ആദ്യ ദിനം ജോലിയ്ക്കായി നടന്നത് 32കിലോ മീറ്റർ; തേടിയെത്തിയത് പുതുപുത്തൻ കാർ

boss-gift
SHARE

കൊടുങ്കാറ്റിന് അയാളുടെ ജീവിതത്തെ മാത്രമേ ഉലയ്ക്കാൻ കഴിഞ്ഞുള്ളൂ. ആത്മസമർപ്പണത്തെ ഒന്നുലയ്ക്കാൻ പോലും കാറ്റിനായില്ല. ജോലി കിട്ടിയ ദിവസം തന്നെ വാൾട്ടർ എന്ന ചെറുപ്പക്കാരൻ നടന്നത് 32 കിലോ മീറ്റർ. ആ നടത്തം ഇന്ന് ലോകത്തിന് പ്രിയപ്പെട്ടതാകുന്നു. സോഷ്യൽ ലോകത്ത് താരമാണ് അലബാമക്കാരനായ ഇൗ യുവാവ്.

കൊടുങ്കാറ്റ് ദുരന്തം വിതച്ചപ്പോള്‍ വീട് നഷ്ടപ്പെട്ട വാള്‍ട്ടറും അമ്മയും ബെര്‍മിംഗ്ഹാമിലാണ് ഇപ്പോൾ ജീവിക്കുന്നത്. ജീവിതം വീണ്ടും കെട്ടിപ്പൊക്കാൻ ഒരു ജോലി തേടി അലഞ്ഞ യുവാവിന് മുന്നിൽ ഒടുവിൽ കിട്ടിയ കച്ചിത്തുരുമ്പായിരുന്നു. ബെല്‍ഹോപ്‌സ് എന്ന സ്ഥാപനത്തിലെ ജോലി. എന്നാല്‍ ജോലിക്ക് പോകുന്നതിന്റെ തലേന്ന് രാത്രിയാണ് തന്റെ കാര്‍ കേടായെന്ന് വാള്‍ട്ടര്‍ മനസ്സിലാക്കുന്നത്. ജോലി സ്ഥലത്ത് കൃത്യസമയത്തെത്താൻ മറ്റുമാർഗങ്ങളും ഇല്ലാതായതോടെ വാൾട്ടർ വിഷമിച്ചു. പക്ഷേ ഒരുപട് അലഞ്ഞ ശേഷം കിട്ടിയ ജോലിയാണ്. ആദ്യ ദിവസം തന്നെ മോശമായാൽ ശരിയാവില്ല എന്ന തോന്നലിൽ ആ യുവാവ് ഒരു തീരുമാനമെടുത്തു. അങ്ങനെ രാത്രി തന്നെ അയാൾ ജോലിസ്ഥലത്തേക്ക് നടക്കാനാരംഭിച്ചു. 

മണിക്കൂറുകളോളം റോഡിലൂടെ ഏകനായി നടക്കുന്ന വാള്‍ട്ടറെ ആദ്യം ശ്രദ്ധിച്ചത് പൊലീസായിരുന്നു. വിവരങ്ങള്‍ തിരക്കിയ പൊലീസുദ്യോഗസ്ഥര്‍ തുടര്‍ന്നുള്ള ദൂരം വാഹനത്തിലെത്തിക്കുകയും വാള്‍ട്ടറിന് ഭക്ഷണം വാങ്ങി നല്‍കുകയും ചെയ്തു. പിന്നീട് വാള്‍ട്ടറെ അഭിനന്ദിച്ച് പെല്‍ഹാം പൊലീസും ട്വീറ്റ് ചെയ്തു. ഇക്കൂട്ടത്തില്‍ വിവരമറിഞ്ഞ ബെല്‍ഹോപ്‌സ് സി.ഇ.ഒയുടെ നടപടിയായിരുന്നു എല്ലാവരെയും അമ്പരപ്പിച്ചത്.  

വാള്‍ട്ടറിന് ഒരു പുതിയ കാര്‍ വാങ്ങി നല്‍കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അധികം വൈകാതെ തന്നെ വൈള്‍ട്ടറിന് പുതിയ കാറിന്റെ താക്കോലും കൈമാറി. വൈകാരികമായ നിമിഷങ്ങളിലൂടെ കടന്നുപോയ വാള്‍ട്ടറിനെ സന്തോഷത്തോടെ സഹപ്രവര്‍ത്തകര്‍ ചേര്‍ത്തുപിടിക്കുന്ന ചിത്രങ്ങളും സോഷ്യൽ ലോകത്ത് ഹിറ്റാണ്.

MORE IN SPOTLIGHT
SHOW MORE