നാരങ്ങയും കൊഞ്ചും ഒരുമിച്ചു കഴിച്ചാൽ മരണം സംഭവിക്കുമോ? യുവഡോക്ടറുടെ കുറിപ്പ്

nelson-joseph
SHARE

നാരങ്ങയും കൊഞ്ചും ഒരുമിച്ചു കഴിച്ചാൽ മരണം സംഭവിക്കുമെന്നാണ് സമൂഹമാധ്യമങ്ങളിലെ ഏറ്റവും പുതിയ പ്രചാരണം. കഴിഞ്ഞ മാസം കൊച്ചിയിൽ പെൺകുട്ടി മരിച്ചത്  ലൈം ജൂസും കൊഞ്ച് ബിരിയാണിയും കഴിച്ചതിനെ തുടർന്നാണെന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചത് കൊഞ്ചു കഴിച്ചതിന്റെ അലര്‍ജിമൂലമാണ് എന്നു പോസ്റ്റ് മോര്‍ട്ടത്തില്‍കണ്ടെത്തിയതായി മാധ്യമങ്ങളും റിപ്പോർട്ടും ചെയ്തിരുന്നു. 

ഇതിനു സമാനമായ സംഭവം തിരുവല്ലയിലും ആവർത്തിച്ചിരുന്നു. ഇരുപത്തിമൂന്നുകാരിയായ വീട്ടമ്മയാണ് മരിച്ചത്. വിഷപദാര്‍ഥങ്ങള്‍ഒന്നും ഉള്ളില്‍ചെന്നിട്ടില്ലെന്നായിരുന്നു പ്രഥമിക നിഗമനം.എന്നാല്‍നാരങ്ങയും കൊഞ്ചും ഒരുമിച്ച് ആമാശയത്തില്‍ചെന്നാല്‍ഇത് ചിലരില്‍മാരക വിഷമായി മാറിയേക്കാം എന്നും ഇതാണ് മരണ കാരണമെന്നും പ്രചാരണം ഉണ്ടായി. ആന്തരീകാവയവങ്ങളുടെ പരിശോധനഫലം ലഭിച്ചാല്‍മാത്രമെ ഇതു സ്ഥിരികരിക്കാന്‍കഴിയു. വെള്ളിയാഴ്ച പകല്‍നാരങ്ങവെള്ളം കഴിച്ചതിനു പിന്നാലെ വിദ്യ കൊഞ്ച് കറി കുട്ടിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു.

നാരങ്ങയും കൊഞ്ചും ഒരുമിച്ച് കഴിച്ചാൽ മരണം സംഭവിക്കുമെന്ന് പ്രചാരണത്തിന്റെ സത്യാവസ്ഥ എന്താണ് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ ഡോ. നെൽസൻ ജോസഫ്  ഈ കാര്യത്തിൽ വ്യക്തമായ മറുപടിയുമായി രംഗത്തെത്തി. 

തികച്ചും അബദ്ധമായ മറ്റൊരു കുപ്രചരണം മാത്രമാണിതെന്നതാണ് ഡോ. നെൽസൻ സമർത്ഥിക്കുന്നത്. ഏതൊരു വസ്തുവും വിഷമാകുന്നത് അതിൻ്റെ ഡോസ് അനുസരിച്ചാണ്. ആഴ്സനിക് എന്ന രാസവസ്തു പ്രകൃതിയിൽത്തന്നെയുള്ളതും വളരെ ചെറിയ അളവുകളിൽ നമ്മുടെ ഉള്ളിലെത്തുന്നതുമാണ്. അളവ് അധികമാകുമ്പോഴാണ് അത് ഹാനികരമാകുന്നത്... എത്രനേരം ആഴ്സനിക്കുമായി ശരീരം സമ്പർക്കത്തിൽ വരുന്നെന്നതും പ്രധാനമാണെന്നും കുറിപ്പിൽ പറയുന്നു. 

അനുവദനീയമായ അളവിൽ കൂടുതൽ ആഴ്സനിക് അടങ്ങിയിട്ടുണ്ടെന്നറിയാവുന്ന ഷിമോഗ പൊടി വാങ്ങിക്കാൻ പോകുമെന്ന് തീരുമാനിക്കുന്ന അതേ മലയാളി തന്നെയാണ് ആഴ്സനിക്കുണ്ടെന്ന് പറഞ്ഞ് കൊഞ്ചിന്റെ കൂടെ ലൈം ജ്യൂസ് കുടിക്കാതെ പേടിച്ചു നിൽക്കുന്നത്.അനാഫൈലാക്സിസ് എന്ന് വിളിക്കാം. മനുഷ്യൻ്റെ ജീവനു ഹാനികരമായ അലർജിയെന്ന് പെട്ടെന്ന് മനസിലാകാൻ പറയാം. അതു പക്ഷേ കൊഞ്ചിൻ്റെയും നാരങ്ങാനീരിൻ്റെയും കോമ്പിനേഷൻ കൊണ്ടല്ല ഉണ്ടാകുന്നത്.

ചിലർക്ക് ഇറച്ചിയോടാകാം അലർജി, ചിലർക്കത് കൊഞ്ച്, ചെമ്മീൻ പോലെയുള്ള ഭക്ഷണങ്ങളോടാകാം, മുട്ടയോട് അലർജിയുളളവരുണ്ട്, പീനട്ടിനോട് അലർജിയുള്ളവരുണ്ട്. ഡോ. െനൽസൻ പറയുന്നു. ശരീരമാസകലം തടിപ്പുകളുണ്ടാകുന്നതും ശ്വാസോച്ഛ്വാസത്തിനു ബുദ്ധിമുട്ടുണ്ടാകുന്നതും വയറിനു വേദനയുണ്ടാകുന്നതും പൊടുന്നനെ രക്തസമ്മർദ്ദം താണുപോകുന്നതുമടക്കമുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും വിദഗ്ധ ചികിൽസ ലഭ്യമായില്ലെങ്കിൽ രോഗി വൈകാതെ തന്നെ മരണപ്പെടാനും പോലും സാദ്ധ്യതയുള്ള അവസ്ഥയാണത്..അത്തരത്തിൽ ഭക്ഷണപദാർഥങ്ങളോട് അലർജിയുള്ളപ്പോൾ അവ ഒഴിവാക്കുകയെന്ന വഴി സ്വീകരിക്കുകയല്ലാതെ മോരും മീനും, കൊഞ്ചും നാരങ്ങാവെള്ളവും അങ്ങനെ എന്തു വേണമെങ്കിലും കഴിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നും ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. 

MORE IN SPOTLIGHT
SHOW MORE