വിഷുപ്പുലരിയിലേക്ക് മലയാളനാട്; എങ്ങനെ കണിയൊരുക്കാം...?

vishukkani-2-new
SHARE

മീനച്ചൂടിന്റെ ദുരിതങ്ങളെ വകഞ്ഞുമാറ്റി, രാവും പകലും തുല്യമാകുന്ന മേടപ്പുലരിയെത്തുമ്പോള്‍ ഒരു പുതിയ പ്രതീക്ഷയിലേയ്ക്കാണ് മണ്ണും മനുഷ്യനും പക്ഷിമൃഗാദികളും കണ്ണു തുറക്കുന്നത്. വരുന്ന ഒരു വര്‍ഷക്കാലം ഐശ്വര്യമുണ്ടാകാനാണ് വിഷുപ്പുലരിയില്‍ കണികണ്ടുണരുന്നത്. മലയാളിക്ക് ഏറെ പ്രധാനമാണ് വിഷുക്കണി. പ്രാദേശികമായ ചില്ലറ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും കണിയൊരുക്കത്തിന് എല്ലായിടത്തും ഒരു പൊതുസ്വഭാവമുണ്ട്. കണ്ണനും, കൊന്നപ്പൂവും കണിവെള്ളരിയുമെല്ലാം മലയാളിയുടെ വിഷുക്കണിയെ സമ്പന്നമാക്കുന്നു

vishukkani

കണിയൊരുക്കം എങ്ങിനെ

പുജാമുറിയിലാണ് സാധാരണയായി കണിയോരുക്കുന്നത്. കൃഷ്ണവിഗ്രഹത്തിന് മുന്നില്‍ നിലവിളക്കിന് സമീപം ഓട്ടുരുളിയില്‍ കണി തയ്യാറാക്കും. കൊന്നപ്പൂവ്,കണിവെള്ളരി, കൊടിമുണ്ട്, രാമായണം, വാല്‍ക്കണ്ണാടി, സ്വര്‍ണം, നെല്ല്, അരി, ചക്കയും മാങ്ങയും ഉള്‍പ്പെടെയുള്ള ഫലങ്ങള്‍, നാണയങ്ങള്‍, നാളികേരം, എന്നിവയാണ് ഒരു കണിത്താലത്തില്‍ ഉറപ്പായും ഉണ്ടാകേണ്ട സാധനങ്ങള്‍. കൊടിമുണ്ട് ഞൊറിഞ്ഞു വയ്ക്കുന്നത് ഭംഗികൂട്ടും. സ്വര്‍ണവര്‍ണമുള്ള പ്രത്യേക വെള്ളരിയാണ് കണിവയ്ക്കാന്‍ ഉപയോഗിക്കുന്നത്.

നാളികേരം പൊട്ടിച്ച് വലിയ തിരിയിട്ട് മന്ദാരമായി നിലവിളക്കിന് സമീപം കൊളുത്തിവയ്ക്കും. ഐശ്വര്യത്തിന്റെ പ്രതീകമാണ് കണിത്താലത്തിലെ കൊന്നപ്പൂക്കള്‍. പോയകാലത്തിന്റെ കാര്‍ഷിക സമൃദ്ധി വിളിച്ചോതുകയാണ് ഓട്ടുരുളിയില്‍ നിറയുന്ന ഫലസമൃദ്ധി. വിഷുവിന്റെ തലേന്ന് രാത്രി കണിയൊരുക്കണം. പുലര്‍ച്ചെ വീട്ടിലെ മുതിര്‍ന്ന അംഗം മറ്റുള്ളവരെ വിളിച്ചുണര്‍ത്തി കണികാണിക്കുന്നു. കണികണ്ടാല്‍ പിന്നെ കൈനീട്ടമാണ്. കാരണവരില്‍ നിന്ന് ലഭിക്കുന്ന ആ നാണയത്തുട്ട് ഒരു വര്‍ഷം മുഴുവന്‍ നിറയേണ്ട സമ്പല്‍ സമൃദ്ധിയുടെ പ്രതീകമാകും.

vishukkani-3

ക്ഷേത്രങ്ങളിലെ വിഷുക്കണി

സംസ്ഥനത്തെ മിക്ക ക്ഷേത്രങ്ങളിലും വിഷുവിന്  കണിയൊരുക്കും. ഗുരുവായൂരിലെ വിഷുക്കണി ഏറെ പ്രശസ്തം. വിഷുപ്പുലരിയില്‍ ഗുരുവായൂര്‍ കണ്ണനെ കണികണ്ട് സായൂജ്യം നേടാന്‍ നിരവധി ഭക്തര്‍ ക്ഷേത്രത്തിലെത്തും. മേല്‍ശാന്തിയുടെ നേതൃത്വത്തിലാണ് കണിയൊരുക്കുന്നത്. പുലര്‍ച്ചെ മേല്‍ശാന്തി ഭഗവാനെ ഉണര്‍ത്തി കണികാണിക്കും. അതിനുശേഷമാകും ഭക്തര്‍ക്ക് കണികാണ്ടു തൊഴാനുള്ള അവസരം. മിക്കക്ഷേത്രങ്ങളിലും മേല്‍ശാന്തിമാര്‍ തന്നെ ഭക്തര്‍ക്ക് കൈനീട്ടവും നല്‍കും. ഓരോ കണിക്കാഴ്ചയും പ്രതീക്ഷകളാണ്. നന്മയിലേയ്ക്കും, ഐശ്വര്യത്തിലേയ്ക്കുമുള്ള ശുഭകരമായ കാഴ്ച.

MORE IN SPOTLIGHT
SHOW MORE