കുറിഞ്ഞി പൂക്കുമോ..? വിവാദങ്ങള്‍ കരിയുമോ..? ഭൂമാഫിയയെ തളയ്ക്കുമോ..?

neelakkurinji
SHARE

കുറിഞ്ഞി ഉദ്യാനം കുറഞ്ഞത് 3200 ഹെക്ടറെങ്കിലും വേണമെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുമ്പോള്‍, 2008 മുതല്‍ തുടരുന്ന അവ്യക്തതയ്ക്ക് അവസാനമാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇടുക്കിയിലെ അ‍ഞ്ചുനാട് പ്രദേശത്ത് ഉള്‍പ്പെടുന്ന വട്ടവട, കൊട്ടകമ്പൂര്‍, കാന്തല്ലൂര്‍, മറയൂര്‍, കീഴാന്തൂര്‍ പ്രദേശങ്ങളുടെ ഭാഗങ്ങളാണ് കുറിഞ്ഞി സങ്കേതമായി നോട്ടിഫൈ ചെയ്യപ്പെട്ടത്. അതോടെ അത് സംബന്ധിച്ച വിവാദങ്ങള്‍ക്കും തുടക്കമായി. ജനവാസകേന്ദ്രങ്ങളും പട്ടയമുള്ള കൃഷിഭൂമിയും നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെട്ടു എന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി. കയ്യേറ്റക്കാരാണ് ഏതാനും കൃഷിക്കാരുടെ മറവില്‍ പ്രശ്നം സൃഷ്ടിക്കുന്നതെന്ന് വനം, റവന്യൂ ഉദ്യോഗസ്ഥരില്‍ ചിലരെങ്കിലും അടക്കം പറഞ്ഞു. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി സര്‍ക്കാര്‍ ഭൂമി കയ്യേറുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും പരാതിപ്പെട്ടു. 

ഭൂമിസംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് വ്യക്ത വരുത്തേണ്ടിയിരുന്നത് ദേവികുളം സബ്കലക്ടറാണ്. കുറിഞ്ഞി സങ്കേതം സംബന്ധിച്ച തര്‍ക്കങ്ങളും പരാതികളും കേള്‍ക്കുക, ഭൂരേഖകള്‍ പരിശോധിച്ച് തീര്‍പ്പുണ്ടാക്കുക ഇതിനെല്ലാം ചുമതലപ്പെട്ട ദേവികുളം സബ്കലക്ടര്‍ക്ക് ആ പ്രദേശത്ത് ഇതുവരെ കാലുകുത്താന്‍  കഴിഞ്ഞിട്ടില്ല. യഥാര്‍ഥ പട്ടയവും രേഖകളും കൈവശമുള്ളവര്‍ എന്തിന് സെറ്റില്‍മെന്റ് ഉദ്യോഗസ്ഥനെ ഭയക്കണം? കഴിഞ്ഞ പത്തുവര്‍ഷമായി ഈ ഭൂമി പ്രശനത്തിന് പരിഹാരമാകാത്തതിനും കാരണമിതാണ്. ഭൂമാഫിയക്ക് ഒപ്പം നില്‍ക്കുന്നവര്‍ക്ക് പ്രശ്നപരിഹാരം വേണ്ട. എന്തുവിലകൊടുത്തും അവര്‍ പ്രശ്നപരിഹാരം തടയും. ഇതിന് വിലകൊടുക്കുന്നതാകട്ടെ യഥാത്ഥ കര്‍ഷകരും.

neela-kurinji

ഇതിന് പരിഹാരമായാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വെ നടത്തി, ജൂണ്‍മാസത്തിന് മുന്‍പായി പട്ടയഭൂമി ഏത്, കൈയ്യേറ്റമേത് എന്ന് കണ്ടെത്തുമെന്ന് സര്‍ക്കാര്‍ പറയുന്നത്. ദേവികുളം സബ്കലക്ടര്‍ പരാതികള്‍കേട്ട് പരിഹാരം നിര്‍ദ്ദേശിക്കും. ഈ തീരുമാനം ന്യയവും ഉചിതവുമെന്ന് തോന്നുമ്പോഴും, നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് എത്രകണ്ട് പ്രായോഗികമാകുമെന്നുമാത്രം ആരും പറയുന്നില്ല. കൈയ്യേറ്റക്കാര്‍ വീണ്ടും സര്‍വെയും സെറ്റില്‍മെന്റ് വ്യവസ്ഥകളും തടയും. ജനങ്ങള്‍ക്കിടയില്‍ തെറ്റായ വിവരങ്ങള്‍നല്‍കി, അസ്വസ്ഥതയും എതിര്‍പ്പും സൃഷ്ടിക്കുകയും ചെയ്യും. 

നൂറുകണക്കിന് ഏക്കര്‍ വനഭൂമിയും റവന്യൂഭൂമിയും വളച്ചുകെട്ടിയിട്ടുള്ള വ്യക്തികളും സ്ഥാപനങ്ങളും എത്രവേണമെങ്കിലുമുണ്ട് ഹൈറേഞ്ചിലെ മലമടക്കുകളില്‍. അവിടെ അവര്‍പറയുന്നതാണ്ന്യായം. കക്ഷിഭേദമില്ലാതെ രാഷ്ട്രീയക്കാര്‍ ഇവരെ പിന്തുണക്കുമെന്നും വ്യക്തം. ഈ കുഴപ്പത്തിന് ഒപ്പം ചേരുന്നവരാണ് ഉദ്യോഗസ്ഥരില്‍പലരും. അങ്ങനെയല്ലാതെ നിന്നാല്‍ ഏതെങ്കിലും ഡയറക്ടറേറ്റിലെ പൊടിപിടിച്ചമൂലയിലാവുമെന്നതിനും തെളിവുണ്ട്. ഇതിനിടയിലാണ് സര്‍ക്കാര്‍ഭൂമിസംരക്ഷിക്കുമെന്നും കുറിഞ്ഞി സങ്കേതം നിലനിറുത്തുമെന്നുമുള്ള മന്ത്രിസഭാ പ്രഖ്യാപനം.

