പുരസ്കാര രോഷം: ആ കുര്‍ത്തയിട്ട് വി.സി.അഭിലാഷ് ഡല്‍ഹിയില്‍; നഷ്ടാഭിലാഷത്തിന്‍റെ ഓര്‍മ

pb-anoop-vc-abhilash
SHARE

നഷ്ടാഭിലാഷത്തിന്‍റെ ചുളിവ് നിവര്‍ത്തിയ കുര്‍ത്ത അഥവാ ആക്ഷനും കട്ടുമില്ലാത്ത പച്ചയായ ജീവിതം. ദേശീയ പുരസ്കാര വിതരണത്തിലെ അപാകതള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ സംവിധായകന്‍ വി.സി.അഭിലാഷിന് ഇത് മധുരമായ കടംവീട്ടല്‍. സുഹൃത്ത് കൂടിയായ മനോരമ ന്യൂസ് ഡല്‍ഹി റിപ്പോര്‍ട്ടര്‍ പി.ബി.അനൂപ് ആ അനുഭവമെഴുതുന്നു

ആത്മാഭിലാഷം നടക്കാതെ പോയതിന്‍റെ ചുളിവുകള്‍ തേച്ചുനിവര്‍ത്തിയാണ് അഭിലാഷ് രണ്ടാം തവണ ഡല്‍ഹിയിലേക്ക് വിമാനം കയറിയത്. ആളൊരുക്കം സിനിമയുടെ സംവിധായകന്‍ വി.സി അഭിലാഷ്. രാഷ്ട്രപതിയുടെ കൈയില്‍ നിന്നും ദേശീയ ചലച്ചിത്ര പുരസ്ക്കാരം ഏറ്റുവാങ്ങുമ്പോള്‍ ഇടാനായി വാങ്ങിവെച്ച കുര്‍ത്ത ഇടാനാകാതെ തിരികെ പെട്ടിയിലേക്ക് മടക്കിവയ്ക്കുമ്പോള്‍ പ്രതിഷേധത്തിനൊപ്പം തന്നെ ഒരു നഷ്ടാഭിലാഷം കൂടിയാണ് അഭിലാഷ് അന്ന് മടക്കിവെച്ചത്. പക്ഷെ ഇന്ന് ഇത് വീണ്ടും തിരിച്ചെടുത്ത് അണിഞ്ഞു നില്‍ക്കുമ്പോള്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഒരു പ്രതിഷേധ നിരയെ മുന്‍പില്‍ നിന്ന് നയിച്ചതിന്‍റെയും തന്‍റെ സിനിമ രാജ്യതലസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചതിന്‍റെയും തിളക്കമുണ്ടായിരുന്നു അഭിലാഷിന്‍റെ മുഖത്തിനും കുര്‍ത്തയ്ക്കും.

ചെറിയ ഒരിടവേളയ്ക്ക് ശേഷമാണ് അഭിലാഷ് വീണ്ടും ഡല്‍ഹിയിലെത്തിയത്. ദേശീയ ചലച്ചിത്ര പുരസ്ക്കാരം രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങാമെന്ന സ്വപ്നവുമായെത്തി പിന്നീട് പ്രതിഷേധിച്ചും പരിഭവിച്ചും പടിയിറങ്ങിയ അതേ ഡല്‍ഹിയിലേക്ക്. ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളില്‍ ചിലത് രാഷ്ട്രപതിയും ബാക്കി വകുപ്പ് മന്ത്രിയും സഹമന്ത്രിയും ചേര്‍ന്ന് നല്‍കാനുള്ള വിവേചനം നിറഞ്ഞ തീരുമാനത്തില്‍ പ്രതിഷേധിച്ച് പുരസ്ക്കാര വിതരണച്ചടങ്ങില്‍ നിന്ന് അഭിലാഷ് അടക്കമുള്ളവര്‍ വിട്ടുനിന്നു. 2018 മേയ് 03 ന്. തിരലോകത്തെ ആ പ്രതിഷേധം രാജ്യത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ചു. ആത്മാഭിമാനമുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള സഹൃദയലോകം ഒപ്പം നിന്നു. 

വിവാദങ്ങളില്‍ വാര്‍ത്ത വിതരണപ്രക്ഷേപണമന്ത്രാലയത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രാഷ്ട്രപതി പ്രധാനമന്ത്രിയെ അതൃപ്തിയറിച്ചു. അതോടെ, അഭിലാഷ് അടക്കമുള്ളവരുടെ നിലപാട് ശരിയാണെന്ന് പിന്നെയും ബോധ്യപ്പെട്ടു. കാലം അപ്പോഴേയ്ക്കും തെറ്റുതിരുത്തിയിരുന്നു. അഭിലാഷ് വീണ്ടും ഡല്‍ഹിയിലെത്തുമ്പോള്‍ അന്നത്തെ വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവായിരുന്ന സ്മൃതി ഇറാനി വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തില്‍ നിന്ന് പുറത്തുപോയിരുന്നുവെന്നത് കാവ്യനീതി. 

