ആളുമാറി കൊന്നുതള്ളി: ശ്രീജിത്തിനോട് പൊലീസും ഭരണകൂടവും ചെയ്തത്: പൂര്‍ണചിത്രം

sreejith-total
SHARE

കേരളത്തെ പിടിച്ചുകുലുക്കിയ കസ്റ്റഡി മരണം. ആളുമാറി കസ്റ്റഡിയിലെടുത്ത ആളാണ് കൊല്ലപ്പെട്ടതെന്ന ദാരുണാനുഭവവും ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍റെ മരണത്തില്‍ പതിഞ്ഞുകിടക്കുന്നു. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സത്യത്തില്‍ സംഭവിച്ചതെന്താണ്..? പൊലീസിന്‍റെ കള്ളക്കളികള്‍ വെളിച്ചത്തായത് എങ്ങനെ..? എങ്ങനെയൊക്കെ ഭരണകൂടം ആ കൊലയ്ക്ക് അറിഞ്ഞോ അറിയാതെയോ ഒത്താശ പാടി..?  ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തെത്തിച്ച മനോരമ ന്യൂസ് വാര്‍ത്താസംഘത്തിലെ അനില്‍ ഇമ്മാനുവല്‍ എഴുതുന്നു 

കസ്റ്റഡിമരണങ്ങള്‍ പൊലീസിന് പുത്തരിയല്ല. സാധാരണക്കാര്‍ക്ക് മേല്‍ വലിയ അധികാരം പ്രയോഗിക്കാന്‍ കിട്ടുന്ന പ്രിവിലേജ് വല്ലാതെ ദുരുപയോഗിക്കുന്ന ഒരു കൂട്ടര്‍ എല്ലാക്കാലത്തും സേനയിലുണ്ടായിട്ടുണ്ട്. എന്നാല്‍ വരാപ്പുഴയിലെ പൊലീസ് നടപടി കൂടുതല്‍ ഗുരുതരമാകുന്നത് രണ്ട് കാരണം കൊണ്ടാണ്. ഒന്ന്: ആളുമാറി പിടികൂടിയ യുവാവിനെയാണ്, ഒന്ന് പരിശോധിച്ച് ഉറപ്പാക്കാന്‍ പോലും തയ്യാറാകാതെ അടിച്ചും ഇടിച്ചും നമ്മുടെ നീതിപാലകര്‍ കൊലപ്പെടുത്തിയത്.

രണ്ട്: ഈ കൊലപാതകത്തിന്റെ കളങ്കം മറയ്ക്കാന്‍ നടത്തുന്ന തിരിമറികള്‍. അതാണ് തലക്കെട്ടില്‍ സൂചിപ്പിച്ച വ്യാജരേഖയും കള്ളസാക്ഷിയും. 

സംഘര്‍ഷം മുതല്‍ മരണം വരെ

ഏപ്രില്‍ അഞ്ചിന് തികച്ചും പ്രാദേശികമായുണ്ടായ ഒരു സംഘര്‍ഷത്തില്‍ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. പിറ്റേന്ന് ആറിന് തിരിച്ചടിയായി, വരാപ്പുഴ ദേവസ്വംപാടത്ത് ഒരുസംഘം വീടുകയറി ആക്രമിച്ചു. അക്രമത്തില്‍ പരുക്കേറ്റ വീട്ടുകാര്‍ ആശുപത്രിയില്‍ പോയനേരം ഗൃഹനാഥന്‍ വിഎം വാസുദേവന്‍ വീട്ടിനുള്ളില്‍ ജീവനൊടുക്കി.

ഇതിന്റെ പേരില്‍ വാസുദേവന്റെ മകന്‍ വിനീഷ് വരാപ്പുഴ പൊലീസില്‍ നല്‍കിയ പരാതിയിലാണ്, പിന്നീട് കസ്റ്റഡിയില്‍ മരിച്ച ശ്രീജിതിനെ പൊലീസ് ആദ്യം പിടികൂടുന്നത്. ശേഷം ശ്രീജിതിന്റെ മരണം വരെയുള്ള കാര്യങ്ങള്‍ ചുരുക്കത്തില്‍ ഇങ്ങനെ: 

> ആറിന് അര്‍ധരാത്രിയോട് അടുത്ത് ശ്രീജിത്തിനെ വീട്ടില്‍നിന്ന് കസ്റ്റഡിയില്‍ എടുക്കുന്നു 

> പിറ്റേന്ന് ശനി രാവിലെ (07.04.18) ഒന്‍പത് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുന്നു 

> അന്ന് ഉച്ചക്കു മുന്‍പേ ശ്രീജിത്ത് ഗുരുതര ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നു 

> പൊലീസുകാര്‍ പതിവുപോലെ ആശൂപത്രിയില്‍ എത്തിച്ച് പേരിനൊരു പരിശോധന നടത്തുന്നു, തിരിച്ചെത്തിക്കുന്നു 

> വൈകിട്ട് അ‍ഞ്ചരയോടെ കോടതിയില്‍ ഹാജരാക്കാന്‍ ശ്രമിക്കുന്നു, പക്ഷെ മജിസ്ട്രേറ്റ് ബുദ്ധിമുട്ട് പറഞ്ഞുവെന്നാണ് പൊലീസ് ഭാഷ്യം, പിറ്റേന്ന് രാവിലെ എത്തിക്കാന്‍ പറഞ്ഞ് തിരിച്ചയച്ചു 

> ശനി രാത്രിയോടെ ശ്രീജിത്തിന്റെ ആരോഗ്യനില അപകടത്തിലാണെന്ന് പൊലീസ് തിരിച്ചറിയുന്നു

sreejith-family-si

> ഞായര്‍(08.04.18) പുല‍ര്‍ച്ചെ സമീപത്തെ സര്‍ക്കാര്‍ ആശൂപത്രിയില്‍ എത്തിക്കുന്നു, അല്‍പനേരത്തിന് ശേഷം ആസ്റ്റര്‍ മെഡ്സ്റ്റിയിലേക്ക് മാറ്റി. കുടലിന് സംഭവിച്ച മാരകമായ പരുക്കിന് ശസ്ത്രക്രിയ അടക്കം ചികില്‍സകള്‍ നടത്തി, പക്ഷെ ഫലമുണ്ടായില്ല, വൈകിപ്പോയിരുന്നു 

> പിറ്റേന്ന് തിങ്കളാഴ്ച(09.04.18) മരണം സംഭവിച്ചു. 

പൊലീസിന് ആളുമാറി

മരണത്തിന് ശേഷമാണ്, ആളുമാറിയാണ് ശ്രീജിത്തിനെ പിടികൂടിയത് എന്നതടക്കമുള്ള സംശയങ്ങള്‍ ഉയരുന്നത്. അതിന്റെ നിജസ്ഥിതി അറിയാനായാണ് ഞങ്ങള്‍ ആദ്യം കേസിലെ പരാതിക്കാരനായ കെവി വിനീഷിനെ തിരഞ്ഞത്. അന്നത്തെ ബിജെപി ഹര്‍ത്താല്‍ അടക്കം കൈകാര്യം ചെയ്തുകൊണ്ട് വരാപ്പുഴയില്‍ ഉണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ ആശ ജാവേദിന്റെ മുന്‍പില്‍ വിനീഷ് കൃത്യമായി പറഞ്ഞു, ഈ ശ്രീജിത്തിനെക്കുറിച്ച് താന്‍ പരാതിപ്പെട്ടിട്ടില്ല എന്ന്. മാത്രവുമല്ല, ഈ പ്രദേശത്ത് തന്നെയുള്ള മറ്റൊരു ശ്രീജിത്തിനെക്കുറിച്ചാണ് താന്‍ പറഞ്ഞത്, ശശിയുടെ മകന്‍ ശ്രീജിത്ത് ആണ് യഥാര്‍ത്ഥ പ്രതി എന്നുകൂടി വ്യക്തമായി വിനീഷ് പറഞ്ഞു. പൊലീസ് പിടികൂടിയ ശ്രീജിതിന്റെ അച്ഛന്റെ പേര് രാമകൃഷ്ണന്‍ എന്നാണ്. ഈ ഘട്ടത്തിലാണ്, ‘പൊലീസിന് കുരുക്കുമുറുകി, കസ്റ്റഡിമരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല’ എന്ന നിലയില്‍ പൊലീസിനെതിരെ ആഞ്ഞടിച്ചുതന്നെ മനോരമ ന്യൂസ് വാര്‍ത്തയുടെ ഫോക്കസ് ഉറപ്പിച്ചത്. അവിടം മുതല്‍ ഇതുവരെയും ആ ബോധ്യത്തില്‍ ഉറച്ചുനിന്നുതന്നെയാണ് ഞങ്ങള്‍ ന്യൂസ് ടീം ഒന്നാകെ ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നത്. 

sreejith

അന്ന് സന്ധ്യയോടെ മറ്റ് ചില മാധ്യമങ്ങള്‍ വഴി മറ്റൊരു തരത്തില്‍ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങി. അല്‍പം മുന്‍പ് ഞങ്ങളോട് സംസാരിച്ച വിനീഷിന്റെ മൊഴിയെന്ന പേരില്‍ ചില രേഖകളായിരുന്നു അത്. അതില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ പേര് ഉണ്ടായിരുന്നു. പൊലീസ് വഴി പുറത്തുവന്ന രേഖയാണതെന്ന് മനസിലായത് കൊണ്ടും, ഇങ്ങനെ പ്രതിക്കൂട്ടിലാകുന്ന ചില സാഹചര്യങ്ങളില്‍ എങ്ങനെയെല്ലാം വഴിവിട്ട് ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സാമാന്യമായ ധാരണയുള്ളത് കൊണ്ടും ആ വാര്‍ത്ത അങ്ങനെ കൈകാര്യം ചെയ്യേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു. 

എന്നാല്‍ കൂടുതല്‍ അന്വേഷിക്കണമെന്ന് ഉറപ്പിച്ചു. ഞങ്ങളുടെ നിലപാട് വ്യക്തമായത് കൊണ്ടാകും, തല്‍പരകക്ഷികളാരും ആ രേഖയുമായി ‍ഞങ്ങളെ സമീപിച്ചില്ല. എന്നാല്‍ ഇമ്മാതിരി കളങ്കവും പേറി ഇനിമേലില്‍ പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കേണ്ടിവരരുതെന്ന് നല്ല നിലപാടുള്ള ചില ഉദ്യോഗസ്ഥര്‍, അവ വ്യാജരേഖയെന്ന് പറഞ്ഞുതന്നെ ‍എത്തിച്ചുതന്നു. തൊട്ടടുത്ത ദിവസം തന്നെ കോടതിയില്‍ അന്വേഷിച്ച് വിനീഷിന്റെ യഥാര്‍ത്ഥ മൊഴിയുടെ പകര്‍പ്പ് ശേഖരിച്ചു. വിനീഷ് നേരത്തെ ഞങ്ങളുടെ ക്യാമറക്ക് മുന്നില്‍ പറഞ്ഞത് പോലെ, അതില്‍ ശ്രീജിത്തിന്റെ പേര് ഇല്ലെന്ന് അങ്ങനെ സ്ഥിരീകരിച്ചു. 

രണ്ടാംമൊഴി വന്ന വഴി

sreejith-murder

പൊലീസ് പുറത്തുവിട്ട മൊഴിയില്‍ ശ്രീജിത്തിന്റെ പേരുണ്ട്. ആദ്യമൊഴിക്ക് ശേഷം അങ്ങനെയൊരു മൊഴി പരാതിക്കാരനായ വിനീഷ് രണ്ടാംവട്ടം നല്‍കിയിട്ടുണ്ടോ? ഈ ചോദ്യത്തോട് എതാനും ദിവസം വിനീഷ് പ്രതികരിച്ചില്ല. പല വഴിക്കുള്ള സമ്മര്‍ദം ഉണ്ടെന്ന് നിവൃത്തികേട് പങ്കുവച്ച ആ ചെറുപ്പക്കാരനെ ‍ഞങ്ങള്‍ നിര്‍ബന്ധിച്ചില്ല. എന്നാല്‍ നിലപാടിലെ വ്യക്തത മനസിലാക്കിയത് കൊണ്ടാകണം, വീണ്ടും മനസ് തുറക്കാന്‍ തീരുമാനിച്ചപ്പോള്‍ വിനീഷ് മനോരമ ന്യൂസിന് മുന്നില്‍ തന്നെെയത്തി. 

