കണ്ണുകള്‍ നിറയുന്ന അമ്മമാര്‍; വാര്‍ത്ത കൊണ്ട് കണ്ണീര്‍ തുടയ്ക്കുന്ന നേരം

sarath-sagar
നന്ദനയുടെ അമ്മ ചന്ദ്രാവതി സംസാരിക്കുന്നു, വീട്ടുകോലായിൽ നന്ദനയെയും കാണാം
SHARE

കാസർക്കോട്ടെ എൻഡോസൾഫാൻ സമരത്തിന് പതിറ്റാണ്ടുകളുടെ കഥകൾ പറയാനുണ്ട്. കണ്ണീരുണങ്ങാത്ത ആ സമരവഴിയുടെ പുതിയ ഏടിൽ അവരുടെ ഒപ്പം നടന്ന അനുഭവം മനോരമ ന്യൂസ് റിപ്പോർട്ടർ  എം.ബി.ശരത്ചന്ദ്രന്‍ എഴുതുന്നു 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിന് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദുരിത ജീവിതങ്ങളെത്തേടി ഞാന്‍ ഇറങ്ങുന്നത്. കുറച്ചു ദിവസത്തേയ്ക്ക് കോഴിക്കോട് നിന്ന് കാസര്‍കോട്ട് എത്തിയ രവിചന്ദ്രസാഗറായിരുന്നു ക്യാമറയ്ക്ക് പിന്നില്‍. നീലേശ്വരത്തിനടുത്തുള്ള മണിമുണ്ടയിലെ നിവേദ്യയെത്തേടി ആദ്യയാത്ര. 

nandana-endo
സൗപർണികയും നന്ദനയും

കാസര്‍കോട് നിന്ന് അതിരാവിലെ തിരിച്ചു. യാത്രയില്‍ കാസര്‍കോടിന്റെ ചൂടേറിയ കലാവസ്ഥയെക്കുറിച്ചായിരുന്നു സാഗര്‍ സംസാരിച്ചതത്രയും. ഒരു തണല്‍ പോലുമില്ലാത പരന്നുകിടക്കുന്ന പുല്‍മേടുകള്‍ പിന്നിട്ട് മണിമുണ്ടയിലെ നിവേദ്യയുടെ വീട്ടിലെത്തി. 

അവള്‍ കട്ടിലില്‍ക്കിടക്കുന്നു. അപസ്മാരവും, ശ്വാസമുട്ടലും കാരണം ആശുപത്രിയിലായിരുന്നു. അസ്വസ്ഥതകള്‍ ഉണ്ട്. മുറിക്കകത്ത് നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ സാഗര്‍ പതിവിന് വിപരീതമായി ഏറെ അസ്വസ്ഥനായിരുന്നു. ഹൃദയമുള്ളവര്‍ക്ക് കണ്ടു നില്‍ക്കാനാവില്ല ഈ കാഴ്ചകളൊന്നും എന്നറിയാവുന്നതുകൊണ്ട് ഞാനൊന്നും ചോദിച്ചില്ല. പുറത്തിറങ്ങിയപ്പോള്‍ സാഗര്‍ കണ്ണുതുടച്ചു.

