കളിയാക്കാന്‍ വരട്ടെ; ബിപ്ലബ് ആള് ‘ജിമ്മാ’ണ്; പാര്‍ട്ടിയെ ഉയരത്തിലെത്തിച്ച ‘ഉയരക്കാരന്‍’

biplab-dev
SHARE

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിപ്ലബ് കുമാര്‍ ദേവ് സ്വന്തം പേര് എഴുതിച്ചേര്‍ത്തിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ.  ത്രിപുരയിലെ ബിജെപിയുടെ ചരിത്രവിജയത്തിന്‍റെ അമരക്കാരന്‍ എന്ന നേട്ടത്തെക്കാള്‍ അദ്ദേഹത്തെ കൂടുതല്‍പേരും അറിയുന്നത് മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ശേഷം നാവിനെ വിടാതെ പിടികൂടിയ വികടസരസ്വതിയുടെ പേരിലാവും. ബിപ്ലബിനെതിരെ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഇറങ്ങിയത് ഇങ്ങ് കേരളത്തിലും. ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിലേക്ക് ബിജെപി ബിപ്ലബിനെ ഇറക്കിയതും സാധാരണക്കാര്‍ക്കിടയില്‍ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ടുനേടിയെടുത്ത ഇൗ (കു)പ്രശസ്തി കൊണ്ടുതന്നെയാകും. 

ഇന്നത്തെ ത്രിപുര മുഖ്യമന്ത്രി ജിം ഇന്‍ട്രക്ടറായിരുന്നു ഡല്‍ഹിയില്‍. ഫിറ്റ്നസ് ഹരമായിരുന്ന ആറരയടിക്കാരന്‍ ത്രിപുര യൂണിവേഴ്സിറ്റിയിലെ പഠനശേഷം ഡല്‍ഹിയിലേക്ക് തിരിച്ചത് രാഷ്ട്രീയമോഹം കൊണ്ടായിരുന്നില്ല. ജിം ഇന്‍സ്ട്രക്ടറായി കരിയര്‍ കെട്ടിപ്പടുക്കുകയായിരുന്നു ലക്ഷ്യം.  ആര്‍എസ്എസ് വോളന്‍റിയറായും പ്രവര്‍ത്തിച്ച ബിപ്ലബ് മധ്യപ്രദേശിലെ സത്നയില്‍ നിന്നുള്ള എംപി ഗണേഷ് സിങ്ങിന്‍റെ അസിസ്റ്റന്‍റ് ആയതോടെയാണ് മുഖ്യധാരാ രാഷ്ടീയത്തിലേക്കെത്തുന്നത്. 

ബിജെപി നേതാക്കളുടെ വിശ്വസ്തനായി മാറിയ ബിപ്ലബിന് ത്രിപുരയിലെ ബിജെപിയെ നയിക്കാനുള്ള അപ്രതീക്ഷിതനിയോഗം വീണുകിട്ടിയത് 2016ലാണ്. പതിനഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലേക്ക് മടങ്ങിയിട്ടും ത്രിപുരയിലെ ചെങ്കോട്ടയില്‍ ഉരുക്കുപോലെ നിലയുറപ്പിച്ചു ബിപ്ലബ്. അദ്ദേഹത്തിന്‍റെ സംഘാടനമികവില്‍ ചെങ്കോട്ട കാവിയണിഞ്ഞു. 

പ്രചാരണം തുടങ്ങുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗിച്ചിട്ടുപോലുമില്ലാത്ത 48കാരന്‍ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴേക്കും ആ സ്ഥാനത്തേക്ക് മറ്റൊരാളെ ചൂണ്ടിക്കാട്ടാനാകാത്തവിധം സ്ഥാനമുറപ്പിച്ചിരുന്നു. ത്രിപുരയില്‍ ദീര്‍ഘകാലപ്രവര്‍ത്തന പാരമ്പര്യമുള്ള ബിജെപി നേതാവ് സുധീന്ദ്രദാസ് ഗുപ്ത ബിപ്ലബിനു മുന്നില്‍ തീര്‍ത്തും അപ്രസക്തനായിപ്പോയി. സിപിഎം ശക്തികേന്ദ്രങ്ങളായിരുന്ന ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ അത്ര ശക്തമായ പ്രചാരണമായിരുന്നു ബിപ്ലബ് നടത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുദീപ് റോയ് ബര്‍മന്‍ ബിജെപിയിലെത്തിയതും ഇൗ ചെറുപ്പക്കാരന്‍റെ നയചാതുരിയായി നേതൃത്വം വിലയിരുത്തി. അങ്ങനെ വിപ്ലവം എന്ന അര്‍ഥമുള്ള ബിപ്ലബ് എന്ന പേരിന് വിപ്ലവ പാര്‍ട്ടിയുടെ ചരിത്രം തിരുത്തിയെഴുതി വിപ്ലവം സൃഷ്ടിക്കാനായി നിയോഗം. 

ഇതൊക്കെയാണെങ്കിലും മുഖ്യമന്ത്രിയായശേഷമുള്ള അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ അദ്ദേഹത്തെ രാജ്യംമുഴുവന്‍ പ്രശസ്തനാക്കിയെങ്കിലും ചില്ലറ ക്ഷീണമല്ല പാര്‍ട്ടിക്കുണ്ടാക്കിയത്. മഹാഭാരതകാലത്തും ഇന്‍റര്‍നെറ്റ് പ്രചാരത്തിലുണ്ടായിരുന്നെന്നും ഡയാന ഹെയ്‍ഡന് മിസ് വേള്‍ഡ് കിട്ടാന്‍മാത്രം സൗന്ദര്യമില്ലെന്നും ഐശ്വര്യ റായിയാണ് ഇന്ത്യന്‍ സൗന്ദര്യത്തിന്‍റെ പ്രതീകമെന്നും വരെപ്പോയി ബിപ്ലബ്. 

നാല്‍പ്പത്തെട്ടുകാരനായ മുഖ്യമന്ത്രി ചെറുപ്പക്കാരോട് പറഞ്ഞത് സര്‍ക്കാര്‍ ജോലി അന്വേഷിച്ചു നടക്കാതെ മുറുക്കാന്‍ കട തുടങ്ങാനും പശുവിനെ വളര്‍ത്താനുമായിരുന്നു. രവീന്ദ്രനാഥ ടാഗോറിനെയും വെറുതെ വിട്ടില്ല. ടാഗേോര്‍ നോബേല്‍ സമ്മാനം നിരസിച്ചെന്നുവരെ പറഞ്ഞു കളഞ്ഞു. ഒടുവില്‍ നരേന്ദ്രമോദിയും അമിത്ഷായും ഡല്‍ഹിക്ക് വിളിപ്പിച്ച് ശാസിച്ചതായി വരെ വാര്ത്തകള്‍ വന്നു. എന്തായാലും ത്രിപുരയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് ബിജെപിയുടെ താരപ്രചാരകനായി ബിപ്ലബ് എത്തുന്നത് ത്രിപുര മുഖ്യമന്ത്രിയായതുകൊണ്ടുമാത്രമല്ല എന്ന് ചുരുക്കം. ആരെന്തുപറഞ്ഞാലും രാജ്യമാകെ ബിജെപി വേദികളിലെ താരപ്രചാരകനായി ബിപ്ലബ് ഇരിപ്പ് ഉറപ്പിച്ചുകഴിഞ്ഞു.  

MORE IN SPOTLIGHT
SHOW MORE