കയറില്‍ തൂങ്ങി ഈ ഡോക്ടര്‍ ഉള്‍വനത്തില്‍; ‘ജീവന്‍രക്ഷായാത്ര’യ്ക്ക് കയ്യടി: അനുഭവം

dr-aswathy
SHARE

ഏതു പ്രതികൂല സാഹചര്യത്തെയും അതിജീവിച്ച് ജീവൻ രക്ഷിക്കാൻ യത്നിക്കേണ്ടവരാണ് ഡോക്ടര്‍മാർ. നിലമ്പൂർ വനത്തിനുള്ളിൽ ഒരു ആദിവാസി രക്തസ്രാവത്താൽ ഗുരുതരാവസ്ഥയിലാണെന്ന അറിയിപ്പ് കിട്ടിയതിനെ തുടർന്ന് സ്വന്തം ജീവന്‍ പണയം വച്ച് അവിടെപ്പോയി ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിച്ച ഡോക്ടർ അശ്വതി സോമനാണ് സമൂഹമാധ്യമത്തിലെ പുതിയ താരം. 

എത്തിപ്പെടാൻ അതിദുർഘട പാത. ഒരു ഭാഗത്തു ആഴമേറിയ കൊക്ക. മറുഭാഗത്തു പാറക്കൂട്ടങ്ങൾ. കാട്ടിലെ കണ്ണെത്താ വലിപ്പമുള്ള മരങ്ങളും വേരുകളും വള്ളികളും ചേർത്തു ഇവർ ഉണ്ടാക്കിയ പലകകളിൽ ചവുട്ടി വഴുപ്പേറിയ പാറയിൽ മുട്ടുകുത്തി കയർ പിടിച്ചു മുകിളിലോട്ട്. അതിസാഹസികമായിരുന്നു ഈ ജീവന്‍ രക്ഷാ യാത്രയെന്ന് വ്യക്തം. അവതാരക, അഭിനേതാവ്, സംവിധായിക എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് അശ്വതി സോമന്‍. 

യാത്രയെക്കുറിച്ച് ഡോക്ടർ എഴുതിയത് വായിക്കാം

ഇന്നത്തെ എന്റെ യാത്ര.

കാടിന്റെ ഉള്ളിലേക്കുള്ള ഓരോ കാൽവെപ്പും ഒരുപാട് ശ്രദ്ധിച്ചായിരുന്നു കാരണം പതിയിരിക്കുന്ന അപകടം ആനയുടെ രൂപത്തിലും, കാട്ടിയുടെ രൂപത്തിലും വേണമെങ്കിൽ ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള ചതുപ്പുകളും, വഴുക്കലുകളും ആവാം. ചെങ്കുത്തായ പാറകളും, കൊക്കകളും, മരണം വിളിച്ചു വരുത്തുന്ന പോലെ ആയിരുന്നു .

.........

ഇന്നലെ ഉച്ചയ്ക്കാണ് പ്രാചീന ഗോത്ര വിഭാഗക്കാരായ ചോലനായ്ക്കരുടെ ഇടയിൽ കാലിൽ നിന്നു രക്തം വാർന്നു അവശ നിലയിലായ ഒരാളുടെ വിവരം ലഭിച്ചത്. നിലമ്പൂർ ടൗണിൽ നിന്നു ഏകദേശം 20km ടാറിട്ട റോഡ് വഴി ഫോസ്റ് സ്റ്റേഷൻ ,അവിടുന്നു അടുത്ത 25km ചളി നിറഞ്ഞ മൺപാത.സാധാരണ വണ്ടി എത്തുന്നത് ഇവിടം വരെ മാത്രം.ഗവ. ആദിവാസികൾക്ക് വേണ്ടി പണിതുയർത്തിയ വീടുകൾ ഉണ്ട് ഇവിടെ.പക്ഷേ പാണപ്പുഴക്കാരോ, നാഗമലക്കാരോ, ചോലനായ്കരോ,കാട്ടുനായ്കരോ ഇവിടെ വസിക്കാൻ ഒട്ടും താല്പര്യപ്പെടുന്നില്ല . അവർ കാടിന്റെ മക്കളാണ്,അതാണ് അവരുടെ ആവാസസ്ഥലം.മരണവും,ജനനവും,ജീവിതവും എല്ലാം അവിടെ തന്നെ..