endo-family
സൗപർണികയും അമ്മ റീനയും

പിന്നേയും കുറേ ജീവിതങ്ങളെ കണ്ടു. സമര സമിതിയിലെ സാന്നിധ്യമായ ശരണ്യ ശങ്കറാണ് യാത്രകളില്‍ വഴികാട്ടിയായത്. വെയില്‍ ചാഞ്ഞു തുടങ്ങിയപ്പോള്‍ പാക്കത്തെ ചന്ദ്രാവതിയുടെ വീട്ടിലെത്തി. എന്‍ഡോസള്‍ഫാന്‍ വിഷമഴയുടെ ഇരയായ മകള്‍ നന്ദന പുറത്ത് കസേരയില്‍ ഉണ്ട്. ഇടക്കിടെ തലയുടെ പുറകുവശം ചുവരില്‍ ആഞ്ഞടിക്കുന്നു. കണ്ടു നിന്നപ്പോള്‍ ഏറെ വിഷമം തോന്നി. ജപ്തി നോട്ടീസുകളുടെ ഒരു കെട്ടുമായാണ് ചന്ദ്രാവതി ചേച്ചി വന്നത്. കഴിഞ്ഞ 14 വര്‍ഷം ഈ അമ്മ ഉള്ളതെല്ലാം വിറ്റു പെറുക്കി മകളെ  ചികിത്സിച്ചു. ഇപ്പോള്‍ ജപ്തിനോട്ടീസുകളല്ലാതെ ഒന്നുമില്ല സമ്പാദ്യമായി. വരാന്തയില്‍ എന്റെ അടുത്തിരുന്ന് വിഷമങ്ങളുടെ കെട്ടഴിക്കുമ്പോള്‍ ഇടയ്ക്കിടെ ആ അമ്മ എന്റെ കൈ ചേര്‍ത്തുപിടിച്ച് വിതുമ്പി. മോനേ എന്ന് വിളിച്ച് ദുരിതങ്ങള്‍ പറഞ്ഞു. ഒരമ്മയ്ക്കും ഇങ്ങനെയൊന്നും ഉണ്ടാവരുതെ എന്നാണെന്റെ പ്രാര്‍ഥന എന്നുപറയുമ്പോള്‍ ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. 

പെരിയാട്ടടുക്കത്തെ സൗപര്‍ണികയുടെ വീട്ടിലേയ്ക്ക് ചന്ദ്രാവതി ചേച്ചിയാണ് ഞങ്ങളെ കൊണ്ടുപോയത്. ജീവിതം വഴിമുട്ടിയ ഒരു കുടുംബത്തെ അവിടെ കണ്ടു. ഏഴുവയസുകാരി സൗപര്‍ണിക നിലത്ത് പായയില്‍ കിടക്കുന്നു. അച്ഛന്‍ രണ്ടുവര്‍ഷം മുമ്പ് മരിച്ചു. മകളെ വിട്ട് ജോലിക്കൊന്നും പോകാന്‍ സാധിക്കാതെ പ്രതിസന്ധിയിലാണ് സൗപര്‍ണികയുടെ അമ്മ റീന. ബന്ധുക്കളുടെ കാരുണ്യത്തിലാണ് ജീവിതം. അച്ഛന്‍ മരിച്ചതോടെ സൗപര്‍ണികയുടെ ചികിത്സ മുടങ്ങി. സര്‍ക്കാരിന്റെ കനിവിനായി ഇവര്‍ കയറിയിറങ്ങാത്ത പടവുകളില്ല. ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വിദഗ്ദ്ധസംഘം രണ്ടുവട്ടം ശുപാര്‍ശ ചെയ്തിട്ടും ഈ എഴുവയസുകാരി എന്‍ഡോസള്‍ഫാന്റെ ഇരായാണെന്ന് ഇപ്പോഴും ഭരണകൂടം അംഗീകരിക്കുന്നില്ല. നിര്‍വികാരതയോടെയാണ് റീന ദുരിതങ്ങള്‍ വിവരിച്ചത്. 

ഓഫീസിലേയ്ക്കുള്ള മടക്കയാത്രയില്‍ സാഗര്‍ സംസാരിച്ചതത്രയും ഈ കുരുന്നുകളെകുറിച്ചും. അവരുടെ ദുരിത ജീവിതത്തെക്കുറിച്ചുമായിരുന്നു. ഇരകളുടെ ദുരിത ജീവിതദുരിതം പിറ്റേന്ന് മുതല്‍ മനോരമ ന്യൂസില്‍ കണ്ണീര്‍വറ്റാതെ കാസര്‍കോട് എന്ന വാര്‍ത്താ പരമ്പരയിലൂടെ കേരള സമൂഹത്തിന് മുന്നിലെത്തി. പലരും വിളിച്ചു. ഇരകളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 29ന് വൈകിട്ട് തിരുവന്തപുരത്തേയ്ക്ക് സമരത്തിനായി പുറപ്പെടുന്നവരെ യാത്രയാക്കാന്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ഞാനുമെത്തി. മനോരമ ന്യൂസിന്റെ ഇടപെടലിലൂടെ ചില കോണുകളില്‍ നിന്ന് അനുകൂലമായ പ്രതികരണങ്ങള്‍ ലഭിച്ചതിന്റെ ആത്മവിശ്വാസമുണ്ടായിരുന്നു ഇക്കുറി അവരുടെ മുഖങ്ങളില്‍. ചന്ദ്രാവതി ചേച്ചിയും നന്ദനയുമുണ്ട്. ഞാന്‍ അടുത്തു ചെന്നപ്പോള്‍ ഔപചാരികതകളൊന്നുമില്ലാതെ ആ അമ്മ ഒരു മകനൊടെന്നപോലെ എന്നോട് സംസാരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റ് അമ്മമാരും അവരുടെ പ്രശ്നങ്ങള്‍ സമൂഹത്തിന് മുന്നേലേയ്ക്ക് എത്തിച്ചതിന്റെ നന്ദിയും സ്നേഹവും പങ്കുവച്ചു. രണ്ടുമൂന്ന് അമ്മമാര്‍ വന്ന് എന്നെ ചേര്‍ത്തുപിടിച്ച് പറഞ്ഞു, ഞങ്ങള്‍ക്ക് വേണ്ടി സംസാരിച്ചല്ലോ... നന്ദിയുണ്ട്. എന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു. സമരമുഖത്തും മനോരമ ന്യൂസ് ഒപ്പമുണ്ടാകുമെന്ന ധൈര്യം പകര്‍ന്നാണ് ഞാന്‍ അവരെ യാത്രയാക്കിയത്.

sarath-sagarface
രവിചന്ദ്രസാഗറും ശരത്ചന്ദ്രനും

തിരുവനന്തപുരത്ത് നടന്ന സമരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ എത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ വിളിച്ചത് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണനാണ്. "ശരത്തേ, നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നിന്നല്ലോ, ഒത്തിരി നന്ദിയുണ്ട്". കാസര്‍കോട് എത്തുമ്പോള്‍ കാണമെന്നു പറഞ്ഞായിരുന്നു സംഭാഷണം അവസാനിപ്പിച്ചത്. 31ന് പുലര്‍ച്ചെ ആറരയോടെ ഞങ്ങള്‍ കാഞ്ഞങ്ങാട് സ്റ്റേഷനിലെത്തി. മാവേലി എക്സ്പ്രസില്‍ അവര്‍ തിരിച്ചെത്തി. ആള്‍ക്കൂട്ടത്തില്‍ ദൂരെ നിന്ന് കണ്ട ചന്ദ്രാവതി ചേച്ചി കൈവീശി. അടുത്തെത്തിയപ്പോള്‍ എല്ലാം ശരിയാവുമായിരിക്കും അല്ലേ ശരത്തേ... എന്നൊരു നെടുവീര്‍പ്പ്. മനോരമ ന്യൂസ് ഒപ്പമുണ്ടായിരുന്നുട്ടോ എന്ന് നിറഞ്ഞ ചിരിയോടെ പറഞ്ഞു. ദുരിതബാധിതരോടൊപ്പം സ്റ്റേഷന്റെ പുറത്തേയ്ക്കിറങ്ങുമ്പോള്‍ എല്ലാവരും പങ്കുവച്ചത് മനോരമ ന്യൂസിന്റെ ഇടപെടലിനെക്കുറിച്ചായിരുന്നു.  അതെ, വാര്‍ത്ത ഒരു സന്തോഷമാണ്. പ്രതീക്ഷകള്‍ അസ്തമിക്കുന്നവരുടെ ജീവിതത്തില്‍ ഒരു കുഞ്ഞു വെട്ടം പരത്തുമ്പോള്‍ വാര്‍ത്ത ഒരു സന്തോഷവും ചെറുപുഞ്ചിരിയുമായി മാറും. അപ്പോഴും ഇനിയുമേറെ നടക്കാനുണ്ട് അവര്‍ക്കൊപ്പം എന്ന ഉറച്ച ബോധ്യം ഞങ്ങള്‍ക്കുണ്ട്. സര്‍ക്കാരുകളുടെ കരുണ ഇനിയുമിനിയും വെയിലും ചൂടും വീണുകിടക്കുന്ന കാസര്‍ക്കോടിന്‍റെ പുല്‍മേടുകള്‍ കയറിവരണം. 

MORE IN SPOTLIGHT
SHOW MORE