‘അവനാ’യി വേഷം മാറി ചൂളയില്‍ അവളുടെ ജീവിതം; നാല് അനിയത്തിമാര്‍ക്കായി: ജീവിതകഥ

Afghan- girl
SHARE

അതിർത്തികൾക്കുപ്പുറത്ത് നിന്നാണ് ഇവൾ സംസാരിക്കുന്നത്. രാജ്യങ്ങള്‍ക്കും അതിരുകള്‍ക്കും ഇപ്പുറത്ത് നമ്മുടെ നാട്ടില്‍ ആറെന്നോ അറുപതെന്നോ നോക്കാതെ പെണ്ണിനെ പിച്ചിചീന്തുന്ന നരാധമൻമാരുടെ കാലത്ത് ഇൗ കഥകൂടി കേള്‍ക്കണം. അഫ്ഗാനിസ്ഥാനിലെ സിത്താര വാഫഡർ എന്ന പതിനെട്ടുകാരിയുടെ ജീവിതം. അവൾ ജീവിതം കൊണ്ട് ലോകത്തിലെ എല്ലാ െപൺകുട്ടികൾക്കും മാതൃകയാകുന്നു. പെൺകരുത്തിന്റെ പോരാട്ടത്തിനൊപ്പം ഉറച്ച മനസ് കൊണ്ട് എന്തിനെയും മറികടക്കുന്ന കരുത്തിന്റെ മായാജാലക്കാരിയാകുന്നു സിത്താര. ചില ഇറാനിയന്‍ സിനിമകളില്‍ കണ്ടുമറക്കാത്ത ചൂടുള്ള പെൺജീവിതത്തിന്‍റെ ഏട്.  

ചുട്ടുപൊള്ളുന്ന ഇഷ്ടിക കളങ്ങളാണ് അവളുടെ തൊഴിലിടം. ഒരു പതിനെട്ടുകാരിക്ക് അവിടെ എന്തുകാര്യമെന്നാണ് ചോദ്യമെങ്കിൽ അവൾ അവിടെയാണ് ജോലിചെയ്യുന്നത്. പക്ഷേ അവൾ പെൺകുട്ടിയാണെന്ന് ആരും പറയില്ല. വേഷത്തിൽ അവൾ ആൺകുട്ടിയാണ്. തന്റേടത്തിന്റെ പോരാട്ടവീര്യമുള്ള ആൺകുട്ടി. അവളെന്തിനാണ് ഇൗ വേഷം കെട്ടിയത്? ഇപ്പോൾ ഏത് രാത്രിയിലും പകലിലും അവൾ സുരക്ഷിതയാണ്. വാക്കുകൊണ്ടോ നോക്കുകൊണ്ടോ ഒരാളും അവളോട് മോശമായി നോക്കാറില്ല. സംസാരിക്കാറില്ല. കാരണം സിത്താര അങ്ങനെയാണ്. അവൾ ആ നാടിന്റെ ആൺകുട്ടിയാണ്.

Afghan- girl-1

ജീവിതമാണ് അവളെ മാറ്റിയത്. ആൺകുട്ടികൾക്ക് വളരെ പ്രാധാന്യം നൽകുന്ന ഒരു സമൂഹത്തിലാണ് അവൾ ജനിച്ചുവീണത്. കുടുംബത്തിൽ പെൺകുട്ടികൾ വീടിനുള്ളിൽ തളയ്ക്കപ്പെട്ട് പുരുഷൻ വരയ്ക്കുന്ന വരയ്ക്കിപ്പുറം കടക്കാതെ വീടുനുള്ളിൽ തന്നെ എരിഞ്ഞടങ്ങേണ്ട കുറേ ജീവിതങ്ങളുടെ നടുവിൽ. അങ്ങനെയുള്ളവർക്ക്  സംരക്ഷകരായി അച്ഛനും സഹോദരൻമാരും ഉണ്ടാകും. ചിലപ്പോഴൊക്കെ അവർക്കൊക്കെ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടേക്കാം. പക്ഷേ സിത്താരയുടെ അവസ്ഥ നേരെ മറിച്ചായിരുന്നു. സഹോദരൻമാരായി ആരുമില്ല. അവർ അഞ്ചുപെൺകുട്ടികളാണ്. പിന്നെ പ്രായമുള്ള അച്ഛനും രോഗിയായ അമ്മയും. ജീവിക്കാൻ പണം വേണം. ഏഴ് വയറുകൾ കഴിയണം. അതിനായി അവൾ എട്ടുവയസുള്ളപ്പോൾ ജോലിക്കിറങ്ങി. കുട ചൂടേണ്ട പ്രായത്തിൽ പെരിവെയിലത്തിറങ്ങി. കുപ്പിവള കിലുങ്ങേണ്ട കൈകളിൽ അവൾ ചെളി വാരി. സ്വപ്നങ്ങൾ കെട്ടിപൊക്കേണ്ട പ്രായത്തിൽ അവൾ ആ നാടിന്റെ നിർമാണത്തിനായി ഇഷ്ടിക തീർത്തു. അതെ, ആ എട്ടുവയസുകാരി എത്തിപ്പെട്ടത് ഒരു ഇഷ്ടിക ചൂളയിലായിരുന്നു.

