സൗദാബീവിയുടെ നിറകണ്‍ചിരി; ഇതാ മമ്മൂട്ടിയുടെ മനം കവർന്ന ‘അമ്മക്കിളിക്കൂട്’

anwar-mammootty
SHARE

‘നല്ലയാളുകളും സാമൂഹ്യപ്രവർത്തകരും വിചാരിച്ചാൽ കേരളത്തിൽ വീടില്ലാത്തവർ ഉണ്ടാകില്ല. ഇതുപോലെ വളരെ ആർജവത്തോടെ പ്രവർത്തിക്കുന്ന പൊതുപ്രവർത്തകരുണ്ടെങ്കിൽ കേരളത്തിൽ വീടില്ലാത്തവരായി ആരുമുണ്ടാകില്ലെന്ന് ഞാൻ വിശ്വസിക്കുന്നു...’

ആലുവ അശോകപുരത്ത് കുഞ്ഞുമകളുമായി ജീവിതത്തോട് പടവെട്ടി ജീവിക്കുന്ന സൗദാബീവിക്കായി നിർമിക്കുന്ന വീടിന്‍റെ തറക്കല്ലിട്ടു കൊണ്ട് മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി പറഞ്ഞ വാക്കുകളാണിത്. കേവലം ഭംഗിവാക്കായിരുന്നില്ല മമ്മൂട്ടി പറഞ്ഞതെന്നറിയണമെങ്കിൽ ‘അമ്മക്കിളിക്കൂട്’ എന്ന പേരിൽ ആലുവയിൽ നടപ്പാക്കുന്ന ഭവനപദ്ധതിയെ കുറിച്ച് വിശദമായി തന്നെ മനസിലാക്കണം. സർക്കാർ ഫണ്ടുകളൊന്നും ഉപയോഗിക്കാതെ ഒരു ഭവനപദ്ധതി. ഫണ്ടൊത്തിരിയുണ്ടായിട്ടും സർക്കാർ വക ഭവന പദ്ധതികളങ്ങനെ ഇഴഞ്ഞു നീങ്ങുമ്പോഴാണ് ആലുവയിൽ സർക്കാർ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവാക്കാതെ സ്ഥലം എംഎൽഎയുടെ നേതൃത്വത്തിൽ  ഇത്രയധികം വീടുകൾ കഴിഞ്ഞ പതിനൊന്നുമാസം കൊണ്ട് നിർമിച്ചത്. ജനപ്രതിനിധികൾ പൊതുവിൽ ഏറ്റെടുക്കാൻ മടിക്കുന്ന ഈ സാഹസത്തെ കുറിച്ച്, തുടർച്ചയായ പന്ത്രണ്ടാം വർഷം ആലുവയെ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന അൻവർ സാദത്ത് മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

ജിഷയെന്ന നൊമ്പരം

2016 െല നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടു നിന്ന സമയത്താണ് പെരുമ്പാവൂരിലെ ജിഷയുടെ ദാരുണമായ കൊലപാതകം ഉണ്ടായത്. പൊട്ടിപ്പൊളിഞ്ഞ കെട്ടുറപ്പില്ലാത്ത വീട്ടിൽ ജിഷയ്ക്ക് അനുഭവിക്കേണ്ടി വന്ന ക്രൂരത മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തി. ജിഷയെ പോലെ ഒരുപാട് പെൺകുട്ടികൾ  സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ഭീതിയോടെ ജീവിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് അമ്മക്കിളിക്കൂട് എന്ന പദ്ധതിയിലേക്ക് നയിച്ചത്. ആലുവ മണ്ഡലത്തിൽ  നിരാശ്രയരായി ജീവിക്കുന്ന പെൺമക്കളുളള വിധവകൾക്കെങ്കിലും കയറിക്കിടക്കാൻ സുരക്ഷിതമായ ഒരു വീടൊരുക്കണം എന്ന ചിന്ത ഉണ്ടായതിന് അങ്ങിനെ ജിഷയുടെ ദാരുണാന്ത്യം നിമിത്തമായി. 

