കാലം മാറി; കടലാമകള്‍ പകലുമെത്തും മുട്ടയിടാന്‍, വിഡിയോ

tortoise
SHARE

കാലാവസ്ഥയിലെ മാറ്റങ്ങള്‍ പ്രകൃതിയിലെ ജീവജാലങ്ങളെയും വഴിമാറി നടത്തുന്നുവെന്നത് പുതിയ വാര്‍ത്തയല്ല. കടലാമകൾ മുട്ടയിടാനായി  പകൽ നേരത്തും കേരള തീരത്തേക്ക് വരുന്നതാണ് പുതിയ കാഴ്ച. വടക്കേ മലബാറിലെ തീരപ്രദേശങ്ങളിലാണ് സാധാരണയായി മുട്ടയിടാനായി കൂട്ടത്തോടെ കടലാമകൾ എത്തുന്നത്. ഒലീവ് റെഡ് ലി വിഭാഗത്തിൽ പെട്ട ആമകളാണ് ഇങ്ങിനെ മുഖ്യമായും എത്തുന്നത്. രാത്രി തീരത്തെ ആൾ സഞ്ചാരം കുറഞ്ഞ ശേഷമാണ് അമ്പതും നൂറും കിലോ തൂക്കുള്ള ആമകളുടെ വരവ്. അതു കൊണ്ട് തന്നെ ആമകൾ മുട്ടയിടുന്നത് കാണുകയെന്നത് അപൂർവമാണ്.  

ഈ കാഴ്ചയ്ക്കായി രാത്രി ഉറക്കമൊഴിച്ച് കാത്തിരിക്കുന്ന പരിസ്ഥിതി പ്രവർത്തകരുടെ നിര തീരങ്ങളിൽ പതിവാണ്. എന്നാൽ ഇന്നലെ കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്ത് നാട്ടുകാരെയെല്ലാം കാഴ്ചക്കാരാക്കി പകല്‍വെട്ടത്തില്‍ ഒലീവ് റെഡ് ലി കടലമ്മ  മുട്ടയിട്ടു. ഒന്നും രണ്ടുമല്ല 136 എണ്ണം. 

വൈകിട്ട്  നാലു മണിയോടെ കടപ്പുറത്ത് ഒരു നായ അസാധാരണമായ രീതിയിൽ കുരക്കുന്നതിന്റെ കാരണം തിരക്കിയപ്പോഴാണ്  85 കിലോയിലധികം തൂക്കം വരുന്ന ആമയെ കണ്ടത്. പൂഴിമണലിൽ കുഴികുത്തി മുട്ടയിടാൻ ഒരുക്കം തുടങ്ങിയതോടെ നാട്ടുകാരും സഹായത്തിന് കൂടി. കുഴി വലുതാക്കി കൊടുത്തു. പിന്നെ നിരവധി മൊബൈൽ കാമറകളുടെ വെളിച്ചത്തിൽ  മുട്ടയിടൽ ആരംഭിച്ചു. 

നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ നീലേശ്വരത്തെ നെയ്തൽ പരിസ്ഥിതി സംഘടനയിലെ സുധീർ കുമാറും സ്ഥലത്ത് എത്തിയിരുന്നു. ഒരു മണിക്കൂറിന് ശേഷം മുട്ടയിടൽ പൂർത്തിയാക്കിയതിന്റെ  സൂചനയായി ആമ തന്നെ കുഴി മൂടാൻ തുടങ്ങി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ മുട്ടകളെല്ലാം കടലാമ സംരക്ഷണത്തിനായി നിർമ്മിച്ചിരിക്കുന്ന ഹാച്ചറിയിലേക്ക് മാറ്റി. ആസ്ട്രേലിയൻ തീരങ്ങളിൽ കാണുന്ന കംപ്സ് ഇനത്തിൽ പെട്ട കടലാമകൾ മാത്രമാണ് പകൽ മുട്ടയിടാനായി കരയിലെത്തുന്നതായി രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം അഴിത്തല തുറമുഖത്തിന് സമീപവും  പകൽ സമയത്ത് ഒലീവ് റെഡ് ലിയെ മുട്ടയിടാനായി എത്തിയത് കണ്ടെത്തിയിരുന്നു. കാലാവസ്ഥാ മാറ്റമടക്കമുള്ളവയാകാം സമയം തെറ്റി കടലാമകളുടെ വരവിന് പിന്നിലെന്നാണ് പ്രകൃതി സ്നേഹികൾ ചൂണ്ടിക്കാണിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE