കാര്യവട്ടത്തെ ‘യക്ഷി’യെ തളച്ച് വിദ്യാര്‍ഥിപ്പട; ഗൂഗിളിലെ ‘ഹൈമവതിക്കുളം’ മറയുന്നു

haimavathy-kulam
SHARE

തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലെ ‘യക്ഷി’യെ തുരത്താന്‍ വിദ്യാര്‍ഥിക്കൂട്ടം രംഗത്ത്. ഹൈമാവതിയെന്ന യക്ഷിയെ വെല്ലുവിളിച്ചാണ് കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാംപസിലെ വിദ്യാര്‍ഥികള്‍ കച്ചകെട്ടിയിറങ്ങുന്നത്. യക്ഷിയിറങ്ങുമെന്ന് പറയുന്ന അര്‍ധരാത്രി സമയത്ത്, യക്ഷിയുടെ വാസകേന്ദ്രമായ കുളത്തിന് ചുറ്റും കൂടിയിരുന്നാണ് വിദ്യാര്‍ഥികള്‍ യക്ഷിയെന്ന അന്ധവിശ്വാസത്തെ ചോദ്യം ചെയ്യുന്നത്. യക്ഷിയുടെയും അപസര്‍പ്പക കഥകളുടെയും കേന്ദ്രമായ ഹൈമാവതിക്കുളത്തെ ഇനി ആര്‍ക്കും എപ്പോഴും ചെന്നിരിക്കാവുന്ന വിശ്രമ കേന്ദ്രമാക്കി മാറ്റാനും ക്യാംപസിനൊന്നടങ്കം വെള്ളമെത്തിക്കാനുള്ള ജലസേചന കുളമാക്കി മാറ്റാനും തീരുമാനിച്ചു കഴിഞ്ഞു. 

ഹൈമാവതി യക്ഷിയായ കഥ

ഹൈമാവതി ജീവിച്ചിരുന്നോ ഇല്ലയോ എന്ന് ഉറപ്പില്ല. എങ്കിലും ഹൈമാവതി യക്ഷിയായി മാറിയെന്ന് വിശദീകരിക്കുന്ന ഒട്ടേറെ കഥകളുണ്ട്. കാര്യവട്ടം ക്യാംപസിലെ ഒരു ഗവേഷക വിദ്യാര്‍ഥിയായിരുന്നു ഹൈമാവതി. ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന അതിസുന്ദരി. പഠനകാലത്ത് താഴ്ന്ന ജാതിയില്‍പെട്ട യുവാവുമായി പ്രണയത്തിലായി. പ്രണയം വീട്ടിലറിഞ്ഞു. വീട്ടുകാര്‍ എതിര്‍ത്തു. ഹൈമാവതി പ്രണയത്തില്‍ ഉറച്ചു നിന്നു. വാശികേറിയ വീട്ടുകാര്‍ കാമുകനെ തല്ലിക്കൊന്നു. വിഷമം സഹിക്കാതെ ഹൈമാവതി കുളത്തില്‍ ചാടി മരിച്ചു. കാര്യവട്ടം ക്യാംപസിലെ അക്വേഷ്യാ കാടിനുള്ളിലാണ് ഈ കുളം. ഹൈമാവതി ചാടി മരിച്ചെന്ന വിശ്വാസത്തില്‍ കുളത്തിന്റെ പേര് ഹൈമാവതി കുളമെന്നായി. പിന്നീട് പല പല യക്ഷിക്കഥകള്‍ പിറന്ന് തുടങ്ങി. 

