ജീവിതം കൈവിട്ടപ്പോള്‍ മധുരപ്രതികാരം; ഐടി വിട്ട് കഴുതപ്പാലിലൂടെ നേട്ടം കൊയ്ത എബിയുടെ കഥ

aby-baby-donkeyfarm
SHARE

ഐടി മേഖലയുടെ സുവർണ്ണകാലത്ത് ഐടി ഹബ്ബായ ബാംഗ്ലൂരിൽ ഉയർന്ന ശമ്പളത്തിലും പദവിയിലും ജോലി ചെയ്തിരുന്ന എബി.  മുഴുവന്‍ പേര് എറണാകുളം ജില്ലയിലെ രാമമംഗലം എബി ബേബി. ജോലി ചെയ്യുമ്പോഴും മനസ്സ് നിറയെ സ്വപ്നങ്ങളായിരുന്നു എബിക്ക്. തികച്ചും വ്യത്യസ്തമായ, ആരും ചെയ്യാത്ത എന്തെങ്കിലും ഒരു ബിസിനസ് സംരംഭം തുടങ്ങണമെന്ന സ്വപ്നം. സ്വപ്നങ്ങളുമായി മുന്നോട്ട് പോകവേ അപ്രതീക്ഷിതമായി വ്യക്തിപരമായ ജീവിതത്തിൽ ഒരു വലിയ തകർച്ച നേരിടേണ്ടി വന്നു എബിക്ക്. ആ തകർച്ച നൽകിയ ഉൾകാഴ്ച്ച എബിയെ കൊണ്ടെത്തിച്ചത് വ്യത്യസ്തമായ ഒരു ബിസിനസിലേക്കാണ്‌. ആരും ചെയ്യാത്ത, തീരെ പരിചിതമല്ലാത്ത ആ അഗ്രി- ബിസിനസ് സംരംഭത്തെ പരിചയപ്പെടാം 

സ്വപ്നങ്ങളുടെ കുട്ടിക്കാലം

കരിയർ, ബിസിനസ്, ജീവിതം... ഇങ്ങനെ എല്ലാ കാര്യങ്ങളിലും ചെറുപ്പം തൊട്ടേ ഏറെ സ്വപ്നങ്ങൾ കണ്ടിരുന്നയാളാണ് എബി ബേബി. ഈ സ്വപ്നങ്ങളാണ് എബിയുടെ ജീവിതത്തിലെ ഓരോ ഉയർച്ചകളുടെയും കാരണവും. കാണുന്ന സ്വപനങ്ങളെ യാഥാർത്ഥ്യമാക്കുന്നതിൽ അത്രയ്ക്ക് മിടുക്കനുമായിരുന്നു എബി. അങ്ങനെ കണ്ട ഒരു സ്വപ്നമാണ് ജീവിതത്തിൽ പങ്കാളിയായി ബുദ്ധിയും കഴിവും സൗന്ദര്യവുമുള്ള ഒരു പെൺകുട്ടി വേണമെന്ന്. എബിയുടെ അന്നത്തെ ജോലിയും ജീവിത സാഹചര്യങ്ങളുമൊക്കെ ആ സ്വപ്നത്തെയും സാക്ഷാത്കരിച്ചു. മിസ് കേരള സൗന്ദര്യ മത്സരത്തിൽ ഫൈനലിസ്റ്റായ ഒരു പെൺകുട്ടി എബിയുടെ ജീവിത സഖിയായെത്തി. പക്ഷേ, സ്വപ്നം യാഥാർത്ഥ്യമായി ദിവസങ്ങൾക്കുള്ളിൽ തന്നെ നീർക്കുമിള പോലെ പൊട്ടിത്തകർന്നു ആ കടുംബ ജീവിതം. 

