കോടതിയിലേക്കുള്ള വഴിയില്‍ ദിലീപിനൊപ്പം ‘കണ്ണുപൊത്തിക്കളി’; ഒരു രസികന്‍ യാത്രാനുഭവം..!

dileep-court
SHARE

നിറയെ ‘സ‌സ്പെന്‍സുകളും ട്വിസ്റ്റുകളു’മായി ഒരു യാത്ര. ദിലീപിന്‍റെ ആലുവയിലെ വീട്ടില്‍ തുടങ്ങി ഹൈക്കോടതിമുറ്റം വരെ. രസങ്ങള്‍ നിറഞ്ഞ ആ അനുഭവം മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ എസ്.ശ്യാംകുമാര്‍ എഴുതുന്നു

നടിയെ ആക്രമിച്ച േകസില്‍ വിചാരണ തുടങ്ങാനായി പ്രതികളെല്ലാം ഹാജരാകാൻ സമൻസയച്ചെന്ന് കേട്ടപ്പോൾ മനസിലുയർന്ന ആദ്യ കൗതുകം ഇതായിരുന്നു:  ദിലീപും കേസിലെ മുഖ്യപ്രതി പൾസർ സുനിയും കോടതിയിൽ തമ്മിൽ കാണുമോ..? കണ്ടാല്‍ എന്താകും ഇരുവരുടെയും ഭാവങ്ങള്‍..? 

വെറുതെ രസത്തിന് മനസ്സിലുയര്‍ന്നൊരു ആകാംക്ഷ. കേസിന്‍റെ നടപടികൾ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഒരു ഘട്ടത്തിൽ പോലും ദിലീപും പൾസർ സുനിയും തമ്മിൽ കണ്ടിരുന്നില്ല. അറസ്റ്റിലായ ഘട്ടത്തിൽ, പൾസർ സുനിയെ പാർപ്പിച്ചിരിക്കുന്ന കാക്കനാട് ജില്ലാ ജയിലേക്ക് മാറ്റരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം കണക്കിലെടുത്താണ് ദിലീപിനെ ആലുവ ജയിലിലേക്ക് മാറ്റിയത്. ഇടയ്ക്ക് ആലുവ ജയിലിലേക്ക് മാറാൻ സുനി നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും കോടതി ഇത് അംഗീകരിച്ചിരുന്നില്ല. ജാമ്യത്തിൽ ഇറങ്ങിയ ശേഷം അങ്കമാലി കോടതിയിലും മുഴുവൻ പ്രതികളും ഹാജരാകാൻ നിർദ്ദേശം നൽകിയ ഘട്ടത്തിലൊന്നും ദിലീപ് എത്താതിരുന്നതുകൊണ്ടു തന്നെ ഇരുവരും ഒരേ ദിവസം കോടതിയിൽ എത്തുന്ന സ്ഥിതി ഒഴിവായി.

‘ആഡംബര’മല്ലാത്ത യാത്രകള്‍

ഈ കൗതുകത്തിനൊപ്പം വിചാരണ നടപടികളുടെ ഭാഗമായി മലയാള സിനിമയിലെ ഏറ്റവും പ്രമുഖ നടൻമാരിലൊരാൾ കോടതിയിലെ പ്രതിക്കൂട്ടിൽ കയറുന്നതിന്‍റെ പ്രാധാന്യവും മുന്‍നിര്‍ത്തിയാണ് ദിലീപിന്‍റെ ഇന്നത്തെ നീക്കങ്ങൾ പകർത്താൻ അദ്ദേഹത്തിന്‍റെ ആലുവയിലെ വീട്ടിലെത്തിയത്. ഞാനും കാമറാമാൻ ജയ്്ജി മാത്യുവും ഡ്രൈവർ ഷാജനും ഉൾപ്പെടുന്ന സംഘം ദിലീപിന്‍റെ വീടിനു മുന്നിലെത്തുമ്പോൾ കണ്ടത് വീടിനു മുന്നിൽ നിർത്തിയിട്ട വെളുത്ത ഇന്നോവ കാറാണ്. KL 41 A 5 നമ്പരിലുളള കാർ. 

ഞങ്ങളെത്തിയതിനു തൊട്ടുപിന്നാലെ തന്നെ ഇന്നോവയ്ക്കായി വീടിന്‍റെ വാതിൽ തുറന്നു. ദിലീപ് കോടതിയിലേക്ക് പോവുക ഈ കാറിലാകും എന്ന് ഞങ്ങളൂഹിച്ചു. അതിനു കാരണവുമുണ്ട്. പോർഷെയും ബെൻസുമടക്കം ആഡംബര കാറുകൾ ഏറെയുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട യാത്രകളിലെല്ലാം ആഡംബര കാറുകൾ ഒഴിവാക്കിയായിരുന്നു ദിലീപിന്‍റെ യാത്ര. 

