എന്തുകൊണ്ട് പ്രഫഷനൽ കോളജുകാർക്കു അവധി നൽകുന്നില്ല ?

holiday-proffessional-collage
SHARE

പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി... കഴിഞ്ഞ രണ്ടാഴ്ചയായി സ്ഥിരമായി വാർത്തകളിൽ ഇടംപിടിച്ച വരികൾ. ഇതു കേൾക്കുമ്പോൾ സ്കൂൾ വിദ്യാർഥികളുടെ മനസിൽ ലഡു പൊട്ടുകയും പ്രഫഷനൽ കോളജുകാരിൽ രോഷം പെരുവിരലിലൂടെയങ്ങ് ഇരച്ചു കയറുകയും ചെയ്യും. പിന്നെ ട്രോളുകളിറക്കി കലിപ്പ് തീർക്കും. പ്രഫഷനൽ കോളജിലുള്ളവർ നീന്തൽ പഠിച്ചിട്ടുണ്ടോ, ഞങ്ങളുടെ ജീവനു വിലയില്ലേ..തുടങ്ങിയ ചോദ്യങ്ങളുടെ പെരുമഴയായിരിക്കും. 

ട്രോൾ എറിയുന്നതു കാര്യമായും കലക്ടറുടെ നേർക്കു തന്നെയാണ്. അദ്ദേഹമാണല്ലോ അവധി പ്രഖ്യാപിക്കുന്നത്. കല്കടറെ നേരിട്ട് ഫോണിൽ വിളിച്ച് ചോദിക്കുന്നവരും കുറവല്ല. നാളെ അളധിയാണോയെന്ന ചോദ്യത്തിനു മറുപടി പറഞ്ഞ് കല്കടറേറ്റ് ജീവനക്കാരും മടുക്കും. അവധിയില്ലായ്മ മൂലം നിരാശരായ പ്രഫഷനൽ കോളജ് വിദ്യാർഥികൾ വിപ്ലവസിംഹമേ എന്നൊക്കെ വിളിച്ചു കലക്ടറെ സോപ്പിടുന്നു.

പ്രഫഷനൽ കോളജ് വിദ്യാർഥികൾക്കു ദഹിക്കില്ലെന്നറിയാം. എന്നാലും എന്തുകൊണ്ടാണ് നിങ്ങളെ അവധിയിൽ നിന്നും ഒഴിവാക്കുന്നതെന്നു അറിയണം. കലക്ടറെ അടച്ചാക്ഷേപിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ മനസിലാക്കണം. ഒരു പക്ഷെ നിങ്ങൾക്കിതൊക്കെ നേരത്തെ തന്നെ അറിയാമായിരിക്കും. സെമസ്റ്റർ പരീക്ഷകൾ, പ്രാക്ടിക്കലുകൾ, റെക്കോർഡ് ബുക്കുകൾ ഇതൊന്നും പോരാഞ്ഞിട്ട് നൂറുകൂട്ടം അസൈൻമെന്റുകളും സെമിനാറുകളുമെല്ലാം എപ്പോഴും തലയിൽക്കേറ്റി നടക്കുന്നവരാണല്ലോ പ്രഫഷനൽ കോളജുകാർ. ഒരു ക്ലാസ് നഷ്ടമായാൽ കോഴ്സ്തന്നെ താളംതെറ്റുന്ന സിലബസ് ഭാരമുള്ളവരാണെന്നാണു വയ്പ്. പ്രഫഷനൽ കോളജുകാരെ അവധിയിൽനിന്ന് ഒഴിവാക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതു തന്നെ. 

പൊതുവെ, സുരക്ഷിതമായ കെട്ടിടങ്ങളിലാണ് പ്രഫഷനൽ കോളജുകളുടെ പ്രവർത്തനമെന്നതിനാൽ മഴക്കാലത്ത് അപകടമുണ്ടാകാനുള്ള സാധ്യത കുറവാണ്. ഹോസ്റ്റൽ സൗകര്യമുള്ള സ്ഥാപനങ്ങളാണധികവും. ഇവർക്കു ഗതാഗതതടസ്സം കൂടാതെ സമയത്തു ക്ലാസുകളിലെത്താമെന്നതും കണക്കിലെടുക്കും. ഹോസ്റ്റലുകൾ ഇല്ലാത്ത അപൂർവം പ്രഫഷനൽ കോളജുകൾക്കാണെങ്കിൽ സ്വന്തമായി വാഹനസൗകര്യവുമുണ്ട്. മഴക്കാലത്ത് ഓട്ടോ പിടിച്ചും ബസിനു കാത്തുനിന്നും കഷ്ടപ്പെട്ടു ക്ലാസിലെത്തേണ്ടിവരില്ല. ഈ കാരണങ്ങളെല്ലാം പരിഗണിച്ചാണ് മഴക്കാല അവധിയിൽനിന്നു പ്രഫഷനൽ കോളജുകളെ ഒഴിവാക്കണോ എന്നു തീരുമാനിക്കുക. 

എന്നാൽ, നിർത്താതെ മഴ പെയ്യുകയാണെങ്കിൽ പിന്നെ രക്ഷയില്ല. വിപ്ലവസിംഹങ്ങളായ കലക്ടർമാർ മുൻപിൻ നോക്കാതെ പ്രഫഷനൽ കോളജുകൾക്കും അവധി പ്രഖ്യാപിച്ചു കളയും; ഈയിടെയായി ചെയ്യുന്നതുപോലെ.

MORE IN SPOTLIGHT
SHOW MORE