എത്തിപ്പെടാൻ അതിദുർഘട പാത. ഒരു ഭാഗത്തു ആഴമേറിയ കൊക്ക. മറുഭാഗത്തു പാറ കൂട്ടങ്ങൾ. കാട്ടിലെ കണ്ണെത്താ വലിപ്പമുള്ള മരങ്ങളും,വേരുകളും,വള്ളികളും ചേർത്തു ഇവർ ഉണ്ടാക്കിയ പലകകളിൽ ചവുട്ടി വഴുപ്പേറിയ പാറയിൽ മുട്ടു കുത്തി, കയർ പിടിച്ചു മുകിളിലൊട്ടു.

അവിടെയാണ് രവി തളർന്നു കിടക്കുന്നത്.

എനിക്ക് ഇന്നലെ വൈകീട്ടാണ് രക്തം വാർന്നു ,തളർന്നു കിടക്കുന്ന രവിയുടെ വിവരം ലഭിച്ചത്. രാവിലെ തന്നെ അവിടേക്ക് പോകാം എന്നു തീരുമാനിച്ചു. മാവോയിസ്റ് ഭീഷണി ഒരു ഭാഗത്തു, അപ്പുറം കൊടും കാടും. രാവിലെ ഡിഎംഒ ഡോ.സകീനാ മേടത്തെ വിളിച്ചപ്പോൾ ആകെ പറഞ്ഞതു ഒറ്റക്ക് പോകരുത് എന്നാണ്. അങ്ങനെ രാവിലെ തന്നെ പൂക്കോട്ടുപാടം സ്റ്റേഷൻ,msp ആന്റി nexel ക്യാമ്പ്,ഫോസ്റ് അങ്ങനെ വിളി തുടങ്ങി, ഞങ്ങൾ നെടുങ്കയം എത്തിയപ്പോഴേക്കും 2 വണ്ടി നിറയെ തണ്ടർബോൾട്ടും ,ഇന്റലിജൻസും. എത്തി.

അവിടെ ഞങ്ങളുടെ പോലീസ് ഓഫീസർക്ക്‌ പക്ഷെ ഒരു സംശയം.. ഇതൊക്കെ എനിക്ക് കയറാൻ പറ്റുമോ എന്ന്.Tvyil മാത്രം കണ്ടു പരിചയമുള്ള ഇടമായത് കൊണ്ടു എനിക്ക് നല്ല കോണ്ഫിഡൻസ് ആയിരുന്നു. പിന്നെന്താ ഇതൊക്കെ സിംപിൾ അല്ലെ എന്ന ഭാവവും. ഞാൻ ഫുൾ ഉറപ്പു കൊടുത്ത് ഞങ്ങൾ അവിടെ എത്തി.അറിയാതെ ആണെങ്കിലും പിന്നീട് ഇത് ഓർത്തു ഞാൻ സന്തോഷിച്ചു.

വഴിയിൽ അതി ഗംഭീര മഴ കാരണം 2 മരം കട പുഴകി വീണിട്ടുണ്ട് ഒരു 7-8km നടക്കണം....

അമ്പോ പണി പാളി.?

