പഴി കേട്ട പിഴിയൽ, പാഴാകാത്ത പ്രതിഷേധം, തെറ്റു തിരുത്തി എസ്ബിഐ

sbi-balance
SHARE

‘ബാങ്കിന്റെ കൗണ്ടറിലുണ്ടായിരുന്ന പേന താങ്കൾ ഉപയോഗിച്ചതിനു 100 രൂപ പിഴയായി ഈടാക്കിയിരിക്കുന്നു’ ഒരു എസ്ബിഐ ഉപഭോക്താവിനു മൊബൈൽ ഫോണിൽ വന്ന മെസേജാണിത്. സംഗതി ട്രോളാണ് കേട്ടോ. അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കാനുള്ള എസ്ബിഐ നടപടിയെത്തുടർന്ന് സോഷ്യൽമിഡിയകളിൽ പ്രചരിക്കുന്ന ട്രോളുകളിൽ ഒരെണ്ണം മാത്രമാണിത്. വിമർശനങ്ങളുടെ കൂരമ്പുകൾ ഏറ്റുവാങ്ങേണ്ടി വന്ന ഒരു നീക്കമായിരുന്നു മിനിമം ബാലൻസ് പിഴ എന്നതിൽ സംശയമില്ല. . 11 കോടി ജൻധൻ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന്റെ ഭാരം തീർക്കാൻ ചില നിരക്കുകൾ ചുമത്താതെ നിവൃത്തിയില്ലെന്നായിരുന്നു എസ്ബിഐ കണ്ടെത്തിയ ന്യായം. 

മിനിമം ബാലൻസിനുള്ള പിഴ കുറച്ചു കൊണ്ട് സാധാരണക്കാരുടെ പ്രതിഷേധത്തിനു മുന്നിൽ എസ്ബിഐ മുട്ടു അൽപമൊന്നു മടക്കി.  75 ശതമാനത്തിന്റെ കുറവാണു വരുത്തിയിരിക്കുന്നത്. മാറ്റം വരുത്തിയ നിരക്കുകൾ ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും. 25 കോടി ഉപഭോക്താക്കൾക്ക് ഇതിന്റെ ഗുണം ലഭിക്കും.വിവിധ മേഖലകളിൽ നിന്നുള്ള അഭിപ്രായങ്ങൾ കണക്കിലെടുത്താണു ബാങ്കിന്റെ തീരുമാനം. മെട്രോകളിലും നഗരങ്ങളിലും പിഴ 50 രൂപയിൽനിന്ന് 15 ആയാണു കുറച്ചിരിക്കുന്നത്. അർധ നഗരങ്ങളിലും ഗ്രാമങ്ങളിലും പിഴ 40ൽനിന്ന് 12 രൂപയായും കുറച്ചിട്ടുണ്ട്. പിഴയ്ക്കു പത്തു രൂപ ജിഎസ്ടി ഈടാക്കും. 

മിനിമം ബാലൻസ് ഇല്ലാത്തതിനു പിഴ: എസ്ബിഐ നേടിയത് 1771 കോടി 

മിനിമം ബാലൻസ് ഇല്ലെന്നതിന്റെ പേരിൽ എട്ടുമാസം കൊണ്ട് 1,771 കോടി രൂപ ബാങ്കുകൾ ഈടാക്കിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് വലിയ തോതിലുള്ള വിമർശനവും ഉയർന്നത്. 2016–17 വരെ അഞ്ചു വർഷം മിനിമം ബാലൻസ് ഇല്ലാത്തവരിൽനിന്ന് ബാങ്ക് ഫീസ് ഈടാക്കിയിരുന്നില്ല. 2017 ഏപ്രിലിൽ ഫീസ് വീണ്ടും ആരംഭിച്ചതോടെയാണ് ഉപയോക്താക്കൾക്ക് ഇരുട്ടടി കിട്ടിയത്. 