anwar-two

പിന്തുണയുമായി നല്ല മനസുകൾ‌‌

അമ്മക്കിളിക്കൂടെന്ന പേരിൽ ഭവന നിർമാണ പദ്ധതി തുടങ്ങാൻ തീരുമാനിച്ചപ്പോൾ മുന്നിൽ തടസമായത് പണമായിരുന്നു. എങ്ങിനെ പണം കണ്ടെത്തുമെന്ന ചിന്തയ്ക്കൊടുവിലാണ് നാട്ടിലെ സമ്പന്നരായ സുമനസുകളെയും വ്യാപാര സ്ഥാപനങ്ങളെയും സമീപിക്കാൻ തീരുമാനിച്ചത്. തുടക്കത്തിൽ പണം കിട്ടാൻ വല്ലാതെ ബുദ്ധിമുട്ടുണ്ടായി. പലപ്പോഴും ഇത്തരം പദ്ധതികളുടെ പേരിൽ നടന്ന തട്ടിപ്പുകളുടെ അനുഭവങ്ങളിലൂടെ കടന്നു പോയവർ കാണാൻ പോലും കൂട്ടാക്കിയില്ല. പക്ഷേ പിൻമാറാതെ ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. തുടർച്ചയായ പരിശ്രമത്തിന് ഫലം കണ്ടു. അങ്ങിനെ 2017 ഏപ്രിൽ 4ന് ശ്രീമൂലനഗരം സ്വദേശി രേഖാ സുദര്‍ശന്‍റെ വീടിന് തറക്കല്ലിട്ടുകൊണ്ട് പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങി. ചലച്ചിത്രതാരം ജയറാം തറക്കല്ലിട്ട വീടിന്‍റെ താക്കോൽ മൂന്നുമാസങ്ങൾക്കു േശഷം 2017 ജൂലായ് ഏഴിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി. ആദ്യ വീട് കൃത്യമായി പൂർത്തിയാക്കിയതോടെ സഹായങ്ങളുടെ പ്രവാഹമായി. പദ്ധതിയുടെ സുതാര്യതയെ പറ്റിയറിഞ്ഞ നല്ല മനസുളള വ്യക്തികളും സ്ഥാപനങ്ങളും പണം നൽകാൻ സന്നദ്ധരായി മുന്നോട്ടുവന്നു. 

കാത്തുസൂക്ഷിക്കുന്ന സുതാര്യത

വലിയ സാമ്പത്തിക ക്രയവിക്രയം നടക്കുന്ന പദ്ധതിയായതു കൊണ്ടുതന്നെ എല്ലാ ഘട്ടത്തിലും സുതാര്യത ഉറപ്പാക്കുക  വെല്ലുവിളിയായിരുന്നു. കണക്കിൽ കടുകിട പിഴവു വന്നാൽ പോലും  പഴി കേൾക്കേണ്ടി വരുമെന്നതിനാൽ ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ് മുതൽ താക്കോൽദാന ചടങ്ങുവരെ എല്ലാം അതീവ ജാഗ്രതയോടെയാണ് കൈകാര്യം ചെയ്തത്. സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് വയ്ക്കാൻ ത്രാണിയില്ലാത്തവർക്കായാണ് പദ്ധതി വിഭാവനം ചെയ്തത്. പൊതു അറിയിപ്പിലൂടെ ലഭിച്ച അപേക്ഷകളിൽ നിന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. രാഷ്ട്രീയ, മത, ജാതി പരിഗണനകളൊന്നും തിരഞ്ഞെടുപ്പിന് മാനദണ്ഡമായിരുന്നില്ല. ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടവരിൽ എല്ലാ വിഭാഗക്കാരുമുണ്ട്. എല്ലാ പാർട്ടിക്കാരുമുണ്ട്. പെൺകുഞ്ഞുങ്ങളുളള വിധവകൾക്കായിരുന്നു പ്രഥമ പരിഗണന. പെൺകുട്ടിയും ആൺകുട്ടിയുമുളള വിധവകളെ രണ്ടാം ഘട്ടത്തിൽ പരിഗണിച്ചു. ആൺകുട്ടികളുളള വിധവകൾക്കായുളള മൂന്നാം ഘട്ടത്തിലേക്കാണ് ഇപ്പോൾ പദ്ധതി കടക്കുന്നത്. വീട് സ്പോൺസർ ചെയ്യുന്നവർക്ക് തന്നെ കരാറുകാരനെയും തീരുമാനിക്കാമെന്നതാണ് വ്യവസ്ഥ. പണം കൈമാറുന്നത് സ്പോൺസറും കരാറുകാരനും തമ്മിൽ. ഇതോടകം 9 വീടുകളുടെ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറി. പത്താമത്തെ വീടിന്‍റെ താക്കോൽ ഈ മാസം 21ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൈമാറും. മമ്മൂട്ടി തറക്കല്ലിട്ടതടക്കം മറ്റ് പതിനഞ്ച് വീടുകളുടെ നിർമാണം ഓണത്തിനു മുമ്പ് പൂർത്തിയാക്കി താക്കോൽ നൽകും.  