ആളൊരുക്കം ഡല്‍ഹിയിലെ ഹാബിറ്റാറ്റ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് അഭിലാഷ് ഇത്തവണ ഡല്‍ഹിയിലെത്തിയത്. ഒരു സിനിമയെടുക്കുക എന്നതുതന്നെ എത്രയോ വലിയ സ്വപ്നസാഫല്യമാണ്. ആ സിനിമയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്ക്കാരം ലഭിക്കുകയും രാജ്യത്തിന്‍റെ പ്രഥമ പൗരനില്‍ നിന്ന് ഏറ്റുവാങ്ങാന്‍ കഴിയുകയും ചെയ്താലോ! പ്രതിബന്ധങ്ങള്‍ അതിജീവിച്ച്, പത്രപ്രവര്‍ത്തനത്തിന്‍റെ ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് ആദ്യ സിനിമ പൂര്‍ത്തിയാക്കി. സ്വപ്നങ്ങള്‍ സ്ക്രീനില്‍ യാഥാര്‍ഥ്യമാക്കാന്‍ ഒപ്പം അടിയുറച്ച് നിന്നത് നിര്‍മ്മാതാവ് ജോളി ലോനപ്പന്‍. 

രാഷ്ട്രപതിയില്‍ നിന്ന് പുരസ്ക്കാരമേറ്റുവാങ്ങുന്ന അസുലഭ മുഹൂര്‍ത്തത്തില്‍ ധരിക്കാന്‍ അഭിലാഷ് വാങ്ങിയതായിരുന്നു ഇളം കുങ്കുമനിറത്തിലുള്ള ആ കുര്‍ത്ത. ഭാര്യ രാഖി കൃഷ്ണയോടൊപ്പം തിരുവനന്തപുരത്തെ കടകളില്‍ ഒരുപാട് തിരഞ്ഞ്, ഒത്തിരി കൊതിച്ച് വാങ്ങിയ വസ്ത്രം. പക്ഷെ, സംഭവിച്ചത് മറ്റൊന്ന്. പുരസ്ക്കാര വിതരണച്ചടങ്ങിന് തൊട്ടുമുന്‍പ് വരെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും ഭാര്യ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത പുത്തന്‍ വസ്ത്രം ധരിച്ച് ചടങ്ങ് നടക്കുന്ന വിഗ്യാന്‍ ഭവനിലേക്ക് പോകാന്‍ കഴിയുമെന്ന് അഭിലാഷ് പ്രതീക്ഷിച്ചു. സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞില്ല. അഭിലാഷും മറ്റ് പുരസ്ക്കാരജേതാക്കളും അഭിമാനത്തോടെ പ്രതിഷേധത്തില്‍ ഉറച്ചുനിന്നു. ചടങ്ങ് ബഹിഷ്ക്കരിച്ചു.

ഒരുപാട് സ്വപ്നം കണ്ട നിമിഷത്തില്‍ ധരിക്കാന്‍ വാങ്ങിയ വസ്ത്രം വേദനയോടെ മടക്കി പായ്ക്ക് ചെയ്ത് ഡല്‍ഹിയില്‍ നിന്ന് മടങ്ങി. നട്ടെല്ല് നിവര്‍ത്തി തന്നെ. ഹാബിറ്റാറ്റ് ചലച്ചിത്രോല്‍സവത്തില്‍ പങ്കെടുക്കാന്‍ വിമാനം കയറുമ്പോള്‍ അതേ വസ്ത്രം എടുത്തുവെച്ചു. ആ വസ്ത്രം പിന്നെ ആദ്യമായി ധരിച്ചത് നിറഞ്ഞ സദസില്‍ ആളൊരുക്കം പ്രദര്‍ശിപ്പിച്ചപ്പോഴാണ്. അതും ഡല്‍ഹിയില്‍വെച്ചുതന്നെ. നിയോഗമായിരിക്കാം. നിര്‍ത്താത്ത കൈയടികള്‍ക്കിടയിലൂടെ ആ വസ്ത്രം ധരിച്ച് അഭിലാഷ് പ്രദര്‍ശനത്തിനെത്തി. അഭിലാഷ് അടുത്ത ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. കാലവും രാജ്യവും അടുത്ത ചിത്രത്തിന്‍റെ മികവ് അംഗീകരിക്കുമ്പോള്‍ കടം വീട്ടുമെന്ന് ഉറപ്പുണ്ട്. 

പിന്‍കുറിപ്പ്: ഡല്‍ഹിയില്‍ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍‌ പ്രിയസുഹൃത്തിനൊപ്പം സെല്‍ഫിയെടുത്തു. സെല്‍ഫി അത്ര പോരെന്ന് അറിയാം. എങ്കിലും വേദനയും സന്തോഷവും അഭിമാനവും ഈ ചിത്രത്തിന്‍റെ അരികുകളിലുണ്ട്. അതേ, ചില സെല്‍ഫികള്‍ അത്ര സെല്‍ഫിഷല്ല.

MORE IN SPOTLIGHT
SHOW MORE