ദയാവധമല്ല, ദയാമരണം എന്നുവിളിക്കാം; ആത്മഹത്യക്കും വേണം പുതിയ പേര്

euthanasia-pramod
SHARE

വേദന കൂടാതെയുള്ള ജനനത്തിനും ജീവിതത്തിനും നല്‍കുന്ന പ്രാധാന്യം വേദനയില്ലാത്ത മരണത്തിനു നല്‍കാത്ത സമൂഹമാണ് നമ്മുടേത്. മരിക്കുന്നത് എങ്ങനെയായാലും മരണമാണല്ലോ എന്ന ചിന്ത വളരെ ശക്തമാണ് നമുക്കിടയില്‍. ഹൃദയാഘാതം വന്ന് ഉറക്കത്തില്‍ മരിച്ചുപോകുന്നവരെക്കുറിച്ച് വളരെ നല്ല മരണം എന്ന് പറയുന്നവരുണ്ട്. സത്യത്തില്‍ ശക്തമായ വേദന അനുഭവിപ്പിച്ചായിരിക്കും അവരില്‍ നിന്ന് ജീവന്‍ പറന്നുപോയിട്ടുണ്ടാവുക. അതറിയാതെയാണ് ഈ പറച്ചില്‍. 

മരണം സംഭവിക്കുന്ന നിമിഷം വരെയും ഒരാള്‍ ജീവിക്കുക തന്നെയാണെന്ന് മനസ്സിലാക്കുമ്പോള്‍ അന്തസ്സുള്ള മരണവും ഒരാളുടെ ജീവിതാവകാശങ്ങളില്‍ പെടും എന്ന് ഗ്യാന്‍ കൗര്‍ കേസില്‍ (1996) സുപ്രിംകോടതി പറഞ്ഞത് ശ്രദ്ധേയമാണ്. ഹൃദയാഘാതം മൂലം മരണത്തിനു കീഴടങ്ങേണ്ടിവരുന്നവര്‍ക്ക് നമുക്ക് ആ അവകാശം ഉറപ്പുവരുത്താന്‍ കഴിയുന്നില്ല. എന്നാല്‍ ദീര്‍ഘമായ കാലയളവ് ജീവച്ഛവമായി കഴിയേണ്ടിവരുന്നവര്‍ക്ക് അന്തസ്സുള്ള മരണം അനുവദിക്കാന്‍ നമുക്ക് കഴിയേണ്ടതാണ്, കഴിയും. അതാണ് കോമണ്‍ കോസ് എന്ന സന്നദ്ധ സംഘടന 2003 മുതല്‍ നടത്തിക്കൊണ്ടിരുന്ന നിയമപോരാട്ടത്തിന് പരിസമാപ്തി കുറിച്ച് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധി.

മികച്ച മരണം (Quality of Death) എന്നത് ആധുനികലോകം ഗൗരവത്തില്‍ കാണുന്ന വിഷയമാണ്. ഇക്കാര്യത്തില്‍ കഴിഞ്ഞവര്‍ഷം നടന്ന സര്‍വേ പ്രകാരം 80 രാജ്യങ്ങളില്‍ ഇന്ത്യ 67–ാം സ്ഥാനത്ത്. ഇന്ത്യയില്‍ ജീവന്‍ രക്ഷിക്കാനുള്ള ചികില്‍സയ്ക്കാണ് മുന്തിയ പ്രാധാന്യം. എത്ര ചികില്‍സ നടത്തിയും ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിച്ചും മരുന്ന് കുത്തിവച്ചും എങ്ങനെയും അവസാനതുള്ളി ജീവനും നിലനിര്‍ത്തുന്നതിനാണ് നമ്മുടെ വൈദ്യശാസ്ത്രരംഗം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് ജീവനോട് ധാര്‍മികമായ അഭിനിവേശം പുലര്‍ത്തുന്ന സമൂഹത്തിന്റെ വഴികൂടിയാണ്. 