ഒരു വോക്്സ് വാഗണ്‍ പോളോ കാറായിരുന്നു േകസുമായി ബന്ധപ്പെട്ട യാത്രകളിൽ മിക്കപ്പോഴും ദിലീപിന്‍റെ ആശ്രയം. കേസിൽ ആലുവ പൊലീസ് ക്ലബിലേക്ക് ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോഴും നിർണായകമായ അമ്മ ജനറൽ ബോഡി യോഗത്തിലും എല്ലാം ദിലീപെത്തിയത് ഈ കാറിലായിരുന്നു. എന്തായാലും ഞങ്ങളുടെ ഊഹം തെറ്റിയില്ല. ഏറെ വൈകാതെ വെളുത്ത ഇന്നോവ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങി. വാഹനത്തിന്‍റെ പിൻസീറ്റിൽ ഇടതുവശത്തായി ദിലീപ് ഇരുന്നു. ഡ്രൈവർക്ക് പുറമേ ദിലീപിന്‍റെ സഹോദരൻ അനൂപടക്കം മറ്റ് മൂന്നു പേർ കൂടി വാഹനത്തിലുണ്ടായിരുന്നു. 

മുന്നിലായി, പിന്നിലായി ഒരു യാത്ര

വാഹനത്തെ പിന്തുടരാൻ ഞങ്ങൾ മെനക്കെട്ടില്ല. ദിലീപ് വീട്ടിൽ നിന്ന് പുറപ്പെട്ടിട്ടുണ്ടെന്ന കാര്യം മാത്രം കോടതിയിൽ കാത്തു നിന്ന സഹപ്രവർത്തകരെ വിളിച്ചറിയിച്ച് ആലുവയിൽ നിന്ന് ഞങ്ങൾ യാത്ര തുടർന്നു. ആലുവയിലെ ട്രാഫിക് ബ്ലോക്കും കടന്ന് ഞങ്ങൾ കളമശേരിയിലെത്തിയപ്പോൾ പക്ഷേ, തികച്ചും അപ്രതീക്ഷിതമായി ദിലീപിന്‍റെ വാഹനം ഞങ്ങളുെട വാഹനത്തിനു മുന്നിലെത്തി. എന്നാൽ അപ്പോഴും ദീലിപിനെ പിന്തുടരണമെന്ന് തോന്നിയതേയില്ല. ഞങ്ങളുടെ വാഹനം ആ വാഹനത്തെ മറികടന്ന് മുന്നോട്ടു കയറുകയും ചെയ്തു. പക്ഷേ അറിഞ്ഞോ അറിയാതെയോ ദിലീപിന്‍റെ വാഹനം വീണ്ടും ഞങ്ങളുടെ വാഹനത്തെ മറികടന്ന് മുന്നിലെത്തി. കണ്ടയ്്നർ റോഡിൽ വച്ചായിരുന്നു. ഇത്. അവിടെ വച്ച് വാഹനത്തിന്‍റെ രണ്ടു ദൃശ്യങ്ങൾ ഞങ്ങൾ പകർത്തുകയും ചെയ്തു. വാഹനം ഞങ്ങളുടെ കൺമുമ്പിൽ എത്തിയതു മുതലങ്ങോട്ട് തുടർച്ചയായി ദിലീപ് ഫോൺ ചെയ്യുന്നതും കാണാമായിരുന്നു. 

dileep-1

മുന്നിലും പിന്നിലുമായി ഞങ്ങളങ്ങനെ കണ്ടയ്്നർ റോഡ് പിന്നിട്ട് ഹൈക്കോടതി ജങ്ഷനിലെത്തി. അവിടെവച്ച് പ്രതീക്ഷ തെറ്റിച്ച് ദിലീപിന്‍റെ വാഹനം ഇടത്തേക്ക് തിരിഞ്ഞു. ലക്ഷ്യം അഡ്വ.ബി.രാമൻപിളളയുടെ വീടായിരിക്കുമെന്ന് ഊഹിച്ചു. അങ്ങനെയെങ്കിൽ  ഇരുവരും തമ്മിലുളള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പകർത്താമെന്ന് തോന്നി ഞങ്ങൾ അവിടെ മുതൽ വാഹനത്തെ പിന്തുടർന്നു. പക്ഷേ വീടിന് അടുത്തെത്താറായപ്പോഴേക്കും വാഹനത്തിനുളളിലുണ്ടായിരുന്നവർ പിന്നിലേക്ക് നോക്കി. ഞങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. തൊട്ടടുത്ത നിമിഷം ദിലീപിന്‍റെ വാഹനത്തിന്‍റെ വലത്തേ  ഇൻഡിക്കേറ്റർ തെളിഞ്ഞു. 

