കഠ്‌വയില്‍ രോഷചിത്രം വരച്ചു; ചിത്രകാരിക്ക് വധഭീഷണി; പിന്നോട്ടില്ലെന്ന് ദുര്‍ഗ

durga-malathy
SHARE

കഠ്‌വയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികള്‍ക്കെതിരെ പ്രതിഷേധ ചിത്രം വരച്ച ചിത്രകാരിക്ക് സോഷ്യല്‍ ലോകത്ത് വധഭീഷണി. ചിത്രകാരിയും അധ്യാപികയുമായ ദുര്‍ഗ മാലതി തന്നെയാണ് തനിക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തിനെതിരെ രംഗത്തെത്തിയത്. ചിത്രം പിൻവലിച്ചില്ലെങ്കിൽ ദുർഗ മാലതിയെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ആ അഞ്ചു വരി കവിതകളും ചിത്രങ്ങളും വരച്ചിടുമ്പോൾ ഇത്രയധികം മാനസിക വ്യഥയും അപമാനവും സഹിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. 

‘റേപ്പും കൊലപാതകവും ഇവിടെ വാര്‍ത്തയായതിനെത്തുടര്‍ന്നാണ് ഇത്തരമൊരു ചിത്രം വരച്ചത്. ലിംഗത്തിന് പുറത്ത് ഒരു കുട്ടിയെ കെട്ടിയിട്ടിരിക്കുന്നു. അതിന് മുകളില്‍ ഒരു കുറിയുമുണ്ട്. പൂണൂലും ഇട്ടിരുന്നു. അത് നന്നായി ഷെയര്‍ ചെയ്യപ്പെട്ടു. അതിന് തുടര്‍ച്ചയായി ലിംഗമുള്ള ത്രിശൂലം വരച്ചു.നാടോടികളെ ഓടിക്കാന്‍ വേണ്ടി കുട്ടിയെ റേപ്പ് ചെയ്തുവെന്നാണല്ലോ. അത് ഷെയർ ചെയ്തവരെയും അവർ വെറുതെ വിടുന്നില്ല– ദുർഗ മാലതി ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു. 

കഠ്‌വയിൽ ക്രൂരമായി എട്ടുവയസുകാരിയെ പിച്ചിച്ചീന്തിയ കൊടുംക്രൂരതയ്ക്കെതിരെ പ്രതിഷേധിക്കുക മാത്രമായിരുന്നു ലക്ഷ്യം. ലിംഗത്തില്‍ പെണ്‍കുട്ടിയെ കെട്ടിയിട്ടതായിരുന്നു ചിത്രം. ഹൈന്ദവ ചിഹ്നങ്ങളും ചിത്രത്തിലുണ്ടായിരുന്നു. തുടര്‍ന്നാണ് ഒരുവിഭാഗം ഭീഷണിയും തെറിവിളിയും ആരംഭിച്ചത്. പിന്നീട് ഉത്തരേന്ത്യന്‍ പേരുകളിലുള്ള പ്രൊഫൈലുകളില്‍ നിന്നും ഭീഷണി തുടങ്ങി. ഇത്തരമൊരു ചിത്രം വരച്ച ദുര്‍ഗ ഇന്ത്യക്കാരിയല്ലെന്നും തീവ്രവാദിയാണെന്നുമുളള അധിക്ഷേപങ്ങളും ദുർഗ മാലതിക്കെതിരെ ഉയർന്നു. 

ദുര്‍ഗയ്‌ക്കെതിരെ ഫോട്ടോ വെച്ച് ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഹൈന്ദവ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന് കാണിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും ഭീഷണിയുണ്ട്. ഭീഷണികളും പ്രചാരണവും അതിരു വിട്ടതോടെയാണ് വിശദീകരണവുമായി ദുർഗ മാലതി ഫെയ്സ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്. ത്രിശൂലത്തെ മോശമായി ചിത്രീകരിച്ചുവെന്നാണ് തനിക്കെതിരെയുളള ആരോപണം. ലിംഗത്തെ ആയുധമാക്കി അവർ ബലാത്സംഗം ചെയ്യുന്നുവെന്ന് വിശദീകരിക്കാൻ വേണ്ടിയാണ് ത്രീശൂലത്തിനു മുകളിൽ ലിംഗം വരച്ചിടുകയും

ലിംഗം കൊണ്ട്‌ ചിന്തിക്കുന്നവർ.. 

ലിംഗം കൊണ്ട്‌ രാഷ്ട്രീയം പറയുന്നവർ... 

ലിംഗം കൊണ്ട്‌ പ്രാർത്ഥിക്കുന്നവർ... 

അവരുടേതും കൂടിയാണു ഭാരതം..

ഇങ്ങനെ പോയാൽ അവരുടെ മാത്രമാകും.. 

എന്ന അഞ്ചു വരി കവിത കുറിച്ചിടുകയും ചെയ്തു. ലിംഗം കൊണ്ട് പ്രാർത്ഥിക്കുന്നവരായതു കൊണ്ടാണ് ഒരു പിഞ്ചുകുഞ്ഞിനെ അമ്പലത്തിനകത്തിട്ട് പീഡിപ്പിച്ചത്. സ്ത്രീയെന്ന നിലയിലും ഞാൻ വളരെ അപമാനിക്കപ്പെട്ടു. പേടിച്ച് പോസ്റ്റുകൾ നീക്കം ചെയ്യില്ലെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും ദുർഗ ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു. 

എന്നെ ഇവർ തെറി വിളിക്കുന്നതിൽ ഞാൻ അപമാനിതയാകേണ്ട കാര്യമില്ല. ട്വിറ്ററിൽ അവർ തന്നെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ജീവനു വേണ്ടി ഞാൻ യാചിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ദുർഗ മാലതി പറഞ്ഞു. ഉത്തേരന്ത്യൻ സംഘികളും മലയാളികളും സംഘികളും തനിക്കെതിരെ സൈബർ ആക്രമണം നടത്തുകയാണ്. നാളെ ഒരു ഹാഷ്ടാഗോ മെഴുകുതിരിയായോ അല്ല നിങ്ങൾ വരേണ്ടത്. ഒരു സ്ത്രീയെ ഇങ്ങനെ വളഞ്ഞിട്ടു ആക്രമിക്കുമ്പോൾ എന്തു കൊണ്ടാണ് എല്ലാവരും നിശബ്ദരായിരിക്കുന്നത്. മതത്തെ അപമാനിക്കുന്നത് ഇവരൊക്കെ തന്നെയാണ്. ഇത് തന്നെയാണ് ഫാസിസമെന്നും ദുർഗ മാലതി പറയുന്നു. 

നേരത്തെ സമുദായ സംഘടനയുടെ കോളേജില്‍ അധ്യാപക ജോലി ചെയ്യുന്നതിനിടെ ഇത്തരം നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്തുവരികയായിരുന്നുവെന്നും ദുര്‍ഗ പറഞ്ഞു. തനിക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടും അത് ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും പ്രതിഷേധമുയരുന്നില്ലെന്നും ദുര്‍ഗ വിമര്‍ശിച്ചു.

MORE IN SPOTLIGHT
SHOW MORE