നിലച്ചു, ആ വീല്‍ചെയര്‍ ചക്രങ്ങള്‍, ശാസ്ത്രവും പ്രപഞ്ചവും ആ വണ്ടിയിലെ സഹയാത്രികര്‍

hawking
SHARE

‘‘ജീവൻ തുടിക്കുന്നവരും ബുദ്ധിയുള്ളവരുമാണ് നാം. നമുക്കത് അറിഞ്ഞേ തീരൂ’’ ഭൗമേതര ജീവൻ തിരയുന്ന പുതിയ സെറ്റി (SETI-search for extra terrestrial intelligence) പ്രോജക്ടിൽ ആവേശഭരിതനായി ഇങ്ങനെ അഭിപ്രായപ്പെട്ടത് ഒരു വിഖ്യാത ശാസ്ത്രജ്ഞനാണ്. കാലത്തിന്റെ സംക്ഷിപ്ത ചരിത്രം നമുക്ക് പറഞ്ഞുതന്ന സ്റ്റീഫൻ ഹോക്കിങ് തന്നെ. ആ ശാസ്ത്രജ്ഞൻ, വീൽ ചെയറിൽ ഇരുന്നുകൊണ്ട് പ്രപഞ്ചരഹസ്യങ്ങളുടെ ചുരുൾ നിവർത്തിയിരുന്ന ആ മനുഷ്യൻ ശാസ്ത്ര ലോകത്തിനൊരു വിസ്മയമാണ്. ശാരീരികമായി വളരെ സാവധാനത്തിൽ മാത്രം ചലിക്കാൻ കഴിയുന്നതിനാൽ തനിക്ക് മനസ്സുകൊണ്ട് അതിവേഗം സഞ്ചരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ ബലം.

stephen-hawking-elaine-mason
Stephen Hawking next to his wife Elaine Mason

രോഗം തളർത്താത്ത മനസ്സ്‌

1942 ജനുവരി എട്ടിന് ഇംഗ്ളണ്ടിലെ ഓക്സ്ഫഡ‍ിലാണ് സ്റ്റീഫൻ വില്യം ഹോക്കിങ്ങിന്റെ ജനനം. പിതാവ് ഫ്രാങ് ഹോക്കിങ്. മാതാവ് ഇസബൽ. പഠനകാലത്ത് ഊർജതന്ത്രത്തിലും ഗണിതത്തിലുമായിരുന്നു ഹോക്കിങ്ങിന്റെ താൽപര്യം. ഓക്സ്ഫഡിലായിരുന്നു ഹോക്കിങ്ങിന്റെ ബിരുദപഠനം. തുടർന്ന് ഗവേഷണത്തിനായി കേംബ്രിജിലേക്ക് പോയി. ആ സമയത്താണ് പെട്ടെന്ന് കു​ഴഞ്ഞുവീഴുന്നതടക്കമുള്ള ചില ആരോഗ്യപ്രശ്നങ്ങൾ ഹോക്കിങ്ങിനെ അലട്ടാൻ തുടങ്ങിയത്. വിശദമായ വൈദ്യപരിശോധനയിൽ ഞെട്ടിപ്പിക്കുന്ന ഒരു കാര്യം വെളിപ്പെട്ടു. അമിയോട്രോപ്പിക് ലാറ്ററൽ സ്ക്ലെറോസിസ് എന്ന ഗുരുതരമായ രോഗമാണ് ഹോക്കിങ്ങിന്. വെറും രണ്ട് വർഷത്തെ ആയുസ്സുകൂടിയാണ് ഡോക്ടർമാർ അദ്ദേഹത്തിന് പ്രവചിച്ചത്. ഇരുപത്തിനാല് വയസ്സിനപ്പുറം ആ യുവാവ് ജീവിച്ചിരിക്കില്ലെന്ന വൈദ്യശാസ്ത്രത്തിന്റെ പ്രവചനം തെറ്റിയെന്നു മാത്രമല്ല സൈദ്ധാന്തിക ഭൗതികത്തിലും പ്രപഞ്ചശാസ്ത്രത്തിലും വിസ്മയങ്ങൾ വിരിയിക്കുന്ന പ്രതിഭയായി അദ്ദേഹം രോഗത്തോട് പൊരുതി മുന്നേറുകയും ചെയ്തു.