വിചിത്രം ഈ തിരിച്ചുവരവ്

ബുദ്ധിയും കഴിവും സൗന്ദര്യവും ഒക്കെ തേടി പോയ താൻ വിവാഹ ജീവിതത്തിൽ ചതിക്കപ്പെടുകയായിരുന്നു എന്ന യാഥാർത്ഥ്യം എബിയെ വലിയൊരു തകർച്ചയിലേക്കാണ് തള്ളിയിട്ടത്. ഏറെ സമയമെടുത്ത് തകർച്ചയിൽ നിന്ന് തിരിച്ചു കയറുമ്പോൾ ഒരു മധുര പ്രതികാരത്തിന് എബി തീരുമാനമെടുത്തിരുന്നു. ലോകത്തിന്റെ കണ്ണിൽ കഴിവും സൗന്ദര്യവും ബുദ്ധിയും ഒന്നുമില്ലാത്ത ഒന്നിനെ മാത്രമേ ഇനി ആശ്രയിക്കൂ. അതിലൂടെ പടുത്തുയർത്തും വീണ്ടും തന്റെ സ്വപ്നങ്ങൾ. അക്കാലത്ത് പ്രാർത്ഥനയും ബൈബിൾ വായനയും ആയിരുന്നു എബിയുടെ ആശ്വാസം.

ബൈബിളിലൂടെ പുതിയ ലോകത്തേക്ക്

ബൈബിളിലെ ജോബിന്റെ പുസ്തകത്തിലെ വാചകങ്ങൾ എബിയെ ഇരുത്തി ചിന്തിപ്പിച്ചു. ദാരിദ്രത്തിൽ നിന്ന് വീണ്ടും ജോബിനെ സമ്പന്നനാക്കി അനുഗ്രഹിച്ചപ്പോൾ നൽകിയ മൃഗങ്ങളുടെ കൂട്ടത്തിൽ എന്തിനായിരുന്നു 1000 പെൺകഴുതകളെ തന്നെ നൽകിയത..? ഭാരം ചുമക്കാനാണെങ്കിൽ ആൺ കഴുതകളാണ് മെച്ചം. അപ്പോൾ പാലിനു വേണ്ടിയായിരിക്കും പെൺകഴുതകളെ ഇത്രയധികം നൽകിയത്. തന്നെയുമല്ല ബൈബിളിൽ തന്നെ നിരവധി ഭാഗങ്ങളിൽ കഴുതയെ പല ദൈവിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതായും കാണാം. ബൈബിളിൽ നിന്ന് തുടങ്ങിയ ചിന്തകൾ ചരിത്രാതീത കാലം മുതലുള്ള കഴുതയുടെ പ്രാധാന്യത്തെ കുറിച്ച് എബിക്ക് കൂടുതൽ ഉൾകാഴ്ച്ച നൽകി. 

ഈജിപ്തിലെ രാഞ്ജിയായിരുന്ന ക്ലിയോപാട്ര തന്റെ സൗന്ദര്യവും യൗവ്വനവും നിലനിർത്താനായി 700 കഴുതകളുടെ പാലിലാണ് നിത്യവും കുളിച്ചിരുന്നത്. റോമാ ചക്രവർത്തിയായിരുന്ന നീറോയുടെ രണ്ടാം ഭാര്യ സാബിനയും നെപ്പോളിയൻ ബോണാപ്പാർട്ടിന്റെ സഹോദരി പൗളിനുമെല്ലാം സൗന്ദര്യം നിലനിർത്താനും ചർമ്മ സംരക്ഷണത്തിനും കഴുതപ്പാലിനെ ആശ്രയിച്ചിരുന്നതായി ചരിത്രം പറയുന്നു. 

