വത്തക്ക പരാമര്‍ശത്തിന് കേസ് എടുത്തില്ലെങ്കിലല്ലേ യൂത്ത് ലീഗ് പ്രതിഷേധിക്കേണ്ടത്?

pramod-columm
SHARE

മുസ്ലിം യൂത്ത് ലീഗ് യുവാക്കളുടെ പ്രസ്ഥാനമാണ്. കേരളത്തിലെ യുവാക്കളെ വഴിതെറ്റിക്കുന്ന പ്രവണതകള്‍ക്ക് എതിരേ പ്രതികരിക്കേണ്ടവര്‍ ആണവര്‍. സ്ത്രീകള്‍ക്ക് എതിരേ നടക്കുന്ന അക്രമങ്ങള്‍ (ശാരീരികമായാലും മാനസികമായാലും പ്രവൃത്തി കൊണ്ടായാലും വാക്കുകൊണ്ടായാലും) പ്രതിരോധിക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നവര്‍. മുനവറലി തങ്ങള്‍, പി.കെ.ഫിറോസ് തുടങ്ങിയ നന്‍മയുള്ള യുവജന നേതാക്കള്‍ ഉള്ള സംഘടന. 

ജൗഹര്‍ മുനവര്‍മാരെ പിന്താങ്ങേണ്ട കാര്യം ഈ സംഘടനയ്ക്കില്ല. അതാണ് രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ഫിറോസ് പറയുകയും ചെയ്തത്. പെണ്‍കുട്ടികളുടെ ശരീരത്തിന്റെ പുറത്തുകാണുന്ന ചെറുഭാഗം മുറിച്ചുവച്ച വത്തക്കയോട് ഉപമിക്കുന്ന ഒരാളെ, അങ്ങനെ വിചാരിക്കുകയും പറയുകയും ചെയ്യുന്ന ഒരാളെ ഒരുവിധത്തിലും ന്യായീകരിക്കുന്നില്ല എന്നാണ് ഫിറോസ് പറഞ്ഞത്. അത് ഫാറൂഖ് കോളജിലെ പെണ്‍കുട്ടികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കുകയും ചെയ്തു. പക്ഷേ അങ്ങനെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് എടുത്തപ്പോള്‍ പക്ഷേ, ഇതാ, ഇരട്ടനീതിയുടെ കുരുട്ടുന്യായം പറഞ്ഞ് ഫിറോസും മുനവറലി തങ്ങളും രംഗത്തുവന്നിരിക്കുന്നു. യൂത്ത് ലീഗില്‍ നിന്നോ ഈ നേതാക്കളില്‍ നിന്നോ കേരളീയ സമൂഹം പ്രതീക്ഷിക്കുന്ന ഒന്നല്ല ഇത്. യുവജനങ്ങള്‍ പ്രത്യേകിച്ചും. ജൗഹര്‍ മുനവര്‍ക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ചതിന് 354 (എ) പ്രകാരം കേസ് എടുത്തത് – ഇത് ജാമ്യം ലഭിക്കാത്ത കുറ്റമല്ല – തെറ്റായിപ്പോയെന്ന യൂത്ത് ലീഗിന്റെ പ്രസ്താവന യുവജനങ്ങളോടുള്ള വഞ്ചനയാണ്.