ഇത്തവണ വിനീഷ് പറഞ്ഞത് കൂടുതല്‍ ഞെട്ടിക്കുന്ന വസ്തുതകളായിരുന്നു. വിനീഷിന്റേത് എന്ന പേരില്‍ ശ്രീജിത്തിന്റെ പേര് ഉള്‍പ്പെടുത്തി പൊലീസ് തയ്യാറാക്കി പുറത്തുവിട്ട മൊഴി, ശ്രീജിത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ ശേഷം, എട്ടാം തീയതി ഞായറാഴ്ച രേഖപ്പെടുത്തിയതാണ്. അപ്പോഴും താന്‍ ശ്രീജിത്തിന്റെ പേര് പറഞ്ഞിട്ടില്ല. വിനീഷ് കൃത്യമായി പറയുന്നു, അച്ഛന്റെ മരണത്തിന്റെ മൂന്നാംദിനം ചടങ്ങുകള്‍ പൂര്‍ത്തിയാക്കി എത്തിയതിന് പിന്നാലെ പൊലീസുകാര്‍ വീട്ടില്‍ എത്തി മൊഴിയെടുക്കുകയായിരുന്നു. പ്രധാന കാര്യം, ശ്രീജിത്തിന്റെ അവസ്ഥ എന്താണന്ന് അപ്പോള്‍ വിനീഷിന് അറിയില്ലായിരുന്നു. പൊലീസുകാര്‍ പറഞ്ഞതുമില്ല. അങ്ങനെ എട്ടിന് വീട്ടിലെത്തി രേഖപ്പെടുത്തിയ മൊഴിയാണ്, ഏഴ് എന്ന് തീയതി രേഖപ്പെടുത്തി പൊലീസ് സെലക്ടിവായി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയത്. 

സര്‍വത്ര വ്യാജം

ഏഴിന് പൊലീസ് സ്റ്റേഷനിലെത്തി ശ്രീജിത്ത് അടക്കം പ്രതികളെ വിനീഷ് തിരിച്ചറിഞ്ഞുവെന്ന പൊലീസ് വിശദീകരണവും വ്യാജമാണ്. എട്ട് ഞായര്‍ രാവിലെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത് അനുസരിച്ച് അന്ന് വൈകിട്ടാണ് താന്‍ സ്റ്റേഷനിലെത്തിയതെന്ന് വിനീഷ് വ്യക്തമാക്കുന്നു. അപ്പോള്‍ പ്രതികളെയെല്ലാം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തുകഴിഞ്ഞിരുന്നു. ശ്രീജിത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുമായിരുന്നു. ‘സ്റ്റേഷനില്‍ നിര്‍ത്തിയിരുന്ന പ്രതികളെ നോക്കിക്കൊണ്ട്’ എന്ന മുഖവുരയോടെയാണ്, ശ്രീജിത്ത് അടക്കം പ്രതികളെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞുവെന്ന് സമര്‍ത്ഥിക്കാന്‍ പൊലീസ് എഴുതിച്ചേര്‍ത്തത്. 

ചവിട്ടില്‍ ആണ് ഫോക്കസ്

sreejith-02

ഇങ്ങനെയെല്ലാം വ്യാജമായി തയ്യാറാക്കിയ രണ്ടാം മൊഴിയിലെ മറ്റ് ചില കാര്യങ്ങള്‍ കൗതുകം ഉണര്‍ത്തുന്നതാണ്. പിന്നീട് ജീവനൊടുക്കിയ തന്റെ അച്ഛന്‍, വീടാക്രമിക്കാന്‍ വന്ന ശ്രീജിത്ത് അടക്കമുള്ളവരുമായി പിടിവലി കൂടുകയും അവരെ ചവിട്ടുകയും ചെയ്യുന്നത് താന്‍ കണ്ടുവെന്നാണ് വിനീഷ് പറഞ്ഞതായി രണ്ടാം മൊഴിയില്‍ പൊലീസ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. ‘അതില്‍ അവര്‍ക്ക് ആര്‍ക്കെങ്കിലും എന്തെങ്കിലും പരുക്ക് പറ്റിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല’ എന്നും വിനീഷ് പറഞ്ഞതായി രേഖയിലുണ്ട്. അവരുടെ ആക്രമണത്തില്‍ തന്റെ അച്ഛന് എന്തെങ്കിലും പരുക്ക് പറ്റിയതായി ആശങ്കയില്ലാതെ, അച്ഛന്റെ ചവിട്ടില്‍ അവര്‍ക്ക് വല്ലതും പറ്റിയോ എന്ന സംശയം പൊലീസിന് മുന്നില്‍ മകന്‍ ഉന്നയിക്കുന്നത് എത്ര സ്വാഭാവികമെന്ന് കരുതാനാകും..?

