എന്‍റെ വാക്കുകള്‍ സ്ത്രീകളോടുള്ള അനീതിയായിപ്പോയി; മാപ്പുപറഞ്ഞ് മുജാഹിദ് ബാലുശ്ശേരി

mujahid-balussery
SHARE

സ്ത്രീ വിരുദ്ധ പരമാർശം നടത്തിയ പ്രമുഖ പ്രഭാഷകൻ മുജാഹിദ് ബാലുശേരി ഒടുവിൽ മാപ്പു പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു മുജാഹിദ് ബാലുശേരിയുടെ മാപ്പു പറച്ചിൽ. സ്ത്രീകൾ പൊതുവെ അഹങ്കാരികളാണെന്നും അത് അവരുടെ മുഖമുദ്രയാണെന്നുമുളള തന്റെ പരാമർശം സ്ത്രീ സമൂഹത്തോടുളള അനീതിയായി പോയെന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അവരോട് ക്ഷമാപണം നടത്തേണ്ടതാണെന്ന് താൻ മനസിലാക്കുന്നതായും സമൂഹമാധ്യമങ്ങളിലിട്ട കുറിപ്പിൽ മുജാഹിദ് ബാലുശേരി പറയുന്നു. 

ഭാര്യയും ഭർത്താവും ജോലിക്കുപോവുന്ന വീടുകൾ ഡിസോഡർ ആയിരിക്കുമെന്നും അവിടെയൊരു വൃത്തിയും ഉണ്ടാകില്ലെന്നും ഞാൻ പറഞ്ഞിരുന്നു. അതിനു ശേഷമുളള വാചകങ്ങൾ കട്ട് ചെയ്ത് ദുരുദ്ദേശപരമായി പ്രചരിപ്പിക്കുകയായിരുന്നുവെന്നും മുജാഹിദ് ബാലുശേരി പറഞ്ഞു. ജോലിക്കു പോകുന്ന എല്ലാ സ്ത്രീ പുരുഷൻമാരും അവിഹിത ബന്ധമുളളവരാണെന്ന് എന്ന് താൻ പറഞ്ഞു എന്ന രീതിയിലുളള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മുജാഹിദ് ബാലുശേരി പറയുന്നു.

ജോലി കിട്ടിയാല്‍ സ്ത്രീ അഹങ്കാരിയാണെന്നും അഹങ്കാരമാണ് സ്ത്രീയുടെ മുഖമുദ്രയെന്നുമുളള  മുജാഹിദ് ബാലുശേരിയുടെ പ്രസംഗം വൻ വിവാദമായിരുന്നു.  സ്ത്രീക്ക് ജോലി ലഭിച്ചാൽ അവൾ പുരുഷന്റെ തലയിൽ കയറും. പുരുഷന് 35 ലക്ഷം രൂപ ശമ്പളം ലഭിച്ചാലും അവന് വിനയമുണ്ടാകും. അതാണ് പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസം– പ്രസംഗത്തില്‍ മുജാഹിദ് ബാലുശേരി പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമം പ്രസംഗം തെറ്റായി വളച്ചൊടിച്ചു എന്നാരോപിച്ച് മുജാഹിദ് ബാലുശ്ശേരി ഒഫീഷ്യല്‍ എന്ന ഫെയ്സ്ബുക്ക് പേജ് പങ്കുവച്ച വിഡിയോയിലാണ് അഭിപ്രായ പ്രകടനങ്ങൾ വന്നത്‍. സംഭവം വിവാദമായതോടെ പ്രസംഗത്തിന്റെ ക്ലിപ്പുകൾ മുജാഹിദ് ബാലുശേരി ഫെയ്സ്ബുക്കിൽ നിന്നും നീക്കം ചെയ്തിരുന്നു.

പുരുഷനെ പോലെയല്ല സ്ത്രീ. പെണ്ണിനെയും ആണിനെയും ഒരുപോലെ കാണുന്നവർ രാജ്യദ്രോഹികളാണ്. പുരുഷനാണ് കുടുംബത്തിലെ സ്വത്ത് കൈകാര്യം ചെയ്യേണ്ടത്. കുടുംബം ഭരിക്കേണ്ടതും പുരുഷന്മാരാണ്.  ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് മറ്റു പുരുഷന്മാരുമായാണ് ബന്ധം. ജോലിക്ക് പോകുന്ന സ്ത്രീകളുടെ ദാമ്പത്യത്തിൽ സ്വസ്ഥതയില്ല. പെണ്ണ് ജോലിക്ക് പോയ കുടുംബങ്ങളെല്ലാം ശിഥിലമായെന്നും അവൾ അമ്മയാകേണ്ടവളും ഭാര്യയാകേണ്ടവളും മാത്രമാണെന്നും മുജാഹിദ് ബാലുശേരി പ്രസംഗത്തിൽ പറയുന്നു. എല്ലാം പറഞ്ഞുകഴിഞ്ഞ് ഇതൊന്നും തന്‍റെ വാക്കുകളല്ലെന്നും ജസ്റ്റിസ് ഡി.ശ്രീദേവിയുടെ ലേഖനത്തില്‍ പറയുന്നതാണ് എന്നും പ്രഭാഷകന്‍ പറഞ്ഞിരുന്നു. ബാലുശേരിയുടെ പ്രസംഗം സമൂഹമാധ്യമത്തില്‍ കടുത്ത രോഷം ഉയർത്തിയതിനെ തുടർന്നാണ് മാപ്പു പറച്ചിൽ. 

MORE IN SPOTLIGHT
SHOW MORE