എയ്ഡ്സ് രോഗിയായ ഭര്‍ത്താവിനെ കൊന്നു, കോടതി ശിക്ഷിച്ചില്ല, ആ അമ്മക്കഥ ഇങ്ങനെ

usha-rani-tn
SHARE

ജീവിതവും വിധിയും കല്‍പ്പിച്ച് തന്ന കൊടിയ ശിക്ഷകള്‍ക്കപ്പുറം ഒന്നും ഇവര്‍ക്ക് നല്‍കാന്‍ കഴിയാത്തത് കൊണ്ടാണോ കോടതി ഇവരെ ശിക്ഷിക്കാതിരുന്നത്. ഇൗ കഥ കേട്ടവര്‍ ഒട്ടേറെ തവണ സ്വയം ചോദിച്ചുപോയിട്ടുണ്ട്. ഒരുകൊലപാതകം ചെയ്തിട്ടും അവര്‍ ഇന്നും നാട്ടുകാര്‍ക്കും മക്കള്‍ക്കും പ്രിയങ്കരിയാണ്. കൊന്നത് സ്വന്തം ഭര്‍ത്താവിനെ. അതും എയിഡ്സ് രോഗിയായ ഭര്‍ത്താവിനെ. പക്ഷേ ആ കൊലപാതകം സ്വന്തം മകളുടെ മാനത്തിന് വേണ്ടിയായിരുന്നു. അതുകൊണ്ട് തന്നെ ആ സ്ത്രീയെകുറിച്ച് പറയുന്നവര്‍ക്കല്ലാം നൂറുനാവാണ് . ഒരു കൊല ചെയ്താല്‍ കൊലയാളി എന്ന പേര് വീഴേണ്ടിടത്ത് അവരെ ഒരു ജനത ഒന്നാകെ മനസ് കൊണ്ട് നൂറാവര്‍ത്തി വിളിച്ചു അമ്മ. ഇങ്ങനെയാവണം അമ്മ. ഇതാണ് സ്ത്രീ. ആ ജീവിതക്കഥ അറിയുന്ന ആരും നമിച്ചുപോകും തമിഴ്നാട്ടുക്കാരിയായ ഉഷ റാണി എന്ന ഇൗ അമ്മയെ. 

ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിത ദുരന്തങ്ങളെ ചിരിച്ചുകൊണ്ടാണ് ഇവര്‍ നേരിട്ടത്. സ്വന്തം മക്കൾക്കുവേണ്ടി ആ പ്രതിസന്ധികളെ ധൈര്യത്തോടെ അതിജീവിച്ചു. സ്വന്തം ഭർത്താവിനെ കൊന്ന സ്ത്രീ എന്ന തലക്കെട്ടുകളോടെയാണ് അഞ്ചുവർഷങ്ങൾക്ക് മുൻപ് മാധ്യമങ്ങൾ ഉഷാറാണിയെക്കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിച്ചത്. ആ കൊലപാതകത്തിലേക്ക് ഉഷാറാണിയെ നയിച്ച കാരണങ്ങൾ അറിയണമെങ്കിൽ അവരുടെ ഭൂതകാലത്തിലേക്ക് തിരിഞ്ഞു നോക്കണം. 18 വയസ്സിലായിരുന്നു ഉഷയുടെ വിവാഹം. ഒട്ടും പൊരുത്തപ്പെടാനാവാത്ത കുടുംബത്തിൽ ശ്വാസംമുട്ടിക്കഴിയുകയായിരുന്നു ഉഷ. മദ്യപാനിയായ ഭർത്താവ് ഉഷയെയും വീട്ടുകാരെയും പലതവണ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു. ബിസിനസ്സ് തുടങ്ങണമെന്നും മറ്റും പറഞ്ഞ് ഉഷയുടെ ഭർത്താവ് ഉഷയുടെ വീട്ടുകാരിൽ നിന്നും വൻ തുകകൾ വാങ്ങിച്ചെടുത്തു. മദ്യപാനവും വഴിവിട്ട ജീവിതവും അയാളെ എല്ലായിടത്തും  പരാജയപ്പെടുത്തി.  ബിസിനസ്സും വീട്ടുകാര്യങ്ങളും ഒരുപോലെ കഷ്ടപ്പെട്ടു നോക്കിനടത്തുന്നതിനിടെയാണ് ഭർത്താവിന്റെ വിദ്യാഭ്യാസമില്ലാത്ത സഹോദരിക്കുവേണ്ടി ഉഷയുടെ എംഫിൽ പാസായ സഹോദരനെ കല്യാണം ആലോചിക്കുന്നത്. ഉഷയുടെ വീട്ടുകാർ ഇത് നിരസിച്ചതോടെ പക ഇരട്ടിയായി. പിന്നീട് കൊടിയ പീഡനങ്ങളുടെ ദിനങ്ങള്‍.  

