ഭാര്യയെ വിദേശത്തേക്കു കൊണ്ടുപോകുന്നതിനായി വന്നു; നവദമ്പതികൾ പോയത് അന്ത്യയാത്രയിലേക്ക്

selfie.jpg.image
വിവേക്- ദിവ്യ ദമ്പതികൾ സുഹൃത്തുക്കളോടൊപ്പം. യാത്രയ്ക്കു മുമ്പെടുത്ത സെൽഫി
SHARE

ദാമ്പത്യത്തിന്റെ ചൂടറിയുന്നതിനു മുമ്പ് തന്നെ ആ നവദമ്പതികളെ തീയെടുത്തു. കഴിഞ്ഞ നവംബർ 24നായിരുന്നു വിവേക് (28), ദിവ്യ (26) ദമ്പതികളുടെ വിവാഹം. യാത്ര പോകണമെന്നു പദ്ധതിയിടുന്നതായി വിവാഹം കഴിഞ്ഞയുടൻ ഇവർ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. വിവേക് ദുബായിൽ ജോലിചെയ്യുകയായിരുന്നു. ഭാര്യയെ വിദേശത്തേക്കു കൊണ്ടുപോകുന്നതിനായി അവധിക്കു വന്നതായിരുന്നു. കുരങ്ങിണിയിലെ ട്രക്കിങ് അവരുടെ അന്ത്യ യാത്രയായി മാറി. ഗുരുതരമായി പൊള്ളലേറ്റ വിവേകും വിദ്യയും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണു മരിച്ചത്.  

കരഞ്ഞുകരഞ്ഞ് കുരങ്ങിണി

പ്രിയപ്പെട്ടവർക്കുണ്ടായ ദുരന്തമറിഞ്ഞു ബന്ധുക്കളും സുഹൃത്തുക്കളും ഞായറാഴ്ച രാത്രി തന്നെ കുരങ്ങിണി ഗ്രാമത്തിലേക്ക് ഓടിയെത്തി. ഉറ്റവർ വേർപിരിഞ്ഞതിന്റെ മനോവേദനയും അധികൃതരോടുള്ള രോഷവും അടക്കാനാകാതെ ആർത്തലച്ചു കരയാനേ അവർക്കാകുമായിരുന്നുള്ളൂ. 

രക്ഷാപ്രവർത്തനത്തിനിറങ്ങിയവരിൽ ചിലർ അപകടത്തിൽപ്പെട്ടവരുടെ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിലും വാട്സാപ്പിലും പ്രചരിപ്പിച്ചിരുന്നു. ഇതു കണ്ടാണു രാത്രി തന്നെ കുരങ്ങിണിയിലേക്കു ബന്ധുക്കൾ ആർത്തലച്ചെത്തിയത്. 

കാടുകയറിയവർക്ക് എന്തു പറ്റിയെന്നറിയാതെ അവർ ആശുപത്രി വരാന്തയിൽ ഉറക്കമിളച്ചു കാത്തിരുന്നു. മലമുകളിൽനിന്നു പരുക്കേറ്റവരുമായി ഓരോ ട്രോളിയെത്തുമ്പോഴും അവർ എത്തിവലിഞ്ഞുനോക്കി. പ്രിയപ്പെട്ടവരെ ഗുരുതരാവസ്ഥയിൽ കണ്ടവർ വാവിട്ടുനിലവിളിച്ചു. 

theni-forest-fire-2

ഇന്നലെ മോർച്ചറിക്കു മുൻപിലും കരളലിയിക്കുന്ന ദൃശ്യങ്ങളായിരുന്നു. മക്കളെ നഷ്ടപ്പെട്ടവരുടെ ആർത്തനാദത്തിൽ തേനി മെഡിക്കൽ കോളജ് ആശുപത്രി പരിസരം വിറങ്ങലിച്ചുനിന്നു. ആദ്യമായി നേരിൽ കാണുന്നവർ പോലും തങ്ങൾക്കുണ്ടായ ദുരന്തത്തിൽ അപരിചിതത്വം മറന്നു പരസ്പരം കെട്ടിപ്പുണർന്നു കരഞ്ഞു.

അഗ്നിയെടുത്തത് വനിതാദിന യാത്ര

കുരങ്ങിണിയിലെ കാട്ടുതീയിൽപ്പെട്ടതു ചെന്നൈ ആസ്ഥാനമായ ട്രെക്കിങ് ക്ലബ് വനിതാദിനത്തോടനുബന്ധിച്ചു നടത്തിയ സാഹസികയാത്രയിൽ പങ്കെടുക്കാൻ പോയ സ്ത്രീകൾ. ചെന്നൈ ട്രെക്കിങ് ക്ലബ് (സിടിസി) ഫെയ്സ്ബുക്ക് പേജിലാണു കൊളുക്കുമലയിലേക്കുള്ള വനിതാദിന സ്പെഷൽ ട്രെക്കിങ് പ്രഖ്യാപിച്ചത്.  സിടിസിയിൽ നാലു ലക്ഷത്തോളം അംഗങ്ങളുണ്ട്. മാർച്ച് ഒൻപതിനു യാത്ര ആരംഭിച്ച് 11നു രാത്രി ഒൻപതോടെ അവസാനിപ്പിക്കാനായിരുന്നു പദ്ധതി.

MORE IN SPOTLIGHT
SHOW MORE