നാലുദിവസം കൂടി ജാനകി അമ്മ തലസ്ഥാനത്തുണ്ടാകും, 10 വർഷം മുന്‍പ് നാടുവിട്ട മകനെയും കാത്ത്

janaki
SHARE

72 വയസുള്ള പാലാടിമീത്ത് ജാനകി എന്ന അമ്മയ്ക്ക് മരിക്കുന്നതിന് മുമ്പ് ഒറ്റ് ആഗ്രഹമേയുള്ളൂ, നാടുവിട്ടുപോയ മകനെ ഒന്നുകാണണം. പത്തുവർഷം മുമ്പ് നാടുവിട്ടുപോയ മകനെ അന്വേഷിച്ചാണ് കൊയിലാണ്ടി മുചുകുന്ന് സ്വദേശിയായ ജാനകി തിരുവനന്തപുരത്ത് എത്തിയത്. മകനെ ഒരു കുഞ്ഞിനൊപ്പം തലസ്ഥാനത്തു കണ്ടതായി ഒരു കൊയിലാണ്ടി സ്വദേശി നൽകിയ വിവരം കേട്ടാണ് കൈയിലുണ്ടായിരുന്ന തുച്ഛമായ സമ്പാദ്യവുമായി ഈ അമ്മ വീടുവിട്ട് ഇറങ്ങിയത്. എന്നാൽ അന്വേഷണയാത്ര കൈയിൽ പണമില്ലാത്തതിനാൽ റയിൽവെസ്റ്റേഷനിൽ വരെയെ എത്തിയിള്ളൂ. നാലുദിവസം കാത്തിരുന്നിട്ട് തിരികെ മടങ്ങാനാണ് ഈ അമ്മയുടെ തീരുമാനം. ഈ സമയത്തിനുള്ളിൽ മകനെ വീണ്ടും കാണാനാകുമെന്ന പ്രതീക്ഷയിലാണിവർ. 

പത്തുവർഷങ്ങൾക്കു മുൻപാണു മകൻ ഷാജി വീട്ടിൽനിന്നും ജോലിതേടി പോയത്. അതിനുശേഷം തിരികെ വന്നിട്ടില്ല. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണു മകൻ നാടുവിട്ടതെന്നു ജാനകി പറയുന്നു. നാടു വിടുമ്പോൾ 36 വയസ്സുണ്ടായിരുന്നു. മകൻ എവിടെയെങ്കിലും സമാധാനത്തോടെ കഴിയട്ടെയെന്നു കരുതി പൊലീസിൽ പരാതിപ്പെടാനും ഈ അമ്മ തയാറായില്ല.

എന്നാൽ പിന്നീട് ജീവിതത്തിൽ നേരിടേണ്ടിവന്നത് അവഗണനയുടെ വർഷങ്ങൾ. മൂത്ത രണ്ടു മക്കളും അമ്മയെ നോക്കാതെ കയ്യൊഴിഞ്ഞു.  ബന്ധുക്കളും തഴഞ്ഞു. അന്തിയുറങ്ങാൻ  വീടുപോലുമില്ലാതെ ജാനകി  പത്തുവർഷം കഴിഞ്ഞത് വൃദ്ധസദനങ്ങളിൽ.  ജീവിക്കാനായി വീട്ടുജോലിയും ചെയ്തു. ബേക്കറി ജോലിക്കാരനായിരുന്ന ഷാജി ഭാര്യാ ബന്ധുക്കളുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് വീട് വിട്ടതെന്നു ജാനകി പറഞ്ഞു. അതോടെ ഷാജിയും അമ്മയും താമസിച്ച വീടിന് താഴും വീണു. മകൻ തിരികെ എത്തുമ്പോൾ വീട് തുറക്കാമെന്ന നിലപാടിലാണു മരുമകൾ എന്നും ഇവർ പറയുന്നു.

വീട്ടുജോലിക്കു പോയി പട്ടിണിയില്ലാതെ കഴിയുമ്പോഴാണു മകനെ കണ്ടതായുള്ള വിവരം ജാനകിയെ തേടിയെത്തിയത്. മുൻപ് മകൻ ജോലി ചെയ്ത  ബേക്കറി ഉടമയാണു വിവരം ജാനകിയെ അറിയിച്ചത്. ഉടമയോടു തലസ്ഥാനത്ത് എത്തിയ ഒരു കൊയിലാണ്ടി സ്വദേശിയാണു വിവരം നൽകിയത്. ഇതു കേട്ട ഉടനെ മകനെ തേടി ജാനകി ഇറങ്ങാൻ തീരുമാനിച്ചു. എന്നാൽ കയ്യിൽ പണമില്ലായിരുന്നു. അതിനാൽ വീണ്ടും വീട്ടുജോലിക്കു പോയി. അതിൽ നിന്നും കിട്ടിയ ചെറിയ തുകയിൽ ട്രെയിൻ കയറി തലസ്ഥാനത്തെത്തി. നാലുദിവസം മകനെ കാത്ത് റെയിൽവേ സ്റ്റേഷനിൽ ഈ അമ്മയുണ്ടാകും. ഫോൺ : 80861 54206. 

MORE IN SPOTLIGHT
SHOW MORE