രോഗം മൂർച്ഛിച്ച് ക്രമേണ ചലന ശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട ഹോക്കിങ്ങിന്റെ ജീവിതം വീൽചെയറിലായി. കംപ്യൂട്ടറുമായി ഘടിപ്പിച്ച സ്പീച്ച് സിന്തസൈസർ വഴിയായി സംസാരം. ശരീരം തളർന്നെങ്കിലും അപാരമായ മനോബലമുണ്ടായിരുന്നു. ആ യുവാവിന്. കോംബ്രിജിലെ പഠനകാലത്ത് പരിചയപ്പെട്ട ജെയിൻ വൈൽഡിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഹോക്കിങ്ങിന്റെ രോഗാവസ്ഥ അറിഞ്ഞുകൊണ്ടു തന്നെ അദ്ദേഹത്തിന് എല്ലാ അർത്ഥത്തിലും താങ്ങും തണലുമാവാൻ ജെയിൻ തയ്യാറാവുകയായിരുന്നു.

പ്രപഞ്ചവും തമോഗർത്തങ്ങളും

കേംബ്രിജിൽ ഗവേഷണം നടത്തുന്ന സമയത്ത് മഹാസ്ഫോടന സിദ്ധാന്തമായിരുന്നു ഹോക്കിങ്ങിന്റെ ഇഷ്ട വിഷയം ഒപ്പം തമോഗർത്തങ്ങളെക്കുറിച്ചും ഏറെ പഠിച്ചു. 1960 കളിൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ റോജർ പെൻറോസ് തമോഗർത്തങ്ങളെക്കുറിച്ച് അവതരിപ്പിച്ച സിദ്ധാന്തങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധ കവർന്നിരുന്നു. അതിശക്തമായ ഗുരു ത്വാകർഷണം കാരണം പ്രകാശരശ്മിക്ക് പോലും പുറത്തുകടക്കാൻ കഴിയാത്ത സ്ഥലകാലപ്രദേശമാണ് തമോഗർത്തം എന്ന ആശയമാണ് അക്കാലത്ത് അവതരിപ്പിക്കപ്പെട്ടത്. നക്ഷത്ര പരിണാമത്തിലെ ഒരവസ്ഥയാണിത്. ഇന്ധനം തീർന്ന് ജ്വലനം നീലച്ച, സൗര ദ്രവ്യമാനത്തിന്റെ മൂന്നിരട്ടി മാസ്സുള്ള ഭീമൻ നക്ഷത്രം അതിഭീമമായ ഗുരുത്വാക ർഷണത്തിന് വിധേയമായി അമർന്ന് ചുരുങ്ങി അത്യന്തം സാന്ദ്രതയുള്ള വസ്തുവായി മാറുമ്പോഴാണ് തമോഗർത്തം രൂപം കൊള്ളുന്നത്. പെൻറോസുമായി ചേർന്ന് പ്രപഞ്ചോൽപ്പത്തി സംബന്ധിച്ച് പുതിയ ആശയങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്തു ഹോക്കിങ്. പ്രപഞ്ചാരം​ഭ സമയത്ത് പ്രപഞ്ചം പൂജ്യം വ്യാപ്തമുള്ള ഒരു ബിന്ദു പ്രപഞ്ചം ആയിരുന്നിരിക്കും എന്ന ആശയം അവർ അതതരിപ്പിച്ചു. പ്രപഞ്ചാരംഭം ഒരു സിംഗുലാരിറ്റിയിൽ നിന്നായിരിക്കാം എന്ന് ഗണിത സമവാക്യങ്ങളുടെ സഹായത്തോടെയാണ് അവർ സമർത്ഥിച്ചത്.