അതായിരുന്നു തുടക്കം. പക്ഷെ ദൈവം തുണച്ചു. ഞങ്ങൾ വന്നത് അവരുടെ അളയിൽ കിടക്കുന്ന രോഗിയെ കാണാൻ ആണെന്നറിഞ്ഞതോടെ ചോലനയ്ക്കരുടെ സ്നേഹം ഒന്നു കാണണമായിരുന്നു. ഇനി ഒരു ആപത്തും വരുത്താതെ ഞങ്ങൾ എത്തിച്ചോളാം എന്നു പറയാതെ പറയുകയായിരുന്നു അവർ. ചാത്തനും, ചെല്ലനും മറ്റ്‌പലരും കൂടി ആ രണ്ടു വലിയ മരം മുറിച്ഛ് മാറ്റി തന്നു.

dr-aswathy2

4വീൽ ഡ്രൈവ് ഉള്ള ജീപ്പ് എങ്ങനെ വഴുക്കും എന്നും,എങ്ങനെ രണ്ട് ടയറിൽ ഒതുങ്ങി ,മറിയാതെ സർക്കസിലെ പോലെ ചാല് നീന്തി കടക്കും എന്നും ഇന്ന് കണ്ടു. ഞങ്ങളുടെ മിടുക്കനായ സാരഥി Anoop Daniel ഞങ്ങളെ പക്ഷെ ലക്ഷ്യ സ്ഥാനത്ത് ഒരു പോറൽ പോലും ഇല്ലാതെ എത്തിച്ചു.

അവിടുന്നു 1 -1.5km ട്രെക്കിങ്ങ്....

വീണു കിടക്കുന്ന മരങ്ങളും,മഴ പോലെ ഞങ്ങളെ ആശീർവദിച്ച അട്ടകൾക്കും, പേരറിയാ പ്രാണികൾക്കും സ്വാഗതം. ഒരാൾക്ക് കഷ്ടിച്ചു നടക്കാൻ പാകത്തിൽ ഉള്ള വഴി. ഒരു ഭാഗത് ചെങ്കുത്തായ പാറ, മറുഭാഗത്ത് കൊക്ക,തിളച്ചു മറഞ്ഞു പാൽ പോലെ ഒഴുക്കുന്ന നദി,നിബിഡ വനം,ഉച്ചക്ക് 2മണിക്ക് ഞങ്ങളെ പൊതിഞ്ഞു കോട ,ചീവിടുകൾ അവരുടെ ബാക്ക്ഗ്രൗണ്ട് സ്കോർ വളരെ മനോഹരമാക്കുന്നു,കൂടാതെ ഇടക്ക് ഞങ്ങളുടെ കാലിന്റെ ഇടയിലൂടെ ഓടുന്ന നായകളും,ഇതു വരെ കാണാത്ത പക്ഷികളും,പേടിപ്പിക്കുന്ന കരിങ്കുരങ്ങുകളും, പാമ്പുകളും വേണ്ട പേരറിയാത്ത ഒരുപാട് ജീവികളും തുണക്ക്. ആദ്യം ഉണ്ടായ കോണ്ഫിഡൻസും ,ത്രില്ലും ഞാനറിയാതെ തന്നെ ഭയത്തിനു വഴി മാറി കൊടുത്തിരുന്നു. വീട്ടിൽ എന്റെ കുട്ടികൾക്ക് അച്ഛൻ ഉണ്ടല്ലോ., സമാധാനം..

തല ഉയർത്തി നോക്കി നടന്നാൽ വീഴുന്നത് ചതുപ്പിൽ.ചെളിയിൽ കാലു പൂന്തുമ്പോൾ വലിച്ചെടുക്കുന്നത് ഒരു വിരുതാണ്‌.കാല് പൊക്കി പിടിക്കുമ്പോൾ സഹായത്തിനു നൂല് പോലെ അട്ടയും. കുറേ ഉപ്പിട്ട് കളഞ്ഞു. അവസാനം എത്തിയത് ഒരു മലയുടെ താഴത്ത്.

അവിടെ എന്റെ സകലമാന കണ്ട്രോളും പോയി.

എങ്ങനെ കയറും. അപ്പൊ നേരത്തെ സംശയിച്ച ആ പോലീസു കാരൻ. 'അപ്പോഴേ പറഞ്ഞില്ലേ പോരണ്ട പോരണ്ടാന്നു' എന്ന ഭാവത്തിൽ വളരെ സിംപിൾ ആയി ഒരു ചിരി ചിരിച്ചു ഒരു വള്ളി ഇട്ടു തന്നു.. ദേ ആ വള്ളി പിടിച്ചു കയറിയാൽ മതി എന്നു. 