pk-firoz

കാരണമുണ്ട്. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനുശേഷം രാജ്യത്ത് സ്ത്രീസുരക്ഷാ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വന്നത് യൂത്ത് ലീഗിന് അറിയാത്തതല്ലല്ലോ. നിര്‍ദോഷമെന്ന് തോന്നിക്കുന്ന നോട്ടമോ പരാമര്‍ശമോ പോലും തന്റെ വ്യക്തിത്വത്തെ അവഹേളിക്കുന്നതായി സ്ത്രീക്ക് അനുഭവപ്പെട്ടാല്‍ കേസാണ്. ഇത് ഇത്ര കര്‍ശനമാക്കിയത് രാജ്യത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും പിന്തുണയോടെയാണ്. സ്ത്രീയുടെ വ്യക്തിത്വത്തെ സംരക്ഷിക്കാന്‍ നിയമനിര്‍മാണത്തിലൂടെ ഭരണകൂടം ഒരുക്കിയിരിക്കുന്ന കവചമാണ് 354 (എ). അത് തകര്‍ക്കുന്നത് മതപ്രബോധനത്തിന്റെ വേദിയില്‍ വച്ചായാല്‍ ക്ഷമിക്കണമെന്ന് നിയമത്തിലെവിടെയുമില്ല. ഏത് മതത്തിന്റെ ആയാലും. ക്രിസ്ത്യന്‍ പുരോഹിതന്‍ ഫാദര്‍ ഷാര്‍ലോ പെണ്‍കുട്ടികളെക്കുറിച്ച് ടെലിവിഷനിലൂടെ നടത്തിയ ഹീനപരാമര്‍ശങ്ങള്‍ക്ക് എതിരേ ആയാലും കേസ് എടുക്കണം. ഇതില്‍ ഇളവും ഒഴിവും കൊടുക്കാന്‍ പാടില്ലെന്ന് മാത്രമല്ല, എല്ലാ കേസുകളും ഭാവിയിലേക്ക് ചൂണ്ടുപലക ആവുകയും വേണം. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരേ ആക്രമണം ഉണ്ടാകുമ്പോള്‍ ഉയരുന്ന വിലാപങ്ങളും മെഴുകുതിരി പ്രഭയുമല്ല നിയമത്തിന്റെ കര്‍ശനമാണ് ഇടപെടലാണ് കാലം ആവശ്യപ്പെടുന്നത്. അതിനാല്‍ കേസ് എടുത്തില്ലെങ്കിലാണ് യൂത്ത് ലീഗ് രംഗത്തിറങ്ങേണ്ടത്.

യൂത്ത് ലീഗിന്റെ പ്രസ്താവനയില്‍ അസംബന്ധമെന്ന് പറയാവുന്ന മറ്റൊരു പരാമര്‍ശം കൂടിയുണ്ട്. പിണറായി സര്‍ക്കാര്‍ നടത്തുന്ന ന്യൂനപക്ഷവേട്ടയെക്കുറിച്ചാണ് അത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരേ മാത്രമാണ് പ്രസംഗങ്ങളുടേയും മറ്റുംപേരില്‍ സര്‍ക്കാര്‍ കേസ് എടുത്തുകൊണ്ടിരിക്കുന്നത് എന്നാണ് വാദം. ശംസുദ്ദീന്‍ പാലത്തും എം.എം.അക്ബറും ജൗഹറുമെല്ലാം ഇത്തരം സമീപനത്തിന്റെ ഇരകളാണത്രേ. ഒന്നാമത്തെ കാര്യം, ശംസുദ്ദീന്‍ പാലത്തിനേയും ജൗഹറിനേയും ഒരേതട്ടില്‍ കൊണ്ടുവരുന്നത് യൂത്ത് ലീഗ് ജൗഹറിനോട് തന്നെ കാണിക്കുന്ന അനീതിയാണ്. കാരണം ശംസുദ്ദീനെതിരേ എടുത്തിട്ടുള്ള കേസ് 153 (എ) പ്രകാരമാണ്. മതവിദ്വേഷം വളര്‍ത്തിയതിന് അഞ്ചുവര്‍ഷം ശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാത്ത കുറ്റം. ജൗഹറിന്റെ കുറ്റം അത്രവലുതല്ല. 2012ല്‍ ശംസുദ്ദീനെതിരേ പെണ്‍കുട്ടിയെ പ്രണയിച്ച് പീഡിപ്പിച്ചതിന്റെ കേസ് കൂടി ഉണ്ടായിരുന്നു എന്നറിയുമ്പോള്‍ ഈ ഒന്നിച്ചാക്കല്‍ എത്രകണ്ട് ജൗഹറിന് അപകടം ചെയ്യുമെന്ന് മനസ്സിലാക്കുക. (അത് ജൗഹറിന് പെണ്‍കുട്ടികളോടുള്ള സമീപനത്തിന്റെ പ്രതിലോമ സ്വഭാവം ഒട്ടും കുറച്ചുകാണാന്‍ പ്രേരിപ്പിക്കുന്നുമില്ല. പുരുഷന്‍മാര്‍ പെണ്‍കുട്ടികളെ കാണുമ്പോള്‍ ആദ്യം ശ്രദ്ധിക്കുന്നത് മാറിടമാണെന്ന പുരുഷവിരുദ്ധ പ്രസ്താവന കൂടി ഈ വിദ്വാന്‍ ആ പ്രസംഗത്തില്‍ നടത്തുന്നുണ്ട്.) 

