ആ ആനക്കുട്ടി ചരിഞ്ഞതെങ്ങനെ? കൊന്നതെന്ന് സോഷ്യൽ മീഡിയ, വിഡിയോ

baby-elephant
SHARE

കൂട്ടം തെറ്റിയതിനെ തുടർന്ന് മൂഴിയാർ വനത്തിൽ ഒറ്റപ്പെട്ട കുട്ടിയാനയുടെ ദൃശ്യങ്ങളും ആന ചരിഞ്ഞതും വാർത്തായായിരുന്നു. ഇപ്പോഴിതാ ആനക്കുട്ടിയോടുള്ള അശാസ്ത്രീയമായ സമീപനമാണ് അതിന്റെ മരണകാരണമെന്നാണ് വിമർശനങ്ങൾ ഉയരുന്നത്. ഇതിന് തെളിവായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വിഡിയോയും ഇവർ ചൂണ്ടിക്കാട്ടുന്നു. 

അധികം ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന ആനക്കുട്ടിയെ അശാസ്ത്രീയമായ രീതിയിൽ കയറിട്ട് വലിച്ചിഴച്ച് പിടികൂടിയതാകാം കുട്ടിയാനയുടെ മരണത്തിനു പിന്നിലെന്നാണ് വിമർശകരുടെ പക്ഷം. കൂട്ടം തെറ്റിയതിന്റെ മാനസിക ആഘാതവും വനപാലകരുടെ സമീപനവും കുട്ടിയാനയെ ഭയപ്പെടുത്തിയിരിക്കാമെന്നാണ് ഇവരുടെ നിഗമനം. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് വലതു കാലിലും മുഖത്തും മുറിവേറ്റ നിലയിൽ ആനക്കുട്ടിയെ മൂഴിയാർ– കക്കി റോഡിൽ മൂഴിയാർ ലുക്ക്ഔട്ടിനു സമീപം ആദ്യം കാണുന്നത്.സംഭവം അറിഞ്ഞ് വനപാലകർ എത്തിയെങ്കിലും ഉച്ചയോടെ ആനക്കുട്ടി കാട്ടിലേക്കു കയറിപ്പോയി. 

ഇതിനു ശേഷം പകൽ പല തവണ മൂഴിയാർ– കക്കി റോഡിൽ ആനക്കുട്ടിയെ കണ്ടിരുന്നു. ആളുകളെ കാണുമ്പോൾ ഓടിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു. ഇതിനെ തുടർന്ന് കൊച്ചുകോയിക്കൽ, പച്ചക്കാനം സ്റ്റേഷനുകളിലെ വനപാലകർ നടത്തിയ തിരച്ചിലിൽ  തിങ്കളാഴ്ച വൈകുന്നേരം കക്കിക്കു സമീപം അരണമുടിയിൽ ആനക്കുട്ടിയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. 

കോന്നി ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ജയകുമാറിന്റെ  സാന്നിധ്യത്തിൽ തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ആനയെ ഗൂഡ്രിക്കൽ റേഞ്ച് ഓഫിസിനോടു ചേർന്നുള്ള ഹാളിൽ എത്തിച്ച്  പരിചരിക്കുന്നതിനിടെയായിരുന്നു മരണം. ശ്വാസകോശത്തിൽ വെള്ളം കയറിയതിനാൽ പാലുകുടിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. കിഴി കുത്തി ചൂട് നൽകിയും ഡ്രിപ് നൽകിയും ആനയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതിനുകഴിഞ്ഞില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഒരു വയസ്സോളം വരുന്ന പിടിയാനക്കുട്ടി കൂട്ടം തെറ്റിയതോടെ ആരോഗ്യ സ്ഥിതി തീർത്തും ദുർബലമായിരുന്നു. പാലുകുടി നിലച്ചതോടെ പ്രതിരോധ ശേഷി തീർത്തും കുറഞ്ഞതായി ഡോ. ജയകുമാർ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം ജഡം മറവുചെയ്തു.

ആദ്യം ആനയെ കാണുമ്പോൾ നല്ല ആരോഗ്യ സ്ഥിതിയിലായിരുന്നു.  യഥാസമയം ചികിൽസ നൽകിയിരുന്നെങ്കിൽ ആനയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് വനപാലകരുടെ വിലയിരുത്തൽ. എന്നാൽ, ആനയെ കാട്ടിലേക്കു വിട്ടാൽ മതിയെന്നായിരുന്നു നിർദേശം. കൂട്ടത്തിൽ നിന്നു തെറ്റിപ്പിരിയുന്നവയെ പിന്നീട് ആനക്കൂട്ടം ഒപ്പം കൂട്ടാറില്ലെന്നാണ് വനപാലകർ പറയുന്നത്. എന്നിട്ടും ദിവസങ്ങൾക്കു ശേഷമാണ് ആനയെ പിടികൂടി കോന്നിയിലേക്കു കൊണ്ടു പോകാൻ തീരുമാനമാകുന്നത്. ഇതിനോടകം ആനയുടെ ആരോഗ്യ സ്ഥിതി തീർത്തും മോശമായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. 

MORE IN SPOTLIGHT
SHOW MORE