ആദ്യം തൂത്തുക്കുടിയെപ്പറ്റി പറയൂ; പ്രധാനമന്ത്രിയോട് സോഷ്യല്‍ ലോകം: വിവാദം ‘ഫിറ്റാ’യി

modi-tweet
SHARE

തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണശാലയ്ക്കെതിരെയുണ്ടായ പ്രക്ഷോഭത്തിൽ പതിമൂന്ന് പേരെ വെടിവെച്ചു കൊന്നിട്ടും രാജ്യത്തിന്റെ പ്രധാനമന്ത്രി മൗനം തുടരുന്നതാണ് സമൂഹമാധ്യമങ്ങളിലെ പുതിയ വിമര്‍ശന വിഷയം. നരേന്ദ്രമോദിയുടെ മൗനം ഇതിനകം ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വയ്ക്കുകയും ചെയ്തു.  കോഹ്‌ലിയുടെ ഫിറ്റ്നസ് ചലഞ്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റെടുത്തതിന് തൊട്ടു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ പരിഹാസവും വിമർശനവും ഉയർന്നത്. ആദ്യം തൂത്തുക്കുടിയെ കുറിച്ച് പ്രതികരിക്കൂ. ശേഷം കോ‌ഹ്‌ലിയുമായി ഫിറ്റ്നസിനെ കുറിച്ച് സംസാരിക്കാമെന്നും സമൂഹമാധ്യമങ്ങൾ പരിഹസിക്കുന്നു. പ്രമുഖരും സാധാരണക്കാരുമായി നിരവധി ആളുകളാണ് മോദിയെ തൂത്തുക്കുടി ചലഞ്ചിന് വെല്ലുവിളിച്ച് രംഗത്തെത്തിയത്. 

കോഹ്‌ലി ഡര്‍ പ്ലാങ്ക് ചെയ്യുന്ന വിഡിയോ പോസ്റ്റു ചെയ്യുകയും ഭാര്യ അനുഷ്‌കയേയും പ്രധാനമന്ത്രിയേയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയേയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് മോദി തന്റെ ഫിറ്റ്‌നസ് വീഡിയോ ഷെയര്‍ ചെയ്യാമെന്ന് ട്വീറ്റ് ചെയ്തത്.

മോദിയുടെ ട്വീറ്റിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. തൂത്തുക്കുടി, പെട്രോള്‍ വില പോലെ രാജ്യം വലിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ അത്തരം വിഷയങ്ങളില്‍ ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയാതെ കോഹ്‌ലിയുമായി കളിക്കുകയാണ് മോദി ചെയ്യുന്നതെന്നായിരുന്നു വിമര്‍ശനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. കോഹ്‌ലിയുടെ ഫിറ്റ്നസ് ചലഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തതിന് തൊട്ടു പിന്നാലെയാണ് ട്വിറ്ററിലൂടെ രാഹുൽ രംഗത്തെത്തിയത്. ഇന്ധനവില കുറച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തി കുറപ്പിക്കുമെന്നും രാഹുൽ വെല്ലുവിളിച്ചു. മോദിയുടെ പ്രതികരണത്തിനായി താന്‍ കാത്തിരിക്കുന്നുവെന്നും രാഹുലിന്റെ ട്വീറ്റില്‍ പറയുന്നു.

വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് പ്രധാനമന്ത്രി സ്വീകരിച്ചിരുന്നു. വ്യായാമം ചെയ്യുന്നത് പങ്കുവച്ച് ഫിറ്റ്‌നസ് ചലഞ്ചിന് ആദ്യം തുടക്കമിട്ടത് കായികമന്ത്രി രാജ്യവര്‍ധന്‍ റത്തോഡാണ്. സ്വയം വ്യായാമം ചെയ്യുന്ന വീഡിയോ പങ്കുവച്ച് കോഹ്ലി, സൈന, അനുഷ്‌ക ശര്‍മ്മ, ഹൃത്വിക് റോഷന്‍ എന്നിവരെയാണ് അദ്ദേഹം ഫിറ്റ്‌നസിന് വെല്ലുവിളിച്ചത്. കോഹ്ലിയാണ് പ്രധാനമന്ത്രിയെ ഫിറ്റ്‌നസ് ചലഞ്ചിന് വെല്ലുവിളിച്ചത്.

ആര്‍.ജെ.ഡി നേതാവ് തേജസ്വ യാദവും മോദിയെ ലക്ഷ്യമിട്ട് ഇത്തരമൊരു വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. യുവാക്കള്‍ക്ക് ജോലി നല്‍കൂവെന്നാണ് തേജസ്വയുടെ വെല്ലുവിളി. ഞാന്‍ ഒരു ചലഞ്ച് താങ്കള്‍ക്ക് മുന്‍പില്‍ വെക്കുകയാണ്. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനും കര്‍ഷകര്‍ക്ക്‌ ആശ്വാസം നല്‍കാനും ദളിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന അതിക്രമം അവസാനിപ്പിക്കാനും താങ്കള്‍ക്ക് കഴിയുമോ ഇതാണ്. എന്റെ വെല്ലുവിളി. ഏറ്റെടുത്ത് കാണിക്കൂ- തേജസ്വി യാദവ് പറയുന്നു.

ഇതിന് പിന്നാലെ തന്നെ വിവിധ ട്വീറ്റുകളിലൂടെ പ്രധാനമന്ത്രിയെ ചാലഞ്ച് ചെയ്ത് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും രംഗത്തെത്തി.

പെട്രോള്‍ ഡീസല്‍ വില കുറച്ചുകൊണ്ട് സാധാരണക്കാരനെ സഹായിക്കാന്‍ താങ്കള്‍ക്കാവുമോ? താങ്കള്‍ വാഗ്ദാനം ചെയ്തപോലെ യുവാക്കള്‍ക്ക് 2 കോടി തൊഴിലവസരങ്ങള്‍ നല്‍കാമോ? ഇന്ത്യയിലെ കര്‍ഷകര്‍ക്ക് താങ്കള്‍ വാഗ്ദാനം ചെയ്തപോലെ എല്ലാ സമാശ്വാസ പദ്ധതികളും ലഭ്യമാക്കാമോ? താങ്കള്‍ ഉറപ്പുനല്‍കിയതുപോലെ വിദേശത്ത് നിന്നും 80 ലക്ഷം കോടി കള്ളപ്പണം ഇന്ത്യയില്‍ തിരിച്ചെത്തിക്കുകയും കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യുമോ? പാക്കിസ്ഥാന്‍ സ്‌പോര്‍ണ്‍സേര്‍ഡ് തീവ്രവാദും ദോക്ലാമിലെ ചൈനീസ് അധിനിവേശവും അവസാനിപ്പിക്കാന്‍ ആകുമോ? സുര്‍ജേവാല ട്വീറ്റ് ചെയ്തു.

MORE IN SPOTLIGHT
SHOW MORE