stephen-hawking

തമോഗർത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെ ഹോക്കിങ്ങിന്റെ പ്രശസ്തി ലോകമെങ്ങും പരന്നു. 1974 ൽ റോയൽ സൊസൈറ്റിയിൽ അംഗമായി. 1979 ൽ കേംബ്രിജ് സർവകലാശാലയിൽ അപ്ലൈഡ് മാത്തമാറ്റിക്സ് ആന്റ് ഫിസിക്സ് വിഭാഗത്തിൽ ല്യൂക്കേഷ്യൻ പ്രഫസറായി. പണ്ട് ഐസക് ന്യൂട്ടൻ വഹിച്ചുന്ന പദവിയാണിത്. ഗലീലിയോയുടെ വലിയ ആരോധകനാണ് ഹോക്കിങ്.

ഇല്ലേ തമോഗർത്തങ്ങൾ?

2004 ജൂലൈയിൽ ഡബ്ലിനിൽ ചേർന്ന രാജ്യാന്തര ഗുരുത്വാകർഷണ–പ്രപഞ്ചശാസ്ത്ര സമ്മേളനത്തിൽ സ്റ്റീഫൻ ഹോക്കിങ് അവതരിപ്പിച്ച പുതിയ സിദ്ധാന്തം ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കി. തമോഗർത്തങ്ങളെക്കുറിച്ച് (ബ്ലാക്ക് ഹോൾ) അന്നോളമുള്ള പല ധാരണകളെയും തിരുത്തിക്കുറിക്കുന്ന ഒന്നായിരുന്നു അത്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി താൻ തന്നെ ശരിയെന്നു കരുതുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന സിദ്ധാന്തങ്ങളെ തിരുത്തിക്കുറിക്കുന്ന ഒന്നായി രുന്നു അത്. ഒരു തമോഗർത്തത്തിലേക്ക് വീഴുന്ന എല്ലാ വിവരവും പുറത്തു നിൽക്കുന്ന നിരീക്ഷകന് നഷ്ടപ്പെടുന്നു എന്ന ധാരണ പൂർണമായും ശരിയല്ലെന്നാണ് അദ്ദേഹം സമർത്ഥിച്ചത്. ബ്ലാക്ക് ഹോളുകളിൽ നിന്ന് പുറത്തുവരുന്ന ഹോക്കിങ് വികിരണങ്ങളിൽ നഷ്ടപ്പെട്ടുവെന്ന് കരുതുന്ന വിവരങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് അദ്ദേഹം പ്രസ്താവിച്ചു. ഹോക്കിങ് വികിരണത്തിൽ കോഡ് ചെയ്തിരുന്ന വിവരങ്ങൾവായിച്ചെടുക്കാൻ ഇപ്പോൾ നമുക്ക് കഴിയുന്നില്ല എന്നേയുള്ളൂ എന്നും അദ്ദേഹം സമർത്ഥിച്ചു. ദൃശ്യ പ്രപഞ്ചത്തിൽ നിന്നും ശാഖകളായി പിരിയുന്ന ശികു പ്രപഞ്ചങ്ങൾ (baby universe) എന്ന ആശയവും ഹോക്കിങ് അവതരിപ്പിച്ചു. എന്നാൽ ഈയടുത്ത കാലത്ത് ബ്ലാക് ഹോളുകൾ ഇല്ലെന്നു പകരം ഗ്രേ ഹോളുകൾ ആണുള്ളതെന്നും ഉള്ള നിഗമനം അവതരിപ്പിച്ച സ്റ്റീഫൻ ഹോക്കിങ് വീണ്ടും ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു.

