ആ ചോരക്കുഞ്ഞിന് പൊലീസുകാരി മുലയൂട്ടി, മുഖ്യമന്ത്രിയുടെ പേരുമിട്ടു,അപൂര്‍വ്വം ഈ നന്മ

bengaluru-new-born
SHARE

വെള്ളിയാഴ്ച പുലര്‍ച്ചെ 9 മണിക്കാണ് ബംഗളുരുവിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഒരു ഫോണ്‍ കോള്‍ വരുന്നത്. ദൊഡ്ഡത്തഗ്ഗരുവിലെ സെലിബ്രിറ്റി ലേഔട്ടില്‍ പ്ലാസ്റ്റിഗ് ബാഗില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ആണ്‍കുഞ്ഞ്. 

കണ്‍ട്രോളില്‍ റൂമില്‍ നിന്ന് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇലക്ട്രോണിക് സിറ്റി പൊലീസ് സ്ഥലത്തേക്ക്. കാഴ്ച കണ്ട പൊലീസുദ്യോഗസ്ഥര്‍ ഞെട്ടി:

''മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം പ്രസവിച്ച ഒരാണ്‍കുഞ്ഞ്. അവന്‍റെ ശരീരമാസകലം രക്തം പുരണ്ടിരുന്നു. പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റിയ നിലയിലായിരുന്നു'', എഎസ്ഐ ആര്‍ നാഗേഷ് പറയുന്നു. 

കുഞ്ഞിനെ ഒരു നഴ്സിങ് ഹോമിലെത്തിച്ച് പ്രാഥമികശുശ്രൂഷ നല്‍കി. ശരീരമെല്ലാം വൃത്തിയാക്കി, മതിയായ ചികിത്സയും നല്‍കിയ ശേഷം കുഞ്ഞിനെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലേക്ക് തന്നെ കൊണ്ടുപോയി. അപ്പോഴും കുഞ്ഞ് കരയുന്നുണ്ടായിരുന്നില്ല, ചെറിയ ശബ്ദം പോലും ഉണ്ടാക്കിയില്ല. ജീവന്‍ അപകടത്തിലാണോ എന്നുപോലും പൊലീസുകാര്‍ സംശയിച്ചു. 

സ്റ്റേഷനിലെത്തിച്ച കുഞ്ഞിനെ വനിതാ കോണ്‍സ്റ്റബിള്‍ അര്‍ച്ചന അകത്തേക്ക് കൊണ്ടുപോയി. പ്രസവ അവധി കഴിഞ്ഞ് 15 ദിവസം മുന്‍പ് തിരിച്ചെത്തിയ അര്‍ച്ചന കുഞ്ഞിനെ മുലയൂട്ടി. പിന്നാലെ കുഞ്ഞ് ഉറക്കെ കരയാന്‍ തുടങ്ങി. പിന്നെ അര്‍ച്ചനയുടെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങി. 

കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടപ്പോള്‍ മാത്രമാണ് എല്ലാവരുടെയും ശ്വാസം നേരെയായത് എന്ന് നാഗേഷ് പറയുന്നു. കുഞ്ഞിന് വേണ്ട വസ്ത്രങ്ങളും മറ്റും വാങ്ങാന്‍ കുറച്ചുപേര്‍ ഇറങ്ങി. 

കുഞ്ഞിന് പേരിടാനും ഇവര്‍ മറന്നില്ല, കുമാരസ്വാമി. ''സര്‍ക്കാരിന്‍റെ കുഞ്ഞാണ്, അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പേരുതന്നെ നല്‍കിയത്'', നാഗേഷ് പറയുന്നു. 

അതിന് ശേഷം മാത്രമാണ് കുഞ്ഞിനെ അനാഥാലയത്തിന് കൈമാറിയത്. 

MORE IN SPOTLIGHT
SHOW MORE