യൂറോപ്യൻ രാജ്യങ്ങളിൽ കഴുത ഫാമും കഴുത പാലുൽപ്പന്നങ്ങളും വളരെ സാധാരണമാണ്. കഴുതപ്പാൽ കൊണ്ടുള്ള ചീസിന്റെ വില കേട്ടാൽ കണ്ണ് തള്ളും. നമ്മുടെ രാജ്യത്ത് കഴുതകളെ, ഏറ്റവുമധികം ഉപയോഗിച്ചിരുന്നത് വിഴുപ്പുഭാണ്ഡം ചുമക്കാനായി തുണി അലക്കുകാരായിരുന്നു. കർണ്ണാടകത്തിലും തമിഴ് നാട്ടിലുള്ള ഡോബികൾ ഈ തൊഴിലിൽ നിന്ന് മാറി കഴുതകളെ കറന്ന് പാൽ കൊടുത്ത് ലിറ്ററിന് 6000 രൂപ വരെ സമ്പാദിക്കുന്നതായി കുറച്ചു കാലം മുൻപ് ദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു.

കഴുതപ്പാലിന്‍റെ നന്മകള്‍

കഴുതപ്പാലിന്റെ പോഷക ഗുണങ്ങളും, ശരീരസൗന്ദര്യം വർദ്ധിപ്പിക്കാനും ചർമ്മ സംരക്ഷണത്തിനുമുള്ള കഴുതപ്പാലിന്റെ കഴിവും ബി.സി 4000 വർഷങ്ങൾക്ക് മുന്‍പുപോലും മനുഷ്യൻ തിരിച്ചറിഞ്ഞിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ആളുകൾ കഴുതപ്പാലിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞ് പല വിധത്തിലും ഉപയോഗിക്കുന്നു. അന്വേഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും എബി അറിഞ്ഞത് കൃഷിയുടെ ലോകത്തെ ഒരു വലിയ ബിസിനസ് സാധ്യതതയായിരുന്നു. ഒരുപാട് സാധ്യതകളുണ്ടായിട്ടും ഇന്ത്യയിൽ ആരും ഇത് ഒരവസരമാക്കുന്നില്ല എന്നത് എബിക്ക് അൽഭുതമായിരുന്നു. എബിയുടെ ഉള്ളിലെ വ്യത്യസ്തതക്കു വേണ്ടിയുള്ള അന്വേഷണവും ഒപ്പം പഴയ മധുരപ്രതികാരവും ഒന്നിച്ചെത്തിയ സമയം. 

ബുദ്ധിയും കഴിവും സൗന്ദര്യവുമില്ലാത്ത ലോകത്തിന്റെ മുന്‍പില്‍ അപമാനത്തിന്റെയും ഇകഴ്ത്തലിന്റെയും അവഹേളനത്തിന്റെയും പ്രതിരൂപമായ കഴുതയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കാൻ ഒട്ടും ആശങ്കകളില്ലാതെ എബി തീരുമാനമെടുത്തു. കഴുതപ്പാലും പാലിന്റെ ഉൽപ്പന്നങ്ങളും തേടിയെത്തുന്ന, ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ആവശ്യക്കാരെ അദ്ദേഹം സ്വപ്നം കണ്ടു. സ്വപ്നം യാഥാർത്ഥ്യമാക്കാനായി ഇറങ്ങിത്തിരിച്ചു ഈ ചെറുപ്പക്കാരൻ. ലക്ഷണമൊത്ത കഴുതകളെ തേടി തമിഴ്‌നാട്ടിലും കർണാടകയിലും ആന്ധ്രയിലുമൊക്കെ ഏറെ അലഞ്ഞു എബി. വിവിധ സ്ഥലങ്ങളിൽ നിന്ന് ശരാശരി 25,000 രൂപ നിരക്കിൽ 30 പെൺ കഴുതകളെയും ഒരു ആൺ കഴുതയെയും വാങ്ങി.