sbi

മെട്രോ നഗരം, നഗരം, അർധ–നഗരം, ഗ്രാമീണം എന്നിങ്ങനെ വിവിധ ശാഖകളെ തരംതിരിച്ച് വ്യത്യസ്ത പ്രതിമാസ മിനിമം ബാലൻസ് തുകയാണ് നിശ്ചയിച്ചിട്ടുള്ളത്. തുകയിൽ എത്രത്തോളം കുറവു വരുന്നു എന്നത് അനുസരിച്ചാണ് പിഴ നിശ്ചയിക്കുക. ഏപ്രിൽ– നവംബർ കാലയളവിൽ പഞ്ചാബ് നാഷനൽ ബാങ്ക് 97.34 കോടിയും കാനറാ ബാങ്ക് 62.16 കോടിയും ഈ പിഴ വഴി നേടിയെന്നും ധനമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 

പഴി കേട്ട പിഴയുടെ കണക്ക് ഇങ്ങനെ

മെട്രോ നഗരങ്ങൾ, നഗരങ്ങൾ 

പ്രതിമാസ മിനിമം ബാലൻസായി സൂക്ഷിക്കേണ്ടത് 3000 രൂപ. പ്രതിമാസ ബാലൻസ് 1500 രൂപ മുതൽ 2999 രൂപവരെയേ ഉള്ളൂ എങ്കിൽ അക്കൗണ്ട് ഉടമകൾ പ്രതിമാസം 30 രൂപ പിഴയടയ്ക്കണം. ബാലൻസ് 750 രൂപ– 1499 രൂപ ആയാൽ 40 രൂപയാണു പിഴ. 750നും താഴെപ്പോയാൽ പിഴ 50 രൂപയാകും. 

sbi

ചെറിയ നഗരങ്ങൾ – മിനിമം ബാലൻസ് പരിധി 2000 രൂപ. ചെറു നഗരങ്ങളിലെ സേവിങ്സ് അക്കൗണ്ട് ഉടമകളുടെ പ്രതിമാസ മിനിമം ബാലൻസ് 1000 രൂപ മുതൽ 1999രൂപ വരെ ആയാൽ 20 രൂപയാണു പിഴ. 

500– 999 നിലയിലേക്ക് അക്കൗണ്ട് ബാലൻസ് താഴ്ന്നാൽ 30 രൂപ പിഴ ഈടാക്കും. മിനിമം ബാലൻസ് 500 രൂപയ്ക്കും താഴെപ്പോയാൽ 40 രൂപയാണു പിഴ. 

ഗ്രാമങ്ങൾ – മിനിമം ബാലൻസ് പരിധി 1000 രൂപ. മിനിമം ബാലൻസ് 500 രൂപ– 999 രൂപ നിലയിൽ ആയാൽ 20 രൂപയാണു പിഴ. 

250 രൂപ– 499 രൂപ ആണെങ്കിൽ 30 രൂപ പിഴ. 249 രൂപയ്ക്കും താഴെയാണു മിനിമം ബാലൻസ് എങ്കിൽ ബാങ്ക് 40 രൂപ പിഴ ഈടാക്കും. 

അക്കൗണ്ട് 42കോടി 

ആകെ 42 കോടി സേവിങ്സ് അക്കൗണ്ടുകളാണു എസ്ബിഐയ്ക്ക് ഉള്ളത്. ഇതിൽ 13 കോടിയോളം അക്കൗണ്ടുകൾ ബേസിക് സേവിങ്സ് ബാങ്ക് , പ്രധാനമന്ത്രി ജൻധൻ യോജന തുടങ്ങിയ ചെറിയ അക്കൗണ്ടുകളാണ്. ഇവയ്ക്ക് മിനിമം ബാലൻസ് വ്യവസ്ഥയോ പിഴ യോ ബാധകമല്ല.

sbi-charge-t
MORE IN SPOTLIGHT
SHOW MORE