വേനലാണ്, പാലിലും പണികിട്ടും; വ്യാജനെ തിരിച്ചറിയാനുള്ള മാർഗം

milk
SHARE

വേനൽകാലമാണ് സൂക്ഷിച്ചുവാങ്ങിയില്ലെങ്കിൽ പാലിലും പണികിട്ടും. പാൽ വാങ്ങുമ്പോൾ ഉപയോഗതീയതി മാത്രം നോക്കിയാൽ പോര.

ഏതു ഭക്ഷണപദാർത്ഥവും കേടു കൂടാതെ ഉപയോഗിക്കാൻ കഴിയുന്ന കാലയളവാണ്  ഷെൽഫ് ലൈഫ്. ആ സമയപരിധിക്ക്  ശേഷം ഭക്ഷണം ഗുണനിലവാരത്തോടെ ഉപയോഗിക്കാൻ കഴിയില്ല, എന്നു മാത്രമല്ല മാർക്കറ്റിൽ തുടരാനും പാടില്ല.

ഷെൽഫ് ലൈഫ് മാത്രം നോക്കി സാധനം വാങ്ങിയാൽ പണി പാളും. ഉപയോഗിക്കാവുന്ന കാലയളവിനൊപ്പം ശ്രദ്ധിക്കേണ്ട ഒന്നാണ്, ഭക്ഷണം സൂക്ഷിക്കേണ്ട ഊഷ്മാവ്. ഓരോ ഭക്ഷണ സാധനവും, സൂക്ഷിക്കേണ്ട രീതിയിൽ സൂക്ഷിച്ചാണോ നമുക്ക് ലഭിക്കുന്നത് എന്ന് ആലോചിക്കണം. 

ഇനിയാണ് പ്രധാന കാര്യം, പാലും തൈരും എല്ലാം എത്ര നാൾ ഉപയോഗിക്കാം എന്നതിനൊപ്പം, എത്ര ഊഷ്മാവിൽ സൂക്ഷിച്ചാലാണ്, അത്രയും സമയം കേടുകൂടാതെ ഇരിക്കുക, എന്നും പാക്കറ്റിൽ കൃത്യമായി എഴുതിയിട്ടുണ്ട്. തണുത്ത അന്തരീക്ഷത്തിൽ സൂക്ഷിക്കേണ്ട ഇത്തരം പെട്ടെന്ന് കേടാവുന്ന ഉൽപന്നങ്ങൾ  പാതയോരത്തും കടത്തിണ്ണയിലും   വച്ചിരുന്നാൽ, അതു വാങ്ങി ഉപയോഗിക്കണോ? പാക്കറ്റ് പാലിനും തൈരിനും നല്ല ഡിമാൻഡ് ഉള്ളതുകൊണ്ട്, കടയിൽ എങ്ങനെ വച്ചാലും ചെലവാകും എന്നുള്ള ധാരണ, തിരുത്തേണ്ടത് കാശു മുടക്കി സാധനം വാങ്ങുന്നവർ തന്നെയാണ്.

ചില നിർദേശങ്ങൾ 

∙ സിപ് അപ്പ്, ഐസ്ക്രീം, തൈര്, സംഭാരം, ലസ്സി, ശീതളപാനീയങ്ങൾ തുടങ്ങി വേനലിൽ ആശ്വാസമാകുന്ന ഏതു ഉൽപന്നവും  വിശ്വാസ്യതയുള്ള  കടകളിൽ നിന്നോ മികച്ച ഗുണമേന്മയുണ്ട് എന്നു ബോധ്യമുള്ളതോ, ആയതു നോക്കി മാത്രം വാങ്ങുവാൻ ശ്രദ്ധിക്കുക. 

∙ എല്ലാ പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങളും സൂക്ഷിക്കാൻ കഴിയുന്ന സമയത്തിന് ശേഷവും, ഫ്രീസിറിൽ വച്ചു ഉപയോഗിക്കുന്ന പ്രവണതയും നല്ലതല്ല. 

∙ പാലിന്റെ പാക്കറ്റിൽ‘യൂസ് ബൈ ഡേറ്റ് ’  ആണ് മിക്കവാറും ഉണ്ടാവുക. എന്നു വച്ചാൽ, ഏതു തീയതിക്കുള്ളിൽ ഉപയോഗിച്ചു തീർക്കാം എന്നു രേഖപ്പെടുത്തിയിരിക്കുന്നു.. ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലവും അന്തരീക്ഷവും  കൂടി പരിഗണിക്കേണ്ടതുണ്ട്.

∙ ഉപ്പു ചേർത്ത വെണ്ണ  12 മാസങ്ങൾ വരെ നാല് ഡിഗ്രി സെൽഷ്യസ് ഊഷ്മാവിൽ താഴെ ഉപയോഗിക്കാമെന്ന് എഴുതിയാൽ, അങ്ങനെ സൂക്ഷിക്കാത്ത വെണ്ണയ്ക്കു 12 മാസം ഉപയോഗിക്കാനുള്ള കാലയളവ്, ഇല്ല എന്നാണ് മനസ്സിലാക്കേണ്ടത്.

∙ ടൊമാറ്റോ സോസ്, കണ്ടെന്സ്ഡ് മിൽക്ക് എന്നിവയ്ക്ക് മാസങ്ങൾ ഷെൽഫ് ലൈഫ് ഉണ്ട്. എന്നാൽ ഒരിക്കൽ പാക്കറ്റ്/കുപ്പി തുറന്നാൽ, തണുത്ത അന്തരീക്ഷത്തിൽ/റെഫ്രിഡ്ജ്റ്ററിൽ സൂക്ഷിക്കുവാൻ നിഷ്കർഷിച്ചിട്ടുണ്ട്

∙ സാധാരണ അന്തരീക്ഷത്തിൽ 'പെട്ടെന്ന് കേടാകാത്ത' തൈരും പാലും ലസ്സിയും സംഭാരവുമൊക്കെ കിട്ടുന്നുണ്ടെങ്കിലും സൂക്ഷിക്കണം. പാൽ തൈരായി മാറുന്നതിന് സാധാരണയായി 6-14 മണിക്കൂർ വരെ ഊഷ്മാവ് അനുസരിച്ചു സമയം മതി. തുടർന്ന് തണുത്ത അന്തരീക്ഷത്തിൽ മാത്രമാണ് സൂക്ഷിക്കേണ്ടത്. അല്ലെങ്കിൽ ഫെർമെന്റഷൻ (പാലിലെ ലാക്ടോസ് ലാക്ടിക് ആസിഡ് ആകുന്നു) നടന്നു പുളിപ്പ് കൂടുകയും, വാതകങ്ങൾ ഉണ്ടായി, പാക്കറ്റ് വീർത്തു വരുകയും ചെയ്യും.  ദീർഘ നേരം അന്തരീക്ഷ ഊഷ്മാവിൽ ഇരുന്നിട്ടും പാലും, തൈരും കേടാവുന്നില്ലെങ്കിൽ, സംഗതി  വ്യാജനാണ് ’ എന്ന് സംശയിക്കാം.

∙ ലേബൽ ഇല്ലാത്ത, പായ്ക്ക് ചെയ്ത ഭക്ഷണ വസ്തുക്കൾ, വാങ്ങാതെ ഇരിക്കുന്നതാണ് നല്ലത്

തയാറാക്കിയത് 

വി.എസ് ഹർഷ

ക്ഷീരവികസന ഓഫിസർ

കൽപറ്റ, വയനാട്

MORE IN SPOTLIGHT
SHOW MORE