വീണ്ടും പരിഹാസങ്ങള്‍, പക്ഷേ

ഐടി കമ്പനിയിൽ മികച്ച ജോലിയിലിരുന്ന മകൻ ഒരു സുപ്രഭാതത്തിൽ കഴുതയെ വളർത്താനുള്ള തീരുമാനമെടുത്തിറങ്ങിയപ്പോൾ വീട്ടിലെ ഏക കൂട്ടായ അമ്മ തകർന്നുപോയി. അവസാനം മകന്റെ ഇഷ്ടത്തിനൊപ്പം നിന്നപ്പോഴും താങ്ങാനാവുന്ന അതിനുമപ്പുറമായിരുന്നു ചുറ്റുമുള്ളവരുടെ പരിഹാസങ്ങൾ. കഴുതയുടെ അത്ര പോലും ബുദ്ധിയില്ലാത്തവൻ... ഇവൻ എന്തൊരു കഴുതയാണ്..? ഇങ്ങനെ പരസ്യമായും രഹസ്യമായുമുള്ള പരിഹാസങ്ങൾക്കും ഒട്ടും കുറവുണ്ടായില്ല. പ്രതിസന്ധികൾ മല പോലെ ഉയർന്നു തന്നെ നിന്നു. മുന്നിൽ കണ്ടു പഠിക്കാനോ മാതൃകയാക്കാനോ ഇന്ത്യയിലെങ്ങും ഒരു കഴുത ഫാമില്ല. പരിപാലിച്ച് വളർത്താൻ അറിയുന്നവർ ആരും കൂടെയില്ല. തീറ്റയുടെ രീതികൾ, വളർത്തേണ്ട വിധം, അസുഖങ്ങൾ വന്നാൽ തിരിച്ചറിയാനുള്ള മാർഗങ്ങൾ, പ്രതിവിധികൾ, കഴുതയുടെ ശരീരത്തിന്റെ പ്രത്യേകതകൾ... ഇതൊന്നും എബിക്ക് അറിയുമായിരുന്നില്ല. പഠിച്ച കംപ്യൂട്ടർ സയൻസിനു കഴുത വളർത്തലുമായി ഒരു ബന്ധവുമില്ല. കീബോർഡും മൗസും പിടിച്ചു മാത്രം ശീലിച്ച കൈകൾക്ക് വഴങ്ങുമായിരുന്നില്ല കഴുതയുടെ കറവ. കഴുത ചിലപ്പോൾ കടിക്കും, തൊഴിക്കും, ചിലപ്പോൾ കുതിച്ചു ചാടും... തുടക്കകാലത്ത് ഫാമിൽ ജോലിക്ക് നിർത്തിയ അന്യസംസ്ഥാന തൊഴിലാളികൾ എല്ലാം ഇട്ടിട്ടു പോയി. ഫാം തുടങ്ങി കുറച്ചു നാളുകൾക്കകം തന്നെ അനാപ്ലാസ്മോസിസ് രോഗം ബാധിച്ച് പതിനഞ്ചോളം കഴുതകൾ ഒരുമിച്ച് ചത്തുപോയി. മുൻപരിചയമില്ലാത്ത ഒരു മേഖലയിലേക്ക് ആദ്യമായിറങ്ങുന്ന ഏതൊരാളും തകർന്ന് പോകാനും സംരഭം ഉപേക്ഷിക്കാനും ഇതൊക്കെ ധാരാളം മതിയായിരുന്നു. പക്ഷേ പിൻമാറാൻ തയ്യാറല്ലായിരുന്നു എബി. ഇങ്ങനെ തുടക്കത്തിന്റെ ബാലാരിഷ്ടതകളും കഷ്ടപ്പാടുകളും ഏറെയുണ്ടായിരുന്നു ‘ഡോൾഫിൻ ഐബിഎ ഡോങ്കി ഫാം’ എന്ന ഇന്ത്യയിലെ ആദ്യത്തെ കഴുത ഫാമിന്.

