എറിഞ്ഞുകിട്ടിയ രണ്ടുകഷ്‌‌ണം ബ്രെഡിൽ ജീവിതം; കടലിനക്കരെ വീട്ടമ്മ താണ്ടിയ ദുരിതക്കടൽ..

lady-crying
Representative Image
SHARE

ഹൃദ്രോഗിയും മൂകനും ബധിരനുമായ ഭർത്താവും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ദുരിതം അകറ്റാൻ കുവൈത്തിലെത്തിയ ശോഭന എന്ന വീട്ടമ്മ നേരിട്ടത് തികച്ചും ദാരുണമായ അനുഭവങ്ങൾ. ശുചിമുറിയിലെ വെള്ളം കുടിച്ച് എറിഞ്ഞു കിട്ടുന്ന രണ്ടു കഷ്ണം ബ്രെഡും കഴിച്ച് ശോഭന ജീവിച്ചത് ഏഴുദിവസമാണ്. അലിമുക്ക് പള്ളിമേലിൽ തേക്കുവിള വീട്ടിൽ ശോഭന സന്തോഷ് ജനുവരി 31നു നാഗ്പുരിൽ നിന്നാണു കുവൈത്തിലേക്കു വിമാനം കയറിയത്. 

വിമാനത്താവളത്തിലെത്തുമെന്ന് അറിയിച്ച ഇടനിലക്കാരി കൂടിയായ ബന്ധു ഉൾപ്പെടെയുള്ളവർ എത്തിയില്ല. ആദ്യ ദിവസം ഏജൻസിയിിൽ കഴിഞ്ഞു. അടുത്ത ദിവസം വീട്ടുജോലിക്ക് ഒറു വീട്ടിലേക്കയച്ചു. അവിടെ നിന്ന് വീണ്ടും ഏജൻസിയുടെ ജോലിക്കാരെത്തി ശോഭനയെ മറ്റൊരു വീട്ടിലേക്കു മാറ്റി. ഇലിടെ നിന്ന് ശോഭന പീഡന ഭാരം പേറുകയായിരുന്നു. 

രാവിലെ രണ്ടു കഷ്ണം ബ്രെഡും ഒരു ഗ്ലാസ് വെള്ളവും, വൈകുന്നേരം ഒരു കുബ്ബൂസ് എന്നിവയാണ് ആകെയുള്ള ആഹാരം. ഇങ്ങനെ ജോലി ചെയ്യാൻ സാധിക്കില്ലെന്നു പറഞ്ഞതോടെ ക്രൂരപീഡനങ്ങളായി. പൊലീസ് മുറപോലെയായി പിന്നീടു കാര്യങ്ങൾ. കസേരയിൽ ഇരിക്കുന്ന രീതിയിൽ നിന്നു ചെരിപ്പു പോളിഷ് ചെയ്യൽ വരെ ചെയ്യേണ്ടി വന്നു. പറയുന്ന ജോലി ചെയ്തില്ലെങ്കിൽ മർദിക്കും.

വീടുകൾ മാറി മാറി കൊണ്ടുപോകുന്നതിനു ശ്രമം നടക്കുന്നതായി തിരിച്ചറിഞ്ഞ ശോഭന ഇടനിലക്കാരെ ബന്ധപ്പെട്ടെങ്കിലും ഭീഷണിയായിരുന്നു മറുപടി. നാട്ടിലേക്കു മടങ്ങാൻ അനുവദിക്കില്ലെന്നും മടങ്ങണമെങ്കിൽ രണ്ടു ലക്ഷം രൂപ നൽകണമെന്നുമായിരുന്നു ഭീഷണി.

നാട്ടിൽ നിന്നു കൊണ്ടുപോയ വസ്ത്രങ്ങൾ ആദ്യം ജോലി ചെയ്ത വീട്ടിലായതിനാൽ മുഷിഞ്ഞ വസ്ത്രം മാറുന്നതിനു പോലും സൗകര്യം നൽകിയില്ല. ഫോൺ ഉണ്ടെങ്കിലും കാശില്ലാത്തതിനാൽ നാട്ടിലേക്കു വിളിച്ചു കാര്യങ്ങൾ പറയാനും കഴിഞ്ഞിരുന്നില്ല. നാലുദിവസം പിന്നിട്ടതോടെ ഭർതൃസഹോദരിയുടെ ഫോൺ എത്തിയത് അനുഗ്രഹമായി. ശോഭനയെ വീട്ടുടമ മർദിക്കുന്ന സമയമായിരുന്നു അത്. ഫോൺ ഓൺ ചെയ്ത് അവിടെ നടന്നതെല്ലാം സഹോദരിയെ കേൾപ്പിച്ചു. തുടർന്നാണു മോചനത്തിനു വഴിയൊരുങ്ങിയത്. ഫോൺ അടിവസ്ത്രത്തിൽ ഒളിപ്പിച്ചുവച്ചാണു നാട്ടിലേക്കു വിവരങ്ങൾ കൈമാറിയത്. സഹായമനസ്കരുടെ കരുണയിലാണു മടക്ക ടിക്കറ്റിനുള്ള പണം കണ്ടെത്തിയത്.

പോകുന്നതിനും വരുന്നതിനുമായിചെലവായ തുക, പാതിപണിത് വീട് പണയം വച്ച വകയിൽ ഒന്നരലക്ഷം രൂപം, ഇതുകൂടാതെ ഇടനിലക്കാർക്കുള്ള തുക ഇതെല്ലാം കണ്ടെത്താൻ ഇനി എന്തുചെയ്യുമെന്ന തത്രപ്പാടിലാണ് ശോഭന.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.