അനുകരിച്ചില്ല; യേശുദാസിന്‍റെ ശബ്ദം അത്ര ശ്രേഷ്ഠം; ആണിയടിക്കരുത്: യുവഗായകന്‍റെ അപേക്ഷ

abhinjith-yesudas
SHARE

പുരസ്കാരം കിട്ടാതെ തന്നെ ചലച്ചിത്ര പുരസ്കാരത്തിൽ ‘വേറിട്ട’ ശബ്ദമായി മാറിയ ചെറുപ്പക്കാരന്‍. കൊല്ലം സ്വദേശി അഭിജിത്ത് വിജയ്. യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് യുവഗായകന് സംസ്ഥാന പുരസ്കാരം നിഷേധിച്ച വാർത്ത വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ഭയാനകം എന്ന സിനിമയിലെ അഭിജിത്ത് വിജയൻ പാടിയ ‘കുട്ടനാടൻ കാറ്റു ചോദിക്കുന്നു’ എന്ന ഗാനമാണ് പുരസ്കാരത്തിനായി അവസാന റൗണ്ടിൽ എത്തിയത്. അഭിജിത്ത് യേശുദാസിനെ അനുകരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടതോടെ അവാർഡ് മായാനദിയുടെ പേരില്‍ ഷഹബാസ് അമന് നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ജൂറി അംഗം വെളിപ്പെടുത്തിയിരുന്നു. വിവാദങ്ങളെക്കുറിച്ച് മനോരമ ന്യൂസ് ഡോട്ട് കോമിനോട് പ്രതികരിക്കുകയാണ് അഭിജിത്ത് വിജയ്.

abhinjith-three

വാർത്ത കേട്ടപ്പോള്‍ എന്താണ് തോന്നിയത്..?

പുരസ്കാരത്തിന് നമ്മുടെ പേരുണ്ടായിരുന്നു എന്നൊക്കെ അറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്തതാണ് ഒരു ദിവസം കൊണ്ട് നടന്നത്. പത്രത്തിൽ പുരസ്കാരത്തിന്റെ പിറ്റേന്ന് വാർത്ത വന്നപ്പോൾ‍ അതിൽ ഭയാനകത്തിലെ കുട്ടനാടൻ‌ കാറ്റുവിളിച്ചപ്പോൾ എന്ന പാട്ട് മത്സരത്തിനുണ്ടായിരുന്നെന്ന് വായിച്ചു. അത് കണ്ടപ്പോൾ ഇൗശ്വരാ ഇത് ഞാൻ പാടിയ പാട്ടല്ലേ എന്ന് മനസിൽ വിചാരിച്ചു. പക്ഷെ ഗായകനെക്കുറിച്ചൊന്നും വാർത്തയിൽ ഒന്നും പറയുന്നുണ്ടായിരുന്നില്ല. അത് വിഷമമുണ്ടാക്കിയിരുന്നു. പിന്നെ ഇന്നലെയാണ് ഇൗ വാർത്ത അറിയുന്നത്. ശരിക്കും ഞെട്ടിപ്പോയി. ഇത്തരമൊരു കാരണത്താൽ പുരസ്കാരം നിഷേധിച്ചപ്പോൾ വിഷമം തോന്നി. ഞാൻ ദൈവതുല്യം കാണുന്ന ആളാണ് യേശുദാസ്. ദൈവത്തിനൊപ്പമാണ് എന്റെ മനസിൽ അദ്ദേഹത്തിന്റെ സ്ഥാനം. അദ്ദേഹത്തെ അനുകരിക്കാൻ എനിക്കൊരിക്കലും കഴിയില്ല. ആ ശബ്ദം അത്രയ്ക്ക് ശ്രേഷ്ഠമാണ്. 

ഇന്നലെ വളരെ വൈകിയാണ് ഞാൻ വാർത്തകൾ അറിയുന്നത്. ദൈവം തന്ന അവസരമായി മാത്രമേ ഇത് കാണാനാകൂ. അർജുനൻ മാസ്റ്ററെ കാണാനൊക്കെ ഒരുപാട് കൊതിച്ചിട്ടുണ്ട്. അപ്പോൾ അദ്ദേഹം വിളിച്ച് പാട്ട് കേട്ടിട്ടുണ്ട്, ഒരു പാട്ടുണ്ട് നമുക്ക് പാടിനോക്കാം എന്ന് പറഞ്ഞു. 

kollam-abhijith-arjunan-master

അങ്ങനെയാണ് ഇതിലേക്ക് എത്തുന്നത്. പാട്ട് പാടിച്ചപ്പോൾ സാറിന് ഇഷ്ടമായെന്നു പറഞ്ഞു. സിനിമയുടെ സംവിധായകൻ ജയരാജ് സാർ അപ്പോൾ സ്ഥലത്തില്ലായിരുന്നു, അദ്ദേഹം ഫോണിൽ വിളിച്ച് പാട്ടിഷ്ടപ്പെട്ടു, നമുക്ക് കാണാം എന്നു പറഞ്ഞു. ഇന്നലെ മനോരമന്യൂസ് ഡോട്ട് കോമിലെ വാർത്ത കണ്ടപ്പോഴാണ് ജയരാജ് സാർ പറഞ്ഞിട്ടാണ് അർജുനൻ മാസ്റ്റർ വിളിച്ചതെന്നറിയുന്നത്. ഇതെല്ലാം ദൈവത്തിന്റെ കയ്യൊപ്പാണെന്നേ പറയാൻ കഴിയൂ. 