ഇൗ പ്രായത്തിലെ ഒരു പെൺകുട്ടി ഏറെ അധ്വാനം വേണ്ട ജോലിക്കിറങ്ങുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ എതിർപ്പുകൾ അവളും നേരിട്ടിരുന്നു. അതിന് അവൾ പ്രതിവിധി കണ്ടെത്തി. പെണ്ണായിട്ടായിരുന്നില്ല, മറിച്ച് ആൺകുട്ടിയായിട്ടാണ് അവൾ പിന്നീട് വന്നത്. അഫ്ഗാൻ പുരുഷൻമാർക്ക് സമാനമായി അവൾ വസ്ത്രം ധരിക്കാൻ തുടങ്ങി. നീളം കൂടിയ കുർത്തയും പൈജാമയും ധരിച്ച് അവൾ ആണായി മാറി. തലമുടി തുണികൊണ്ട് കെട്ടി മറച്ചു. നടപ്പിലും നോക്കിലും വാക്കിലും അവൾ ആൺകുട്ടിയായി. ഒറ്റ നോട്ടത്തിൽ അവൾ പെണ്ണാണെന്ന് മറ്റാരും തിരിച്ചറിയില്ല. ഇട്യ്ക്ക് അവളുടെ പ്രായമായ അച്ഛൻ പറയാറുണ്ട്, അവൾ എന്റെ മൂത്ത മകനാണെന്ന്. ഒരാണില്ലാത്ത കുറവ് അവൾ അന്ന് നികത്തി. സ്വയം അന്തസുള്ള ആണായി ജീവിച്ചുകൊണ്ട് തന്നെ.

Afghan- girl -2

‘ഇൗ വേഷം എന്റെ സംരക്ഷണത്തിനാണ്...’ അവൾ പറയുന്നു. എന്റെ അവസ്ഥയിൽ ഇതല്ലാതെ മറ്റെന്ത് വഴിയാണ് ഞാൻ സ്വീകരിക്കേണ്ടിയിരുന്നത്. പകലന്തിയോളം എറെ അധ്വാനമുള്ള പണിയായണ് ഞാൻ ചെയ്യുന്നത്. ചെളി കുഴയ്ക്കുന്നതും ഇഷ്ടികയുടെ രൂപത്തിലാക്കിക്കുന്നതും അത് ചൂടാക്കി ഇഷ്ടികയാക്കുന്നതും എല്ലാം ഞാൻ ഇവിടെ ചെയ്യുന്നു. ഒരു ദിവസം അഞ്ഞൂറ് ഇഷ്ടികയോളം ഞാൻ ഉണ്ടാക്കും. ഒരു പെണ്ണിന്റെ പരിമിധികൾ എനിക്കും ഉണ്ട്. അതിനെ മറികടക്കാൻ ഇതല്ലാതെ എന്താണ് എന്റെ മുന്നിലുള്ളത്. ഒരു പെൺകുട്ടിയായി തന്നെ ഇൗ ജോലിക്കിറങ്ങിയെങ്കിൽ എന്നെ കാത്തിരിക്കുന്ന ദുരന്തങ്ങൾ എന്തെല്ലാമായിരിക്കും. അതിൽ നിന്നെല്ലാം എന്നെ രക്ഷിക്കുന്ന കവചമാകുന്നു ഇൗ പുരുഷവേഷം.

അനിയത്തിമാരെയെല്ലാം പഠിക്കാൻ അയക്കുന്നുണ്ട്. അവരെയൊക്കെ കല്ല്യാണം കഴിപ്പിച്ച് അയക്കണം. എന്റെ പതിമൂന്നുകാരി കുഞ്ഞനുജത്തിക്ക് നാളെ എന്റെ അനുഭവങ്ങൾ ഉണ്ടാകരുത്. അവൾക്ക് ഇൗ വേഷം ധരിക്കേണ്ട അവസ്ഥ വരരുത്. അവർക്കായി ഞാൻ ജീവിക്കും. അവരുടെ വിജയത്തിനായി. ഇൗ ചൂടും പ്രശ്നങ്ങളുമൊക്കെ എനിക്ക് ഭയമില്ല. ഞാൻ സുരക്ഷിതയാണ്. ഇൗ പുരുഷ വേഷത്തിനുള്ളിൽ. അതിർത്തികൾ മാറുമ്പോൾ ആ വാചകം വീണ്ടും പ്രസക്തമാണ്. അവിടെ അവൾ സുരക്ഷിതായാണ് പുരുഷ വേഷത്തിനുള്ളിൽ.. ഇവിടെ ഏത് വേഷമാകും സുരക്ഷയൊരുക്കുക?

MORE IN SPOTLIGHT
SHOW MORE