പൊലീസ് കസ്റ്റഡിയില്‍ ചവിട്ടേറ്റാണ് ശ്രീജിത്തിന് പരുക്ക് പറ്റിയതെന്ന്, മറ്റാര്‍ക്കും ആ സമയത്ത് അറിയില്ലെങ്കിലും, ഉദ്യോഗസ്ഥര്‍ക്ക് അറിയുമായിരുന്നുവെന്ന് കരുതേണ്ടിവരും ഈ മൊഴി വായിച്ചാല്‍. (ചവിട്ട് മൂലമോ മറ്റോ അടിവയറ്റിലേറ്റ ശക്തമായ ആഘാതമാണ് കുടലിലെ മാരകമായ പരുക്കിന് കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം കണ്ടെത്തല്‍) വിനീഷിന്റെ ആദ്യമൊഴിയില്‍, വീടാക്രമിക്കാന്‍ വന്നവര്‍ വാളും കമ്പവടിയും അടക്കം ആയുധങ്ങള്‍ ഉപയോഗിച്ചതായി പറഞ്ഞിരുന്നെങ്കില്‍, പൊലീസ് പുറത്തുവിട്ട രണ്ടാംമൊഴിയില്‍ അതൊന്നുമില്ല, പകരം ചവിട്ടില്‍ ആണ് ഊന്നല്‍! 

ഒടുവില്‍ കള്ളസാക്ഷിയും

ശ്രീജിത്തിന്റെ മൊഴിയെന്ന പേരില്‍ പുറത്തുവിട്ട രേഖക്കൊപ്പം പൊലീസ് തന്നെ പുറത്തുവിട്ടതാണ് അയല്‍വാസി പരമേശ്വരന്റെ മൊഴിയും. വാസുദേവന്റെ വീടാക്രമിച്ച സംഘത്തില്‍ ശ്രീജിത് ഉണ്ടായിരുന്നതായി താന്‍ കണ്ടുവെന്ന് ദൃക്സാക്ഷിയായ പരമേശ്വരന്‍ മൊഴി നല്‍കിയെന്നാണ് പൊലീസ് അന്ന് അവകാശപ്പെട്ടത്. ആളുമാറിയല്ല പിടികൂടിയത്, ശ്രീജിത്ത് തന്നെയാണ് പ്രതിയെന്ന് സ്ഥാപിച്ചെടുക്കാനുള്ള മറ്റൊരു വൃഥാവ്യായാമം. ഈ മൊഴി പുറത്തുവിട്ട മാധ്യമങ്ങള്‍ തന്നെ, ‌പിറ്റേന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ പരമേശ്വരനെ നേരില്‍ കണ്ടപ്പോള്‍, ശ്രീജിത്ത് പ്രതിയാണെന്ന് താന്‍ പറഞ്ഞിട്ടില്ല, അങ്ങനെയൊരു മൊഴി പൊലീസിന് നല്‍കിയിട്ടുമില്ല എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അന്ന് വൈകിട്ടോടെ അദ്ദേഹം മലക്കംമറിഞ്ഞ് ഈ വാക്കുകള്‍ തിരുത്തിയെങ്കിലും, അത് പാര്‍ട്ടിക്കാരുടെ സമ്മര്‍ദം മൂലമാണെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയത്, അദ്ദേഹത്തിന്റെ മകന്‍ ശരത് തന്നെയാണ്. പൊലീസിന് അനുകൂലമായി പറയാന്‍ പ്രാദേശിക സിപിഎം നേതാക്കള്‍ അച്ഛനെ നേരില്‍കണ്ട് ആവശ്യപ്പെട്ടുവെന്നാണ് ശരത് പറഞ്ഞത്. പിന്നീടിതുവരെ പരമേശ്വരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയിട്ടില്ല. 

അന്വേഷണം, നടപടി 

എല്ലാം ഇപ്പോഴും തുടങ്ങിയിടത്ത് തന്നെ നില്‍ക്കുകയാണ്. ഏതാനും പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തത് ഒഴിച്ചാല്‍. സസ്പെന്‍ഷന്‍ അച്ചടക്ക നടപടിയൊന്നുമല്ലെന്ന്, മറ്റാര്‍ക്ക് അറിയില്ലെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് അറിയാം. അന്വേഷണത്തിന്റെ ഇടവേളയില്‍ തല്‍ക്കാലത്തേക്ക് ഒരു മാറ്റിനിര്‍ത്തല്‍ മാത്രമാണത്. വലിയൊരു നടപടിയില്‍ നിന്നൊഴിവാകുമെങ്കില്‍ ഇത്തരം ചെറിയ ഇടവേളകള്‍ അനുഗ്രഹമാണെന്ന് കരുതുന്നവര്‍ വകുപ്പില്‍ ഏറെയുണ്ട്. 

