ആകാംക്ഷയേറ്റി ആ കപ്പൽ കണ്ടെത്തി; ഉള്ളിൽ കടലോളം നിധിയോ? ചർച്ചച്ചൂട്

ship-found
SHARE

കടലിൽ നിന്നും ഒരുകടലോളം നിധി. കൃത്യമായി പറഞ്ഞാൽ 113 വർഷങ്ങൾക്ക് മുൻപ് കടലിൽ മുങ്ങിപ്പോയ കപ്പലിൽ നിന്നാണ് വിലമതിക്കാനാവാത്ത നിധി ശേഖരം കണ്ടെത്തിയതായി സൂചനകൾ പുറത്തുവരുന്നത്.  ജൂലൈ രണ്ടാം വാരമാണ് കപ്പൽ കണ്ടെത്തിയത്. സൗത്ത് കൊറിയൻ തീരത്തിൽ നിന്നു മാറി ഷിനിൽ ഗ്രൂപ്പ് നടത്തുന്ന പരിശോധനകൾക്കിടയിലാണ് വൻനിധി ശേഖരമുള്ള കപ്പൽ കണ്ടെത്തിയത്. വർഷങ്ങൾക്കു മുൻപ് സമുദ്രത്തിൽ മുങ്ങിപ്പോയ കപ്പലുകൾ കണ്ടെത്തുന്നതിൽ വിദഗ്ധരാണ് സൗത്ത് കൊറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷിനിൽ ഗ്രൂപ്പ്. 

113 വർഷം മുൻപ് മുങ്ങിപ്പോയ റഷ്യയുടെ ദിമിത്രി ഡോൺസ്കോയ് എന്ന കപ്പലാണ് സംഘം കണ്ടെത്തിയിരിക്കുന്നത്. 1905ലെ യുദ്ധത്തിൽ ജപ്പാൻ മുക്കിക്കളഞ്ഞ റഷ്യൻ ഇംപീരിയൽ നേവി ഷിപ്പാണിത്. ഇപ്പോഴത്തെ മതിപ്പുവിലയിൽ  ഏകദേശം 11 ലക്ഷം കോടി രൂപ വില വരുന്ന സ്വർണം ഈ കപ്പലിനകത്തുണ്ടെന്നാണ് വിലയിരുത്തൽ. അതിലേക്കു വിരൽ ചൂണ്ടുന്ന ചില തെളിവുകളും ലഭിച്ചിട്ടുണ്ട്. എന്നാൽ കപ്പൽ കണ്ടെത്തിയെങ്കിലും നിധിയെക്കുറിച്ച് കൂടുൽ കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല. കപ്പലിൽ നിന്നു ലഭിച്ച മറ്റു വസ്തുക്കളെപ്പറ്റിയെല്ലാം കൃത്യമായ വിവരം മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തു.

സൗത്ത് കൊറിയൻ തീരത്തു നിന്നു മാറി സ്ഥിതി ചെയ്യുന്ന യുല്ല്യുൻഗ്‌ഡോ ദ്വീപിനോടു ചേർന്നാണു രണ്ടു മുങ്ങിക്കപ്പലുകളിലെത്തിയ സംഘം ദിമിത്രി ഡോൺസ്കോയിയെ കണ്ടെത്തിയത്. ഏകദേശം 5800 ടൺ ഭാരമുള്ള, ഇരുമ്പു ചട്ടയണിഞ്ഞ കപ്പൽ റഷ്യയുടെ യുദ്ധക്കപ്പൽ വിന്യാസത്തിന്റെ ഭാഗമായിരുന്നു. യുദ്ധകാലത്ത് ബാൾട്ടിക് മുതൽ ശാന്തസമുദ്രം വരെ 38 റഷ്യൻ ഇംപീരിയൽ നേവി കപ്പലുകളായിരുന്നു വിന്യസിച്ചിരുന്നത്. അതിലൊന്നാണ് ദിമിത്രി ഡോൺസ്കോയ്. ജപ്പാന്റെ ആക്രമണത്തിൽ 1905 മേയ് 29നാണ് ഇത് കടലിന്നടിയിലേക്കു താഴുന്നത്. 

കപ്പലിന്റെ പിൻഭാഗത്താണ് ശത്രുക്കളുടെ വെടിക്കോപ്പുകൾ പതിഞ്ഞത്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതും ആ ഭാഗമാണ്. വലിയൊരു ദ്വാരം കപ്പലിന്റെ പിൻഭാഗത്തെ ഏകദേശം നശിപ്പിച്ചിട്ടുണ്ട്. എന്നാൽ മേൽക്കൂരയ്ക്കു കാര്യമായ യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല.  1905ലെ സുഷിമ യുദ്ധത്തിൽ തകർക്കപ്പെട്ട റഷ്യൻ കപ്പലുകളിൽ നിന്നുള്ള സ്വർണവും ദിമിത്രി ഡോൺസ്കോയിയിലേക്കു മാറ്റിയിരുന്നെന്നാണു കരുതുന്നത്. ഇതെല്ലാം നിറച്ച പെട്ടികൾ കപ്പലിലെ ഒരു അറ നിറയെ ഉണ്ടെന്നാണ് അഭ്യൂഹം. 

എന്നാൽ എതിർവാദവുമായി മറ്റൊരു സംഘം രംഗത്തെത്തിയിട്ടുണ്ട്. യുദ്ധകാലത്ത് കടലിനേക്കാളും സുരക്ഷിതമായി സ്വര്‍ണം കടത്താൻ റഷ്യ ആശ്രയിക്കുക റെയിൽ മാർഗമായിരിക്കുമെന്നാണ് അവർ പറയുന്നത്. എന്നാൽ കപ്പലിൽ നിന്ന് ഒട്ടേറെ ഇരുമ്പു പെട്ടികൾ ലഭിച്ചിട്ടുണ്ടെന്ന വിവരം സൗത്ത് കൊറിയൻ സംഘം പുറത്തുവിട്ടിട്ടുണ്ട്.  203എംഎം പീരങ്കികൾ, 152 എംഎം തോക്കുകൾ, ഏതാനും മെഷീൻ ഗണ്ണുകൾ, നങ്കൂരങ്ങൾ, കപ്പലിന്റെ ചിമ്മിനി, മൂന്നു പായ്മരം, മരത്തട്ടുകൾ, സ്വർണ പടച്ചട്ട ഇതെല്ലാം ലഭിച്ചവയിൽപ്പെടുന്നു. 

MORE IN SPOTLIGHT
SHOW MORE