ലോകത്തെ പേടിപ്പിച്ച ‘കരയുന്ന മമ്മി‌’യ്ക്ക് പിന്നിലെ ചുരുളഴിയുന്നു

screaming-mummy
SHARE

ലോകത്തിന് മുഴുവൻ അത്ഭുതമായിരുന്ന ഈജിപ്ത്തിലെ കരയുന്ന മമ്മിയ്ക്ക് പിന്നിലെ ദുരൂഹതകൾ ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നു. 1886ൽ കണ്ടെടുക്കപ്പെട്ട തിരിച്ചറിയപ്പെടാത്ത മനുഷ്യന്‍ എന്നർഥമുള്ള ‘അൺനോൺമാൻ–ഇ’ എന്ന മമ്മിയാണിത്. തൂക്കിലേറ്റിയ ശേഷം അടക്കം ചെയ്തതിനാലാണ് മൃതദേഹം കരയുന്ന ഭാവത്തിലായതെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. 

നിലവിലെ ഡി.എൻ.എ ഫലങ്ങൾ വച്ച് ഈജിപ്തിലെ ഫറവോ ആയിരുന്ന കിങ് റമീസ് മൂന്നാമന്റെ മകനായിരുന്നു ഈ രാജകുമാരൻ. പിതാവിനെതിരെ അധികാരത്തിനായി നടത്തിയ നീക്കമായിരിക്കാം ഇദ്ദേഹത്തിന്റെ മരണത്തിന് കാരണമായതെന്നാണ് അനുമാനങ്ങൾ. 3000 വർഷങ്ങക്ക് മുമ്പ് മറവ് ചെയ്യപ്പെട്ടതാണ് ഈ മമ്മിയെന്നും സൂചനയുണ്ട് . ഇതുവരെ ഒരു മമ്മിയിലും കാണാത്ത രീതിയിലുള്ള വസ്തുക്കളും, ശവസംസ്കാര രീതികളുമാണ് ഈ മമ്മിയിൽ കണ്ടെത്തിയരുന്നത്. ഈജിപ്ഷ്യൻ–ഫറവോ സംസ്കൃതിയുടെ ശവസംസ്കാര അചാര രീതികളുമായി ഈ മൃതദേഹത്തിന് മാത്രം വ്യത്യാസങ്ങൾ കാണപ്പെട്ടതാണ് ശാസ്ത്രജ്ഞരെയും ചരിത്രാന്വേഷകരെയും കൂടുതൽ ആഴത്തിലുള്ള പഠനത്തിലേക്ക് നയിച്ചത്. കഴുത്തിൽ കാണപ്പെട്ട മുറിപാടുകളും സംശയത്തിന് ആക്കം കൂട്ടി. 

വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്നായിരുന്നു ‘അൺനോൺ മാൻ–ഇ’യുടെ മമ്മി കണ്ടെത്തിയ നാൾ മുതലുണ്ടായിരുന്ന അനുമാനം. എന്നാല്‍ ഇപ്പോൾ പുറത്ത് വരുന്ന പുതിയ ഫലങ്ങൾ കൂടുതൽ മമ്മിഫിക്കേഷൻ അടക്കമുള്ള പുരാതന ഈജിപ്ഷ്യൻ ആചാരങ്ങളിലേക്കുള്ള വിശദമായ അന്വേഷണങ്ങൾക്കും വഴിവച്ചെക്കും. 

എന്താണ് മമ്മിഫിക്കേഷൻ ?

മമ്മിഫിക്കേഷൻ അഥവാ മൃതദേഹത്തെ മമ്മിയായി രൂപാന്താരപ്പെടുത്തുന്ന രീതി. ഇതിനെപ്പറ്റി നിരവധി പഠനങ്ങൾ നടന്നുവരുന്നുണ്ട്. ശവശരീരം അഴുകാതെ, കേടുപാടുവരാതിരിക്കുവാനായി ശരീരത്തിലെ ജലാംശത്തെ പുറത്ത് കളയുന്നതാണ് ഒന്നാമത്തെ ഘട്ടം. തുടർന്ന് അത്യപൂർവമായ സുഗന്ധതൈലങ്ങളും മറ്റും ഉപയോഗിച്ച് മൃതദേഹത്തെ കുളിപ്പിക്കും. ഇതടക്കം നിരവധി പ്രവർത്തനങ്ങളിലൂടെ കടന്ന് പിരമിഡുകളുടെ നിര്‍മാണം വരെ എത്തുന്നതാണീ പ്രക്രിയ.  ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന വിവരങ്ങളാണ് ‘അൺനോൺ മാൻ ഇ’യിൽ നിന്ന് ലഭിച്ചതെന്നാണ് സൂചന. മസ്തിഷ്കവും കുടലുമടക്കമുള്ള അന്തരീക അവയവങ്ങൾ നീക്കം ചെയ്യാതെയാണ് ഇവിടെ മമ്മിഫിക്കേഷൻ നടത്തിയന്നത് തന്നെ ദുരൂഹതകൾക്ക് തുടക്കം കുറിച്ചിരുന്നു. 

നൈൽനദിയുടെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന പുരാതന ഈജിപ്ഷ്യൻ ശവക്ഷേത്രങ്ങളുടെയും പിരമിഡുകളുടെയും ദുരൂഹതകളിലേക്ക് കൂടി വെളിച്ചം വീശുന്നതാണ് നിലവിലെ വിവരങ്ങൾ. പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെയും ഫറവോ കാലഘട്ടത്തിന്റെയും നിലവിൽ കെയ്റോയിലുള്ള ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പിന്റെ മ്യുസിയത്തിലാണ് മമ്മി സൂക്ഷിച്ചിട്ടുള്ളത്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.