വടക്കാഞ്ചേരിക്കും മോഹനൻ വൈദ്യർക്കുമെതിരെ വിമര്‍ശനം കടുത്തു; പൊലീസ് കേസെടുത്തു

jacob-vadakkanchery-mohanan-vaidyar
SHARE

നിപ്പ വൈറസിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ശക്തമായ താക്കീത് നൽകിയിട്ടും തെറ്റിദ്ധാരണ പരത്തുന്നവരുടെ എണ്ണം കൂടുന്നു. ജേക്കബ് വടക്കാഞ്ചേരിയും മോഹനൻ വൈദ്യരുമാണ് തെറ്റിദ്ധാരണ പരത്തുന്ന വിഡിയോ സന്ദേശവുമായി സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്. നിപ്പ എന്നൊരു വൈറസ് ഇല്ലെന്നും തന്റെ രോഗികൾ ഇതിനുളള ചികിത്സ എടുക്കരുതെന്നും മരുന്നു മാഫിയയുടെ തട്ടിപ്പാണ് ഇതെന്നും സമൂഹമാധ്യമങ്ങൾ വഴി ഇവർ പ്രചരിപ്പിക്കുന്നു. ധാരാളം പേര്‍ ഇവരുടെ വിഡിയോ കഥയറിയാതെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. 

പ്രതിഷേധം ശക്തമായതോടെ തെറ്റായ പ്രചാരണവുമായെത്തിയ ജേക്കബ് വടക്കാഞ്ചേരിയ്ക്കും മോഹനന്‍വൈദ്യര്‍ക്കുമെതിരെ കേസെടുത്തു. ഇരുവര്‍ക്കുമെതിരായ പരാതി ക്രൈംബ്രാഞ്ചിന് കൈമാറാനും തീരുമാനമായി. വ്യാജചികിത്സ പ്രോത്സാഹിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആവശ്യപ്പെട്ടു.

പല തവണ പരാതി നൽകിയിട്ടും ജേക്കബ് വടക്കാഞ്ചേരിക്കും മോഹനൻ വൈദ്യർക്കുമെതിരെ സർക്കാർ കേസെടുക്കാൻ തയ്യാറാകുന്നില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട അശാസ്ത്രീയ പ്രചരണങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പായ ഇന്‍ഫോക്ലിനിക്കിന്റെ അഡ്മിന്‍മാരില്‍ ഒരാളായ ജിനേഷ് പിഎസും മുഖ്യമന്ത്രിക്ക് പരാതി നൽകി. ജേക്കബ് വടക്കാഞ്ചേരിയുടെ വിഡിയോ പുറത്ത് വന്നപ്പോഴും നടപടി ആവശ്യപ്പെട്ട് ജിനേഷ് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.രണ്ടു വട്ടം പരാതിയുമായി എത്തിയിട്ടും ഇക്കാര്യത്തിൽ യാതൊരു വിധ നടപടിയും ഉണ്ടായില്ലെന്ന് ജിനേഷ് പരാതിപ്പെട്ടിരുന്നു. 

നിപ്പ വൈറസ് ബാധ മൂലം മരണങ്ങൾ ഉണ്ടായ കോഴിക്കോട് പേരാമ്പ്രയിൽ നിന്നും ശേഖരിച്ച വവ്വാലുകൾ ഭാഗികമായി ഭക്ഷിച്ച കായ്ഫലങ്ങൾ ഭക്ഷിക്കുന്ന വിഡിയോ മോഹനൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. 40 മുതൽ 70 ശതമാനം വരെ മരണ നിരക്കുള്ള ഒരു അസുഖം വളർത്താനുള്ള ബോധപൂർവമായ ശ്രമമായി  ഇത് കണക്കാക്കണമെന്ന് ജിനേഷ് പറയുന്നു.  

നിപ്പ വൈറസ് ബാധയുണ്ടായ കോഴിക്കോടിലെ പേരാമ്പ്രയിൽ നിന്ന് ശേഖരിച്ചതെന്ന് അവകാശപ്പെടുന്ന പഴങ്ങൾ കഴിച്ച് കൊണ്ടായിരുന്നു മോഹനൻ വൈദ്യരുടെ വിഡിയോ. കൂടുതൽ പേരെ മരണത്തിലേയ്ക്ക് തളളി വിടുന്നതാണ് ഗുരുതരമായ ഈ സാഹചര്യത്തിൽ ഇത്തരത്തിലുളള പ്രചാരണമെന്ന വിമര്‍ശനം ഉയരുമ്പോഴും ധാരാളം ആളുകള്‍ ഈ വിഡിയോ ഷെയര്‍‌ ചെയ്യുകയാണ്. മോഹനൻ വൈദ്യർക്കും ജേക്കബ് വടക്കാഞ്ചേരിക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ രോഷം ശക്തമായിരുന്നു. ഇത്തരത്തിലുളള വ്യാജപ്രചാരണം നടത്തുന്ന ഇവർക്കെതിരെ കേസെടുക്കണമെന്ന വാദവും ശക്തമായി. സ്ഥിതി ഇത്ര ഗുരുതരമായിട്ടും പൊലീസ് അനങ്ങുന്നില്ലെന്ന വാദവും ശക്തമായി. പലവട്ടം നടപടി നേരിട്ടയാളുമാണ് മോഹനന്‍ വൈദ്യര്‍. 

വവ്വാലിന് പനി വരുന്നതെങ്കിൽ ആദ്യം വവ്വാൽ ചാവണമെന്നും എലിക്കാണ് പനി വരുന്നതെങ്കിൽ ആദ്യം എലി ചാകണമെന്നും മോഹനൻ വൈദ്യർ വിഡിയോയിൽ വാദിക്കുന്നു. ഞാൻ ഈ പഴങ്ങൾ നിങ്ങൾക്കു മുൻപിൽ വച്ചാണ് കഴിക്കുന്നത്. നിപ്പ വൈറസ് ഉണ്ടെങ്കിൽ ആദ്യം ചാകേണ്ടത് ഞാനാണെന്നും ഈ വൈറസ് ഉണ്ടെങ്കിൽ ഇന്ന് ഞാൻ മരിക്കണമെന്നും മോഹനൻ വൈദ്യർ വെല്ലുവിളിച്ചു. എന്റെ രോഗികൾ ഈ വൈറസ് ഉണ്ടെന്ന് വിശ്വസിക്കാതിരിക്കാനും ചികിത്സ എടുക്കാതിരിക്കാനുമാണ് താൻ ഈ വിഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും മോഹനൻ വൈദ്യർ പറയുന്നു. ഈ പകർച്ചവ്യാധിയെ തടയാനുളള കഷായങ്ങൾ വൈദ്യരുടെ കൈവശമുണ്ടെന്ന പ്രഖ്യാപനവും മോഹനൻ വൈദ്യർ നടത്തുന്നു.  ആളെ പേടിപ്പിക്കുന്ന നിപ്പ പനിയെ കുറിച്ചു പറയുന്നതെല്ലാം പച്ചക്കളളമാണെന്നും പഴങ്ങൾ മാത്രം കഴിക്കുന്ന വവ്വാലിൽ നിന്ന് മൃഗങ്ങളിലേയ്ക്ക് രോഗം പകർന്നുവെന്ന് പറയുന്നത് അസംബന്ധമാണെന്നും ആയിരുന്നു ജേക്കബ് വടക്കഞ്ചേരി ഫെയ്സ്ബുക്കിലിട്ട വിഡിയോയിൽ കഴിഞ്ഞ ദിവസം പറഞ്ഞത്.  

MORE IN SPOTLIGHT
SHOW MORE