ഇറങ്ങി ഓടിയാലോ എന്നു തോന്നി.പക്ഷെ വന്ന വഴി ഓർത്തപ്പോൾ എന്താണ് ഈ ചെകുത്താനും കടലും എന്നു ശെരിക്കും മനസ്സിലായി.സകലമാന ദൈവങ്ങളെയും,താന്നി ദൈവങ്ങളെയും മനസ്സിൽ ദ്യാനിച്ചു എല്ലാ ശക്തിയും എടുത്തു അവിടെ ഉള്ള എല്ലാവരും കൂടി ഐലസ വിളിച്ചു ഒരു വിധം ആ മല ഞാൻ കയറി.പിന്നെ ഒരാൾക്ക് കഷ്ടി നിൽക്കാൻ പറ്റുന്ന ഇടം.കാൽ തെറ്റിയാൽ പിന്നെ പൊടിപോലും ആർക്കും കിട്ടില്ല. അങ്ങനത്തെ വെറും 3-4 ചെറിയ പാറകൾ കൂടി .thats all.വലിഞ്ഞും, കിടന്നും,മൊട്ടു കുത്തിയും,ഉരുണ്ടും എന്റേതായ പല പുതിയ സ്റ്റൈലും ഇൻവെന്റ് ചെയ്തും അവസാനം ഞാൻ മുകളിൽ എത്തി.

ഹോ ആശ്വാസം.

പക്ഷേ അവിടെ കാലിൽ നിന്നു നീരും,ചലവും, ചോരയും ഒഴുകി കൊണ്ടിരിക്കുന്ന ആ മുറിവ് വല്യ വേദനയാണ് തന്നത്. പനിക്കുന്നും ഉണ്ട്.ഷുഗർ വളരെ കൂടിയ അവസ്ഥയും. ഏതു നിമിഷവും ആൾ colapse ആവാം.

ആശുപത്രിയിൽ പോകാം എന്ന് പറഞ്ഞപ്പോൾ ഒരു അനക്കവും ഇല്ല.വരണ്ടാത്രേ.ഞങ്ങൾ പ്ലിങ്. വരില്ല..ഒരുപാട് രീതിയിൽ സംസാരിക്കാനും, ബോധവത്കരിക്കാനും ശ്രമിച്ചു. പക്ഷെ പുള്ളിക്ക് താല്പര്യം ഇല്ലത്രെ.

അങ്ങനെ അവസാന അമ്പ് പുറത്തെടുത്തു . സത്യം വളരെ സ്‌ട്രൈറ്റ് ഫോർവേഡ് ആയി പറയുക.

"അതേ രവി ,ഇപ്പൊ ഇടതു കാലിലെ ചെറു വിരൽ മുറിച്ചു മാറ്റാൻ ആയി, നാളെ ഞങ്ങൾക്കു വേറെ ജോലി ഉണ്ട്.അതുകൊണ്ടു അഥവാ വരാൻ പറ്റിയാൽ വരാം അപ്പൊ അടുത്ത വിരലും മുറിച്ചു മാറ്റാം, പിന്നെ രണ്ടു ദിവസത്തിൽ കാല്പാദവും ,പിന്നെയും ജീവനോടെ ഉണ്ടെങ്കിൽ കാലും. അത്ര പ്രശ്നമേ ഉള്ളു. ഭാര്യ ഒറ്റക്കാവും ചെയ്യും അല്ലെ.. ഇന്ന് ഞങ്ങൾ വണ്ടിയിൽ ഇറക്കി കൊണ്ടു പോകാം.ഭക്ഷണം വാങ്ങി തരാം, ആശുപത്രിയിൽ കിടക്കാം. ഒരു വിരൽ ഒഴിച്ചു ബാക്കി ഉള്ള കാലു രക്ഷപെടുത്താം..തീരുമാനം രവിടെ മാത്രം .എന്നാ ശെരി".ഞാൻ സ്ലോ മോഷനിൽ എണീക്കുന്നു. ഇപ്പൊ പിറകിന്നു വിളിക്കുമായിരിക്കും ,വിളി കേൾക്കുന്നില്ലാ..വിളിക്കൂ വിളിക്കൂ... അവസാനം.... വിളിച്ചു