സമയത്തിന്റെ സംക്ഷിപ്ത ചരിത്രം

സ്റ്റീഫൻ ഹോക്കിങ്ങിന്റെ ഗവേഷണങ്ങൾ പോലെ തന്നെ അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയ ഗ്രന്ഥമാണ് A Brief History of Time– സമയത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം). ഈ വിഖ്യാത ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയത് കാൾസാഗൻ ആണ്. ഈ മഹാപ്രപഞ്ചത്തിന്റെ ഉൽപ്പത്തി എങ്ങനെയാണ്. പ്രപഞ്ചം ഇന്നത്തെ അവസ്ഥയിലായത് എങ്ങനെ, സമയം പുറകോട്ട് പായുമോ, സമയത്തിന് തുടക്കവും ഒടുക്കവും ഉണ്ടോ, പ്രപഞ്ചാരംഭ സമയത്തെ ക്രമമില്ലായ്മയിൽ നിന്ന് ക്രമം എങ്ങനെയുണ്ടായി. തമോഗർത്ത രഹസ്യങ്ങൾ, പ്രപഞ്ചത്തിന്റെ തുടക്കവും ഒടുക്കവും എങ്ങനെയായിരിക്കും എന്നിങ്ങനെയുള്ള ചോദ്യങ്ങളും അതിനുള്ള വിശദീകരണങ്ങളും ഒരേ സമയം പ്രൗഢമായും ലളിതമായും സരസമായും പ്രതിപാദിച്ചിട്ടുണ്ട് ഈ ഗ്രന്ഥത്തിൽ. പ്രപഞ്ചം സൃഷ്ടിച്ചത് ഈശ്വരനാണെങ്കിൽ പ്രപഞ്ചം സൃഷ്ടിക്കുന്ന മൂഹൂർത്തത്തിൽ ഈശ്വരന്റെ മനസ്സിലെ സങ്കൽപം എന്തായിരുന്നു തുടങ്ങിയ ചോദ്യങ്ങളും ചർച്ച ചെയ്യുന്നുണ്ട് ഇതിൽ. അദ്ദേഹത്തിന്റെ മറ്റൊരു പ്രശസ്ത ഗ്രന്ഥമാണ് The Universe in a Nutshell'. മകളായ ലൂസിയുമായി ചേർന്ന് കുട്ടികൾക്കായി അദ്ദേഹം രചിച്ച പുസ്തകമാണ് 'George's Secret Key to The Universe" ദ് ഗ്രാന്റ് ഡിസൈൻ, ബ്ലാക്ക് ഹോൾസ് ആന്റ് ബേബി യൂണിവേഴ്സ്, ഗോഡ് ക്രിയേറ്റഡ് ദ് ഇന്റിജേഴ്സ്, മൈ ബ്രീഫ് ഹിസ്റ്ററി എന്നിവയൊക്കെ അദ്ദേഹം രചിച്ച പുസ്തകങ്ങളാണ്.

stephen-hawking-scientist

ട്രാവലിങ് ടു ഇൻഫിനിറ്റി

ജെയിൻ വൈൽഡ് സ്റ്റീഫൻ ബോക്കിങ്ങിന്റെ വളർച്ചയിൽ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ആ ദാമ്പത്യത്തിൽ മൂന്നു മക്കളും പിറന്നു. എന്നാൽ ക്രമേണ പൊരുത്തക്കേടുകൾ നിറഞ്ഞതായി മാറി ആ ബന്ധം. സ്വയം ദൈവമായി അഭിനയിക്കുന്ന മനുഷ്യൻ എന്നാണ് ജെയിൻ ഹോക്കിങ്ങിനെ വിശേഷിപ്പിച്ചത്. ഒടുവിൽ ആ പൊരുത്തക്കേടുകൾ വിവാഹമോചനത്തിലെത്തി. അതിനുശേഷം എലെയ്ൻ മേസൺ എന്ന നഴ്സിനെ വിവാഹം കഴിച്ചു. ട്രാവലിങ് ടു ഇൻഫിനിറ്റി, മൈ ലൈഫ് വിത്ത് സ്റ്റീഫൻ എന്നത് ജയിൻ വൈൽഡ് രചിച്ച പുസ്തകമാണ്. ഇത് 2014 ൽ ദ് തിയറി ഓഫ് എവരിതിങ് എന്ന പേരിൽ സിനിമയായി. ജയിംസ് മാർഷ് ആണ് സംവിധാനം ചെയ്തത്.

MORE IN SPOTLIGHT
SHOW MORE