dileep-2

രാമൻപിളളയുടെ വീടൊഴിവാക്കി മറ്റെവിടേക്കെങ്കിലും പോവുകയാകുമെന്ന ചിന്തയിൽ ഞങ്ങളും വലത്തേക്ക് തിരിയാനൊരുങ്ങിയപ്പോഴേക്കും വാഹനം ഇൻഡിക്കറ്റേർ ഓഫാക്കി മുന്നോട്ടു തന്നെ കുതിച്ചു. ഞങ്ങളെ കബളിപ്പിക്കാനായിരുന്നു ഈ നീക്കമെന്ന് പിന്നീട് മനസിലായി. ദിലീപിന്‍റെ വാഹനം രാമൻപിളളയുടെ വീടിനു മുന്നിലെത്തിയപ്പോഴേക്കും പിന്നിലെ കാറിൽ നിന്ന് ഞങ്ങളിറങ്ങി. പക്ഷേ ഞങ്ങളിറങ്ങിയതു കണ്ടതോടെ ദിലീപിന്‍റെ വാഹനം നിർത്താതെ മുന്നോട്ടോടിച്ചു പോയി. ദൃശ്യങ്ങൾ പകർത്താമെന്ന പ്രതീക്ഷയവസാനിപ്പിച്ച് കോടതിയിലേക്ക് പോകാനായി ഞങ്ങൾ വണ്ടി തിരിച്ചു. 

ക്ലൈമാക്സില്‍ ട്വിസ്റ്റുള്ള യാത്ര

ഓഫിസിനു മുന്നിൽ തയാറാക്കി നിർത്തിയിരുന്ന ബെൻസ് കാറിലേക്ക് അപ്പോഴേക്കും അഡ്വ.രാമൻപിളളയെത്തി. അദ്ദേഹത്തിന്‍റെ വാഹനം കോടതി ലക്ഷ്യമാക്കി നീങ്ങി. നഗരത്തിരക്കിൽ ഞങ്ങളും കോടതിയിലേക്ക്. 

dileep-pulsar-suni

സസ്പെൻസ് അവിടം കൊണ്ട് അവസാനിച്ചില്ല. വാഹനം ഹൈക്കോടതി ജങ്ഷൻ പിന്നിട്ട്  ഐജി ഓഫിസിനു മുന്നിലെത്തിയപ്പോൾ മുന്‍പ് അപ്രത്യക്ഷമായ ദിലീപിന്‍റെ അതേ ഇന്നോവ കാർ വീണ്ടും ഞങ്ങളുടെ മുന്നിലെത്തി. തൊട്ടടുത്തായി അഡ്വ.രാമൻപിളളയുടെ വാഹനവും നിർത്തിയിട്ടത് കണ്ടു. ഞങ്ങൾ വാഹനം നിർത്തിയിറങ്ങി. ഞങ്ങൾ ഇറങ്ങിയെന്ന് കണ്ടതോടെ ദിലീപിന്‍റെ വാഹനം പിന്നെയും മുന്നോട്ട് നീങ്ങി. 

കോടതിയിലേക്കാകുമെന്ന് തോന്നിച്ചു. പക്ഷേ, പെട്ടെന്ന് വണ്ടി നിർത്തി. ഞങ്ങളുടെ ക്യാമറയിൽ പതിയാതിരിക്കാനുളള വ്യഗ്രതയിൽ ദിലീപ് ചാടിയിറങ്ങിയതും രാമൻപിളളയുടെ കാറിലേക്ക് കയറിയതും പൊടുന്നനെയായിരുന്നു. പക്ഷേ ഓണാക്കി വച്ചിരുന്ന ജയ്്ജി മാത്യുവിന്‍റെ ക്യാമറയിൽ ആ നിമിഷം നന്നായി പതിഞ്ഞു. അപ്രതീക്ഷിതമായി നിരത്തിൽ താരത്തെ കണ്ട നാട്ടുകാരായ സ്ത്രീകളിലൊരാൾ ആ കാഴ്ചയുടെ ആവേശത്തിൽ കൂട്ടുകാരിയോട് ഉച്ചത്തിൽ വിളിച്ചു പറയുന്നത് കേട്ടു: ദേ... ദിലീപ്...!!

MORE IN SPOTLIGHT
SHOW MORE