‘ബഹുമാനം തോന്നുന്നു..’ വില്ലേജ് ഓഫീസിന് തീയിട്ടയാളെ തുണച്ച് ജോയ് മാത്യു: കുറിപ്പ്

joy-mathew-fb-post
SHARE

‘എനിക്ക്‌ ബഹുമാനം തോന്നിയ ഈ എഴുപതുകാരന്റെ പേരാണു കാഞ്ഞിരമറ്റം ചക്കാലപറമ്പിൽ രവീന്ദ്രൻ. കഴിഞ്ഞ ദിവസം ആമ്പല്ലൂർ വില്ലേജ്‌ ഓഫീസിലെ രേഖകൾക്ക്‌ പെട്രോൾ ഒഴിച്ച്‌ തീ കൊടുത്തയാൾ..’ എറണാകുളം ആമ്പല്ലൂര്‍ വില്ലേജ് ഒാഫീസിന് വയോധികന്‍ തീയിട്ട സംഭവത്തില്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് നടനും സംവിധായകനുമായ  ജോയ് മാത്യു. 

റിസര്‍വേ ആവശ്യത്തിനു വേണ്ടി മാസങ്ങളോളം കയറിയിറങ്ങി മടുത്ത എഴുപതുകാരനായ രവിയാണ് കഴിഞ്ഞ ദിവസം സഹികെട്ട് ഒാഫീസിനുള്ളില്‍ പെട്രോളൊഴിച്ച് തീയിട്ടത്. മുന്‍പ് ചെമ്പനോട്ടെ കർഷകൻ ജോയിയുടെ കൊലക്ക്‌ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക്  വെറും സസ്പെൻഷനും, ഗതികേട്‌ കൊണ്ട്‌ റിക്കോർഡുകൾക്ക്‌ തീയിട്ട എഴുപതുകാരൻ വൃദ്ധനു ലഭിച്ചത് ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം അറസ്റ്റും തടവുമാണെന്നും ജോയ്മാത്യു ഫെയ്സ്ബുക്കില്‍ കുറിച്ചു. കുറിപ്പ് അവസാനിക്കുമ്പോള്‍ വായനക്കാരോട് അദ്ദേഹം ഒരുകാര്യം കൂടി ചോദിക്കുന്നു. ‘എവിടെയാണു തീയിടേണ്ടത്‌?’. നിമിഷനേരം കൊണ്ട് അദ്ദേഹത്തിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു.

ജോയ് മാത്യുവിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

എനിക്ക്‌ ബഹുമാനം തോന്നിയ ഈ എഴുപതുകാരന്റെ പേരാണു കാഞ്ഞിരമറ്റം ചക്കാലപറബിൽ രവീന്ദ്രൻ. കഴിഞ്ഞ ദിവസം ആമ്പല്ലൂർ വില്ലേജ്‌ ഓഫീസിലെ രേഖകൾക്ക്‌ പെട്രോൾ ഒഴിച്ച്‌ തീ കൊടുത്തയാൾ- താൻ കരമടച്ച്‌ കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തുവാൻ അപേക്ഷയുമായി വില്ലേജ്‌ ഓഫീസിൽ വർഷങ്ങളോളം കയറിയിറങ്ങി ചെരുപ്പ്‌ തേഞ്ഞുപോയ ഹതഭാഗ്യൻ- സഹികെട്ട്‌ ഇദ്ദേഹം വില്ലേജ്‌ ആപ്പീസിലെ റിക്കോർഡുകൾക്ക്‌ തീയിട്ടു- മാസങ്ങൾക്ക്‌ മുമ്പ് കോഴിക്കോട്‌ ചക്കിട്ടപ്പാറ ചെമ്പനോട്‌ കാവിൽ പുരയിടത്തിൽ ജോയി എന്ന കർഷകൻ വില്ലേജ്‌ ഓഫീസിനു മുന്നിൽ കെട്ടിതൂങ്ങി ജീവനൊടുക്കി.

കേരളത്തിൽ അഴിമതിക്കേസുകളിൽ ഏറ്റവുമധികം അകപ്പെടുന്നത്‌ റവന്യൂ വകുപ്പിലുള്ളവരാണെന്ന് കണക്കുകൾ പറയുന്നു. ഒരു ബാങ്ക്‌ വായ്പ ലഭിക്കണമെങ്കിൽ, സ്വന്തം ഭൂമി വിൽക്കണമെങ്കിൽ അവശ്യം വേണ്ടതായ കുടിക്കടം, സ്കെച്ച്‌, അടിയാധാരം തുടങ്ങിയ രേഖകൾ ലഭിക്കാൻ ആർക്കൊക്കെ എവിടെയൊക്കെ കൈക്കൂലി കൊടുക്കണം എന്ന് എല്ലാവർക്കുമറിയാം. ഇതിനു വേണ്ടി ചെരുപ്പ്‌ തേയും വരെ നടക്കുന്ന സാധാരണക്കാരൻ റിക്കോർഡുകളല്ല ആപ്പീസ്‌ ഒന്നടങ്കം തീയിട്ടാലും അത്ഭുതപ്പെടാനില്ല.

സ്റ്റാർട്ട്‌ അപ്പുകൾക്ക്‌ പ്രോത്സാഹനം നടത്തുന്ന ഗവർണ്‍മെന്റ്‌ എന്ത് കൊണ്ടാണു നമ്മുടെ റവന്യൂ വകുപ്പിനാവശ്യമുള്ള സോഫ്റ്റ്‌ വെയർ രൂപകൽപന ചെയ്യാനോ ‌കബ്യൂട്ടർവൽക്കരിക്കാനോ താൽപ്പര്യം കാണിക്കാത്തത്‌ എന്ന് ചോദിച്ചാൽ ഉത്തരം ലളിതം- തങ്ങളുടെ പാർട്ടികളിലുള്ള ഉദ്യോഗസ്‌ഥർക്ക്‌ കൈക്കൂലി വാങ്ങാനുള്ള അവസരം ഇല്ലാതാവും എന്നത്‌ തന്നെ-( കൈക്കൂലി വാങ്ങാത്ത നിരവധി നല്ലവരായ ഉദ്യോഗസ്‌ഥരെ മറന്നുകൊണ്ടല്ല പറയുന്നത്‌) ചെബനോട്ടെ കർഷകൻ ജോയിയുടെ കൊലക്ക്‌ ഉത്തരവാദികളായവർക്ക്‌ വെറും സസ്പെൻഷൻ, ഗതികേട്‌ കൊണ്ട്‌ റിക്കോർഡുകൾക്ക്‌ തീയിട്ട എഴുപതുകാരൻ വൃദ്ധനു ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം അറസ്റ്റും തടവും- എവിടെയാണു തീയിടേണ്ടത്‌?

MORE IN SPOTLIGHT
SHOW MORE