വിദ്വേഷപ്രസംഗം നടത്തിയ ശശികലയ്ക്കെതിരേ കേസെടുത്തില്ല, അറസ്റ്റുചെയ്തില്ല,  

മുസ്ലിം ആയതുകൊണ്ടാണ് ശംസുദ്ദീനെതിരേ കേസ് എടുത്തത് എന്നൊക്കെയാണ് ഇതിന് അനുബന്ധമായി പ്രചരിപ്പിക്കുന്നത്. ശശികലയ്ക്ക് എതിരേ കേസുണ്ട്. ഹൊസ്ദുര്‍ഗ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് വിശദ അന്വേഷണത്തിനായി കോഴിക്കോട് കസബ പൊലീസിനു കൈമാറിയിരിക്കുകയാണ്. ശംസുദ്ദീന്‍ പാലത്തിനേയും എം.എം.അക്ബറിനേയും അറസ്റ്റ് ചെയ്തു, ശശികലയെ അറ്സ്റ്റ് ചെയ്തില്ല എന്നാകും അപ്പോള്‍. അവര്‍ ഇരുവരും രാജ്യത്തിനു വെളിയില്‍ പോകാന്‍ തുനിഞ്ഞപ്പോഴാണ് അറസ്റ്റ് ഉണ്ടായത് എന്നാണ് മറുപടി. ജൗഹറിനെ അറസ്റ്റ് ചെയ്തോ, ഇല്ലല്ലോ?

രണ്ടാമത്തെ കാര്യം ശംസുദ്ദീന്‍ പാലത്തിനെതിരേ കാസര്‍കോട് പൊലീസ് റജിസ്റ്റര്‍ ചെയ്ത് കോഴിക്കോട് പൊലീസിന് കൈമാറി നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്ത കേസ് ഉല്‍ഭവിക്കുന്നത് എവിടെയാണ്? മുസ്ലിം ലീഗ് നേതാവും കേരളാ ലോയേഴ്സ് ഫോറം ഭാരവാഹിയും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ അഭിഭാഷകനുമായ അഡ്വ.സി.ഷുക്കൂര്‍ കാസര്‍കോട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്. അതായത് മുസ്ലിം ലീഗ് നേതാവിന് സഹിക്കാന്‍ കഴിയാത്ത സാമുദായിക വിദ്വേഷമാണ് പാലത്ത് പ്രസംഗിച്ചത്. മുസ്ലിം ലീഗ് നേതാവിന്റെ പരാതിയില്‍ 2016ല്‍ എടുത്ത കേസ് എങ്ങനെയാണ് യൂത്ത് ലീഗിന് 2018ല്‍ ന്യൂനപക്ഷവേട്ടയായി മാറിയത്?

ഈ രണ്ടുകാര്യങ്ങള്‍  9മണി ചര്‍ച്ചയില്‍ ചോദിച്ചപ്പോള്‍ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം നല്‍കിയ മറുപടി ഇങ്ങനെയാണ്– പി.കെ.ഫിറോസിന്റെ ഫേസ് ബുക്ക് പോസ്റ്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണ്, അഡ്വ.സി.ഷുക്കൂര്‍ പരാതി കൊടുത്തത് അദ്ദേഹത്തിന്റെ  വ്യക്തിപരമായ നിലപാടാണ്. അതായത്, യൂത്ത് ലീഗിന്റെയും മുസ്ലിംലീഗിന്റെയും നേതാക്കള്‍ വ്യക്തിപരമായി ശരിയായ നിലപാട് എടുക്കുകയും സംഘടനയ്ക്കുവേണ്ടി അതിനുനേരെ വിരുദ്ധമായ നിലപാട് എടുക്കുകയും ചെയ്യുന്നവരാണോ? എങ്കില്‍ ഒരുകാര്യം ചെയ്യാം. സംഘടന മൊത്തമായി വ്യക്തിപരമായ നിലപാട് എടുക്കട്ടെ. 

MORE IN SPOTLIGHT
SHOW MORE