‘എന്റെ കഥ മോഷ്ടിച്ചിട്ട് എനിക്ക് നന്ദി പറയാമെന്നോ..? 'മോഹൻലാൽ' സിനിമയ്ക്കെതിരെ കലവൂർ രവികുമാർ

kalavoor-ravikumar-mohanlal-movie
SHARE

വിഷുവിനായി ഒരുങ്ങുന്ന ‘മോഹന്‍ലാല്‍’ എന്ന സിനിമ കടുത്ത നിയമപോരാട്ടത്തിലേക്ക്; കഥ മോഷ്ടിച്ചതിനൊടുവില്‍ പേരും പണവും നല്‍കാമെന്നേറ്റ് അണിയറക്കാര്‍ വഞ്ചിച്ചെന്ന് തുറന്നടിച്ച് കലവൂര്‍ രവികുമാര്‍.

സാജിദ് യാഹിയ കഥയെഴുതി സംവിധാനം ചെയ്യുന്ന 'മോഹൻലാൽ' എന്ന ചിത്രത്തിന് വിവാദക്കുരുക്ക് മുറുകുന്നു. തന്റെ കഥ മോഷ്ടിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനു മുൻപുതന്നെ ഇക്കാര്യം ഉന്നയിച്ച് താൻ ഫെഫ്കയിൽ പരാതി നൽകിയിരുന്നെന്നും പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കലവൂർ രവികുമാർ മനോര ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. ‘മോഹൻലാലിനെ എനിക്ക് ഇപ്പോൾ ഭയങ്കര പേടിയാണ്..’ എന്ന തന്റെ കഥയെ അനുകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ഇക്കാര്യം ഉന്നയിച്ചപ്പോള്‍ നന്ദി പറയാമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വാദമെന്നും കലവൂര്‍ രവികുമാര്‍ പറഞ്ഞു. കഥയുടെ അവകാശം നല്‍കാമെന്ന ഉറപ്പ് അണിയറപ്രവര്‍ത്തകര്‍ ലംഘിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സിനിമ കടുത്ത നിയമനടപടികളിലേക്ക് കടക്കുകയാണെന്ന് വ്യക്തം. 

indrajith-manju

കേരള കൗമുദിയിൽ ജോലി ചെയ്യുമ്പോൾ സിനിമയിലെ തിരക്കഥാകൃത്തുക്കളുടെ മാത്രം ചെറുകഥകൾ സമാഹരിച്ച് ഒരു സൺഡേ സപ്ലിമെന്റ് പുറത്തിറക്കിയിരുന്നു. അതിൽ ഈ കഥയും പ്രസിദ്ധികരിച്ചിരുന്നു. രണ്ട് പതിപ്പുകളിലായി പ്രസിദ്ധികരിച്ച എന്റെ കഥാസമാഹരത്തിന്റെ പേരും ഇത് തന്നെയാണ്. പുസ്തകം ഇപ്പോഴും വിപണിയിൽ ലഭ്യമാണ്. കേരള കൗമുദിയിൽ ഞാൻ ഈ കഥ പ്രസിദ്ധീകരിക്കുമ്പോൾ ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുനീഷ് വാരനാട് കേരള കൗമുദിയിൽ സബ് എഡിറ്റർ ട്രെയിനിയാണ്. ഞാനുമായി പരിചയം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയുമാണ്. ഇത്രയും വലിയ ക്യാൻവാസിൽ ഒരു സിനിമ ഒരുക്കുമ്പോൾ എന്നെ അറിയിക്കാനുളള മാന്യതയെങ്കിലും കാണിക്കണമായിരുന്നു– കലവൂർ രവികുമാർ പറഞ്ഞു. സിനിമയുടെ ക്രെഡിറ്റ് കാര്‍ഡില്‍ കഥ സാജിദ് യഹിയ എന്ന പേരിലാണ്.  

