തീ പാഞ്ഞടു‌ത്തു; എന്നിട്ടും സൈമണ്‍ രണ്ടുപേരെ രക്ഷിച്ചു; വെടിക്കെട്ട് ദുരന്തത്തിനിടെ ഈ നന്‍മ

angamaly-blast-simon-1
SHARE

രണ്ടുപേരെ ജീവിതത്തിലേക്ക്  തള്ളിവിട്ടാണ് കറുകുറ്റി മാമ്പ്രയിലെ  വെടിക്കെട്ട് അപകടത്തിൽ  മുല്ലപ്പറമ്പിൽ സൈമൺ മരണത്തിനു കീഴടങ്ങിയത്. സ്വന്തം ജീവിതം ആപത്തിന്‍റെ വക്കിലായപ്പോഴും രണ്ട് സഹജീവികളെ ജീവിതത്തിലേക്ക് കൈപിടിച്ച ഈ യുവാവിന്‍റെ നന്മ കൂടി പ്രദേശത്തെ ഇന്ന് കണ്ണ് നനയിക്കുന്നു. 

നാട് ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ആ രാത്രി സംഭവിച്ചത് ഇതാണ്: 

പടക്കങ്ങൾ കൂട്ടത്തോടെ സൂക്ഷിച്ചിരുന്ന മുറിയിൽ നിന്ന് ഓരോ പായ്ക്കുകളായി എടുത്തുകൊടുക്കുകയായിരുന്നു ഇരുപത്തിനാലുകാരനായ സൈമണിന്റെ ഉത്തരവാദിത്തം. സെന്റ് ഫ്രാൻസിസ് അസീസി കപ്പേളയിലെ തിരുനാളാഘോഷത്തിന്റെ ഭാഗമായ പ്രദക്ഷിണത്തിനു ശേഷം എട്ടരയോടെയാണ് വെടിക്കെട്ട് തുടങ്ങിയത്. 

ഈർക്കിൽ പടക്കം എന്നും ബീഡി പടക്കമെന്നും പാളി പടക്കമെന്നുമെല്ലാം പല നാടുകളിൽ പല പേരുകളിൽ അറിയപ്പെടുന്ന താരതമ്യേന ശക്തി കുറഞ്ഞ പടക്കം കൂട്ടത്തോടെ പൊട്ടിക്കുകയാണ് ഇവിടുത്തെ രീതി.  വടം ഉപയോഗിച്ച് ഒരു വട്ടമുണ്ടാക്കി കാഴ്ചക്കാരെ ചുറ്റും നിർത്തി റോഡിനു നടുവിൽ പടക്കങ്ങൾ പൊട്ടിക്കും. പടക്കം പൊട്ടിക്കൊണ്ടിരിക്കുന്നതിനിടെ അസീസി ക്ലബിൽ ശേഖരിച്ചിരിക്കുന്ന പടക്കത്തിന്റെ പായ്ക്കറ്റുകൾ ഓരോന്നായി തീയിലേക്ക്  എറിഞ്ഞു കൊണ്ടിരിക്കും. ഇതിനിടയിലാണ് അപ്രതീക്ഷിത അതിഥിയായി ദുരന്തമെത്തിയത്. 

റോഡിൽ പൊട്ടിത്തെറിച്ചു കൊണ്ടിരുന്ന പടക്കത്തിൽ നിന്നൊരു തീപ്പൊരി തെറിച്ച് ഒരാളുടെ കയ്യിലിരുന്ന പടക്കക്കെട്ടിലേക്ക് തെറിച്ചു. നിമിഷങ്ങൾക്കുള്ളിൽ കയ്യിലിരുന്ന പടക്കം പൊട്ടിത്തെറിച്ച് ക്ലബിനു മുന്നിലേക്ക് വീണു. പടക്കം പൊട്ടിത്തെറിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അപകടം മണത്ത സൈമൺ പടക്കം ശേഖരിച്ച മുറിയുടെ മുന്നിലുണ്ടായിരുന്ന രണ്ടു പേരെ പുറത്തേക്ക്  തള്ളിമാറ്റി. തീപ്പൊരി മുറിക്കകത്തേക്കു വീഴാതിരിക്കാൻ അകത്തു നിന്നും മുറിയുടെ വാതിൽ അടച്ചു.

അപ്പോഴേക്കും പക്ഷേ വൈകിയിരുന്നു. കണ്ണടച്ചു തുറക്കും മുൻപേ തീഗോളങ്ങൾ ആ കൊച്ചുമുറിയെ വിഴുങ്ങി. ക്ലബ് പൂർണമായും കത്തിനശിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ക്ലബിലുണ്ടായിരുന്ന ടിവി വരെ തെറിച്ച് റോഡിൽ വീണു. സൈമണിനെ ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചെറുപ്രായത്തിലേ വിധി ജീവനെടുത്ത സൈമണെയോർത്ത് നെടുവീർപ്പിടുകയാണ് കറുകുറ്റിയിലെ ഉറ്റവരും നാട്ടുകാരും. രണ്ടു പേരെ പുറത്തേക്ക് തള്ളി മാറ്റിയതിനൊപ്പം ഓടി പുറത്തിറങ്ങാൻ സൈമണ് തോന്നിയിരുന്നെങ്കിൽ ഒരുപക്ഷേ ജീവൻ രക്ഷപെടുത്താമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

MORE IN SPOTLIGHT
SHOW MORE