എട്ടുവയസുകാരിയുടെ മുറിയില്‍ 111 മൂര്‍ഖന്‍, 23 മുട്ടകള്‍; ഭയന്നുവിറച്ച് വീട്ടുകാര്‍, വിഡിയോ

odisha-snake
SHARE

ഒന്നും രണ്ടുമല്ല നൂറിലേറെ മൂര്‍ഖന്‍ പാമ്പുകളെയാണ് ഇൗ വീടിനുള്ളില്‍ നിന്നും കണ്ടെത്തിയത്. പുതിയതായി നിര്‍മിച്ച വീടിനുള്ളില്‍ നിന്നാണ് ഇത്രയധികം പാമ്പുകളെ കണ്ടെത്തിയത് എന്നതാണ് അദ്ഭുതം. ഒഡീഷയിലെ ശ്യാംപുർ ഗ്രാമത്തിലെ ബിജയ് ഭുയന്‍ എന്നയാളുടെ വീട്ടിലാണ്  സംഭവം. സ്വീകരണമുറിയില്‍ കളിച്ചുകൊണ്ടിരുന്ന ബിജയുടെ എട്ടു വയസ്സുകാരി മകളുടെ കാലിലൂടെ ആദ്യം ഒരു  പാമ്പിന്‍ കുഞ്ഞ് ഇഴഞ്ഞുപോയി. കുട്ടി ഭയന്ന് നിലവിളിച്ചെങ്കിലും ഭാഗ്യം കൊണ്ട് കുഞ്ഞിനെ പാമ്പ് കടിച്ചിരുന്നില്ല. കുഞ്ഞിന്റെ നിലവിളി കേട്ട് ഒാടിയെത്തിയ വീട്ടുകാരോട് കുട്ടി കാര്യം പറഞ്ഞു. പാമ്പ് ഇഴഞ്ഞുപോയ സ്ഥലവും കാണിച്ചുകൊടുത്തു. പിന്നീട് വീട്ടുകാര്‍ പരിശോധന തുടങ്ങി.  

വീട്ടിലെ മറ്റൊരു മുറിയില്‍ നിലത്തുണ്ടായിരുന്ന ചിതൽപ്പുറ്റിലുള്ള മാളത്തിലൂടെയാണ് പാമ്പ് വന്നതെന്ന് ബിജയ് മനസ്സിലാക്കി. പക്ഷെ മാളം പരിശോധിക്കാന്‍ തുടങ്ങിയപ്പോഴേക്കും ബിജയ് ഞെട്ടി. നൂറിലേറെ പാമ്പിന്‍ കുഞ്ഞുങ്ങളാണ് പത്തി വിടര്‍ത്തി കൊണ്ട് പുറത്തേക്കു വന്നത്. ഇതോടെ ഭയന്നു പോയ ബിജയ് പുറത്തേക്കോടി.  വീട്ടിലുള്ള എല്ലാവരെയും പുറത്തിറക്കുകയും തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. പിന്നീട് പാമ്പുകളെ പിടികൂടാന്‍ സഹായിക്കുന്ന എന്‍ജിഒയെ വിവരമറിയിച്ചു.

എന്‍ജിഒയില്‍ നിന്ന് വിദഗ്ധരെത്തി പാമ്പിന്‍ കുഞ്ഞുങ്ങളെ പുറത്തെടുത്തു. 111 മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞുങ്ങളേയും  ഇരുപത്തി മൂന്ന് മുട്ടകളും വീട്ടില്‍ നിന്നും കണ്ടെടുത്തു. കൂടാതെ രണ്ട് വെള്ളിക്കെട്ടന്‍ വിഭാഗത്തില്‍ പെട്ട പാമ്പുകളും മാളത്തിലുണ്ടായിരുന്നു. ഈ പാമ്പുകളെ പിന്നീട് വനം വകുപ്പിനു കൈമാറി. അതേസമയം ഇതേ വീട്ടിനുള്ളില്‍ ഇനി എങ്ങനെ കഴിയുമെന്ന ഭീതിയിലാണ് ബിജയും കുടുംബവും. ഒഡീഷയിലാകട്ടെ പ്രകൃതി ദുരന്തത്തില്‍ മരിക്കുന്നവരേക്കാള്‍ കൂടുതല്‍ പേരാണ് എല്ലാ വര്‍ഷവും പാമ്പു കടിയേറ്റു മരിക്കുന്നത്. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 1700ലധികം  പേരാണ് ഇവിടെ പാമ്പുകടിയേറ്റ് മരിച്ചത്. 

MORE IN SPOTLIGHT
SHOW MORE