മണ്ടത്തരങ്ങളും ബുദ്ധിമോശവും നമ്മുടെ കൂടെയുള്ളവർ കാണിക്കുമ്പോൾ നമ്മൾ അറിയാതെ കളിയാക്കി വിളിക്കും, കഴുതേ... എന്ന്. എന്നാൽ ഈ കഴുതകൾ അത്ര ബുദ്ധിയില്ലാത്ത മൃഗമൊന്നുമല്ലെന്നാണ് എബി പറയുന്നത്. കഴുതകൾക്ക് അതിന്റെ യജമാനനെ നന്നായി തിരിച്ചറിയാം. ഒരു വഴിയിലൂടെ കിലോമീറ്ററുകൾ നടന്നാലും തിരിച്ച് വരുമ്പോൾ അതേവഴിയിലൂടെ ഒരു വഴിയും തെറ്റാതെ കൃത്യമായി പോന്ന സ്ഥലത്ത് തിരിച്ചെത്തും കഴുതകൾ. ഓരോ കഴുതകളുടെയും പ്രകൃതമറിഞ്ഞ് കഴുതകളെ ഇണക്കിയെടുത്താൽ അവ മെരുങ്ങും. ഫാം നടത്തിപ്പ് ബുദ്ധിമുട്ടില്ലാതെ കൊണ്ടു നടക്കാൻ ഈ ഒരു തിരിച്ചറിവ് എബിയെ ഏറെ സഹായിച്ചു.

വിജയവഴിയില്‍

മുൻപ് റബ്ബർ തോട്ടമായിരുന്ന കുന്നിൻ ചെരുവായ രണ്ടേക്കർ സ്ഥലത്താണ് ഡോൾഫിൻ ഐബിഎ ഡോങ്കി ഫാം തുടങ്ങിയത്. പറമ്പിനു നടുവിൽ ജി.ഐ പൈപ്പുകളിൽ ഷീറ്റു മേഞ്ഞു നിർമിച്ച, സൈഡ് ഭിത്തികളില്ലാത്ത കൂട്ടിൽ കയറും മൂക്കുകയറുമില്ലാതെ സ്വതന്ത്രരായാണ് കഴുതകൾ വളരുന്നത്. രണ്ടേക്കറിന്റെ അതിരിന് ചുറ്റുമായി ജി.ഐ പെപ്പ് കൊണ്ട് അതിർവേലി ഇട്ടിരിക്കുന്നു. ഈ കോമ്പൗണ്ടിനുള്ളിൽ ഇടയ്ക്ക് ഇവയെ കൂട് തുറന്ന് അഴിച്ചുവിടും. ചാട്ടവും ഓട്ടവും കളിയുമൊക്കെ കഴിഞ്ഞ് കൃത്യമായി തന്നെ കൂട്ടിൽ കയറുകയും ചെയ്യും.

കഴുതയുടെ ആഹാര കാര്യങ്ങളിലും ഏറെ ശ്രദ്ധ ആവശ്യമുണ്ട്. ഒരു പകൽ മുഴുവൻ തിന്നാലും വിശപ്പ് തീരാത്ത പോലെ തിന്നുകൊണ്ടിരിക്കും ഇവ. പ്രധാന ആഹാരം തീറ്റപുല്ലാണ്. ഇതിനു വേണ്ടി രണ്ടേക്കറിന്റെ ഭൂരിഭാഗം സ്ഥലത്തും തീറ്റപ്പുല്ലിന്റെ കൃഷിയാണ്. പുല്ലിന്റെ വളർച്ച ആവശ്യാനുസരണം ലഭിക്കാൻ സ്പ്രിംഗളർ ഉപയോഗിച്ചു നനക്കുന്നുണ്ട്. അരിഞ്ഞെടുക്കുന്ന പുല്ല് മെഷീനുപയോഗിച്ച്  ചെറിയ കഷണങ്ങളാക്കിയാണ് കഴുതക്കു നൽകുന്നത്. നീളമുള്ള പുല്ല് കഴുതയുടെ വയറ്റിൽ കുടുങ്ങി കിടന്ന് ദഹനപ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ടെന്നതുകൊണ്ടാണ് ചെറുതാക്കി മാറ്റുന്നത്. ഇത് വളരെ സമയമെടുത്തേ കഴുതക്ക് തിന്ന് തീർക്കാനാവൂ. ദഹനപ്രകിയയും സുഖമായി നടക്കും . പച്ചപ്പുല്ലിനു പുറമേ ഗോതമ്പ്, തവിട്, അരിത്തവിട്, ചോളത്തവിട് എന്നിവ ചേർത്ത് സമീകൃതാഹരവു നൽകും.

