'വവ്വാൽ കടിച്ച മാങ്ങ കഴിച്ച്' മോഹനൻ വൈദ്യരുടെ വെല്ലുവിളി; ‘കൊലയാളി’ വിഡിയോയ്ക്കെതിരെ രോഷം

mohanan-vaidyar
SHARE

നിപ്പ വൈറസിനെ പേടിച്ച് കൂരാച്ചുണ്ടിലും ചക്കിട്ടപ്പാറയിലുമായി അൻപതിലധികം കുടുംബങ്ങൾ വീടൊഴിഞ്ഞു കഴിഞ്ഞു. കൂരാച്ചുണ്ട് പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളില്‍ മാത്രം ഇരുപത്തി രണ്ട് കുടുംബങ്ങളാണ് വീട് പൂട്ടിയിറങ്ങിയത്. രോഗം പടരുമെന്ന ഭീതിയില്‍ പലരും ബന്ധുവീടുകളില്‍ അഭയം തേടി. എങ്ങോട്ട് പോകണമെന്നറിയാതെ വീടിന് പുറത്തിറങ്ങാതിരിക്കുന്നവരുമുണ്ട്. 

രോഗത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചതിന് പിന്നാലെയും അത് തുടരുകയാണ്. ഇതിനകം പന്ത്രണ്ട് പേർക്കാണ് സംസ്ഥാനത്ത് നിപ്പ ബാധിച്ചത്. സംസ്ഥാനം ഇത്രയധികം ഭയചകിതരായിരിക്കുന്ന സാഹചര്യത്തിലും വ്യാജപ്രചാരണങ്ങളും അശാസ്ത്രീയമായ വിവരങ്ങൾ പങ്ക‌വെച്ച് സമൂഹമാധ്യമങ്ങളിൽ രംഗത്ത് വരുന്നവരുടെ എണ്ണവും കൂടി വരുന്നു. 

ഇതെല്ലാം മരുന്നുമാഫിയയുടെ തട്ടിപ്പാണെന്ന് ആവർത്തിച്ച് പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കഞ്ചേരി രംഗത്തെത്തിയതിന് പിന്നാലെ നിപ്പ എന്നത് ആരോഗ്യ വകുപ്പ് ബോധപൂർവ്വം നടത്തുന്ന തട്ടിപ്പാണെന്ന അവകാശവാദവുമായി മോഹനൻ വൈദ്യർ രംഗത്തെത്തി. നിപ്പ വൈറസ് ബാധയുണ്ടായ കോഴിക്കോടിലെ പേരാമ്പ്രയിൽ നിന്ന് ശേഖരിച്ച പഴങ്ങൾ കഴിച്ച് കൊണ്ടായിരുന്നു മോഹനൻ വൈദ്യരുടെ വിഡിയോ. കൂടുതൽ പേരെ മരണത്തിലേയ്ക്ക് തളളി വിടുന്നതാണ് ഗുരുതരമായ ഈ സാഹചര്യത്തിൽ ഇത്തരത്തിലുളള പ്രചാരണമെന്ന വിമര്‍ശനം ഉയരുമ്പോഴും ധാരാളം ആളുകള്‍ ഈ വിഡിയോ ഷെയര്‍‌ ചെയ്യുകയാണ്. മോഹനൻ വൈദ്യർക്കും ജേക്കബ് വടക്കാഞ്ചേരിക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ രോഷം ശക്തമായിരുന്നു. ഇത്തരത്തിലുളള വ്യാദപ്രചാരണം നടത്തുന്ന ഇവർക്കെതിരെ കേസെടുക്കണമെന്ന വാദവും ശക്തമായി. സ്ഥിതി ഇത്ര ഗുരുതരമായിട്ടും പൊലീസ് അനങ്ങുന്നില്ലെന്ന വാദവും ശക്തമായി. പലവട്ടം നടപടി നേരിട്ടയാളുമാണ് മോഹനന്‍ വൈദ്യര്‍. 

വവ്വാലിന് പനി വരുന്നതെങ്കിൽ ആദ്യം വവ്വാൽ ചാവണമെന്നും എലിക്കാണ് പനി വരുന്നതെങ്കിൽ ആദ്യം എലി ചാകണമെന്നും മോഹനൻ വൈദ്യർ വിഡിയോയിൽ പറയുന്നു. ഞാൻ ഈ പഴങ്ങൾ നിങ്ങൾക്കു മുൻപിൽ വച്ചാണ് കഴിക്കുന്നത്. നിപ്പ വൈറസ് ഉണ്ടെങ്കിൽ ആദ്യം  ചാകേണ്ടത് ഞാനാണെന്നും ഈ വൈറസ് ഉണ്ടെങ്കിൽ ഇന്ന് ഞാൻ മരിക്കണമെന്നും മോഹനൻ വൈദ്യർ വെല്ലുവിളിക്കുന്നു. എന്റെ രോഗികൾ ഈ വൈറസ് ഉണ്ടെന്ന് വിശ്വസിക്കാതിരിക്കാനും ചികിത്സ എടുക്കാതിരിക്കാനുമാണ് താൻ ഈ വിഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും മോഹനൻ വൈദ്യർ പറയുന്നു. ഈ പകർച്ചവ്യാധിയെ തടയാനുളള കഷായങ്ങൾ വൈദ്യരുടെ കൈവശമുണ്ടെന്ന പ്രഖ്യാപനവും മോഹനൻ വൈദ്യർ നടത്തുന്നു. 

ആളെ പേടിപ്പിക്കുന്ന നിപ്പ പനിയെ കുറിച്ചു പറയുന്നതെല്ലാം പച്ചക്കളളമാണെന്നും പഴങ്ങൾ മാത്രം കഴിക്കുന്ന വവ്വാലിൽ നിന്ന് മൃഗങ്ങളിലേയ്ക്ക് രോഗം പകർന്നുവെന്ന് പറയുന്നത് അസംബന്ധമാണെന്നും വടക്കാഞ്ചേരി ഫെയ്സ്ബുക്കിലിട്ട വിഡിയോയിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എലി മൂത്രം ഒഴിച്ചിട്ട് എലിപ്പനി പകരുന്നു എന്നു പറഞ്ഞ് നിരവധി പേരെ ആശുപത്രിക്കാർ തട്ടിയത് മറക്കരുതെന്നും ഡെങ്കിപ്പനി കൊതുകുത്തിയിട്ടാണ് എന്ന് പറഞ്ഞത് ശരിയാണെങ്കിൽ യാചകർ എന്തുകൊണ്ട് ചത്തുപോകുന്നില്ലെന്നും വടക്കാഞ്ചേരി ചോദ്യം ഉയർത്തിയിരുന്നു. നോമ്പുകാലത്ത് പഴകിയ ഭക്ഷണങ്ങൾ കഴിച്ചതാവാം ഇത്രത്തോളം ആളുകൾ മരിക്കാൻ കാരണമെന്ന വിചിത്ര ന്യായവും വടക്കാഞ്ചേരി ഉയർത്തിയിരുന്നു.ഇത്തരം പ്രചാരണം നടത്തുന്നവർക്കെതിരെ ആരോഗ്യ വകുപ്പ് ശക്തമായ നടപടിയെടുക്കാത്തിനെ ചോദ്യം ചെയ്ത് നിരവധിയാളുകൾ സമൂഹമാധ്യമങ്ങളിൽ രംഗത്തു വന്നിരുന്നു. 

MORE IN SPOTLIGHT
SHOW MORE