പക്ഷേ ചില സന്ദര്‍ഭങ്ങളില്‍ ഇത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനം തന്നെയാകുന്നു എന്നാണിപ്പോള്‍ സുപ്രിംകോടതി പറയുന്നത്. ജീവച്ഛവമായി ഏറെക്കാലം ദുരിതമനുഭവിച്ച് ജീവിക്കുന്നത് അന്തസ്സോടെ മരിക്കാനുള്ള ജീവിതാവകാശത്തിന്റെ ലംഘനമാവുക! (ബെര്‍തോള്‍ഡ് ബ്രഹ്ത് പറ​ഞ്ഞതോര്‍ക്കുക– അതൃപ്തമായ ജീവിതത്തെ ഭയക്കുന്നത്രയും മരണത്തെ ഭയക്കേണ്ടതില്ല). അതായത് തലച്ചോറിന്റെ കോര്‍ട്ടക്സും ബ്രെയിന്‍സ്റ്റെമും പ്രവര്‍ത്തനരഹിതമായിട്ടും ക്രിത്രിമ ശ്വാസോച്ഛ്വാസത്തിലൂടെ ജീവനെന്ന നിര്‍ജീവപ്രാണനെ നിലനിര്‍ത്തുന്ന സാഹചര്യം, അല്ലെങ്കില്‍ കോര്‍ട്ടക്സ് പ്രവര്‍ത്തനരഹിതമായി ബ്രെയിന്‍സ്റ്റെമിന്റെ സഹായത്താല്‍ ശ്വാസോച്ഛ്വാസം ചെയ്തും ദ്രവഭക്ഷണം മാത്രം ഉള്‍ക്കൊണ്ടും മാത്രം ജീവനോടെ തുടരുന്ന സാഹചര്യം– ഇവയെല്ലാം അന്തസ്സോടെ മരിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്. അത്തരം ഘട്ടങ്ങളില്‍ ലഭിക്കേണ്ട വേദനാനിവാരണ ചികില്‍സ (Paleative care) കിട്ടുന്നവര്‍ വളരെ തുച്ഛവും. വര്‍ഷംതോറും മരണമടയുന്ന 7 ലക്ഷംപേരില്‍ ഒരു ശതമാനത്തില്‍ താഴെമാത്രം പേര്‍ക്കാണ് വേദനാനിവാരണ ചികില്‍‍സ ലഭ്യമാക്കുന്നത്. കടുത്ത വേദനാസംഹാരിയായ മോര്‍ഫീന്‍ നിര്‍ദേശിക്കുന്ന ഡോക്ടര്‍മാരും വളരെ കുറവാണ്. ഈ പ്രതിസന്ധിഘട്ടത്തില്‍ സുപ്രിംകോടതി തെളിക്കുന്ന പ്രത്യാശയുടെ തിരിയാണ് ജീവന ഒസ്യത്തിന് (Living Will) നിയമപരിരക്ഷ നല്‍കുന്നതിനുള്ള വിധി. ഒന്നുകില്‍ ബോധത്തോടെ ജീവിച്ചിരിക്കുന്ന സമയത്ത് നല്‍കുന്ന ജീവന ഒസ്യത്ത് പ്രകാരമോ, അല്ലെങ്കില്‍ കോമറ്റോസ് അവസ്ഥയിലെത്തിപ്പെടുമ്പോള്‍ അടുത്ത ബന്ധുവിന് ഹൈക്കോടതിയെ സമീപിച്ച് നേടാവുന്ന വിധി പ്രകാരമോ മരണം പുല്‍കാന്‍ അവസരമൊരുക്കുക എന്നതാണ് വിധിയുടെ സാരം. അതിനെ നമുക്ക് ദയാവധം എന്ന് വിളിക്കാതിരിക്കാം. യൂത്തനേസ്യയെ ദയാവധം എന്നതിനുപകരം ദയാമരണം എന്നുവിളിക്കാം. 

ഈ വിഷയം 9 മണിയില്‍ ചര്‍ച്ചചെയ്തപ്പോള്‍ പാലിയേറ്റീവ് കെയര്‍ വിദഗ്ധയായ ഡോ.ഗീത വിജയ് നിര്‍ദേശിച്ചിരുന്നു ഇതിനെ വധമെന്ന് വിളിക്കാതിരുന്നാല്‍ എതിര്‍പ്പുകളെല്ലാം മാറിക്കിട്ടുമെന്ന്. പിറ്റേന്ന് മലയാള മനോരമ തങ്ങളുടെ ലീഡ് സ്റ്റോറിയില്‍ ദയാമരണം എന്ന വാക്കുനല്‍കി കോടതിവിധിയെ മാനിച്ചു. മതവിശ്വാസത്തിനും  ഗോത്രാചാരങ്ങള്‍ക്കും മറ്റും ശക്തമായ സ്വാധീനമുള്ള ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രായോഗികമായി ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒന്നായിരിക്കും ദയാമരണം. പക്ഷേ അഞ്ഞൂറില്‍ പരം പേജുകളിലായി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന അഞ്ചംഗ ഭരണഘടനാബെഞ്ച് പുറപ്പെടുവിച്ച തത്വശാസ്ത്രമാനങ്ങള്‍ ഉള്ള വിധി ഈ പ്രായോഗികവശങ്ങളെ സൂക്ഷ്മമായി തന്നെ നേരിടുന്നുണ്ട്. മനുഷ്യാവകാശങ്ങള്‍ക്കായി ഉജ്വലമായ നിയമനിര്‍മാണചരിത്രമുള്ള ഇന്ത്യയില്‍ ഇത് നിര്‍ണായകമായ മറ്റൊരു ചുവടുവയ്പാണ്. മനുഷ്യന്റെ ഐച്ഛികമായ മരണം മൗലികാവകാശമായി ഉയര്‍ത്തുന്ന ഐതിഹാസികമായ നിയമത്തിനു വഴിയൊരുക്കുന്ന ഈ വിധിക്ക് ജീവന്റെ വിലയുണ്ട്. 

supreme-court-t

എന്റെ മരണത്തിന്റെ അവകാശി ഞാന്‍ തന്നെയാണെന്ന് ഉറപ്പിക്കുന്ന കോടതിവിധി ആത്മഹത്യാശ്രമത്തെ കുറ്റകരമാക്കുന്ന 309–ാം വകുപ്പിന്റെ സാധുത തന്നെ നിഷേധിക്കും. വകുപ്പ് എടുത്തുകളയുന്നതിന് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുമുണ്ട്. തന്നെത്തന്നെ കൊല്ലുന്നു എന്ന അര്‍ഥത്തിലാണ് ആത്മഹത്യ കുറ്റകരമാകുന്നത്. കുറ്റകരമല്ലാതാകുമ്പോള്‍ അത് കൊല്ലലല്ല. സ്വജീവിതം അവസാനിപ്പിക്കലേ ആകൂ. ആ നിലയ്ക്ക് ആത്മഹത്യ എന്ന വാക്കിനും മറ്റൊരു പദം ആലോചിക്കാന്‍ നമുക്ക് കഴിയേണ്ടതല്ലേ?  

MORE IN SPOTLIGHT
SHOW MORE