എണ്ണിയാല്‍ ഒടുങ്ങാത്തത്ര കസ്റ്റഡമര്‍ദനക്കേസുകളും ചില കസ്റ്റഡിമരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അവയിലൊന്നും തോന്നാത്തത്ര ആത്മരോഷം ഞങ്ങളില്‍ പലര്‍ക്കും വരാപ്പുഴയില്‍ ഉണ്ടാകുന്നുണ്ട്. മുകളില്‍ കുറിച്ചതൊക്കെ തന്നെയാണ് കാരണം. ‘പൊലീസിനാര് മണികെട്ടും’ എന്ന പേരില്‍ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് മനോരമ ന്യൂസ് ചെയ്ത വാര്‍ത്താപരമ്പരയോട് പ്രതികരിച്ചുകൊണ്ട്, ഉദ്യോഗസ്ഥരുടെ അമിത ജോലിഭാരത്തെക്കുറിച്ചും, അതുകൊണ്ടുള്ള സമ്മര്‍ദത്തെക്കുറിച്ചും പറഞ്ഞത് മുന്‍ ഡിജിപി ടിപി സെന്‍കുമാറാണ്. ഇങ്ങനെ പൊലീസ് പക്ഷത്തുനിന്ന് സംസാരിച്ചവരെക്കൂടി പ്രതിരോധത്തിലാക്കുന്നതായി വരാപ്പുഴ സംഭവങ്ങള്‍. പൊലീസിലാകെ ക്രിമിനലുകളാണ് എന്നൊന്നുമല്ല ഇതുകൊണ്ട് മനസിലാക്കേണ്ടത്, പക്ഷെ വ്യാജരേഖയും കള്ളസാക്ഷിയെയും സൃഷ്ടിച്ച് ക്രിമിനലുകളെ സംരക്ഷിക്കാന്‍ ഒപ്പമുള്ളവര്‍ ശ്രമിക്കരുത്. 

പഴയ ക്യാമറയില്‍ ഒന്നും പതിഞ്ഞില്ലേ..?

പൊലീസ് സ്റ്റേഷനുകള്‍ തോറും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നാണ് പൊലീസ് മോധാവിയുടെ പുതിയ പ്രഖ്യാപനം. കുഴപ്പക്കാരെ മര്യാദ പഠിപ്പിക്കുകയാണ് ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രിയും പറയുന്നു. ഭരണത്തില്‍ എത്തിയത് മുതല്‍ പൊലീസുകാരെ നല്ല നടപ്പ് ഉപദേശിച്ച് ഫലം കാണാത്ത മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ഉദ്ദേശ്യം നല്ലതുതന്നെ. എന്നാല്‍ ചില കാര്യങ്ങള്‍ പരിശോധിക്കേണ്ടതല്ലേ... വര്‍ഷങ്ങള്‍ക്ക് മുന്‍പെ നമ്മുടെ ചില സ്റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളുടെ അവസ്ഥ എന്താണ്? വരാപ്പുഴ സ്റ്റേഷനില്‍ ഇപ്പോഴുമുള്ള ക്യാമറയില്‍ എന്തെങ്കിലും പതിഞ്ഞിട്ടുണ്ടോ? എന്തായാലും നമ്മുടെ നാട്ടിലെ പൊലീസിന്റെ പ്രവര്‍ത്തനം മുഴുവന്‍ ക്യാമറയുടെ പരിധിയിലാക്കാന്‍ കഴിയുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? അങ്ങനെ വടിയുംവെട്ടി മുഖ്യമന്ത്രിയും ഡിജിപിയും കാത്തിരുന്നാല്‍ മര്യാദ വരുമോ? 

sreejith

വരാപ്പുഴയില്‍ ജീവന്‍ നഷ്ടപ്പെട്ട യുവാവിനെ പിടികൂടുമ്പോള്‍ വീട്ടുമുറ്റത്ത് വച്ചുതന്നെ പൊലീസുകാര്‍ മുറകള്‍ തുടങ്ങിയെന്ന് സ്വന്തം അമ്മയുടെ വാക്കുകളിലൂടെ കേരളം കഴിഞ്ഞ ദിവസങ്ങളില്‍ കേട്ടതേയുള്ളൂ. അപ്പോള്‍ എവിടെയെല്ലാം ക്യാമറ വയ്ക്കേണ്ടിവരും? അടിയ‌ന്തരാവസ്ഥയിലെ പൊലീസ് മുറകളുടെ ഓര്‍മകള്‍ നന്നായുള്ള പിണറായി വിജയന് അതൊന്നും ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലല്ലോ. 

MORE IN SPOTLIGHT
SHOW MORE