പാൽ ചുരത്തുന്ന പശു അടക്കമുള്ള മറ്റു മൃഗങ്ങളെപ്പോലെ ഭക്ഷണം കഴിച്ച ശേഷം അയവെട്ടുന്ന പ്രകൃതം കഴുതയ്ക്കില്ല. പശുവിനും മറ്റും ഉദരത്തിൽ ദഹനപ്രകിയക്ക് 4 അറകളുള്ളപ്പോൾ മനുഷ്യനെ പോലെ മോണാ ഗ്യാസ്ട്രിക്ക് അഥവാ ദഹനത്തിനായി ഒറ്റ അറ മാത്രമുള്ള മൃഗമാണ് കഴുത. 90 അടിയോളം നീളമുണ്ടത്രേ കഴുതയുടെ കുടലുകൾക്ക്. ഈ പ്രത്യേകതകളൊക്കെയാണ് കഴുതപ്പാലിനെ സ്ത്രീകളുടെ മുലപ്പാലിനൊപ്പമോ അതിലേറെയോ പോഷക ഗുണമുള്ളതാക്കി മാറ്റുന്നത്.  കഴിക്കുന്നതിനനുസരിച്ച് വെള്ളവും കഴുതക്ക് ആവശ്യമുണ്ട്. അതുകൊണ്ട് കൂട്ടിനുള്ളിൽ തന്നെ മുഴുവൻ സമയവും വെള്ളം നിറച്ചുവച്ചിരിക്കും.

aby-farm

ചിട്ടകള്‍, പ്രത്യേകതകള്‍

30 മുതൽ 40 വയസ് വരെയാണ് ആരോഗ്യമുള്ള കഴുതകളുടെ ആയുർദൈർഘ്യം. 3 വയസ് പ്രായമാകുമ്പോഴാണ് പെൺകഴുത ഗർഭധാരണത്തിന് പാകമാക്കുന്നത്.  കൃത്രിമ പ്രജനന രീതി കഴുതയുടെ കാര്യത്തിൽ നിലവിൽ ഇവിടെ ആയിട്ടില്ല. 13 മാസമാണ് കഴുതയുടെ ഗർഭകാലം. പ്രസവം കഴിഞ്ഞ് 2 മാസങ്ങൾക്കു ശേഷം കറന്നുതുടങ്ങുന്നതാണ് നല്ലത്. പിറന്നു വീഴുന്ന കഴുത കുട്ടിക്ക് പാൽ നല്ലതുപോലെ ലഭിച്ചില്ലെങ്കിൽ അവയുടെ അതിജീവന സാധ്യത കുറയും. കുഞ്ഞിന്റെ ആരോഗ്യം നോക്കിയാണ് പാൽ കറക്കുക. 200 മില്ലി ലിറ്റർ മുതൽ 400 മില്ലി ലീറ്റർ പാൽ ആണ് ഒരു കഴുതയിൽ നിന്ന് കറക്കുമ്പോൾ ലഭിക്കുക. ഉള്ള പാലിന്റെ പകുതിയെങ്കിലും കുട്ടിക്കു നൽകണം. എല്ലാ ദിവസവും കറവയുണ്ടാകില്ല. കഴുതയുടെയും കുഞ്ഞിന്റെയും ആരോഗ്യം നോക്കി രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഒരു നേരം മാത്രമെ കറക്കാൻ പാടുള്ളൂ.

