഡാമിന്‍റെ ചരിത്രം; ‌കഥ ഇങ്ങനെ

dam-2
SHARE

കേരളത്തിൻറെ ഊർജഹൃദയമാണ് ഇടുക്കി എന്നു പറയാം. സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതോദ്പാദന കേന്ദ്രം.  പതിറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട് ഇടുക്കി അണക്കെട്ടിന്. 1932 ൽ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെ കണ്ടെത്തിയതെന്നാണ് ചരിത്രം. നായാട്ടിനിടയിൽ അദ്ദേഹം കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടെത്തുകയുണ്ടാ‌യി. തുടർന്നങ്ങോട്ട് കൊലുമ്പനെ യാത്രയിൽ ഒപ്പം കൂട്ടി. 

യാത്രക്കിടെ കുറവൻ കുറത്തി മലയിടുക്ക് ജോണിനു കൊലുമ്പൻ കാണിച്ചു കൊടുത്തു. കാഴ്ചക്കിടെ കണ്ണിലുടക്കിയ പെരിയാർ നദി ജോണിനെ ആകർഷിച്ചു.  അവിടെ അണക്കെട്ടു നിര്‍മിക്കുന്നതിൻറെ സാധ്യതകൾ വിലയിരുത്തിയതിനു ശേഷം അദ്ദേഹം തിരുവിതാംകൂർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. എഞ്ചിനീയറായ സഹോദരൻറെ സഹായത്തോടെയാണ് ജോൺ റിപ്പോർട്ട് തയ്യാറാക്കിയത്. 

dam-1

പെരിയാറിനെയും ചെറുതോണി പുഴയെയും ബന്ധിപ്പിച്ച് ഡാം നിർമിക്കണമെന്നാവശ്യപ്പെട്ട് പിന്നെയും നിരവധി റിപ്പോർട്ടുകൾ സമർപ്പിക്കപ്പെട്ടെങ്കിലും സർക്കാർ അംഗീകരിച്ചില്ല. ഒടുവിൽ 1961-ൽ ആണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌. 1963 ൽ പദ്ധതിക്ക്‌ കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ്‌ ഏറ്റെടുക്കുകയും ചെയ്തു. 

കുറവൻ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നതാണ് പ്രധാന അണക്കെട്ട്. പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാൻ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു. 

dam-3

കമാനാകൃതിയിലാണ് ഇടുക്കി അണക്കെട്ടിൻറെ  നിര്‍മാണം.  168.9 മീറ്ററാണ് അണക്കെട്ടിൻറെ ഉയരം. ഭൂകമ്പത്തെ പ്രതിരോധിക്കുന്ന വിധത്തിലുള്ള നിർമാണരീതിയാണ് സ്വീകരിച്ചത്. നിർമ്മാണത്തിനാവശ്യമായ കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോൾ താപനില കുറയ്ക്കുവാനായി ഐസ് ഉപയോഗിച്ചിരുവെന്നാണ് ചരിത്രം. 

MORE IN SPOTLIGHT
SHOW MORE