വീടൊരുക്കാന്‍ അവര്‍ കിണറ്റിലിറങ്ങി; നിപ്പയെടുത്ത കുടുംബത്തിന്‍റെ സ്വപ്നം തകര്‍ന്നത് ഇങ്ങനെ

muthaliq
SHARE

നിപ്പ തകർത്തെറിഞ്ഞത് ഒരു കുടംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളെയുമായിരുന്നു. പേരാമ്പ്ര സൂപ്പിക്കട വളച്ചുകെട്ടി വീടിനാണ് നിപ്പയുടെ പ്രഹരത്തിൽ താങ്ങും തണലും നഷ്ടപ്പെട്ടത്. നിപ്പ വൈറസ് ബാധ ആദ്യം സ്ഥീരികരിച്ചത് വളച്ചുകെട്ടി വീട്ടിൽ മൂസയുടെ കുടുംബത്തിലാണ്. കരൾ നൊന്ത് കരയുകയാണ് ചങ്ങോരത്ത് മൂസയുടെ ഭാര്യ മറിയവും മകൻ മുത്തലിഖും. അവരെ ആശ്വസിപ്പിക്കാൻ അവിടെ കൂടിയ ആരുടെയും ആശ്വാസവാക്കുകളും കഴിയുമായിരുന്നില്ല. 

ഒരായുസ്സിന്‍റെ ദുരിതങ്ങളാണ് ഈ ചെറിയ കാലയളവിൽ മറിയത്തിനു ഏറ്റു വാങ്ങേണ്ടി വന്നത്. മറിയത്തിന്റെ നാല് ആണ്‍മക്കളില്‍ മൂന്നു പേരും അഞ്ചു വര്‍ഷത്തിനിടെ മരിച്ചു. ഇനി ആശ്രയം ഒരു മകൻ മാത്രം. ആ മകനിനി ഏക ആശ്രയം മാതാവു മാത്രം. ചങ്ങോരത്ത് മൂസയുടെ ശരീരം ഖബറിലേയ്ക്ക് യാത്രയായപ്പോൾ വിങ്ങിപ്പൊട്ടുകയായിരുന്നു മുത്തലിബ്. മൂസയാണ് ഈ വീട്ടിൽ നിപ്പ തട്ടിയെടുത്ത അവസാന ജീവൻ. മേയ് അഞ്ചിന് മകൻ സാബിത്തും മേയ് 18ന് സാലിഹും മരണത്തിനു കീഴടങ്ങിയിരുന്നു.

വളരെ സന്തോഷത്തിൽ കഴിഞ്ഞിരുന്ന കുടംബമായിരുന്നു ചങ്ങോരത്ത് മൂസയുടേത്. ഉപ്പയും ഉമ്മയും നാല് ആൺമക്കളും അടങ്ങുന്ന കുടുംബം. അഞ്ച് വർഷം മുൻപാണ് ആദ്യത്തെ ദുരന്തമെത്തിയത്. 2013ൽ നടന്ന വാഹനാപകടത്തിൽ മൂന്നാമത്തെ മകൻ സലീം മരിച്ചു. ആ ദുരന്തത്തിൽ മാനസികമായി തകർന്ന മറിയത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് മക്കളാണ്.

സൂപ്പിക്കടയിലെ വീട്ടിൽനിന്ന് രണ്ടു കിലോമീറ്റർ അകലെ ആപ്പറ്റ പുത്തനേടത്ത് വീടും സ്ഥലവും വാങ്ങിയത് അടുത്ത കാലത്താണ്. പണിപൂർത്തിയായ പുതിയ വീട്ടിലേയ്ക്ക് മാറുന്നതിനു മുന്നോടിയായാണ് മൂസയും രണ്ടു മക്കളും ശുചീകരണ പ്രവർത്തനത്തിനിറങ്ങിയത്. കിണറ്റിലെ വവ്വാലുകൾ നിപ്പ വൈറസ് ഇവർക്ക് സമ്മാനിച്ചതോടെ മക്കളും പിതാവും ഈ ലോകത്തോട് യാത്ര പറഞ്ഞു. 

പനിബാധിച്ച കുടുംബത്തെ ശുശ്രൂഷിക്കാനെത്തിയ മൂസയുടെ സഹോദരിയും മരണത്തിനു കീഴടങ്ങി. പന്തിരിക്കര ആവടുക്കയിൽ സഹോദരന്റെ വീട്ടിലാണ് മറിയവും മുത്തലിബും ഇപ്പോൾ. മൂസ മരിച്ചതറിഞ്ഞ് മുത്തലിബ് കോഴിക്കോട്ടേക്ക് രാവിലെ തിരിച്ചു. പക്ഷേ മൂസയുടേയോ മകന്റേയോ മുഖം അവസാനമായി ഒരു നോക്കു കാണാൻ ഇരുവർക്കും സാധിച്ചില്ല. 

നിപ്പ വൈറസ് ബാധ ആദ്യം സ്ഥീരികരിച്ചത് ഇവരുടെ വീട്ടിൽ ആയതിനാൽ ഫലത്തിൽ നാട്ടുകാരും ബന്ധുക്കളും ഒറ്റപ്പെടുത്തിയ അവസ്ഥയാണ്. ഫലത്തിൽ ഊരുവിലക്ക് തന്നെ.  വൈറസ് ഭീതിയിൽ സമൂഹം ഒറ്റപ്പെടുത്തുമ്പോഴും ആരോടും പരിഭവിക്കാതെ ശാന്തയായി സഹനങ്ങൾ ഏറ്റു വാങ്ങുകയാണ് മറിയം. 

അപ്രതീക്ഷമായി എത്തിയ ദുരന്തം ഈ രണ്ടു ഹൃദയങ്ങളെയും വല്ലാതെ പിടിച്ച് കുലുക്കിയിരുന്നു. ഇനിയുളള വഴികളിൽ ഇവർ ഒറ്റയ്ക്കാണ്. പകർച്ചാവ്യാധിയുടെ പേരിൽ തങ്ങളെ  സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുന്നവരെ ദയനീയമായി നോക്കി ഇവർ യാത്ര തുടരുന്നു. പരിഭവങ്ങളില്ലാതെ. 

MORE IN SPOTLIGHT
SHOW MORE