മീശപ്പുലിമല, കൊളുക്കുമല ട്രക്കിങ്ങ്; കാട്ടുതീ തരുന്ന മുന്നറിയിപ്പുകള്‍ ഇങ്ങനെ

meesapulimala
SHARE

‘ചാർലി’ സിനിമയില്‍ ദുല്‍ഖറിന്‍റെ ഒരു ചോദ്യം, മീശപ്പുലിമലയില്‍ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോ..? അന്നാണ് കുറേപ്പേര്‍ക്കെങ്കിലും മീശപ്പുലിമല ഒരു സ്വപ്നദേശമാകുന്നത്. പിന്നീട് ദുല്‍ഖര്‍ കൂടി അഭിനയിച്ച ആന്‍ മരിയ കലിപ്പിലാണ് എന്ന സിനിമയിലും ആ ദേശം ദൃശ്യങ്ങളായി കടന്നെത്തി. കൊരങ്ങിണി വനമേഖലയിൽപ്പെട്ട കൊളുക്കുമല വഴിയാണ് മിക്കവരും മീശപ്പുലിമലയിലേക്ക് കയറുന്നത്. എന്നാൽ ഏറെ അപകടം പിടിച്ചതും അനധികൃതമായതുമായ ട്രക്കിങ്ങാണിത്. തമിഴ്നാട്–കേരള അതിര്‍ത്തിയായ ഇടുക്കി–തേനി അതിരുകളില്‍ നിന്ന് പേടിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. കാട്ടുതീ വിഴുങ്ങിയ ജീവനുകളുടെ എണ്ണം ഇരുസംസ്ഥാനങ്ങളിലെയും സഞ്ചാരികള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. 

കരുതണം ഈ വഴിയുള്ള യാത്ര

ദക്ഷിണേന്ത്യയിലെ  രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് മീശപ്പുലിമല. യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളിൽ അംഗീകരിക്കുന്ന ജൈവ വൈവിധ്യങ്ങലാലും, പുൽമേടുകളാലും പ്രകൃതിസൗന്ദര്യമാവോളമുള്ള പ്രദേശങ്ങളാണിവ. കൊളുകുമലയിലൂടെ മീശപുലിമലയിലേക്ക് പ്രവേശനമില്ല. കെടിഡിഎഫ്സിയുടെ അനുമതിയോടുകൂടി മാത്രമേ മീശപ്പുലിമലയിലേക്ക് പോകാൻ പാടുള്ളൂ. എന്നാൽ സാഹസികതയുടെ പേരിൽ വിലക്കുകൾക്ക് വിലകൽപ്പിക്കാറില്ല പലരും. 

കാഴ്ചയിൽ മനോഹരമാണെങ്കിലും അപകടസാധ്യതയേറിയ പ്രദേശമാണു കൊരങ്ങിണി വനമേഖലയിൽപ്പെട്ട കൊളുക്കുമല. മലകയറ്റത്തിനു സഞ്ചാരികൾക്കു പ്രിയപ്പെട്ട പ്രദേശം. കാൽ തെറ്റിയാൽ പതിക്കുന്നതു വൻ കൊക്കയിലേക്ക്. പുലിയും കാട്ടുപോത്തുകളുമടക്കം വന്യമൃഗങ്ങൾ നിറയെ ഉള്ളസ്ഥലം. ചൂടുകാലമായാൽ ഏതുസമയത്തും കാട്ടുതീപടരാൻ സാധ്യതയുള്ള ഉണങ്ങിയ പുല്ലുകൾ നിറയെയുള്ള പ്രദേശം കൂടിയാണിത്. 

ചെങ്കുത്തായ കൊരങ്ങിണി മലയിൽ 20 കിലോമീറ്ററോളം അകലെയാണ് കേരള തമിഴ്നാട് അതിർത്തിയിലുള്ള കൊളുക്കുമല. അപകടസാധ്യത കൂടുതലായതിനാൽ തമിഴ്നാട് വനം വകുപ്പ് ഇതു വഴിയിലൂടെ സഞ്ചാരികളെ വനത്തിൽ പ്രവേശിക്കാൻ അനുവദിക്കാറില്ല. കൊരങ്ങിണി വനമേഖലയുടെ മറ്റൊരു ഭാഗത്താണ് ടോപ് സ്റ്റേഷൻ.ഇവിടേക്കും ട്രക്കിങ് നടത്താറുണ്ട്. അനധികൃതമാണു പല യാത്രകളും. 

കൊരങ്ങിണി മലയിൽ കാട്ടുതീയിൽ അകപ്പെട്ട സംഘങ്ങളും ഇവിടേക്ക് എത്തിയത് അനധികൃത വഴിയലൂടെയാണ് എന്നാണ് വിവരം. ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽനിന്നും ചെന്നൈയിൽനിന്നുമുള്ള സംഘങ്ങളാണു കാട്ടുതീയിൽപ്പെട്ടത്. ചെന്നൈയിൽനിന്നെത്തിയ 24 പേരിൽ ഭൂരിപക്ഷവും ഐടി ജീവനക്കാരാണെന്നാണു സൂചന. ചെന്നൈ ട്രക്കിങ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു ഒരു സംഘം. ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽനിന്ന് 13 കോളജ് വിദ്യാര്‍ഥികളും. ആകെയുള്ള 37 പേരില്‍ എട്ടു പുരുഷന്മാരും 26 സ്ത്രീകളും മൂന്നു കുട്ടികളും ഉണ്ടായിരുന്നതായും തേനി കലക്ടർ പല്ലവി പൽദേവ് പറഞ്ഞു.

theni-forest-fire-2

തമിഴ്നാട്ടിലെ ബോഡിനായ്ക്കനൂർ വഴി രാവിലെ കൊരങ്ങിണിയിൽ എത്തിയ യാത്രാസംഘം, രണ്ടായി തിരിഞ്ഞാണു പുറപ്പെട്ടത്. കൊടൈക്കനാൽ – കൊളുക്കുമല വഴി കൊരങ്ങിണി വനമേഖലയിലേക്ക് ഒരു സംഘം പോയപ്പോൾ, മറു സംഘം എതിർദിശയിലാണു യാത്ര ചെയ്തത്. 

MORE IN SPOTLIGHT
SHOW MORE