anwar-mla

നിർമാണ രീതി

510 സ്ക്വയർ ഫീറ്റുളള വീടുകളാണ് നിർമിക്കുന്നത്. രണ്ട് കിടപ്പുമുറികളും ഒരു സിറ്റൗട്ടും അടുക്കളയും ബാത്്റൂമും അടങ്ങുന്ന വീടുകൾ. ഒന്നോ രണ്ടോ സെൻറ് ഭൂമി മാത്രം നിർമാണത്തിന് ലഭ്യമായ ചില വീടുകൾക്ക് 490 സ്ക്വയർ ഫീറ്റാണ് വിസ്തീർണം. വീടൊന്നിന് 6,20,000 രൂപയാണ് ചെലവ്. സ്പോൺസർക്ക് ഇഷ്ടമുളള കരാറുകാരനെ കണ്ടെത്താം എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെയുളള വീടുകളത്രയും നിർമിച്ചത് ആലങ്ങാട് സ്വദേശി ജീമോൻ എന്ന കരാറുകാരനാണ്. സാധാരണ നിലയിൽ ഏഴര ലക്ഷം രൂപ വരെ ചെലവ് വരാവുന്ന വീടുകൾ തന്‍റെ ലാഭം കുറച്ചാണ് ജീമോൻ നിർമിക്കുന്നത്. ജീമോന്‍റെ നിർമാണ രീതിയിൽ മതിപ്പ് തോന്നിയതു കൊണ്ടാണ് സ്പോൺസർമാരെല്ലാം വീടുകളുടെ നിർമാണത്തിനായി  ജീമോനെ തന്നെ നിയോഗിച്ചതും. സ്പോൺസർമാരുടെ കൂട്ടത്തിൽ ഉൾപ്പെട്ട സംസ്ഥാനത്തെ പ്രമുഖ ബിൽഡിങ് ഗ്രൂപ്പ് പോലും കരാർ ജീമോന് തന്നെ നൽകി.

രാഷ്ട്രീയ വ്യത്യാസമില്ലാതെ പിന്തുണ

കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ മികച്ച പിന്തുണയാണ് പദ്ധതിക്ക് ലഭിക്കുന്നത്. ആശയത്തെ പറ്റി പറഞ്ഞപ്പോൾ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമെല്ലാം പിന്തുണ അറിയിച്ചു. അമ്മക്കിളിക്കൂടിലെ ഒരു വീടിന്‍റെറെ നിർമാണ ചെലവ് വഹിക്കാമെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രഖ്യാപനം പദ്ധതിക്ക് ലഭിച്ച പൊതുസ്വീകാര്യതയുടെ കൂടി തെളിവായി കാണാനാണ് ഇഷ്ടം. മാധ്യമങ്ങളിലൂടെയും മറ്റും പദ്ധതിയെ കുറിച്ചറിഞ്ഞ പ്രവാസികളടക്കം ഒട്ടേറെപ്പേർ ഫോണിലൂടെയും നേരിട്ടുമെല്ലാം പിന്തുണ അറിയിക്കുന്നുണ്ട്. മറ്റ് എംഎൽഎമാരും ഇപ്പോൾ പദ്ധതിയുടെ പ്രായോഗികതയെ കുറിച്ച് അന്വേഷിച്ച് വിളിക്കുന്നുണ്ട്. ചിലരൊക്കെ നേരിട്ടെത്തി കാര്യങ്ങൾ മനസിലാക്കിയിട്ടുമുണ്ട്.

ആലുവ മോഡൽ

ഇതൊരു മാതൃകാ പദ്ധതിയാണെന്ന തരത്തിലൊക്കെ പലരും വിശേഷിപ്പിച്ചു കണ്ടു. അങ്ങിനെയുളള അവകാശവാദത്തിനൊന്നുമില്ല. അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ വിലയിരുത്തലാണ്. പക്ഷേ ഒന്നുറപ്പാണ്. അസാധ്യമായി ലോകത്ത് ഒന്നുമില്ലെന്ന പാഠമാണ് അമ്മക്കിളിക്കൂട് പൊതുപ്രവർത്തകൻ എന്ന നിലയിൽ പകർന്നു തന്നത്. അതുകൊണ്ട് തന്നെ ആത്മാർഥമായ നിരന്തര പരിശ്രമം നടത്തുന്ന ഏത് ജനപ്രതിനിധിക്കും ഈ തരത്തിലൊരു പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്ന് ഉറപ്പാണ്. അങ്ങിനെ എല്ലാവരും ഒന്നിച്ചിറങ്ങിയാൽ മമ്മൂട്ടി പറഞ്ഞതു പോലെ രണ്ടോ മൂന്നോ വർഷം കൊണ്ട് കേരളത്തിലെ മുഴുവൻ ഭവനരഹിതർക്കും കിടപ്പാടമൊരുക്കാനാകുമെന്ന് ഉറപ്പ്.

അന്‍വര്‍ സാദത്ത് എംഎല്‍എ പറ‍ഞ്ഞുനിര്‍‌ത്തുന്നു. രാഷ്ട്രീയഭേദമില്ലാതെ അശരണര്‍ക്ക് താങ്ങാകുന്ന ഈ പദ്ധതിയില്‍ കേരളത്തിലെ ജനപ്രതിനിധികള്‍ക്ക് പഠിക്കാന്‍, പകര്‍ത്താന്‍ പാഠങ്ങളുണ്ടെന്നുറപ്പ്. 

MORE IN SPOTLIGHT
SHOW MORE