ഉല്‍പന്നങ്ങള്‍ പിറക്കുന്നു

കഴുതയുടെ പാലിന്റെ വിപണനത്തേക്കാൾ എബി കൂടുതൽ ശ്രദ്ധിക്കുന്നത് പാലുപയോഗിച്ച് നിർമിക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങളിലേക്കാണ്. രാജ്യത്തിനു പുറത്തു പോലും വിപണി കണ്ടെത്തിക്കഴിഞ്ഞ കഴുതയുടെ പാലുൽപ്പന്നങ്ങളെ കുറിച്ചറിയാം ഇനി. കഴുതപ്പാൽ വളരെ അത്യാവശ്യക്കാർക്ക് മാത്രമെ‌േ എബി നൽകാറുള്ളൂ. 30 മില്ലി പാലിന് 350 രൂപയാണ് വില. കറന്നെടുക്കുന്ന പാൽ കുപ്പിയിലാക്കി ഫ്രീസറിൽ സൂക്ഷിച്ചു വക്കും. 6 ലിറ്റർ പാൽ ലഭിച്ചു കഴിയുമ്പോൾ പാലിനെ ഫ്രീസ് ഡ്രൈ ചെയ്ത് പൗഡറാക്കി മാറ്റും. 6 ലിറ്റർ പാൽ പൗഡറാക്കി മാറ്റുമ്പോൾ 180 ഗ്രാം മുതൽ 300 ഗ്രാം വരെ പൗഡറാണ് പാലിന്റെ കൊഴുപ്പനുസരിച്ച് ലഭിക്കൂ. ഫ്രീസ് ഡ്രൈ ചെയ്യുന്നതും വളരെ ചിലവേറിയ കാര്യമാണ്. ഇതുകൊണ്ടാണ് കഴുതപ്പാലിൽ നിന്ന് ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്ക് വളരെ ചിലവേറുന്നതും.

കഴുതപ്പാൽ ഉപയോഗിച്ച് നിലവിൽ 10 ഉൽപ്പന്നങ്ങൾ എബി ഉണ്ടാക്കിയെടുക്കുന്നുണ്ട്. ചർമ്മ സംരക്ഷണത്തിനും ശരീരസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനുമുള്ള ഉൽപ്പങ്ങളാണ് നിർമിക്കുന്നത്. പേയ്സ്റ്റ് രൂപത്തിലുള്ള ഉൽപന്നങ്ങൾ പ്രത്യേകതരം ബോട്ടിലുകളിലാക്കി ബ്രാൻഡ് ചെയ്താണ് വിപണനം . Fairness cream, SKin cream, Firmness cream, illuminate cream, Facial kit തുടങ്ങി മുഖകാന്തി വർദ്ധിപ്പിക്കാനും ശരീരത്തിൽ ചുളിവുകൾ വന്ന് പ്രായമാകുന്നത് തടയാനും ഒക്കെ സഹായിക്കുന്ന ക്രീമുകളാണ് ഉൽപാദിപ്പിക്കുന്നത് . 

ദേശാതിരുകള്‍ താണ്ടുന്ന വിജയം

കഴുതപ്പാലിനോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്രകൃതിദത്തമായ പല ചേരുവകളും ചേർത്താണ് ഇത്തരം ക്രീമുകളുടെ നിർമാണം. വളരെ കുറഞ്ഞ അളവിൽ മാത്രം ലഭിക്കുന്ന കഴുത പാലും ഇതിന്റെ ഫ്രീസ് ഡ്രൈ പ്രോസസും ഒപ്പം ഇത്തരം പ്രകൃതിദത്ത വസ്തുക്കളും കൂടിയാവുമ്പോൾ ഉൽപ്പന്നങ്ങൾക്ക് 950 രൂപ മുതൽ 3000 രൂപ വരെ വിലയെത്തും. തീർന്നില്ല, കഴുതപ്പാലിന്റെ ഗുണങ്ങൾ. ചർമ്മത്തെ ബാധിക്കുന്ന പലതരം അസുഖങ്ങൾക്കു പോലും സൗഖ്യം തരും കഴുതപാൽ ഉൽപ്പന്നങൾ. താരനും ശരീരത്തിൽ വരുന്ന ഫംഗൽ രോഗങ്ങൾക്കും സോറിയാസിസിനും എന്തിനേറെ കൊതുകു കടിച്ചുണ്ടാകുന്ന ചൊറിച്ചിലിനു പോലും കഴുത പാലുകൊണ്ടുള്ള ക്രീമുകൾ ഫലപ്രദമാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. 