എതായാലും വെള്ളമൂറ്റി മരുവത്ക്കരണത്തിന് ആക്കം കൂട്ടുന്ന മരങ്ങളുടെ കടക്കല്‍കത്തിവെക്കാനുള്ള സര്‍ക്കാര്‍ പ്രഖ്യാപനമാണ് കുറച്ചെങ്കിലും പ്രതീക്ഷ നല്‍കുന്നത്. യൂക്കാലി, കാറ്റാടി, അക്കേഷ്യ മരങ്ങള്‍ വ്യാപകമായി വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുക. ഇതിനായി സര്‍ക്കാര്‍ഭൂമി വളച്ചെടുക്കുക. ചോദിക്കാന്‍ ചെന്നാല്‍ പാവം കര്‍ഷകനെ പീഡിപ്പിക്കുന്നുവെന്ന് അലമുറയിടുക. ഇതിനെല്ലാം കണ്ണടച്ച്, കൂട്ടുനിന്ന്, പണംവാരുന്നവരില്‍ വനം, റവന്യൂ, പൊലീസ് തുടങ്ങി എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരുണ്ട്. ഈമരങ്ങള്‍ കയറ്റിപ്പോകുന്ന ഒാരോ ലോറിക്കും കണക്കു പറഞ്ഞ് പണം വാങ്ങുന്ന വനിതാ ഉദ്യാഗസ്ഥര്‍വരെ ഹൈറേഞ്ചിലുണ്ടത്രെ. കൂട്ടുകൃഷിയില്‍ രാഷ്ട്രീയ പങ്കാളിത്തം കൂടിയാകുമ്പോള്‍ എല്ലാം ഉഷാര്‍. 

neelakurinji-maijo

വട്ടവട, കൊട്ടകമ്പൂര്‍, കാന്തല്ലൂര്‍, മറയൂര്‍, കീഴാന്തൂര്‍ പ്രദേശങ്ങളിലെ എല്ലാ യൂക്കാലി, കാറ്റാടി, അക്കേഷ്യ മരങ്ങളും വെട്ടിമാറ്റാനാണ് മന്ത്രിസഭാ തീരുമാനം. സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ കലക്ടര്‍ മുറിച്ചുമാറ്റണം. പട്ടയഭൂമിയിലെ ഇത്തരം മരങ്ങള്‍ കര്‍ഷകര്‍ മുറിച്ചില്ലെങ്കില്‍ കലക്ടര്‍ക്ക് നടപടിയെടുക്കാം. ഈ വില്ലേജുകളില്‍ ഇനിമുതല്‍  വെള്ളമൂറ്റുന്ന, പരിസ്ഥിതിക്ക് ഇണങ്ങാത്ത വൈദേശിക വൃക്ഷങ്ങള്‍ നടാന്‍ പാടില്ല. ഈ തീരുമാനം സര്‍ക്കാര്‍ നടപ്പാക്കിയാല്‍, കയ്യേറ്റത്തിന് വലിയൊരളവ് അറുതിവരും. കാറ്റാടി മാഫിയയും മരംവെട്ടു മാഫിയയും ഒന്നൊതുങ്ങും. യഥാര്‍ഥകര്‍ഷകനും ഇടുക്കിയുടെ കാലാവസ്ഥയും മണ്ണും രക്ഷപ്പെടുകയും ചെയ്യും. 

thiruva-cabinet-t

കുറിഞ്ഞി പൂക്കുകയും കുറിഞ്ഞി സങ്കേതം യാഥാര്‍ഥ്യമാകുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് പുതിയ മന്ത്രിസഭാ തീരുമാനം മുന്നോട്ട് വെക്കുന്നത്. പക്ഷെ ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങളുടെ സങ്കീര്‍ണ്ണതകള്‍ അഴിച്ചുമാറ്റി, കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തണമെങ്കില്‍, രാഷ്ട്രീയ ഇഛാശക്തിയും സത്യസന്ധരായ ഉദ്യോഗസ്ഥരുടെ ശ്രമവും ഒരുമിക്കണം. പണക്കരുത്തും മതവും സമുദായവും ഉന്നതങ്ങളിലെ പിടിപാടുകളും ഒക്കെ ഉയര്‍ത്തിക്കാട്ടി കൊമ്പുകുലുക്കിവരുന്ന ഭൂമാഫിയയെ തളക്കുക എളുപ്പമല്ല.  മൂന്നുവര്‍ഷം കൊണ്ട് പിണറായി സര്‍ക്കാരിന് അതിന് കഴിയുമോ എന്നതാണ് നിര്‍ണ്ണായകമാകുക. കുറിഞ്ഞി പൂക്കുമോ..? വിവാദങ്ങള്‍ കരിയുമോ..? ഭൂമാഫിയയെ തളയ്ക്കുമോ..?

MORE IN KERALA
SHOW MORE