ശരിക്കും യേശുദാസിനെ അനുകരിച്ചോ?

yesudas-kollm-abhijith

അയ്യോ, ഒരിക്കലും ഇല്ല. അദ്ദേഹത്തിന്റെ ശബ്ദത്തോട് എന്നും ആരാധനയാണ്. യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് എല്ലാവരും പറയാറുണ്ട്. സ്റ്റേജ് ഷോകളിലൊക്കെ പാടാറുണ്ട്. സത്യസന്ധമായി പറയാം. അനുകരിച്ചിട്ടില്ല. അദ്ദേഹം പാടിയ ഒരു പാട്ടാണെങ്കിൽ നമുക്ക് അതുപോലെ അനുകരിച്ചെന്നു പറയാം. ഇത് പക്ഷെ പുതിയ ഒരുപാട്ടല്ലേ? ഇതിൽ അർജുനൻ മാസ്റ്റർ പറഞ്ഞതു പോലെ തന്നെ പാടുകയായിരുന്നു.അങ്ങനെ അനുകരിച്ചെങ്കിൽ മാസ്റ്റർ തിരുത്തില്ലായിരുന്നോ? ദാസേട്ടനെക്കൊണ്ട് എത്രയെത്ര പാട്ടുകൾ അദ്ദേഹം പാടിച്ചിട്ടുണ്ട്. അദ്ദേഹത്തിന് സാമ്യം തോന്നിയില്ല. ചില ചാനലുകളിൽ ദാസേട്ടന്റെ ശബ്ദം പോലെതന്നെ എന്ന പറഞ്ഞ് എന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതെല്ലാം എനിക്കിപ്പോൾ കുഴപ്പമായെന്നു തോന്നുന്നു. പക്ഷെ പുരസ്കാരം ലഭിച്ചിരുന്നെങ്കിൽ അനുകരിക്കുന്നു എന്നാക്ഷേപിക്കുന്നവർക്ക് നൽകാനൊരു മറുപടിയായേനെ. ഇതിപ്പോ ആണിയടിക്കുന്നതുപോലെയായി.

യേശുദാസിനെ കണ്ടിട്ടുണ്ടോ..?

കഴിഞ്ഞവർഷം സൂര്യഫെസ്റ്റിന് തിരുവനന്തപുരത്ത് വച്ച് കാണാൻ സാധിച്ചു. ഒന്നും പറയാൻ കഴിഞ്ഞില്ല. കാലിൽ തൊട്ട് അനുഗ്രഹം തേടി.  അദ്ദേഹത്തിന്റെ ശിഷ്യനായ രോഹിത്തേട്ടാനായിരുന്നു അതിന് അവസരമൊരുക്കിയത്. രോഹിത്തേട്ടൻ ഇത് അഭിജിത്ത് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം തലയാട്ടി, എന്നിട്ട് എന്റെ തോളിൽ തട്ടി.

സംഗീതം പഠിച്ചിട്ടുണ്ടേോ?

വളരെ സാധാരണ കുടുംബത്തിലെ ഒരാളാണ് ഞാൻ. എന്റെ കുടുംബത്തിലാർക്കും സംഗീതവുമായി ഒരു ബന്ധവുമില്ല. കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി പാട്ട് പഠിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംഗതികൾ‌ അനുകരിച്ചു എന്നൊക്കെ പറയുമ്പോൾ എന്താണ് സംഗതി എന്നു പോലും എനിക്കറിയില്ല. പക്ഷെ ഇതുവരെ ഭക്തി ഗാനങ്ങളും മറ്റുമായി 2000ത്തോളം പാട്ടുകൾ ഇതുവരെ പാടിയിട്ടുണ്ട്. 

ആദ്യ പാട്ടാണോ ഭയാനകത്തിലേത്? 

അല്ല, ആദ്യമായി പാടുന്നത് ആകാശമിഠായിലാണ്. അത് ജയറാമേട്ടനുമായി ഉള്ള പരിചയമുള്ളതുകൊണ്ട് കിട്ടിയ ചാൻസാണ്. നടൻ സിദ്ധിക്കേട്ടൻ ഒരുപാട് സഹായിട്ടിച്ചുണ്ട്. എന്റെ പാട്ട് കേട്ടിട്ട് വിളിക്കുകയായിരുന്നു. സിനിമയിൽ ചാൻസ് നേടിത്തരാൻ അദ്ദേഹം ഒരുപാട് ശ്രമിച്ചിട്ടുണ്ട്. പക്ഷെ നടന്നില്ല. അദ്ദേഹം പറഞ്ഞിട്ടാണ് ജയറാമേട്ടൻ വിളിക്കുന്നത്. അങ്ങനെ ആകാശമിഠായിലാണ് ആദ്യമായി പാടുന്നത്. 

അഭിജിത്തിന്‍റെ ശബ്ദത്തിന് യേശുദാസിന്‍രെ ശബ്ദവുമായി സാമ്യമുണ്ടെന്ന വാര്‍ത്ത അര്‍ജുനന്‍ മാസ്റ്ററും ഇന്നലെ നിഷേധിച്ചിരുന്നു. അത് അഭിജിത്തിന്‍റെ യഥാര്‍‌ഥ ശബ്ദമാണ് എന്നായിരുന്നു മാസ്റ്ററുടെ പ്രതികരണം. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.