വർഷങ്ങളോളം ശരീരം ചൊറിഞ്ഞ് പൊട്ടിയ അവസ്ഥയിലുള്ളവർ ഒരു മാസത്തോളം ക്രീം പുരട്ടിയപ്പോൾ തന്നെ അസുഖം ഏതാണ്ട് പൂർണമായി മാറിയ അവസ്ഥയിലേക്ക് എത്തിയതായി അനുഭവസ്ഥർ പറയുന്നു. കഠിനമായ ചൂടിലും തണുപ്പിലും ഒക്കെ ചർമ്മത്തെ പൊതിഞ്ഞു സംരക്ഷിക്കാൻ കഴുതപ്പാലിന്റെ ഉൽപ്പന്നങ്ങൾക്ക് കഴിയുമെന്നത് കൊണ്ടുതന്നെ വിദേശ വിപണികളിലും ഏറെ ഡിമാൻഡുണ്ട്.

ഇനിയും സ്വപ്നങ്ങള്‍

ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടത്തിൽ ഒരു നിയോഗം പോലെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന കഴുതകളെ കുറിച്ചും ഫാമിനെ കുറിച്ചും സ്വപ്നങ്ങളേറയുണ്ട് എബിക്ക്. ഫാം വലുതാക്കണം. കഴുത വളർത്തൽ പ്രോൽസാഹിപ്പിക്കപ്പെടണം. നല്ലൊരു റിസേർച്ച് ആന്‍ഡ് ഡെവലപ്മെന്റ് വിങ്ങ് തുടങ്ങണം. കഴുതപ്പാലിൽ നിന്ന് നിർമിക്കാവുന്ന ഭക്ഷണ വസ്തുക്കൾ, സൗന്ദര്യവർധക വസ്തുക്കൾ, ചർമരോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിങ്ങനെ കൂടുതൽ ഉൽപ്പന്ന വൈവിധ്യങ്ങൾ കണ്ടെത്തണം. അവ ആഗോള വിപണിയിലേക്ക് എത്തിക്കണം. ഇങ്ങനെ വിശദമായ പ്ലാനും പദ്ധതിയുമൊക്കെ മനസിലുണ്ട് എബിക്ക്.

സ്വപ്നങ്ങളാണ് എബിയുടെ ജീവിതത്തിൽ എന്നും കൂടെ ഉണ്ടായിരുന്നത്. ആ സ്വപ്നങ്ങളാണ് വ്യത്യസ്തമായ വഴികളിലൂടെ നടക്കാൻ എബിയെ പ്രേരിപ്പിച്ചത്. അതേ സ്വപ്നങ്ങൾ തന്നെയാണ് ഇന്ന് വിജയത്തിന്റെ പടവുകളിൽ എബിയെ ഉയർത്തിനിർത്തുന്നതും, നാളേക്ക് വീണ്ടും വീണ്ടും സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നതും. 

ഡോൾഫിൻ ഐബിഎ ഡോങ്കി ഫാമിന്റെ കൂടുതൽ വിവരങ്ങളോ കഴുതപ്പാൽ ഉൽപ്പന്നങ്ങളെ കുറിച്ചോ അറിയണമെങ്കിൽ ബന്ധപ്പെടേണ്ട വിലാസം: 

എബി ബേബി, ഡോൾഫിൻ ഐബിഎ ഡോങ്കി ഫാം, രാമമംഗലം, എറണാകുളം. www.dolphiniba.com, ഫോൺ: 9544716677. 

MORE IN SPOTLIGHT
SHOW MORE