2005ലാണ് ഞാൻ ഈ കഥ ആദ്യം പ്രസിദ്ധികരിക്കുന്നത്. 2006ൽ പുസ്തകരൂപത്തിൽ ആദ്യത്തെ എഡിഷനും 2012ൽ രണ്ടാമത്തെ എഡിഷനും ഇറങ്ങി. മോഹൻലാൽ സിനിമകൾ കണ്ട് ആരാധികയായ ഒരു ഭാര്യ കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് കഥയുടെ ഇതിവൃത്തം. അത് എന്റെ മാത്രം ചിന്തയാണ്. ചിത്രീകരണം തുടങ്ങുന്നതിനു മുൻപേ ഞാൻ ഫെഫ്കയിൽ  ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. ഫെഫ്ക ഇതിൽ അന്വേഷണം നടത്തുകയും എന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തതാണ്. എനിക്ക് പ്രതിഫലം തരണമെന്നും കഥയുടെ അവകാശം നൽകുകയും ചെയ്യണമെന്ന് വിധിയും ഉണ്ടായതാണ്. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തി അണിയറ പ്രവർത്തകർ മുന്നോട്ടു പോയി. 

kalavoor-ravikumar-writer

അണിയപ്രവർത്തകർ ഒത്തുതീർപ്പിനായി എന്നെ സമീപിച്ചിരുന്നു. നന്ദി കലവൂർ രവികുമാർ എന്ന് സിനിമയ്ക്ക് മുൻപ് എഴുതി കാണിക്കാം എന്നാണ് പറയുന്നത്. എന്റെ കഥ മോഷ്ടിച്ചിട്ട് എനിക്കു തന്നെ നന്ദി പറയുക. നാളെ കെ.ആർ.മീരയുടെ ആരച്ചാര്‍ ‍മോഷ്ടിച്ചിട്ട് ‘നന്ദി കെആർ മീര’, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം മോഷ്ടിച്ചിട്ട് ‘നന്ദി സുഭാഷ് ചന്ദ്രൻ’ എന്ന് എഴുതി കാണിക്കുന്നത് ആശ്വാസകരമാണോ. പുതിയ തലമുറയിലെ കുട്ടികൾ കുറച്ചുകൂടി പക്വത കാണിക്കണം. എന്റെ കഥ മോഹൻലാൽ അടക്കമുളള സിനിമാപ്രവർത്തകർ വായിക്കുകയും അനുമോദിക്കുകയും ചെയ്തിട്ടുളളതാണ്. എന്റെ കുടുംബം ജീവിക്കുന്നത് അക്ഷരങ്ങൾ കൊണ്ടാണ്. എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ഞാൻ പോരാടുന്നതും കലവൂർ രവികുമാർ വികാരധീനനായി പറഞ്ഞു. 

manju-mohanlal-movie

കഥയുടെ പകർപ്പവകാശവും പ്രതിഫലവും നൽകണമെന്ന ഫെഫ്കയുടെ വിധി മാനിക്കാത്തതിനെ തുടർന്നാണ് തൃശൂർ ജില്ലാകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. പകർപ്പവകാശ നിയമനുസരിച്ചാണ് കേസ്. സിനിമയുടെ വരുമാനത്തിന്റെ 25 ശതമാനം നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ആവശ്യം. ഇൻജങ്ഷൻ ഹർജിയിൽ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് കോടതി അടിയന്തരമായി മറുപടി ആവശ്യപ്പെട്ടു. ഏപ്രിൽ അഞ്ചിന് അണിയറ പ്രവർത്തകരോട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഒത്തുതീർപ്പിനു വഴങ്ങുന്നില്ലെങ്കിൽ കടുത്ത നടപടികളിലേയ്ക്ക് നീങ്ങേണ്ടി വരും.–എനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളാണ് ഇവർ അഴിച്ചു വിടുന്നത്. ഇതിൽ എനിക്ക് പരാതിയില്ല.  അത് എന്നെ ഒരു തരത്തിലും ബാധിക്കില്ല. കലാകാരൻമാർ പരസ്പരം ബഹുമാനിക്കണം. എനിക്ക് ആരോട് വഴക്കില്ല– കലവൂർ രവികുമാർ പറഞ്ഞു.മഞ്ജു വാരിയറും ഇന്ദ്രജിത്തും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രം വിഷു റിലീസായാണ് പുറത്തിറങ്ങുന്നത്.

MORE IN SPOTLIGHT
SHOW MORE