ഒറ്റയ്ക്ക് നടക്കരുത്, ഹൈമാവതി പിടിക്കും

തിങ്ങിനിറഞ്ഞ അക്വേഷ്യാ കാട്... പാമ്പുകളുടെ വാസസ്ഥലമായ അടിക്കാടുകള്‍... ഇതിനിടയിലാണ് ഹൈമാവതിക്കുളം. കുളത്തിന്റെ അടുത്തേക്ക് പോകരുതെന്നാണ് ക്യാംപസിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പതിറ്റാണ്ടുകളായി ആദ്യം കിട്ടുന്ന ഉപദേശം. വിശ്വസിപ്പിക്കാന്‍ പലവിധ അപസര്‍പ്പക കഥകളും. രാത്രിയില്‍ ഹൈമാവതിയിറങ്ങും. കാമുകനെ തേടി കാട്ടിലൂടെ നടക്കും. അതിന്റെ ലക്ഷണമാണ് കുളത്തിന് ചുറ്റും ശക്തമായി വീശുന്ന കാറ്റ്. കുളത്തിന് അടുത്തെത്തിയാല്‍ പലവിധ ശബ്ദം കേള്‍ക്കാം. നിലാവുള്ള ദിവസങ്ങളില്‍ കുളത്തിന്റെ അടിത്തട്ടില്‍ ഹൈമാവതിയുടെ രൂപം കാണാം. ഇങ്ങിനെ കഥകള്‍ പലത് പിറന്നു. തലമുറകള്‍ മാറിമാറി പറഞ്ഞ് തീവ്രത കൂടി. രാജ്യത്തെ നിഗൂഢമായ സ്ഥലങ്ങളെന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ ആദ്യം കിട്ടുന്ന പേരുകളിലൊന്നായി കാര്യവട്ടം ക്യാംപസ് മാറി. 

haimavathy3

ഹൈമാവതിയ്ക്ക് പിന്നില്‍ സാമൂഹ്യവിരുദ്ധര്‍

ഹൈമാവതിയെന്ന യക്ഷിയെ സൃഷ്ടിച്ച് പേടിപ്പെടുത്തുന്ന കഥകള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ മദ്യപാനികളും ലഹരിക്കച്ചവടക്കാരും അടങ്ങുന്ന സമാഹ്യവിരുദ്ധരാണെന്നതാണ് യാഥാര്‍ത്ഥ്യം. ക്യാംപസിലെ ഈ പ്രദേശത്തേക്ക് ആരെയും കടത്തിവിടാതെ അവരുടെ േകന്ദ്രമാക്കി മാറ്റുകയായിരുന്നു ലക്ഷ്യം. പുതുതലമുറ അത് തിരിച്ചറിഞ്ഞിരിക്കുകയാണ്. എസ്.എഫ്.ഐയുടെയും ഗവേഷക യൂണിയന്റെയും നേതൃത്വത്തില്‍ ഹൈമാവതി സത്യമോ മിഥ്യയോ എന്ന ചര്‍ച്ച സംഘടിപ്പിച്ചു. വെറുതേ ഏതെങ്കിലും ഓഡിറ്റോറിയത്തില്‍ ഇരുന്നായിരുന്നില്ല. ഹൈമാവതിക്കുളത്തിന് സമീപം, രാത്രി 12 മണിക്ക് ശേഷം വിദ്യാര്‍ഥികള്‍ ഒത്തുകൂടി. വിവിധ രംഗങ്ങളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ശാസ്ത്രീയമായി തന്നെ ഹൈമാവതി ഒരു കെട്ടുകഥയാണെന്ന് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തി.

ഹൈമാവതിക്കുളം ഇനി വിശ്രമകേന്ദ്രം 

ഹൈമാവതികുളത്തെ നവീകരിച്ച്, വശങ്ങളില്‍ ഔഷധച്ചെടികള്‍ നട്ടുപിടിപ്പിച്ച്, ഇരിപ്പിടങ്ങളൊരുക്കി ഒരു പാര്‍ക്കാക്കി മാറ്റാനാണ് തീരുമാനം. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇതിനായി 15 ലക്ഷം രൂപ അനുവദിച്ചു. കൂടാതെ ക്യാംപസിന് ആവശ്യമായ കുടിവെള്ളം നല്‍കാനുള്ള ജലസേചന പദ്ധതിയും ഇവിടെ തുടങ്ങും. അങ്ങിനെ ഹൈമാവതിയെന്ന യക്ഷിക്കഥയുടെ മേല്‍ അവസാന ആണിയും അടിച്ച് തളയ്ക്കുകയാണ് വിദ്യാര്‍ഥിക്കൂട്ടം.

haimavathy1
MORE IN SPOTLIGHT
SHOW MORE