അപ്പോഴും നാലുമക്കളെയോർത്ത് ഈ ദുരിതങ്ങളൊക്കെ സഹിക്കുകയായിരുന്നു ഉഷ. മൂത്തമകളെ ഇറച്ചിക്കടയിൽ ജോലി ചെയ്യുന്ന ആൾക്ക് വിവാഹം കഴിപ്പിച്ചുകൊടുക്കാൻ ശ്രമിച്ചപ്പോഴാണ് ഉഷ അയാള്‍ക്കെതിരെ ആദ്യമായി വിരല്‍ഉയര്‍ത്തുന്നത്.  എന്നിട്ടും വിവാഹത്തിന് തയാറാകാത്ത 14 വയസ്സുള്ള പെൺകുട്ടിയുടെ പഠനം ഉഷയുടെ ഭർത്താവ് നിർത്തിച്ചു. സ്കൂളിലെ പ്രധാനാധ്യാപികയുടെ സഹായത്തോടെ ഉഷ മകളെ സ്കൂളിൽ നിർത്തി പഠിപ്പിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. അതിന് വലിയ വിലയാണ് ഉഷയ്ക്കു നൽകേണ്ടി വന്നത്. ഇക്കാര്യങ്ങളറിഞ്ഞ ഭർതൃവീട്ടുകാർ ഉഷയുടെ രണ്ടുകാലും തല്ലിയൊടിച്ചു. രക്തത്തിൽ കുളിച്ചു കിടന്ന ഉഷയെ ആരോ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിയ പൊലീസിനോട് ഉഷയുടെ രണ്ടു വയസ്സുകാരനായ മകനാണ് അമ്മ അന്നോളം അനുഭവിച്ച പീഡനങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞു. 

പിന്നീട് വിവാഹമോചനത്തിന് അപേക്ഷ നൽകിയ ഉഷ സ്ത്രീധനത്തുകയും ആഭരണങ്ങളും തിരികെ വേണമെന്നാവശ്യപ്പെട്ട് ഭർതൃവീട്ടുകാർക്കെതിരെ പരാതി നൽകി. ഉഷ ബിസിനസ്സിൽ തട്ടിപ്പുകാണിച്ചു എന്ന ആരോപണമായിരുന്നു അവരുടെ മറുപടി. ഉഷ മോശം സ്വഭാവക്കാരിയാണെന്നും അവർ പറഞ്ഞു പരത്തി. ഉഷയുടെ ജീവിതമറിഞ്ഞ സർക്കാർ ആശുപത്രിയിൽ കാഷ്യർ ആയി അവർക്ക് ജോലി നൽകി. ജോലിയിലെ മിടുക്കും കഴിവും അധികം വൈകാതെ ഉഷയ്ക്ക് അവസരങ്ങളുടെ വൻ വാതിലുകൾ തുറന്നുകൊടുത്തു. അധികം വൈകാതെ തമിഴ്നാട് ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അഡ്മിൻ വിഭാഗത്തിന്റെ ചുമതല ഉഷയ്ക്കു ലഭിച്ചു.

ജോലിയോടൊപ്പം അവർ ബിരുദത്തിനു ചേർന്നു. കുട്ടികളുടെ പഠനവും തന്റെ ചികിത്സയും നടത്തി. ക്രച്ചസിന്റെയും ഫിസിയോതെറാപ്പിയുടെയും സഹായത്തോടെ നടക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഇതിനിടെ വിവാഹമോചനം നേടിയ ഉഷ മക്കളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചപ്പോഴായിരുന്നു വീണ്ടും ഭർത്താവിന്റെ രൂപത്തിൽ ദുരന്തമെത്തിയത്. ഉഷ വീടുവിട്ടു പോയതോടെ ബിസിനസ്സ് തകർന്ന അയാൾ പകയോടെ പ്രതികാരം ചെയ്യാൻ കാത്തിരുന്നു. ഉഷയ്ക്ക് വഴിവിട്ട ബന്ധങ്ങളുണ്ടെന്നു പറഞ്ഞു പരത്തി അയാൾ ഉഷയോട് മാപ്പു ചോദിച്ചു. അഭയം തേടിയെത്തിയ അയാളെ മക്കളുടെ നിർബന്ധ പ്രകാരം ഉഷ വീട്ടിൽ താമസിപ്പിച്ചു.എങ്കിലും ഭാര്യയായി ജീവിക്കാൻ തയ്യാറായില്ല.

