ആനവണ്ടിയിഷ്ടം തുറന്നുപറഞ്ഞ് റോസ്മി; ബസിനെ ‘ചങ്കാ’ക്കിയ പെണ്‍കുട്ടി ഇതാ

rosmy-chunk
SHARE

കെഎസ്ആര്‍ടിസിയെ ഹൃദയത്താല്‍ പ്രണയിച്ച ആ പെണ്‍കുട്ടി ഒടുവില്‍ വെളിച്ചത്ത്. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ആസ്ഥാനത്ത് നല്ല വാക്കുകളുടെയും പ്രശംസകളുടെയും നടുവില്‍ നിറചിരിയോടെ അവളിരുന്നു. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിക്കും ഇമചിമ്മാതെ നിന്ന ക്യാമറകള്‍ക്കും മുന്നില്‍ അവള്‍ അവളുടെ ആനവണ്ടിയിഷ്ടം കോട്ടയത്ത് വിദ്യാര്‍ഥിയായ റോസ്മി തുറന്നുപറഞ്ഞു, ഉറച്ച വാക്കുകളില്‍ ആത്മവിശ്വാസത്തോടെ. 

ആ വാക്കുകള്‍ കേള്‍ക്കും മുന്‍പ് അവളെ താരമാക്കിയ ആ കഥ ചുരുക്കത്തില്‍ ഇങ്ങനെ: ഒരു വര്‍ഷത്തിലേറെയായി ഈരാറ്റുപേട്ടയില്‍ നിന്ന് കട്ടപ്പനയിലേക്ക് മലയോര റൂട്ടിലൂടെ യാത്ര തുടരുകയായിരുന്നു RSC 140. ഒരു സുപ്രഭാതത്തില്‍ ആ ബസ് ആലുവയിലേക്ക് മാറ്റിയതോടെയാണ് ഈ പെണ്‍കുട്ടി വാര്‍ത്തയില്‍ ഇടംപിടിച്ചത്.  പകരം മറ്റൊരു വേണാട് അതേ റൂട്ടിലിട്ട. പതിവ് പോലെ യാത്രക്കെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് ഇത് സഹിച്ചില്ല. പിന്നെ തങ്ങളുടെ ചങ്ക് ബസിനെ തിരികെയത്തിക്കാനുള്ള ശ്രമമായി. കെഎസ്ആര്‍ടിസി ഓഫീസിലേക്ക് സങ്കടം നിറഞ്ഞ ശബ്ദത്തില്‍ വിളിച്ച് ആ ബസ് തിരികെ വേണമെന്ന് ഈ പെണ്‍കുട്ടി ആവശ്യപ്പെട്ടു. അത് കേരളം മുഴുവന്‍ കേട്ടു.  ആ ഫോണ്‍ വിളി പിന്നീട് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ  ബസ് തിരിച്ച് ഈരാറ്റുപേട്ടയിലെത്തിക്കാനും ബസിന് ചങ്ക് എന്നു പേരിടാനും തച്ചങ്കരി നിർദേശിച്ചു.

‘ഒരു അനുഭവമായിരുന്നു ആ ബസ്. ആ ബസിനോട് ഹൃദയത്തില്‍ വന്നുപോയ ഇഷ്ടം കൊണ്ടാണ് അന്ന് അങ്ങനെ വിളിച്ചത്. പകരം വന്ന ബസില്‍ കയറിയിരുന്നപ്പോള്‍ വല്ലാത്ത വീര്‍പ്പുമുട്ടലായിരുന്നു. എന്‍റെ കൂട്ടുകാരൊക്കെ ആ ബസിലാണ് സഞ്ചരിച്ചത്. ബസ് നഷ്ടപ്പെടുമോയെന്ന ഭയത്താലാണ് വിളിച്ചത്. സ്ഥിരം യാത്ര ചെയ്യുന്ന വണ്ടിയാണ്. ആ വണ്ടിയിലാണു വീട്ടിലേക്കെത്തുന്നതും. നല്ല ഓര്‍മ്മകളുള്ളതിനാല്‍ ബസ് നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കാനേ കഴിഞ്ഞില്ല. സംഭാഷണം ഇത്രവേഗം പ്രചരിക്കുമെന്ന് കരുതിയിരുന്നില്ല– ടോമിന്‍ തച്ചങ്കരിക്ക് മുന്നില്‍ റോസ്മി പറഞ്ഞു. 

ഫോൺവിളിയിൽ ഒപ്പം നിന്ന കൂട്ടുകാരിയും തിരുവനന്തപുരത്ത് എത്തിയിരുന്നു. ‘അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാർ. എന്തിനാണ് ആ ബസ് ആലുവയിലേക്കു കൊണ്ടുപോയത്? ആലുവ ഡിപ്പോയിൽ ഇത്ര ദാരിദ്ര്യമാണോ? ഇങ്ങനെ നീണ്ടു അവളുടെ അന്നത്തെ ഫോണ്‍വിളി. ഈരാറ്റുപേട്ട–കൈപ്പള്ളി–കോട്ടയം–കട്ടപ്പന ലിമിറ്റഡ് സ്റ്റോപ്പായി സര്‍വീസ് നടത്തുന്ന ആർഎസ്‌സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലക്കു മാറ്റിയതിനെക്കുറിച്ചു പരാതി പറയാനായിരുന്നു പെൺകുട്ടി വിളിച്ചത്. ജോണി എല്ലാം ക്ഷമയോടെ കേട്ടിരുന്ന് പെൺകുട്ടിക്ക് ആശ്വാസകരമായ മറുപടിയും നൽകി. എന്തായാലും ഫോൺ സന്ദേശം വൈറലായി. ആ ബസാകട്ടെ അതിനോടകം ആലുവയിൽ നിന്ന് കണ്ണൂരെത്തിയിരുന്നു.  കണ്ണൂരിൽ നിന്ന് വൈകാതെ തന്നെ ബസ് ഈരാറ്റുപേട്ടയിലെത്തി. സർവീസും തുടങ്ങിക്കഴിഞ്ഞു. ബസിനു മുന്നിൽ തന്നെ ചുവന്ന അക്ഷരത്തിൽ ‘ചങ്ക്’ എന്നു പേരും എഴുതി. കെഎസ്ആർടിസി എംഡി ടോമിൻ ജെ.തച്ചങ്കരിയാണ് ആർഎസ്‌സി 140ക്ക് ‘ചങ്ക് ബസ്’ എന്നു പേരിട്ടത്. മാതൃകാപരമായി ആ ഫോണ്‍വിളിക്കു മറുപടി നൽകിയ ജോണിക്കു കെഎസ്ആർടിസിയുടെ അഭിനന്ദനക്കത്തും ഔദ്യോഗികമായി എംഡി അയച്ചു.

MORE IN SPOTLIGHT
SHOW MORE