ഹാവൂ ..അതു ഏറ്റു. എന്റെ ശല്യം സഹിക്ക വയ്യാതെ ആയപ്പോ മൂപ്പര് വരാം എന്ന് സമ്മതിച്ചു.. ഇങ്ങനെയും ഉണ്ടോ ഡോക്ടർമാർ (സാധനം) എവിടെ നിന്നു വരുന്നൂ എന്നു കരുത്തിക്കാണും.എന്തായാലും നല്ലതു വരാൻ വേണ്ടിയല്ലേ.

ഈ പോയ വഴി മുഴുവൻ അങ്ങേരെ തോളിൽ ഏറ്റി ,രണ്ടു പേരുടെ സപ്പോർട്ടോടു കൂടെ ചാത്തനും പിള്ളേരും താഴെ എത്തിച്ചു വണ്ടിയിൽ കയറ്റി. 

പോരല്ലോ ഈ ദേഹം കൂടി അവിടെ എത്തികേണ്ടേ. .

ഒന്നു രണ്ടു വീഴ്ച്ച,അലർച്ച, പുതിയ മൊബൈൽ ഫോണിന്റെ ഡിസ്പ്ലേ ഒരു പാട് രക്തം ഇതൊക്കെ അവിടെ ഉപേക്ഷിച്ചു താഴെ ജീപ്പിൽ ,പോയതിലും സ്പീഡിൽ തിരിച്ചെത്തി.

ചോല വെള്ളം മുഖത്തു വീണപ്പോഴാണ് ഒറിജിനൽ വെള്ളത്തിന്റെ തെളിമയും,കുളിരും,ഉന്മേഷവും അറിഞ്ഞത്. തിരിച്ചു ഇറങ്ങി വഴിയിൽ വെച്ചു തന്നെ സർജൻ ഡോ. ഷിജിനെ വിളിച്ചു.പുള്ളിയുടെ ഡ്യൂട്ടി അല്ലാതിരുന്നിട്ടു കൂടി അദ്ദേഹം നിലമ്പൂർ GH ഇൽ റെഡി.

ക്ഷീണിതനായ രവിയെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കി ഞാൻ അവിടുന്നു പോന്നത് രാത്രി 7.30ന് രാവിലെ കഴിച്ച ഉപ്പുമാവിന് സ്തുതി.വീട്ടിൽ എത്തിയത് 8.45ന്. ഒരുപാട് കാട് കയറിയത് കൊണ്ടാണോ (exercise കിട്ടിയല്ലോ) എന്നറിയില്ല ഒത്തിരി സന്തോഷവും,സമാധാനവും ഉണ്ട് മനസ്സു നിറയെ. ഇനിയും വേണ്ടി വന്നാൽ കയറാം എന്ന കോണ്ഫിഡൻസും.കാരണം ഇനിയും ഉണ്ട് ഒരുപാട് ജന്മങ്ങൾ അവിടെ.പുറത്തു പറയാത്ത ഒരുപാട് രഹസ്യങ്ങളും..

തുണച്ചിരുന്ന ദൈവത്തിനും. കൂടെ വന്ന സഹപ്രവർത്തകർക്കും ,അനൂപ്,സുരേഷ്, ഇസഹാക്, ശകീർ , മനോജ് സർ ആൻഡ് ടീം ,thunderbolt ,ചാത്തൻ ആൻഡ് ഫ്രണ്ട്‌സ് എല്ലാവർക്കും അകമഴിഞ്ഞ നന്ദി. (കുറിപ്പ് ptamediaonline എന്ന എഫ്ബി പേജില്‍ പോസ്റ്റ് ചെയ്തത്)

MORE IN SPOTLIGHT
SHOW MORE