2010 ൽ ആയിരുന്നു ഈ സംഭവം ആരോഗ്യ നില വളരെ മോശമായ അയാളുടെ ശരീരം മുഴുവന്‍ വ്രണങ്ങളായിരുന്നു പരസഹായമില്ലാതെ ജീവിക്കുവാനാകില്ലായിരുന്നു. വഴിവിട്ട ജീവിതം അയാളെ എയ്ഡ്സ് ഗോരിയുമാക്കിയിരുന്നു. മക്കളുടെ നിര്‍ബന്ധം കാരണം ഉഷ ബസുവിനെ വീട്ടില്‍ താമസിപ്പിച്ചു. ദിവസം കഴിയും തോറും അയാൾ ഓരോ നിബന്ധനകൾ ഉഷയ്ക്കു മുന്നിൽ വയ്ക്കാൻ തുടങ്ങി. തനിക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു. അയാളുടെ ദുരുദ്ദേശ്യം മനസ്സിലായ ഉഷ മക്കളുടെ നിർദേശപ്രകാരം അയാളെ വീട്ടിൽ നിന്നും ഇറക്കിവിട്ടു. തിരിച്ചു വന്ന അയാൾ ഉഷയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതു തടയാനെത്തിയ മകളെ വലിച്ചിഴച്ചുകൊണ്ട് അയാൾ മുറിയിൽ കയറി അമ്മ വന്നില്ലെങ്കിൽ നീ മതി എന്നു പറഞ്ഞായിരുന്നു ആക്രമണം.

മകളുടെ മാനം നഷ്ടപ്പെടാതിരിക്കാനായി ഒടുവിൽ ഉഷയ്ക്ക് അതു ചെയ്യേണ്ടി വന്നു. മകളുടെ നിലവിളി കാതിലലച്ചപ്പോൾ മകന്റെ ക്രിക്കറ്റ് ബാറ്റുമായി അവൾ മുറിയുടെ ജനൽച്ചില്ലു പൊട്ടിച്ച് അകത്തുകയറി. മകളുടെ വസ്ത്രങ്ങളഴിക്കാൻ ശ്രമിക്കുന്ന അയാളെ അനക്കം നിലയ്ക്കും വരെ തല്ലി. പിന്നീട് ഉഷ പോലീസിൽ കീഴടങ്ങി. 

കൊലപാതകത്തിന്റെ സാഹചര്യം കണക്കിലെടുത്ത കോടതി ഉഷയെ ശിക്ഷിച്ചില്ല. കൊലപ്പെടുത്താന്‍ ശ്രമിക്കുമ്പോഴോ മാനഭംഗ ശ്രമത്തിനിടയിലോ ഒരാള്‍ സ്വയരക്ഷക്കായി കൊല ചെയ്‌താല്‍ ലഭിക്കാവുന്ന നിയമാനുകൂല്യം സെക്ഷന്‍ 100 ചുമത്തി ഉഷയെ  അവർ വിട്ടയച്ചു. ഒരു ദിവസം പോലും  ഉഷയ്ക്ക് പൊലീസ് സ്റ്റേഷനിൽ കഴിയേണ്ടി വന്നില്ല. ഇതിനു ശേഷം ബിരുദാനന്ത ബിരുദം പൂർത്തിയാക്കിയ ഉഷ ബാങ്ക് പരീക്ഷയുടെ പരിശീലത്തിനു വേണ്ടി യൂണിവേഴ്സിറ്റിയിലെ ജോലി വിട്ടു. കഠിന പ്രയത്നത്താല്‍ ബാങ്കില്‍ ജോലിനേടി. നാലു മക്കളെയും  അന്തസ്സായി വളർത്തി പഠിപ്പിച്ച് സമാധാനപരമായ ജീവിതം നയിക്കുകയാണ് ഉഷയിന്ന്.

MORE IN SPOTLIGHT
SHOW MORE