അവിവാഹിതരായ യുവാക്കൾ ഒത്തുകൂടി; പരിഭവങ്ങളും നൊമ്പരങ്ങളും പങ്കുവച്ചു

SHARE
pura1

സ്ത്രീവിരുദ്ധതയുണ്ടോ ? ഇല്ല, എന്നാൽ പിന്നെ പുരുഷവിരുദ്ധതയുണ്ടോ? അതുമില്ല. മടിക്കൈ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ ‘പുര നിറഞ്ഞ പുരുഷൻമാരുടെ സംഗമം’ പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾക്കുമപ്പുറം സാമൂഹികപ്രശ്നങ്ങൾ നേരോടെ പ്രതിഫലിപ്പിച്ച കണ്ണാടിയായി. വിവാഹം കഴിക്കാൻ വധുവിനെ ലഭിക്കാത്ത പുരുഷൻമാർക്കായി സംഗമം ഒരുക്കിയതു വനിതകൾ. 

അവരുടെ പ്രശ്നങ്ങളും സാമൂഹിക പശ്ഛാത്തലവും ചർച്ചയാക്കുകയായിരുന്നു സംഗമത്തിന്റെ ലക്ഷ്യം. അവിവാഹിതരായ ഒരു കൂട്ടം പുരുഷൻമാർ സംഗമത്തിലെത്തി. കാഞ്ഞങ്ങാട് മടിക്കൈ പഞ്ചായത്തിലും സമീപ പ്രദേശത്തുമുള്ള ഒട്ടേറെ കുടുംബശ്രീ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. 

pura3

പെണ്ണാണോ ആണാണോ മാറിയത്? 

വിവാഹം കഴിക്കാനുള്ള തീരുമാനത്തിനു ശേഷം തങ്ങൾക്കുണ്ടായ അനുഭവങ്ങളും ഇടയ്ക്കെങ്കിലും നേരിടേണ്ടി വന്ന കുത്തുവാക്കുകളും അവഗണനയും പുരുഷൻമാർ സദസ്സിൽ പങ്കുവച്ചു. പെൺകുട്ടികളുടെ ഭർതൃസങ്കൽപങ്ങൾ മാറിയതാണു പുരുഷൻമാർ പുര നിറഞ്ഞു നിൽക്കാൻ കാരണമെന്നായിരുന്നു പൊതുവേയുള്ള നിലപാട്. ഉത്തമമായ ദാമ്പത്യ ജീവിതം എന്നതിനപ്പുറം ഭാവി ഭർത്താക്കൻമാർക്ക് ഉയർന്ന ജോലി, ശമ്പളം, സൗന്ദര്യം തുടങ്ങിയവയ്ക്കു പെൺകുട്ടികൾ മുൻതൂക്കം കൊടുത്തതോടെയാണ് ഈ അവസ്ഥ വന്നതെന്നായിരുന്നു പുരുഷൻമാരുടെ അഭിപ്രായം. എന്നാൽ കാലങ്ങളായി പുരുഷ മേധാവിത്വം നിരഞ്ഞു നിന്ന സമൂഹത്തിൽ സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചതോടെയാണ് ഭർത്താക്കൻമാരെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവർ നേടിയടുത്തതെന്നും സംഗമത്തിൽ പങ്കെടുത്ത ഒട്ടേറെപ്പേർ അഭിപ്രായപ്പെട്ടു. 

pura2

കല്യാണം മാത്രമല്ല പ്രശ്നം 

സമൂഹത്തിൽ നിൽനിൽക്കുന്ന ഗാർഹികപീഡനം, വിവാഹബന്ധങ്ങളിലെ ശൈഥില്യം, സ്ത്രീധനം, സ്വർണ ഭ്രമം തുടങ്ങിയവയെക്കുറിച്ചും ചർച്ച നടന്നു. കോടതികളിലും പൊലീസ് സ്റ്റേഷനുകളിലും കുടുംബങ്ങളെ സംബന്ധിക്കുന്ന കേസുകൾ കുന്നുകൂടുന്നതു ഗൗരവപൂർവം കാണണമെന്നു സംഗമം വിലയിരുത്തി. ഇന്നത്തെ യുവാക്കൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പെൺകുട്ടികളിൽ ഭാവി ജീവിതത്തെക്കുറിച്ചുള്ള കൃത്യമായ അവബോധം സൃഷ്ടിക്കാനുമാണ് ഇത്തരമൊരു പരിപാടി കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയത്. 

വാട്സാപ്, ഫെയ്സ് ബുക്ക് തുടങ്ങിയ സമൂഹ മാധ്യമ‌ങ്ങളിലൂടെയാണു പരിപാടിയുടെ പ്രചരണം നടത്തിയത്. 18 മുതൽ 20 വരെ വിവിധ പരിപാടികളോടയാണു മടിക്കൈ കുടുംബശ്രീ അരങ്ങ് –2018 എന്ന പേരിൽ വാർഷികാഘോഷം നടത്തിയത്. ഇതിന്റെ ഭാഗമായിട്ടാണ് ‘പുര നിറഞ്ഞ പുരുഷൻമാരുടെ’ സംഗമവും സംഘടിപ്പിച്ചത്. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരൻ അധ്യക്ഷനായി. 

ചരിത്രകാരൻ സി.ബാലൻ, എതിർദിശ മാസികയുടെ എഡിറ്റർ പി.കെ.സുരേഷ് കുമാർ, ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ശ്യാമള ദേവി, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാല, കാഞ്ഞങ്ങാട് സിഐ സി.കെ.സുനിൽകുമാർ, ചന്ദ്രു വെള്ളരിക്കുണ്ട്, അഡ്വ.മനോജ് കുമാർ എന്നിവർ ‌നേതൃത്വം നൽകി.

MORE IN SPOTLIGHT
SHOW MORE