റോണാള്‍ഡോ നല്‍കിയ ടിപ്പ് കണ്ട് ഹോട്ടല്‍ ജീവനക്കാര്‍ അമ്പരന്നു; 21.5 ലക്ഷം..!

ronaldo-family-friends
റൊണാൾഡോ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഗ്രീസിലെ ഹോട്ടലിൽ. (ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്)
SHARE

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വഭാവത്തിലെ നന്മകൾ എല്ലാവർക്കും സുപരിചിതമാണ്. രക്തദാനവും ചാരിറ്റിയുമെല്ലാം അദ്ദേഹത്തിന്റെ മാത്രം സ്വഭാവ സവിശേഷതകളില്‍ ചിലകാണ്. ഇപ്പോഴിതാ ഗ്രീസിൽ നിന്നും റൊണാൾഡോയുടെ മനസിന്റെ വലുപ്പം പറയുന്ന മറ്റൊരു വാർത്ത എത്തിയിരിക്കുന്നു. ഹോട്ടൽ ജീവനക്കാർക്ക് റോണാൾഡോ ലക്ഷം ടിപ് 21.5 നൽകിയെന്ന്.

അതിഥികളായാൽ ഇങ്ങനെ വേണമെന്ന് ഗ്രീസിലെ ആ ആഡംബര ഹോട്ടൽ ജീവനക്കാർക്കു തോന്നിയാൽ അദ്ഭുതപ്പെടാനുണ്ടോ? ഇവരുടെ ഹോട്ടലിൽ അതിഥിയായി തങ്ങിയ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മടങ്ങിപ്പോകുമ്പോൾ ടിപ്പായി നൽകിയത് 21.5 ലക്ഷത്തിലേറെ രൂപ!

ഗ്രീസിലെ പലപ്പ്നീസ് പ്രവിശ്യയിലുള്ള ആഡംബര റിസോർട്ടായ കോസ്റ്റ നവരീനോയിലെ ജീവനക്കാർക്കാണ് ഈ വിശിഷ്ടാതിഥിയെ ലഭിച്ചത്. റഷ്യൻ ലോകകപ്പിൽ പോർച്ചുഗൽ പ്രീക്വാർട്ടറിൽ തോറ്റു പുറത്തായതിനു പിന്നാലെയാണ് പുതിയ ഫുട്ബോള്‍ സീസണിനു മുന്നോടിയായി റൊണാൾഡോ കുടുംബസമേതം ഗ്രീസിലെത്തിയത്.

ഏതാണ്ട് 31,500 ഡോളർ ടിപ്പായി നൽകിയ റൊണാൾഡോ, ഈ തുക ഹോട്ടലിലെ ജീവനക്കാർക്കു തുല്യമായി വീതിച്ചു നൽകാനും നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്. കുടുംബാംഗങ്ങൾക്കു പുറമെ അടുത്ത ചില സുഹൃത്തുക്കളും ഒഴിവുസമയം ആഘോഷിക്കാൻ റൊണാൾഡോയ്ക്കൊപ്പം ഗ്രീസിലെത്തിയിരുന്നു.

ഫുട്ബോൾ ലോകത്തെ പിടിച്ചുകുലുക്കിയ റൊണാൾഡോയുടെ ട്രാൻസ്ഫർ നീക്കങ്ങളെല്ലാം നടന്നത് ഈ ഹോട്ടൽ കേന്ദ്രീകരിച്ചായിരുന്നു. കഴിഞ്ഞ 10 വർഷമായി സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനു കളിച്ച റൊണാൾഡോ പുതിയ സീസണിൽ ഇറ്റാലിയൻ ക്ലാബ് യുവെന്റസ് എഫ്സിക്കാണ് കളിക്കുക. യുവെന്റസ് പ്രസിഡന്റ് ആന്ദ്രെ ആഗ്നെല്ലി ഗ്രീസിലെത്തിയാണ് റൊണാൾഡോയുമായി ചർച്ച നടത്തിയതെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

ഏതാണ്ട് 800 കോടിയിൽപ്പരം രൂപയ്ക്കാണ് റൊണാൾഡോ റയൽ മഡ്രിഡ് വിട്ട് യുവെന്റസിലേക്ക് ചേക്കേറിയത്. ടൂറിനിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ മുപ്പത്തിമൂന്നുകാരനായ റൊണാൾഡോയ്ക്ക്, യുവന്റസ് ആരാധകർ ആവേശകരമായ സ്വീകരണമാണ് നൽകിയത്.

MORE IN SPOTLIGHT
SHOW MORE